UPDATES

പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു; പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാനുള്ള നടപടികള്‍ രാജ്യം സ്വീകരിച്ചു വരുന്നതായും ഇതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സംഭരിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. പ്ലാസ്റ്റിക് അല്ലെങ്കില്‍ പോളിമെര്‍ പ്രതലത്തില്‍ നോട്ടുകള്‍ അച്ചടിക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വായി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ അറിയിച്ചു. മതിയായ പരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷം പേപ്പറിന് പകരം പ്ലാസ്റ്റിക് ഉപയോഗിച്ച് നോട്ടടിക്കാന്‍ നേരത്തെ ആര്‍ബിഐ തീരുമാനിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.

പത്ത് രൂപ മൂല്യമുള്ള ഒരു ബില്യണ്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാര്‍ത്ഥം പ്രചാരിത്തിലിറക്കുമെന്ന് 2014 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായി വൈവിദ്ധ്യമുള്ള കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്.

ശരാശരി അഞ്ചു വര്‍ഷം ആയുസ്സുള്ള പ്ലാസ്റ്റിക് നോട്ടുകള്‍ അനുകരിക്കാന്‍ പ്രയാസമാണ്. കള്ളനോട്ടുകള്‍ തടയുന്നതിനായി ഓസ്‌ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകള്‍ പ്രചാരത്തിലിറക്കിയത്. ഹോസംഗബാദിലെ സെക്യൂരിറ്റി പേപ്പര്‍ മില്ലില്‍ നിര്‍മ്മിച്ച കടലാസ് ഉപയോഗിച്ച് നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ അടിച്ച ചില നോട്ടുകളില്‍ സുരക്ഷാ നൂലുകള്‍ ഇല്ലാതിരുന്നത് 2015 ഡിസംബറില്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായും ഇതുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരിയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍