UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്ന് മാസത്തേക്ക് അസമിനെ പൂര്‍ണ്ണമായും ‘അസ്വസ്ഥ ബാധിത’ പ്രദേശമായി പ്രഖ്യാപിച്ചു

1990 മുതല്‍ അസാമില്‍ അഫ്സ്പ നിലവില്‍ ഉണ്ട്

മൂന്ന് മാസത്തേക്ക് അസാം സംസ്ഥാനത്തെ മുഴുവന്‍ ‘അസ്വസ്ഥ ബാധിത’ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. സായുധ സേന (പ്രത്യേക അധികാര) ചട്ടം ഉപയോഗിച്ചാണ് സംസ്ഥാനത്തെ മുഴുവന്‍ അസ്വസ്ഥ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉള്‍ഫ, എന്‍ഡിഎഫ്ബി തുടങ്ങിയ വിമതപ്രസ്ഥാനങ്ങള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

മേയ് മൂന്ന് മുതല്‍ മുന്ന് മാസത്തേക്കാണ് സംസ്ഥാനത്തെ അസ്വസ്ഥ ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഒരു ഗസറ്റ് വിജ്ഞാപനം പറയുന്നു. മേഘാലയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളെ കൂടാതെയാണിത്. 2016ല്‍ നടന്ന 75 അക്രമസംഭവങ്ങളില്‍ നാല് സുരക്ഷ ഭടന്മാര്‍ ഉള്‍പ്പെടെ 33 പേര്‍ കൊല്ലപ്പെട്ടതായും 14 പേരെ കാണാതായതായും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

2017ല്‍ ഇതുവരെ ഒമ്പത് അക്രമസംഭവങ്ങളിലായി നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ സുരക്ഷഭടന്മാരാണ്. 1990 മുതല്‍ അസാമില്‍ സായുധ സേന പ്രത്യേക അധികാര ചട്ടം (എഎഫ്എസ്പിഎ) നിലവിലുണ്ട്. അരുണാചല്‍ പ്രദേശിലെ മൂന്ന് അതിര്‍ത്തി ജില്ലകളെയും അസ്വസ്ഥ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. തിരാപ്, ചാങ്‌ലാങ്, ലോങ്ഡിംഗ് എന്നിവയാണ് ഈ ജില്ലകള്‍. കൂടാതെ അസാമുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ 16 പോലീസ് സ്‌റ്റേഷനുകളും മൂന്ന് മാസത്തേക്ക് അസ്വസ്ഥ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. അരുണാചലില്‍ 2016ലാണ് എഎഫ്എസ്പിഎ നിലവില്‍ വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍