UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണുള്ളവര്‍ കാണൂ, ഇതാണ് അമ്പലപ്പുഴയിലെ കുറെ ജീവിതങ്ങള്‍; നമ്മുടെ വികസനത്തിന്റെ ബാക്കിപത്രം

Avatar

ഷെറിന്‍ വര്‍ഗീസ്

അമ്പലപ്പുഴയില്‍ വണ്ടാനം മെഡിക്കല്‍ കോളേജിനു പിറകിലേക്ക് അല്‍പം നടന്നാല്‍ ചെറിയൊരു ഇരുനില കെട്ടിടത്തിനു മുന്നിലെത്തും. അംഗന്‍വാടിയും ആയുര്‍വേദ ഡിസ്‌പെന്‍സറിയും പ്രവര്‍ത്തിക്കുന്ന താഴത്തെ നിലയില്‍ നിന്നു പടവുകള്‍ കയറി മുകളിലെത്തുമ്പോള്‍ കഷ്ടിച്ച് 400 സ്‌ക്വയര്‍ ഫീറ്റുള്ള ഹാളില്‍ കഴിയുന്ന ഒമ്പതു കുടുംബങ്ങളെ കാണാം. പഴയ സാരികളും തുണികളും കൊണ്ടു ‘വീടു’ണ്ടാക്കി കഴിയുന്ന 42- ഓളം മനുഷ്യരെ.

ജീവിതവഴിയില്‍ ഒറ്റയ്ക്കായി പോയ അമ്മമാര്‍, 58 വയസുള്ള ശ്യാമളയും 57 വയസുള്ള ചന്ദ്രികയും ഉള്‍പ്പെടെയുള്ളവര്‍. മുതിര്‍ന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 17 കുട്ടികള്‍. അതില്‍ എല്‍പി സ്‌കൂളുകാരാണ് അഭികൃഷ്ണയും അജയ് കൃഷ്ണയും. സിത്താര ഡിഗ്രി കഴിഞ്ഞു. ലക്ഷ്മി പ്ലസ് ടുവും.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കൊന്നു വസ്ത്രം മാറേണ്ടി വരുമ്പോള്‍ പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹാളിനു പുറത്തേക്കിറങ്ങി നില്‍ക്കും.

ഈ ദുരിതക്കടലിനു നടുവില്‍ നിന്നും ലക്ഷ്മിയെ കൈപിടിച്ചു കൊണ്ടുപോകാന്‍ ഒരു ചെറുപ്പക്കാരന്‍ തയ്യാറായി. അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി ശ്യാംലാല്‍. തങ്ങളുടെ എല്ലാ സങ്കടങ്ങള്‍ക്കും അവധി കൊടുത്ത് ഒരു ദിവസം ഇവര്‍ എല്ലാം മറന്ന് ആ വിവാഹനിശ്ചയം ആഘോഷിച്ചു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല.

ഈ ദുരിത ക്യാമ്പില്‍ രണ്ടു സഹോദരിമാരുണ്ട്, തങ്ങളുടെ ഭര്‍ത്താക്കന്മാരോടും മക്കളോടുമൊപ്പം. സന്ധ്യയും സജിതയും. അവരുടെ അച്ഛന്‍ മരിച്ചതും ഇവിടെ കിടന്നാണ്. മൃതശരീരം സംസ്‌കരിക്കാന്‍ ഇടമില്ലാത്തവര്‍. അവസാനം കടല്‍ ഭിത്തിയുടെ വിടവുകളിലൊന്നില്‍ തങ്ങളുടെ തകര്‍ന്നുപോയ വീടുകളുടെ അടുത്ത് അച്ഛനു ചിതയൊരുക്കി.

2014 ലെ കടലാക്രമണമാണ് അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ തങ്ങളുടെ സ്വന്തം വീടുകളില്‍ സമാധാനമായി ജീവിച്ചിരുന്ന ഇവരുടെ ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞത്. മൂന്നു മാസത്തിനുള്ളില്‍ പുനരധിവാസമെന്നു പറഞ്ഞു പാര്‍പ്പിച്ചവരാണ് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ കെട്ടിടത്തില്‍ അവഗണനകള്‍ക്കുമാത്രം നടുവില്‍ പാര്‍ക്കുന്നത്.

പ്രാഥമികകൃത്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ലാതെയായിരുന്നു രണ്ടുമാസം മുമ്പുവരെയുള്ള ‘ജീവിതം’. ഇപ്പോള്‍ രണ്ടു ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്.

പുനരധിവസിപ്പിക്കപ്പെട്ട ആദ്യ നാളുകളില്‍ 30 രൂപ പ്രതിദിനം ലഭിച്ചിരുന്നു. അതു വാങ്ങണമെങ്കില്‍ തന്നെ മൂന്നു കിലോമീറ്റര്‍ അകലെ ചെല്ലണം. പിന്നീട് മാസം 1000 രൂപയാക്കി. കെട്ടിടത്തിലെ കറണ്ടിനും വെള്ളത്തിനും ചെലവുണ്ടെന്നു പറഞ്ഞ് ആ പണം ഇപ്പോള്‍ നല്‍കാറുമില്ല.

ഈയടുത്ത് പഞ്ചായത്ത് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലെത്തിയ ഇവരോട് ഉദ്യോഗസ്ഥര്‍ പരസ്യമായി പറഞ്ഞത്രേ- ‘വീടും വീട്ടുനമ്പറുമില്ലാത്തവര്‍ ഒന്നു മാറി നില്‍ക്കാന്‍’– ദുരിതം പൂര്‍ണം.

ശിശുവിഹാര്‍ കെട്ടിടത്തില്‍ നിന്നിറങ്ങി കുറച്ചു ദൂരം തെക്കോട്ടു നടക്കണം. അപ്പോള്‍ പഞ്ചായത്ത് റോഡിനും റെയില്‍ പാളത്തിനും ഇടയിലുള്ള തുണ്ടു പുറമ്പോക്കില്‍ നീല പ്ലാസ്റ്റിക്ക് ഷീറ്റിട്ടു കുത്തി മറിച്ച 10 കുടിലുകള്‍ കാണാം. ഇതും മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച ‘പുനരധിവാസ കേന്ദ്ര’ങ്ങളാണ്.

ഇവര്‍ ജീവിച്ചിരുന്നത് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15,16 വാര്‍ഡുകളില്‍.

മുതിര്‍ന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 19 കുട്ടികളുണ്ട് ഇവിടെ. അതില്‍ രാജേഷിന്റെയും ജയശ്രീയുടെ രണ്ടു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. ഒരു ബന്ധുവീട് ഉണ്ടായിരുന്നതുകൊണ്ട് വിവാഹം പെരുവഴിയിലായില്ലെന്നു മാത്രം. ഇവിടെ ഒരൊറ്റ കുടുംബത്തിനു പോലുമില്ല ടോയ്‌ലെറ്റ് സൗകര്യം. ഇതും മൂന്നു മാസക്കാലയളവ് പറഞ്ഞു തുടങ്ങിയ ദുരിതവാസം.

ദേശീയ പാതയോടു ചേര്‍ന്നാണ്കരൂര്‍ ന്യൂ എല്‍പി സ്‌കൂള്‍.

‘പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റു ചോറും കറിയും ഉണ്ടാക്കി കുട്ടികളെ ഉണര്‍ത്തി ഏഴര മണിക്കു മുമ്പ് തറയും പരിസരവും തൂത്തുതുടച്ചു വൃത്തിയാക്കി ഇറങ്ങിക്കൊടുക്കേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരു വീണു നനയുന്നിടമാണിത്.

‘മക്കള്‍ സ്‌കൂളിലോട്ടു പോകും. ഞങ്ങള്‍ ചെമ്മീന്‍ പൊളിക്കാനും, ആണുങ്ങള്‍ ദാ, ആ മരണത്തണലില്‍ എവിടെയെങ്കിലും കൂടിയിരിക്കും.’

സ്‌കൂളിന്റെ ചുറ്റുമതിലിനു പുറത്തുള്ള മരച്ചുവട്ടിലേക്ക് കൈ ചൂണ്ടി ഒരമ്മ രോഷത്തോടെ പറഞ്ഞു. ബാക്കിയുള്ളവര്‍ നിസ്സംഗരായിരിക്കുന്നു.

കഴിഞ്ഞ മൂന്നു കൊല്ലമായി ഈ സ്‌കൂളില്‍ ജീവിക്കുന്ന ഞങ്ങളുടെ ജീവിതമാ മോനേ ഇത്’. വരാന്തയുടെ ഒരരികില്‍ കൂട്ടിവച്ചിരിക്കുന്ന പാത്രങ്ങള്‍.

‘പറയ്, ഞങ്ങളുടെ ഈ ദുരിതം കാണാത്ത എന്തു വികസനമാ ഇവിടെ നടക്കുന്നത്?

‘ഉത്തരവാദിത്തപ്പെട്ടവരുടെയടുത്ത് കഴിഞ്ഞ ദിവസം ചെന്നു. അപ്പ ചോദിക്കുവാ, സ്‌കൂളിലല്ലേ താമസിക്കുന്നത്. പിന്നെന്താ പ്രശ്‌നമെന്ന്?

അപമാനിക്കപ്പെട്ട് ഇറങ്ങിപ്പോരുമ്പോള്‍, മറ്റൊരുത്തന്റെ വക പരിഹാസവും, ‘പിള്ളേരുടെ ചോറും സാമ്പാറുമൊക്കെ കിട്ടുന്നില്ലേയെന്ന്’.

‘ജയലളിത മരിച്ചപ്പോള്‍, കണ്ടോ അവര്‍ക്കു വേണ്ടി പാവങ്ങള്‍ അലമുറയിടുന്നത്. ഇവിടെയുമുണ്ടല്ലോ നേതാക്കന്മാര്. ഞങ്ങടെയൊന്നും കണ്ണീര് കാണാന്‍ കണ്ണില്ലാത്തവര്.

സ്‌കൂള്‍ മതിലും കടന്നു പുറത്തേക്ക്. പുറക്കാട് ഗ്രാമ പഞ്ചായത്തിന്റെ പഴയ ഓഫിസ്. അവിടെയുമുണ്ട് സങ്കടക്കടലിനു നടുവില്‍ അഴവിരിച്ച് അതിര്‍ത്തിയുണ്ടാക്കി ‘ജീവിക്കുന്ന’ കുറെ കുടുംബങ്ങള്‍- ക്യാമ്പുകള്‍ ഇനിയുമുണ്ട്.

വാടകവീടു തരപ്പെടുത്തിപ്പോയ ചുരുക്കം കുടുംബങ്ങള്‍ ഉള്‍പ്പെടെ 114 കുടുംബങ്ങളാണ് കടല്‍ തകര്‍ത്തെറിഞ്ഞ തങ്ങളുടെ ജീവിതത്തിന്റെ മറുകര തേടി മൂന്നു വര്‍ഷങ്ങളായി ഈ ക്യാമ്പുകളില്‍ കഴിയുന്നത്.

480 ഏക്കര്‍ ഭൂമി ഐടി പാര്‍ക്കിനായി ഈ നാട്ടില്‍ കണ്ടെത്തിവര്‍ക്ക് പക്ഷേ, നാലേക്കര്‍ ഭൂമി ഈ കുടുംബങ്ങള്‍ക്കുവേണ്ടി കണ്ടെത്താന്‍ കഴിയാത്തതെന്തേ എന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത കേരള വികസനത്തിന്റെ സ്വന്തം മോഡലുകള്‍ നടപ്പാക്കുന്നവര്‍ക്കെങ്കിലും തീര്‍ച്ചയായുമുണ്ട്.

റവന്യു മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് ആലപ്പുഴ കളക്ട്രേറ്റില്‍ വച്ച് ജീവിക്കാന്‍ കഴിയാത്ത ഭൂമിയുടെ പട്ടയം നല്‍കിയും ഇവരില്‍ കുറച്ചുപേരെ പറ്റിച്ചു.

രാവിലെ സ്‌കൂളില്‍ ആദ്യത്തെ മണിയടിക്കുന്നതിനും ഏറെ മുന്നേ ഇവരിറങ്ങുന്നു. ജീവിതത്തിലേക്കല്ല, ജീവിതത്തിനു പുറത്തേക്ക്… അങ്ങനെയല്ലാതാവണമെങ്കില്‍ ഈ ഡിസംബര്‍ 10-നു മനുഷ്യാവകാശ സന്ദേശം പത്രമാപ്പീസുകളിലേക്കു ഈമെയില്‍ അയക്കുന്നതിനു മുമ്പ് നിങ്ങള്‍ പറയണം,

എന്നിവര്‍ക്ക് ഒരു കൂര കെട്ടാന്‍ മണ്ണ് കൊടുക്കുമെന്ന്?

(സാമൂഹ്യപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍