UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രീ, ഈ നഴ്സുമാരും താങ്കളുടെ പ്രജകള്‍ തന്നെയല്ലേ? അവസാനിപ്പിച്ചു കൂടെ ഈ നാടകങ്ങള്‍?

Avatar

ഉണ്ണികൃഷ്ണന്‍ വി

യെമനിലെ യുദ്ധമുഖത്തുനിന്നും ജീവന്‍ മാത്രം കൈയില്‍ പിടിച്ച് തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക്, പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ജീവിതസ്വപ്‌നങ്ങള്‍ തിരികെ നല്‍കാന്‍ നിങ്ങള്‍ക്ക് യാതൊരു ബാധ്യതുയുമില്ലേ സര്‍ക്കാരേ? സ്വീകരണാഘോഷങ്ങള്‍ക്കും വാഗ്ദാനപ്പെരുമഴകള്‍ക്കും വാചകക്കസര്‍ത്തുകള്‍ക്കുമപ്പുറം നിഷ്‌കരുണം നിങ്ങള്‍ അവഗണിച്ചു കളയുന്ന അവരെ കുറിച്ച് ഒന്നുമാത്രം ഓര്‍ക്കുക, അവരും നിങ്ങളുടെ പ്രജകളാണ്. തോക്കുകളും ബോംബുകളും അട്ടഹസിക്കുന്ന, പിശാചുകള്‍ വാഴുന്ന നാടുകളിലേക്ക് അവര്‍ പോയത്, ആത്മനിര്‍വൃതി തേടിയല്ല, ജീവിക്കാന്‍ വേണ്ടിയാണ്. അതേ, കടവും കണ്ണീരും തോര്‍ന്നൊരു ജീവിതത്തിനായി.പക്ഷേ…

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയെ ഏതുകാര്യത്തിനും കുറ്റം പറയുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായല്ല, സഹജീവിയുടെ ദുരിതം കണ്ട് കലങ്ങിയൊരു മനസുള്ളതുകൊണ്ട് ചോദിക്കുകയാണ്:

ഇപ്പോള്‍ യെമനില്‍ നിന്നും വന്നവരും, മുമ്പ് ഇറാഖിലും ലിബിയയിലും സിറിയയിലുമൊക്കെ നിന്നു വന്ന നമ്മുടെ നഴ്‌സുമാരുടെ കാര്യത്തില്‍ ഉചിതമായൊരു തീരുമാനമെടുക്കാന്‍ അങ്ങേയ്ക്ക് ഒരു ബാധ്യതയുമില്ലേ?

കഷ്ടമാണ് സാര്‍, ഈ അവഗണ.

കുറ്റപ്പെടുത്തലല്ല, അങ്ങു തന്നെ ഒന്നാലോചിക്കൂ, യുദ്ധഭൂമിയില്‍ നിന്ന് നാം അവരെ വളരെ കഷ്ടപ്പെട്ടു തന്നെയാണ് നാട്ടില്‍ തിരിച്ചെത്തിച്ചത്. അക്കാര്യത്തില്‍ അവരോടൊപ്പം, ഞങ്ങള്‍ ജനങ്ങളും ഇവിടുത്തെ സര്‍ക്കാരുകളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. അവരുടെ തിരിച്ചുവരവ് നമ്മള്‍ ആഘോഷമാക്കുകയും ചെയ്തു. എത്രയോ വാഗ്ദാനങ്ങള്‍ നാമവര്‍ക്ക് കൊടുത്തു, ഇനിയും ജീവിതത്തില്‍ റിസ്‌ക് എടുക്കാന്‍ അവരെ അനുവദിക്കില്ലെന്നും അവരുടെ പ്രശ്‌നങ്ങളൊക്കെ തീര്‍ക്കാന്‍ മുന്‍കൈയെടുക്കുമെന്നാല്ലാം പറഞ്ഞ് നാമവരെ ആശ്വസിപ്പിച്ചു. പാവങ്ങള്‍ അതെല്ലാം വിശ്വസിച്ചു കാണണം.

എന്നാല്‍ ആ ജീവിതങ്ങള്‍ ഇപ്പോഴും നടുക്കടലില്‍ തന്നെയാണ് സാര്‍, കര അവര്‍ കാണുന്നേയില്ല…

പഠനത്തിനായി വലിയൊരു തുക, റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് കൊടുക്കാന്‍ മറ്റൊരു തുക, ഇതെല്ലാം കടം വാങ്ങിയാണ് ഇവര്‍ കൊടുത്തിരിക്കുന്നത്. ഇങ്ങനെ വലിയ ബാധ്യതയിലാണ് ഇവരില്‍ ഭൂരിഭാഗവും. മിക്കവാറും പേര്‍ക്ക് ജപ്തി നോട്ടിസ് വന്നു കഴിഞ്ഞു.

ഇറാഖില്‍ നിന്ന് വന്നവര്‍ക്ക് ഇതുവരെ ഒന്നും നല്‍കിയിട്ടില്ല, ആദ്യം അത് കഴിയട്ടെ പിന്നീടാവാം യെമന്‍ എന്നാണ് സഹായം ചോദിച്ചവരോട് സര്‍ക്കാര്‍ സവിനയം മറുപടി നല്‍കിയിരിക്കുന്നത്. എന്നാണ് ഇതൊക്കെ നല്‍കുന്നതെന്നുമാത്രം ആരോടും ചോദിച്ചേക്കരുത്. കാലതാമസവും നിരുത്തരവാദിത്വപരമായ സര്‍ക്കാര്‍ നടപടികളും മൂലം അവതാളത്തിലാവുന്നത് ആയിരക്കണക്കിനു കുടുംബങ്ങളാണ്. യുദ്ധഭൂമിയില്‍ നിന്നു പലായനം ചെയ്യുമ്പോള്‍ പലര്‍ക്കും ആ മാസത്തെ വേതനം പോലും കിട്ടിയിരുന്നില്ല. ജീവന്‍ തിരികെ കിട്ടിയെങ്കിലും പട്ടിണിയും പരിവട്ടവുമാണ് ഇവരുടയെല്ലാം കുടുംബങ്ങളിലിപ്പോള്‍.

കഴിഞ്ഞ ദിവസം നടന്ന സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ കണ്ട അവര്‍ക്ക് കിട്ടിയ മറുപടി അതിലേറെ പരിതാപകരമാണ്; ‘എല്ലാവര്‍ക്കും ജോലി തരാന്‍ പറ്റില്ല, കുറച്ചു പേര്‍ക്കെങ്കിലും ജോലിക്കായി ശ്രമിക്കാം, ലോണ്‍ ഉള്ളവര്‍ക്ക് അതിന്റെ കാലാവധി നീട്ടിത്തരാന്‍ മാര്‍ഗ്ഗമുണ്ടാക്കാം’, എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ആളും അമ്പാരിയുമായി അവരെ സ്വീകരിക്കാന്‍ കോപ്പുകൂട്ടിയ ആള്‍ക്കാരെയൊന്നും ഇപ്പോള്‍ കാണാനേയില്ല. കയറിപ്പോരെ നിങ്ങളെ ഞങ്ങള്‍ നോക്കിക്കോളാം എന്ന് വാഗ്ദാനം ചെയ്തിട്ട് തിരിഞ്ഞു നോക്കാത്ത അവസ്ഥ.

നാട്ടിലെ പല ആശുപത്രികളിലും ജോലിക്കായി അപേക്ഷ നല്‍കിയെങ്കിലും ഇവരെ ആര്‍ക്കും വേണ്ട, അടിമപ്പണിയെടുക്കാനാണെങ്കില്‍ വേക്കന്‍സിയുണ്ട്. പലരുടെയും പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇപ്പോഴും യെമനിലാണ്. ബാക്കിയുള്ളവരുടെ പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ആയിക്കഴിഞ്ഞു. ഇവിടെ പട്ടിണി കിടന്നാലും ഇനിയെങ്ങോട്ടും പോയേക്കല്ലേ എന്ന സ്‌നേഹശാസനയും ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

നാട്ടിലെ ആശുപത്രികളില്‍ വര്‍ഷങ്ങള്‍ പ്രവൃത്തി പരിചയമുള്ള നഴ്സുമാര്‍ക്ക് പോലും കിട്ടുന്നത് പത്തും പന്ത്രണ്ടായിരവുമൊക്കെ. പക്ഷെ മറുനാട്ടില്‍ ഇവര്‍ക്ക് നല്ല ശമ്പളം കിട്ടുന്നു. വായ്പ്പകള്‍ എടുത്തും സ്വര്‍ണ്ണം പണയം വച്ചും രക്തബന്ധങ്ങളില്‍ നിന്നകന്നും മറുനാട്ടിലേക്ക് ജീവിതം പറിച്ചു നടുന്ന ഇവര്‍ക്ക് അവിടെ മാന്യത ലഭിക്കുന്നു, കാരണം അവിടുള്ളവര്‍ക്ക് ആതുരസേവനത്തിന്റെ വിലയറിയാം. അവിടെ നിന്നധ്വാനിച്ചു നാട്ടിലേക്കിവര്‍ അയക്കുന്ന കാശിന്റെ വീതം നികുതി എന്നും മറ്റു പല പേരിലും പിടിച്ചു പറ്റുന്ന സര്‍ക്കാരിന് അതിലപ്പുറമൊന്നും ഇവരോട് കടപ്പാടില്ലെന്ന് ഈ അവഗണന തെളിയിക്കുന്നു. ഇതിന്റെ മകുടോദാഹരണമാണ് ഒരു വര്‍ഷമായി നെട്ടോട്ടമോടുന്ന ഇറാഖില്‍ നിന്നു തിരിച്ചു വന്ന നഴ്‌സുമാര്‍.

പക്ഷേ ഇവരിലൊരു വിഭാഗം ചതിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വലിയ വാഗ്ദാനങ്ങള്‍ കൊടുത്താണ് ഇവരെ ഇടനിലക്കാര്‍ മറുനാടുകളിലേക്ക് കയറ്റി വിടുന്നത്. പക്ഷേ അവിടെ ചെല്ലുമ്പോള്‍ കിട്ടുന്നത് പറഞ്ഞതിലും എത്രയോ കുറവാണ് എന്ന് പിന്നീടേ മനസിലാവൂ. ശമ്പളം, താമസം, ഫുഡ് മണി എന്നിങ്ങനെ ഇവരെ വീഴ്ത്താന്‍ ഇടനിലക്കാരുടെ കൈയില്‍ തന്ത്രങ്ങള്‍ നിരവധി. എങ്ങനെയെങ്കിലും ജീവിതം കെട്ടിപ്പടുക്കണമെന്ന ആഗ്രഹവുമായി മനസ്സു നിറയെ സ്വപ്നങ്ങളുമായി കടല്‍ കടക്കുന്ന ഇവരെ കാത്തിരിക്കുന്നത് ദുരിതങ്ങളാണ്.

ജനസമ്പര്‍ക്ക പരിപാടി നടത്തി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ മുട്ടി നില്‍ക്കുന്ന മുഖ്യന്റെ കണ്ണില്‍ ഇവര്‍ ജനങ്ങള്‍ അല്ലേ? ഓടി നടന്നു ജനങ്ങളെ സേവിക്കുന്ന അദ്ദേഹത്തിനും വകുപ്പ് മന്ത്രിമാര്‍ക്കും ഇവരെ കാണാന്‍ പറ്റുന്നില്ലേ? അതോ ഇനി വേണ്ടാന്നു വച്ചിട്ടാണോ. തിരിച്ചെത്തുന്നവരെ കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നു കണ്ടിട്ടാണോ ഈ അവഗണന.

കുറച്ചു പേര്‍ക്ക് മാത്രമേ വാഗ്ദാനം ചെയ്ത ശമ്പളവും സൗകര്യങ്ങളും ലഭിക്കുന്നുള്ളൂവെങ്കിലും അവര്‍ പിടിച്ചു നില്‍ക്കുന്നത് ഇങ്ങോട്ട് വരാനുണ്ടായ ബാധ്യത തീര്‍ക്കാനും കുടുംബം പട്ടിണി കിടക്കാതിരിക്കാനുമാണ്. യെമനില്‍ നിന്നും തിരിച്ചു വരാതെ പലരും കടിച്ചു പിടിച്ചു നില്‍ക്കുന്നതിന്റെ കാരണവും അതാണ്. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചു വന്നവരാണ് ഇപ്പോള്‍ ഈ അവസ്ഥയില്‍. ഇനി എന്നാണ് ഇവരെ സര്‍ക്കാര്‍ സഹായിക്കുക. ഇറാഖ് കഴിഞ്ഞിട്ടെപ്പോഴാണോ യെമന് സമയം കിട്ടുക? അത് വരെ അവര്‍ എന്തു ചെയ്യും. ഇങ്ങനെ പല ചോദ്യങ്ങള്‍ ഈ സമയത്ത് ഉയരുന്നു.

അന്നും ഇന്നും എന്നും വാഗ്ദാനങ്ങള്‍ കൊടുക്കാന്‍ എല്ലാവര്‍ക്കും നല്ല മിടുക്കുണ്ടാവും. വിശ്വസിച്ചു വരുന്നവര്‍ മണ്ടന്മാരാവുകയും ചെയ്യും. ഇത് ഇന്നുമിന്നലെയും തുടങ്ങിയതല്ലെന്നു പുറകോട്ട് തിരിഞ്ഞു നോക്കിയാല്‍ വ്യക്തമായി മനസിലാവും. അല്ലെങ്കിലും രാഷ്ട്രീയ പൊറാട്ട് നാടകങ്ങള്ക്ക് ഇരയാവേണ്ടി വരുന്നതെന്നും പ്രജയെന്ന കഴുതകളാണല്ലോ. അത് പുറത്തു പോയിട്ട് വന്നവരായാലും പോകാത്തവരായാലും.

(അഴിമുഖത്തില്‍ ട്രെയിനീ ജേര്‍ണലിസ്റ്റാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍