രാകേഷ് സനല്‍
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
താങ്കള്‍ ഒരിക്കല്‍ കൂടി എന്‍ഡോസള്‍ഫാന്‍ ഇരകളെ പറ്റിച്ചു. വീണ്ടും വീണ്ടും ഭരണകൂടത്താല്‍ വഞ്ചിക്കപ്പെടുന്നത് ഒന്നെഴുന്നേറ്റു നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത കുട്ടികളും അവരുടെ മനസുമരവിച്ച അമ്മമാരുമാണെന്നുപോലും ചിന്തിക്കാതെ. ഇപ്പോഴവരുടെ മനസില്‍ തോറ്റുകൊടുത്തവരുടെ നിരാശയുണ്ട്. ആ നിരാശ ഇതുവരെ അനുഭവിച്ചുപോരുന്ന ദുരിതത്തെക്കാള്‍ മുറിപ്പെടുത്തുന്നുണ്ട്…
2016 ജനുവരി 26 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന് ബാധിത പ്രദേശങ്ങളില്‍ നിന്നുവന്ന അമ്മമാര്‍ അവരുടെ രോഗബാധിതരായ കുഞ്ഞുങ്ങളുമായി സമരം തുടങ്ങിയത്. ഒമ്പത് ദിവസമാണ് ആ സമരം നീണ്ടു നിന്നത്. ഒമ്പത് ദിവസം ആ മിണ്ടാപ്രാണികളെ വഴിയരികില്‍ അങ്ങ് കിടത്തി എന്നാണ് പറയേണ്ടത്. ഈ ദിവസങ്ങളിലാകെ മുഖ്യമന്ത്രിക്കെതിരായുള്ള പ്രതിപക്ഷസമരങ്ങള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടക്കുന്നുണ്ടായിരുന്നു. ലാത്തിച്ചാര്‍ജ്, ടിയര്‍ഗ്യാസ് തുടങ്ങി പൊലീസുകാരുടെ തിരിച്ചടികളും. ജീവിതത്തില്‍ ആദ്യമായി ഇത്തരമൊരു അനുഭവത്തിനു സാക്ഷികളാകേണ്ടി വന്ന ആ കുഞ്ഞുങ്ങള്‍ വല്ലാതെ ഭയചകിതരായി. കണ്ണീര്‍ വാതകത്തിന്റെ പുകച്ചുരുളുകള്‍ ആ പാവങ്ങളുടെ കണ്ണു നീറിച്ചു. പലരും രാത്രിയില്‍ ഞെട്ടിയേഴുന്നേറ്റു നിലവിളിച്ചു…എന്തു ചെയ്യണമെന്നറിയാതെ ആ അമ്മമാര്‍ പകച്ചിരുന്നു. തിരികെ പോയാല്‍ അത് അവരുടെ അതിജീവനത്തെ ബാധിക്കും, അങ്ങാണെങ്കിലോ ഈ സമരം കണ്ടില്ലെന്നു നടിച്ചു.
നീതിക്കു വേണ്ടി വന്നവരായിരുന്നു അവര്‍. സമരം ചെയ്യാനോ പ്രതിഷേധിക്കാനോ എന്തിനു നേരെയൊന്നു എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത, ബുദ്ധി ഉറക്കാതെ, ശരീരം മാത്രം വളര്‍ന്ന കുട്ടികളുമായി ആ അമ്മമാര്‍ വന്നത് അവര്‍ക്ക് ഭരണകൂടം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതുകൊണ്ടായിരുന്നു. പലപ്പോഴായി അവര്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നതു മാത്രമായിരുന്നു അവരുടെ അപേക്ഷ.
ജനുവരി 29 ന്, സമരം തുടങ്ങി നാലാം ദിവസം, ആദ്യത്തെ ചര്‍ച്ചയ്ക്ക് അങ്ങ് സന്നദ്ധനായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ആ ചര്‍ച്ചയില് സമരസമതി നേതാക്കളോട് അങ്ങ് പറഞ്ഞ വാചകം ഓര്‍ക്കുന്നുണ്ടോ; ‘നിങ്ങള്‍ അവിടെ കിടന്നോളാന്‍’…
എന്താനണവര്‍ അവിടെ പട്ടിണി കിടക്കാന്‍ വന്നതെന്ന് അറിയാമോ? വാക്കു പാലിക്കാന്‍ നാടിന്റെ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതുകൊണ്ട്. 2014 ല്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കഞ്ഞിവയ്പ് സമരം നടത്തിയിരുന്നു. ആ സമരം അവസാനിപ്പിച്ചത് സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയതുകൊണ്ടായിരുന്നു.
പ്രധാനമായും ആറ് ആവശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്;
1.ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത 6. അടിയന്തര സഹായം എത്രയും പെട്ടെന്ന് നല്‍കുക
2.പുനരധിവാസം ശാസ്ത്രീയമായി നടപ്പിലാക്കുക
3.ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളി ബാങ്ക് ജപ്തിയില്‍ നിന്നും രക്ഷിക്കുക.
4.പതിനൊന്നു പഞ്ചായത്തുകള്‍ക്കു പുറത്തു നിന്നുള്ള ദുരിത ബാധിതരേയും ലിസ്റ്റില്‍ പെടുത്തുക.
5.ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക.
വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികളായവരെ 6.ദുരിതബാധിതരായവരുടെ ലിസ്റ്റില്‍ പെടുത്തുക.
ഈ ആവശ്യങ്ങള്‍ അംഗീകരിച്ച അങ്ങ് ഭാഗികമായി ചില നടപടികള്‍ സ്വീകരിച്ചതൊഴിച്ചാല്‍ നല്‍കിയ ഉറപ്പുകളില്‍ ഭൂരിപക്ഷവും പാലിച്ചില്ല. രണ്ടുവര്‍ഷമായി അവഗണന തുടരുന്ന സാഹചര്യത്തിലായിരുന്നു സെക്രട്ടേറിയേറ്റിനു മുന്നില്‍ പട്ടിണി കിടക്കാന്‍ അവരെത്തിയത്. ഇനി വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല വേണ്ടത്. നല്‍കിയ ഉറപ്പുകള്‍ പാലിക്കുകയാണ് എന്നവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നതുവരെ ഈ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ അങ്ങയെപ്പോലൊരാളുടെ ഭരണതന്ത്രജ്ഞത അവരെ നേരിട്ട വിധം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരത്തിന് തയ്യാറെടുക്കുന്നുവെന്നറിഞ്ഞപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പലതും നല്‍കിയെന്ന പേരില്‍ മാധ്യമങ്ങളിലടക്കം വലിയ പരസ്യം നല്‍കി. രണ്ടു കുട്ടികളുടെ ചിത്രമാണ് ഈ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിര്‍ഭാഗ്യമെന്തെന്നാല്‍, അതില്‍ ഷഫ്‌ന എന്ന കുട്ടിയുടെ ചികിത്സയ്ക്കായി ഇതുവരെ ഇരുപത് ലക്ഷത്തോളം രൂപ ചെലവായതില്‍ ഒരു സഹായം പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതാണ്. ആ രണ്ടു കുട്ടികളും സര്‍ക്കാര്‍ ലിസ്റ്റില്‍ പോലും ഉള്‍പ്പെടാതെ പോയവരാണ്. പരസ്യത്തിനു വേണ്ടി ചെലവാക്കിയ തുകയുണ്ടായിരുന്നെങ്കില്‍ ഒരു കുഞ്ഞിന്റെയെങ്കിലും ചികിത്സാചെലവവിന് നല്‍കാമായിരുന്നു, ഒരാളുടെയെങ്കിലും ബാങ്ക് കുടിശികയ്ക്ക് പരിഹാരമുണ്ടാക്കാമായിരുന്നു..പക്ഷേ അങ്ങ് രാഷ്ട്രീയ ബുദ്ധി കാണിച്ചു.
ഒമ്പതു ദിവസമായി നടന്നു വന്ന സമരത്തിനൊടുവില്‍ രണ്ടാമതൊരിക്കല്‍ കൂടി അങ്ങ് സമരക്കാരെ ചര്‍ച്ചയ്ക്കു വിളിച്ചു. സമരം മാധ്യമങ്ങളും പൊതുസമൂഹവും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയെന്നു മനസിലാക്കിയതോടെ അങ്ങ് സമരം അവസാനിപ്പിക്കാനുള്ള വഴി തേടി. വീണ്ടും ചില ഉറപ്പുകള്‍…
*ദുരിതബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിക്കും. മേഖലയിലെ ക്യാന്‍സര്‍ രോഗികളേയും ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.
*നേരത്തെ ഒഴിവാക്കപ്പെട്ട 610 പേരെ കൂടി ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.
*ഇവര്‍ക്കും എന്‍ഡോസള്‍ഫാന്‍ പാക്കേജിന്റെ ഗുണം ലഭ്യമാക്കും.
*ദുരന്ത ബാധിതരുടെ എണ്ണം 5387 ആക്കും.
*ദുരന്തബാധിതരെ മൂന്ന് ഗണത്തില്‍ ഉള്‍പ്പെടുത്തും.
*ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കും.
*എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അധിക ശമ്പളം നല്‍കും.
*ദുരന്തബാധിതര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം നല്‍കും.
*ഫെബ്രുവരിയില്‍ തന്നെ അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
ഇതൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍ ഇവയുടെ നിലവിലെ അവസ്ഥ എന്താണെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നതു കേള്‍ക്കുക;
സമരം അവസാനിപ്പിക്കാനായി ചര്‍ച്ചയില്‍ ഉറപ്പു പറഞ്ഞ കാര്യങ്ങള്‍ മാസം രണ്ടു കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല. ഫെബ്രുവരി 25 മുതല്‍ 29 വരെ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നു പറഞ്ഞു. ഒരു ക്യാമ്പും നാളിതുവരെ നടത്തിയില്ല. ഇതേ കുറിച്ചു അന്വേഷിച്ചപ്പോള്‍ ജില്ല ഭരണകൂടം ആദ്യം പറഞ്ഞ ന്യായം ഡോക്ടര്‍മാര്‍ക്ക് പരീക്ഷയാണെന്നായിരുന്നു. ഇപ്പോള്‍ പറയുന്നു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുണ്ടെന്ന്. മിസ്റ്റര്‍ മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് എന്നത് ഒരു വര്‍ഷം മുമ്പ് തന്ന വാഗ്ദാനം ആയിരുന്നുവെന്നു മറക്കരുത്.
ദുരതബാധിതരെ മൂന്നുഗണത്തില്‍പ്പെടുത്തി അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാമെന്നും ഉറപ്പുണ്ടായിരുന്നു. ഗുരുതര രോഗമുള്ള ഒന്നാം വിഭാഗക്കാര്‍ക്ക് മൂന്നുലക്ഷവും രണ്ടാം വിഭാഗക്കാര്‍ക്ക് രണ്ടു ലക്ഷവും മൂന്നാം വിഭാഗത്തിന് ഒരുലക്ഷവുമായിരുന്നു വാഗ്ദാനം. ഈ മൂന്നുഗ്രൂപ്പിനെ നിശ്ചയിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പക്ഷേ ഇതുവരെ ഒന്നും നടന്നിട്ടില്ല. നടത്തേണ്ടവര്‍ക്ക് യാതൊരു താത്പര്യവുമില്ല.
കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി ബാങ്ക് വായ്പ്പയെടുത്ത് വലിയ കടക്കാരയാവരാണ് എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ മാതാപിതാക്കള്‍. വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേരില്‍ ഇനി ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഉറപ്പ്. മൊത്തം 25 കോടിയായിരുന്നു ഇവരുടെ കടബാധ്യത. അതു പിന്നീട് സ്‌ക്രീനിംഗ് നടത്തി 10 കോടി 90 ലക്ഷമാക്കി. ഇതില്‍ നിന്നും ഒരുകോടി രൂപമാത്രമാണ് എഴുതി തള്ളിയെന്നു പറയുന്നത്. അതു തന്നെ 25,000 ല്‍ താഴെ വായ്പ്പയുള്ളവരുടെ പതിനായിരം രൂപയോളം ഒഴിവാക്കിയിരിക്കുന്നതാണ്. 25,000 പോലും മുഴുവനായി എഴുതി തള്ളാന്‍ തയ്യാറായില്ല. പതിനയ്യായിരമേ ബാക്കിയുള്ളുവെങ്കിലും അതു വാങ്ങിച്ചെടുക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നുണ്ട്. ജപ്തി നടപടിയൊഴിവാക്കുമെന്നതൊക്കെ വെറും പാഴ്‌വാക്ക്.
ദുരിതബാധിതരുടെ പട്ടികയിലേക്ക് 610 പേരെ കൂടി ഉള്‍പ്പെടുത്തുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ പെന്‍ഷന്‍ അടക്കമുള്ള ഒരാനുകൂല്യങ്ങളും അവര്‍ക്കിതുവരെ ലഭിച്ചതായി അറിവില്ല.
ഇപ്പോള്‍ ഞങ്ങള്‍ തിരിക്കയപ്പോഴാണ് അറിയുന്നത് ഫെബ്രുവരി മൂന്നിനു നടന്ന ചര്‍ച്ചയുടെ മിനുട്‌സ്‌പോലും അവരിതുവരെ തയ്യാറാക്കിയിട്ടില്ലെന്ന്. ചര്‍ച്ച കഴിഞ്ഞിട്ട് എത്രദിവസം കഴിഞ്ഞെന്നു കണക്കൂകൂട്ടി നോക്കൂ, രണ്ടു മാസം കഴി ഞ്ഞു. ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുടെ മിനുട്‌സ് പോലും തയ്യാറാക്കാന്‍ ശ്രമിച്ചില്ല എന്നു പറയുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിലപാട് അതില്‍ നിന്നും മനസിലാക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എന്നൊന്നും പറഞ്ഞ് ഇനി ഞങ്ങളെ പറ്റിക്കരുത്…
ഇപ്പോള്‍ തോന്നുന്നത് ഞങ്ങള്‍ അവരുടെ മുന്നില്‍ തോറ്റു കൊടുക്കുകയായിരുന്നില്ലേ എന്നാണ്… നേരത്തെയും പറഞ്ഞു പറ്റിച്ചിട്ടുള്ളതാണെങ്കിലും ഇത്തവണ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ വിശ്വസിച്ചു, തെരഞ്ഞെടുപ്പ് വരുകയല്ലേ എന്തെങ്കിലും ചെയ്യുമെന്ന തോന്നലുണ്ടായിരുന്നു… വിഡ്ഡികളായത് മിച്ചം.
പക്ഷേ ഞങ്ങള്‍ തോറ്റെന്നു കരുതല്ലേ…അതിജീവനത്തിന്റെ സമരമാണ് സാര്‍…ജയിച്ചല്ലേ പറ്റൂ…
.