UPDATES

ഖൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം വഷളാകുന്നു; ഡാര്‍ജിലിംഗ് കത്തുന്നു

ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച ഓഫിസില്‍ പൊലീസ് റെയ്ഡ് നടന്നതിനു പിന്നാലെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്

ഡാര്‍ജിലിംഗിനെ അശാന്തമാക്കി ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡിനു പിന്നാലെ ജിജെഎം പ്രവര്‍ത്തകര്‍ തെരുവില്‍ അക്രമം അഴിച്ചുവിടുകയാണ്. പൊലീസ് എയ്ഡ്‌പോസ്റ്റിന് തീയിട്ട പ്രവര്‍ത്തകര്‍ ഒരു കാറും കത്തിച്ചു. ഡാര്‍ജിലിംഗില്‍ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് ജിജെഎം. ബന്ദ് പ്രഖ്യാപനം വന്നതോടെ റോഡുകള്‍ വിജനമാവുകയും കടകമ്പോളങ്ങള്‍ അടയ്ക്കുകയും ചെയ്തു.

ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ്ങിന്റെ വീട്ടിലും പാര്‍ട്ടി ഓഫിസിലുമായി നടത്തിയ പൊലീസ് റെയ്ഡിനു പിന്നാലെയാണ് ഡാര്‍ജിലിംഗ് അക്രമപരമ്പരകള്‍ക്ക് സാക്ഷ്യം വഹിച്ചത്.

നേരത്തെ റെയ്ഡില്‍ ജിജെഎം ഓഫിസില്‍ നിന്നും 400 ഓളം ആയുധങ്ങള്‍ പിടിച്ചെടുത്തെന്നാണ് പൊലീസ് പറയുന്നത്. അമ്പുവം വില്ലും നാടന്‍ തോക്കും ഖുര്‍ക്കികളും സ്‌ഫോടകവസ്തുക്കളുമടക്കമുള്ള ആയുധങ്ങളാണ് പിടികൂടിയതെന്നു പൊലീസ് പറയുന്നു. ജിജെഎം നേതാവായ കരുണ ഗുരുങ്ങിനെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിക്കുന്നു.

എന്നാല്‍ ആയുധങ്ങള്‍ പിടികൂടിയെന്ന പൊലീസ് വാദം നിരാകരിക്കുകയാണ് ജിജെഎം നേതാക്കള്‍. അവര്‍ എന്ത് കണ്ടെത്തിയെന്നാണു പറയുന്നത്? ഖുര്‍ക്കി ഞങ്ങളുടെ പരമ്പര്യത്തിന്റെ ഭാഗമാണ്. അമ്പും വില്ലും പരമ്പാഗത ആയുധങ്ങളാണ്. ആര്‍ച്ചറി താരങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കുന്നതാണവ. പിന്നെ എന്ത് ആയുധങ്ങള്‍ കണ്ടെത്തിയെന്നാണ് അവര്‍ പറയുന്നത്? ജിജെഎം നേതാക്കള്‍ ആരോപണം ഉയര്‍ത്തുന്നു.

പൊലീസ് റെയ്ഡ് നടന്നതിനു പിന്നാലെ തെരുവില്‍ ഇറങ്ങിയ പ്രതിഷേധക്കാര്‍ ഡാര്‍ജിലിംഗിലെ കലിംപോംഗ് നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള പെഡോംഗ് പൊലീസ് ഔ്ട്ട് പോസ്റ്റിനു തീയിടുകയായിരുന്നു. ഒരു പൊലീസ് ഓഫിസര്‍ ഉപയോഗിച്ചിരുന്ന കാറും പ്രക്ഷോഭകാരികള്‍ തീവച്ചു. അക്രമത്തിനു നേതൃത്വം കൊടുത്തെന്നാരോപിച്ച് ജിജെഎം നേതാവ് ബിനോദ് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ പത്ത്‌ലബഷിലെ ജിജെഎം ഓഫിസിനു സമീപം പൊലീസും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും പ്രക്ഷോഭകാരികള്‍ പൊലീസിനെതിേേര കല്ലെറിയുകയും ഉണ്ടായി. പൊലീസ് തിരിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചു. ജിജെഎം വനിത/യുവജന/വിദ്യാര്‍ത്ഥി വിഭാഗങ്ങളും പ്രതിഷേധവുമായി കലിംപോംഗില്‍ തെരുവിലിറങ്ങി. വിദ്യാര്‍ത്ഥികളും യുവാക്കളും അടങ്ങിയ സംഘവും സര്‍ക്കാരിനും പൊലീസിനും എതിരെ മുദ്രാവാക്യം മുഴക്കി തെരുവിലുണ്ട്. പലയിടങ്ങളിലായി നടക്കുന്ന ഏറ്റമുട്ടലുകളില്‍ കല്ലേറില്‍ പൊലീസുകാര്‍ക്കും ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതകപ്രയോഗത്തിലും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരേ ഞങ്ങള്‍ പ്രസ്ഥാനം കൂടുതല്‍ തീവ്രമാക്കും; കലിംപോംഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സുവി പ്രധാന്‍ പറയുന്നു.

അവസാന ആഴ്ചയില്‍ ജിജെഎം പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ ഭാഗമായി ഡാര്‍ജലിംഗില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ അക്രമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലും നടന്നിരുന്നു.

ഇന്നലെ ജിജെഎം തലവന്‍ ബിമല്‍ ഗുരുങ്ങിന്റെ പ്രകോപനപരമായ പ്രസ്താവന കൂടെ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ റെയ്ഡ്. ഖൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകൃതമാകുന്നതുവരെ തങ്ങളുടെ കാമ്പയിനുകള്‍ തുടരുമെന്നും സഞ്ചാരികള്‍ ഡാര്‍ജിലിംഗ് സന്ദര്‍ശനം ഒഴിവാക്കണം എന്നുമായിരുന്നു ഗുരുങ്ങിന്റെ പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡാര്‍ജിലിംഗ് പശ്ചിമബംഗാളിലെ തേയിലത്തോട്ടങ്ങളുടെ പ്രദേശം കൂടിയാണ്.

ദുര്‍മന്ത്രവാദത്തിന്റെ രാഷ്ട്രീയമാണ് സര്‍ക്കാര്‍ നടത്തുന്നത്. പൊലീസും സര്‍ക്കാരുമാണ് ഞങ്ങളെ തെരുവിലിറങ്ങാന്‍ പ്രകോപിതരാക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാരില്‍ പരാതിപ്പെടും; ജിജെഎം ജനറല്‍ സെക്രട്ടറി റോഷന്‍ ഗിരി പിടിഐയോടു പ്രതികരിച്ചു.

അതേസമയം ജിജെഎം പ്രതിഷേധം രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനം വിഭജിക്കുന്നതിനെതിരെയാണ് ഭൂരിഭാഗം ബംഗാളികളും. നാളുകളായി ഖൂര്‍ഖലാന്‍ഡിനുവേണ്ടിയുള്ള ആവശ്യമുയര്‍ത്തി പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുള്ളവരാണ് ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച. മലനിരകളിലെ മറ്റു ചില ചെറുപാര്‍ട്ടികളും ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഖൂര്‍ഖലാന്‍ഡിനെതിരേ നില്‍ക്കുന്ന ബംഗാളികള്‍ സ്വാഭാവികമായും ജിജെഎമ്മിനെ പിന്തുണയ്ക്കുന്ന ബിജെപിക്കെതിരേ തിരിയുമെന്നും 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതുതങ്ങളെ തുണയ്ക്കുമെന്നുമാണ് ടിഎംസി കണക്കാക്കുന്നത്.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാര്‍ ആണെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. കഴിഞ്ഞ ഏഴുവര്‍ഷം തികച്ചും ശാന്തമായിരുന്നു ഇവിടുത്തെ മലനിരകള്‍. ഇവിടെ ഒരു ബന്ദും നടന്നിരുന്നില്ല. എന്നാല്‍ ബംഗാളികളെ ഉപയോഗിച്ച് മേഖലയില്‍ അശാന്തി സൃഷ്ടിക്കുകയാണ് മമത ബാനര്‍ജി ചെയ്തത്. പൊലീസിനെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉപയോഗിച്ച് മലനിരകള്‍ പിടിച്ചെടുക്കാനാണ് മമത ശ്രമിക്കുന്നത്.; ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപണം ഉന്നയിക്കുന്നു.

പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ തന്നെ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി തന്റെ ഈഗോ മാറ്റിവയ്ക്കണം. കേന്ദ്രവും സംസ്ഥാനവും ജിജഎം നേതാക്കളും ഒരുമിച്ചുള്ള യോഗത്തിനായി മുഖ്യമന്ത്രി മുന്‍കൈയെടുക്കണം; ലോക്‌സഭ എംപിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനായി എന്തു നടപടിയോടും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നു പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഓം പ്രകാശ് മിശ്ര പ്രതികരിച്ചു.

ഡാര്‍ജിലിംഗ് കൂടാതെ സിലിഗുരി, ജല്‍പായ്ഗുരി, ബംഗാളിന്റെ മറ്റു ചിലഭാഗങ്ങള്‍ എന്നിവ ചേര്‍ത്ത് ഗൂര്‍ഖലാന്‍ഡ് എന്ന പേരില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാണ് ഗൂര്‍ഖ ജന്‍മുക്തിമോര്‍ച്ച ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍