UPDATES

കേരളം

സെന്‍കുമാര്‍ vs സര്‍ക്കാര്‍: മത്സരം സമനിലയിലേക്ക്

സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച് പരാമര്‍ശം നടത്തിയിരുന്നെങ്കില്‍ അതൊരുപക്ഷേ ചീഫ് സെക്രട്ടറിയുടെ സ്ഥാനം തെറിക്കുന്നതിനുവരെ ഇടയാക്കുമായിരുന്നു.

ടി.പി സെന്‍കുമാര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ ഒത്തുതീര്‍പ്പിലേക്കെന്നു സൂചന. ഇന്നലെ സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. നഷ്ടം ഇരുഭാഗത്തും ഉണ്ടാകുമെന്ന തിരിച്ചറിവാണ് കൂടുതല്‍ വഷളാക്കാതെ ഒത്തുതീര്‍പ്പില്‍ അവസാനിപ്പിക്കാമെന്ന ധാരണയില്‍ സെന്‍കുമാറിനെയും സര്‍ക്കാരിനെയും എത്തിച്ചിരിക്കുന്നത് എന്നാണ് സൂചനകള്‍.

ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാതെ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനു സുപ്രീം കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു സെന്‍കുമാറിന്റെ നീക്കത്തെ നിരീക്ഷിച്ചവര്‍ കണക്കുകൂട്ടിയിരുന്നത്. അതേസമയം സര്‍ക്കാരും സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്തിരുന്നു. നിലവില്‍ ഡിജിപി സ്ഥാനത്തുള്ള ലോക്‌നാഥ് ബെഹ്‌റയടക്കമുള്ളവരുടെ കാര്യത്തില്‍ എന്തു തീരുമാനം എടുക്കണമെന്നകാര്യത്തില്‍ വ്യക്തത തേടിയാണു സര്‍ക്കാര്‍ കോടതിയില്‍ പോകുന്നതെങ്കിലും അത് സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്നതിനു സഹായകരമാവുകയും ചെയ്യും. സര്‍ക്കാരിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചാല്‍ ആ കാരണത്താല്‍ പുനര്‍നിയമനം വൈകിപ്പിക്കുന്നതിനു സര്‍ക്കാരിനു കഴിയും. ഹര്‍ജി ഇന്നു ഫയല്‍ ചെയ്യുമെന്നാണു കരുതുന്നത്.

പക്ഷേ സര്‍ക്കാര്‍ സെന്‍കുമാറിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാനാണ് സാധ്യതയെന്നാണ് സര്‍ക്കാര്‍തലത്തില്‍ നിന്നുതന്നെയുള്ള വാര്‍ത്തകള്‍. നാളത്തെ മന്ത്രിസഭയോഗത്തില്‍ സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കാന്‍ തീരുമാനം ഉണ്ടാകുമെന്നാണു കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏകദേശ ധാരണയില്‍ എത്തിക്കഴിഞ്ഞെന്നാണ് അറിയുന്നത്. എജിയുടെ നിയമോപദേശവും സര്‍ക്കാര്‍ തേടിക്കഴിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ സെന്‍കുമാര്‍ ഡിജിപി കസേരയിലേക്ക് മടങ്ങിയെത്തുകയും ചെയ്യും. കൃത്യമായിട്ടല്ലെങ്കിലും സെന്‍കുമാറിനു നിയമനം നല്‍കുമെന്ന സൂചന മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

ഈ കാര്യങ്ങളില്‍ വ്യക്തത കിട്ടിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ ഇന്നലെ നാടകീയമായി കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിച്ചതെന്നും അറിയുന്നു. ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അവസാന നിമിഷം അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പിന്മാറുകയായിരുന്നു.

തന്നെ പുനര്‍നിയമക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കത്തതിനു പിന്നില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണെന്നായിരുന്നു സെന്‍കുമാറിന്റെ പരാതി. നളിനി നെറ്റോയെ പ്രതി ചേര്‍ത്തായിരുന്നു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതും. നേരത്തെ തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച ജസ്റ്റീസ് മദന്‍ ലോകൂര്‍ അധ്യക്ഷനായ ബഞ്ചില്‍ തന്നെയായിരുന്നു ഈ ഹര്‍ജിയും നല്‍കിയിരുന്നത്. എന്നാല്‍ ഉടന്‍ പരിഗണിക്കേണ്ട ഹര്‍ജിയാണെന്നു ബോധിപ്പിക്കാത്തതിനാലാണു ഹര്‍ജി പരിഗണിക്കാതിരുന്നതെന്നു കോടതി വ്യക്തമാക്കി.

സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച് പരാമര്‍ശം നടത്തിയിരുന്നെങ്കില്‍ അതൊരുപക്ഷേ ചീഫ് സെക്രട്ടറിയുടെ സ്ഥാനം തെറിക്കുന്നതിനുവരെ ഇടയാക്കുമായിരുന്നു. കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് തടവുശിക്ഷ വിധിച്ച കാര്യവും സെന്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നളിനി നെറ്റോയ്‌ക്കെതിരെ കോടതി പരാമര്‍ശം ഉണ്ടായാല്‍ അതു സര്‍ക്കാരിനെ തന്നെ ബാധിക്കും. സര്‍ക്കാരിനെ കൂടുതല്‍ ദുര്‍ബലമാക്കാനും കാരണമാകും. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണു സമവായത്തിലേക്ക് നീങ്ങാന്‍ പിണറായി തയ്യാറാകുന്നതെന്നാണു സൂചനകള്‍ പറയുന്നത്. ഇതിനിടയില്‍ സെന്‍കുമാറിനെതിരേ ആറു വിജിലന്‍സ് കേസുകള്‍ ഉണ്ടെന്ന കാര്യം ഉയര്‍ത്തി കൊണ്ടുവന്നു ഡിജിപി കസേരയില്‍ നിന്നും പുറത്തു തന്നെ നിര്‍ത്താനുള്ള നീക്കവും സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലും അതും തത്കാലം മരവിപ്പിച്ചു നിര്‍ത്താന്‍ തന്നെയായിരിക്കും തീരുമാനം. അടുത്ത മാസം 21 വരെയാണു സെന്‍കുമാറിന്റെ കാലാവധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍