UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിഡിപിക്ക് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടു

ബിജെപി എങ്ങനെയാണ് ഗൂര്‍ഖകളെ കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ദിലീപ് ഘോഷിന്റെ പ്രസ്താവനയെന്നും ബിജെപി ഗൂര്‍ഖകളെ വഞ്ചിച്ചിരിക്കുകയാണെന്നും ജിജെഎം നേതാവ് എല്‍എം ലാമ പറഞ്ഞു.

തെലുങ്ക് ദേശം പാര്‍ട്ടിക്ക് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ മുന്നണി വിട്ടു. ഗൂര്‍ഖാലാന്‍ഡ് പ്രത്യേക സംസ്ഥാനമെന്ന ജിജെഎമ്മിന്റെ ആവശ്യം ബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തള്ളിയതാണ് ജിജെഎമ്മിനെ പ്രകോപിപ്പിച്ചത്. ജിജെഎമ്മുമായി തിരഞ്ഞെടുപ്പ് സഖ്യം മാത്രമാണുള്ളതെന്നും പൊതുരാഷ്ട്രീയ പ്രമേയത്തിനുള്ള ധാരണയൊന്നും ഇല്ലെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു. ബിജെപി എങ്ങനെയാണ് ഗൂര്‍ഖകളെ കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ദിലീപ് ഘോഷിന്റെ പ്രസ്താവനയെന്നും ബിജെപി ഗൂര്‍ഖകളെ വഞ്ചിച്ചിരിക്കുകയാണെന്നും
ജിജെഎം നേതാവ് എല്‍എം ലാമ പറഞ്ഞു.

2009ലും 2014ലും ഡാര്‍ജിലിംഗ് ലോക്‌സഭ സീറ്റ് ബിജെപിക്ക് തങ്ങള്‍ ദാനം ചെയ്യുകയായിരുന്നു എന്ന് എല്‍എം ലാമ പറഞ്ഞു. 2009ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജസ്വന്ത് സിംഗും 2014ല്‍ എസ് എസ് അലുവാലിയയും ഇവിടെ നിന്ന് ജയിച്ചു. ബിജെപിക്ക് ബംഗാളിലേയ്ക്കുള്ള പ്രവേശന കവാടമായിരുന്നു ഡാര്‍ജിലിംഗ് എന്ന് ലാമ ഓര്‍മ്മിപ്പിച്ചു. ഇതിന് വഴിയൊരുക്കിയത് ജിജെഎം ആണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന് വിചാരിച്ചിരുന്ന ജനങ്ങളെ വഞ്ചിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത് – ലാമ കുറ്റപ്പെടുത്തി.

ഏറ്റവുമാദ്യം എന്‍ഡിഎ വിട്ട ശിവസേന മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്താങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും രാം വിലാസ് പാസ്വാനും ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ജിജെഎമ്മിന് ലോക്സഭാംഗങ്ങള്‍ ഇല്ല. അതേസമയം ജിജെഎം ബിജെപിയുടെ സഖ്യകക്ഷിയേ അല്ലെന്നാണ് ജിജെഎം പിന്തുണയോടെ ലോക്സഭയിലേക്ക് ജയിച്ച കേന്ദ്ര സഹ മന്ത്രി എസ് എസ് അലുവാലിയ പറയുന്നത്. പശ്ചിമബംഗാള്‍ നിയമ സഭയില്‍ മൂന്ന് അംഗങ്ങളാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയ്ക്കുള്ളത്. ഇതുവരെ അക്കൗണ്ട്‌ തുറന്നിട്ടില്ലാത്ത ബിജെപിയാണെങ്കില്‍ അടുത്ത നിയമസഭ തിരെഞ്ഞെടുപ്പില്‍ ബംഗാളില്‍ അധികാരം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍