UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിയും സര്‍ക്കാരും തര്‍ക്കിച്ചോളൂ; നീതി തേടി ജനം എവിടെ പോകും?

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യക്കാര്‍ ആധുനികവും കാര്യക്ഷമവുമായ ഒരു നീതിന്യായ സംവിധാനം അര്‍ഹിക്കുന്നുണ്ട്; ഈ 2016-ലെങ്കിലും. പകരം അവര്‍ക്കുള്ളത് കെട്ടിക്കിടക്കുന്ന കേസുകളുടെ ഭാരംകൊണ്ടു വലയുന്ന ഒരു സംവിധാനമാണ്. ജഡ്ജിമാരുടെ നിയമനം വൈകിച്ചുകൊണ്ട് കോടതികളെ നിഷ്ക്രിയമാക്കുകയാണ് സര്‍ക്കാര്‍ എന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ആരോപിച്ച അവസ്ഥയില്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്.

ജഡ്ജി നിയമനത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള നീണ്ട നാളായുള്ള തര്‍ക്കത്തിന്റെ ഭാഗമാണ് ഈ നേര്‍ക്കുനേരെയുള്ള നില്‍പ്പ്. ജഡ്ജിമാര്‍ മാത്രമുള്ള കൊളീജിയം അതാര്യവും പക്ഷപാതവും നിറഞ്ഞതാണെന്ന വിമര്‍ശനം വന്നപ്പോള്‍ കൂടുതല്‍ വിശാലമായ സമിതിയെ ഇതിനായി വെക്കാന്‍ ലക്ഷ്യമിട്ട ദേശീയ ന്യായാധിപ നിയമന കമ്മീഷന്‍ ഒക്ടോബര്‍ 2015-നു സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള ധാരണ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ എത്രമാത്രം വൈകുന്നുവോ, ജനങ്ങളുടെ ദുരിതം അത്രയും ഏറുകയാണ്. പ്രായോഗികമായി 44.3 ശതമാനം ഒഴിവുകളാണ് ഹൈക്കോടതികളില്‍ മാത്രമുള്ളത്. കെട്ടിക്കിടക്കുന്ന കേസുകള്‍ 4 ദശലക്ഷത്തിലേറെയും.

നീതി നേടാനുള്ള യാത്രയോളം ദുഷ്കരമായൊന്ന് ഇന്ത്യയില്‍ മറ്റൊന്നില്ല; നിങ്ങളെ സാമ്പത്തികമായി ഊറ്റാനും. ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞ പോലെ,”അപ്പീല്‍ കേട്ടുകഴിയുന്ന കാലമാകുമ്പോഴേക്കും പ്രതി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകാണും,” എന്നാണാവസ്ഥ. സര്‍ക്കാരും കോടതിയും തമ്മിലുള്ള ഇപ്പോഴത്തെ തര്‍ക്കം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ജഡ്ജസ് നിയമന കമ്മീഷന്റെ സാധുത സുപ്രീം കോടതി പരിശോധിക്കുന്ന കാലത്തും ഏതാണ്ട് ഒരു കൊല്ലത്തോളം നിയമനങ്ങള്‍ മരവിപ്പിച്ചുകിടത്തി എന്നോര്‍ക്കണം. ഒരുതരത്തിലും മുന്നോട്ടുപോകാതെ നില്‍ക്കുന്നതിനുപകരം പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാരും കോടതിയും ശ്രമിക്കേണ്ടത്. ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കുള്ള പുതിയ നടപടിക്രമങ്ങള്‍ തീരുമാനിക്കുകയും അനാഥമായി നീളുന്ന വ്യവഹാരദുരിതങ്ങള്‍ക്ക് സമയബന്ധിതമായി അറുതി വരുത്തുകയും ചെയ്യണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍