UPDATES

കേരളം

സംസ്ഥാന സര്‍ക്കാരറിയാന്‍, മലയാളിക്ക് ഉണ്ണാന്‍ പാടത്തിറങ്ങുന്നവര്‍ അന്നത്തിനു വകയില്ലാതെ പട്ടിണിയിലാണ്

തരിശ് രഹിത കേരളം എന്ന പ്രഖ്യാപനം നടപ്പാക്കണമെങ്കില്‍ ആദ്യം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം.

ഒരു നേരമെങ്കിലും അരിഭക്ഷണം കഴിക്കുന്ന മലയാളികളുടെ എണ്ണം 3.4 കോടി. അവരെ ഊട്ടാനുള്ള നെല്ല് വിളയുന്നത് 43228.56 ഹെക്ടര്‍ പാടങ്ങളില്‍. വിതയ്ക്കായി നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തു വരെ വിയര്‍പ്പൊഴുക്കുന്നത് 68,473 കര്‍ഷകരും ഒന്നര ലക്ഷത്തോളം തൊഴിലാളികളും. കണ്ടവും പണ്ടവും പണയപ്പെടുത്തി, രാപ്പകലില്ലാതെ കാവലിരുന്ന് വിളയിച്ചെടുത്ത നെല്ല് ഇവര്‍ സര്‍ക്കാരിന് നല്‍കി. പക്ഷെ തിരിച്ച് സര്‍ക്കാര്‍ ഇവര്‍ക്ക് പ്രതിഫലം നല്‍കിയില്ല. പ്രതിസന്ധികള്‍ തരണം ചെയ്ത് കൊയ്‌തെടുത്ത നെല്ലിന്റെ കൂലി എപ്പോള്‍ കിട്ടുമെന്നും ഇവര്‍ക്ക് തിട്ടമില്ല. കേരളത്തിന്റെ അന്നം വിളയിക്കുന്ന നെല്‍ കര്‍ഷകര്‍ ഇപ്പോള്‍ കടത്തിന് മുകളില്‍ കടവുമായി ആത്മഹത്യയുടെ വക്കത്താണ്.

ഒന്നാം കൃഷി വിളവെടുത്ത് സംഭരണവും പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാര്‍ ഒരു കിലോ നെല്ലിന് 50 പൈസ വച്ച് സംഭരണ തുക വര്‍ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനമൊട്ടാകെയുള്ള കണക്കുകളെടുത്താല്‍ സപ്ലൈകോ വഴി സര്‍ക്കാര്‍ സംഭരിച്ചത് 16.28 കോടി കിലോ നെല്ലാണ്. 366.32 കോടി രൂപയാണ് സംഭരണത്തുകയായി സര്‍ക്കാര്‍ കര്‍ഷകന് തിരികെ നല്‍കേണ്ടത്. ഇതില്‍ 50 കോടി രൂപ മാത്രമാണ് ഇതേവരെ വിതരണം ചെയ്തത്. ഇനി വിതരണം ചെയ്യാനുള്ളത് 315.82 കോടി രൂപ.

“അക്ഷരാര്‍ഥത്തില്‍ കര്‍ഷകര്‍ക്ക് കഞ്ഞിയ്ക്ക് പോലും വകയില്ല. പണ്ടവും കണ്ടവും പണയപ്പെടുത്തിയാണ് എല്ലാ കര്‍ഷകരും വിതയിറക്കുന്നത്. കൊയ്ത്ത് വരെയുള്ള ചെലവുകള്‍ വേറെ. സര്‍ക്കാര്‍ കാശ് തരാതെ ഈ അവസ്ഥ തുടര്‍ന്നാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടി വരും. ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് കൃഷി നോക്കി നടത്തണം. കര്‍ഷകനെ കൊണ്ട് ഇതിന്റെ ചെലവ് താങ്ങാനാവുന്നില്ല. സംഭരിച്ച നെല്ലിന്റെ പൈസ ഉടനെ തന്നില്ലെങ്കില്‍ പുഞ്ചകൃഷി വിളവെടുക്കുമെന്നോ ഇനി കുട്ടനാട്ടിലെ അരി കഴിക്കാമെന്നോ ആരും പ്രതീക്ഷിക്കണ്ട. ആവശ്യത്തിന് പണ്ടം പണയം വയ്ക്കാമെന്ന് വിചാരിച്ചാല്‍ തന്നെ ഇപ്പോള്‍ അതിന് പറ്റില്ലല്ലോ. ആരുടെ കയ്യിലും കാശില്ല.” കുട്ടനാട് മങ്കൊമ്പ് പതിനാറായിരം പാടശേഖരത്തിലെ കര്‍ഷകനായ മാത്തച്ചന്‍ പ്രതികരിച്ചു. 65 വയസ്സുള്ള മാത്തച്ചന്‍ തന്റെ ഓര്‍മ്മ വച്ചനാള്‍ മുതല്‍ കര്‍ഷകനാണ്. “ജീവവായു പോലാണ് ഞങ്ങള്‍ക്ക് നെല്‍കൃഷി. സര്‍ക്കാര് പണം തന്നില്ലേലും കര്‍ഷകന്‍ പിന്നേം ഈ പണി തന്നെ ചെയ്യും. വേറെ തൊഴിലിന് പോവാന്‍ അറിയുകേലാഞ്ഞിട്ടല്ല. പക്ഷെ ഞങ്ങള്‍ പോവത്തില്ല. കടം കയറി മുടിയാനാണെങ്കില്‍ അങ്ങനെ. പക്ഷെ സര്‍ക്കാരൊന്നോര്‍ക്കണം. ഇന്ന് ബാക്കിയുള്ള കര്‍ഷകരും കൂടി ഇല്ലാതായാല്‍ പിന്നെ കേരളത്തില്‍ അരിയൊണ്ടാക്കാനൊക്കത്തില്ല‘”- മാത്തച്ചന്‍ തുടര്‍ന്നു.

സംഭരിച്ച് ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. സെപ്തംബര്‍ പകുതിയോടെ തുടങ്ങിയ സംഭരണം ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയായി. രണ്ട് മാസങ്ങള്‍ കഴിയുമ്പോഴും സംഭരിച്ച നെല്ലിന്റെ പ്രതിഫലത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശയോടെ മടങ്ങാനാണ് കര്‍ഷന്റെ വിധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇത് മുഖ്യ കൃഷിയായ പുഞ്ചയുടെ സമയമാണ്. പുഞ്ച വിതയിറക്കിയ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

“ഒന്നാം കൃഷിയ്ക്ക് വാങ്ങിയ വായ്പ തിരിച്ചടയ്ക്കാതെ ഒരു ബാങ്കും കര്‍ഷകര്‍ക്ക് വായ്പ നല്‍കില്ല. ബാങ്ക് വായ്പയടക്കാത്തവര്‍ക്ക് ഈ മാസം മുതല്‍ പിഴപ്പലിശ നല്‍കേണ്ടി വരും. നാല് ശതമാനം പലിശയില്‍ തന്നെ വായ്പയടയ്ക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ സംസ്ഥാന സര്‍ക്കാരും കൂടി ഇത്തരത്തിലൊരാവശ്യം മുന്നോട്ട് വച്ചാലേ കേന്ദ്രം അത് നടപ്പാക്കാനിടയുള്ളൂ. അതുണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമായ 14.70 രൂപ അക്കൗണ്ടില്‍ വന്നിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 7.80 രൂപയില്‍ തീരുമാനം പോലുമായിട്ടില്ല. ഇത് കിട്ടാതെ പുഞ്ച കൃഷി മുന്നോട്ട് പോവില്ല. കര്‍ഷകര്‍ സ്വരൂപിച്ച് വച്ചതും പലരില്‍ നിന്നായി കടം വാങ്ങിയതും ചേര്‍ത്ത് പാടമൊരുക്കി വിതയിറക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ വളമിടേണ്ട സമയമാണ്. കള പറിയ്ക്കണം, കീടനാശിനി തളിയ്ക്കണം. ഇതിന് പണമില്ല. കൃഷിയില്‍ എല്ലാം സമയബന്ധിതമായി തന്നെ ചെയ്യണം. അല്ലാതെ കാശ് കിട്ടിയിട്ട് ചെയ്താല്‍ പോര. പൈസയില്ലെന്ന് കണ്ട് മാറ്റി വച്ചാല്‍ നാളെ കൃഷി തന്നെയുണ്ടായില്ലെന്ന് വരും. തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും കര്‍ഷന്റെ കയ്യില്‍ അഞ്ച് പൈസയില്ല. ഇത് സര്‍ക്കാര്‍ മനസ്സിലാക്കണം. ഒന്നാം കൃഷിയുടെ സംഭരണത്തുക തരാന്‍ വൈകുന്തോറും അത് പുഞ്ചകൃഷിയെ പ്രതികൂലമായി ബാധിക്കും. കുട്ടനാട്ടിലെ മുഖ്യ കൃഷിയാണ് പുഞ്ച. നെല്ലുല്‍പാദനത്തില്‍ നാല്‍പ്പത് ശതമാനത്തിലേറെ പുഞ്ചകൃഷിയില്‍ നിന്നാണ്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തില്‍ അരി കിട്ടാനില്ലാതെ വരും. കടക്കെണിയില്‍ നിന്ന് പുറത്ത് വരാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും മലയാളികള്‍ കണ്ടു നില്‍ക്കേണ്ടി വരും.” കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ.തോമസ് പീലിയാനിക്കലിന്റെ വാക്കുകള്‍.

സര്‍ക്കാരിന് പുറമെ ബാങ്കുകളും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഒന്നാം കൃഷിയ്‌ക്കെടുക്കുന്ന വായ്പ രണ്ടാം കൃഷിയ്ക്ക് മുമ്പ് തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് വ്യവസ്ഥ. ഇത് സാധ്യമായില്ലെങ്കില്‍ പലിശ നാല് ശതമാനത്തില്‍ നിന്ന് മാറി പലിശയും പിഴപ്പലിശയുമുള്‍പ്പെടെ മൂന്നിരട്ടിയായി വര്‍ധിക്കും. ഇത് കര്‍ഷകര്‍ക്ക് താങ്ങാനാവുന്നതല്ല.

“ബാങ്ക് തരുന്ന പൈസ കൊണ്ട് ഒന്നുമാവില്ല. പിന്നേം കര്‍ഷകര്‍ കയ്യീന്ന് കാശിട്ടാണ് കൊയ്ത്ത് വരെ എത്തിക്കുന്നത്. കൊയ്ത്തിനാണേല്‍, കുട്ടനാട് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ വാങ്ങിയ കൊയ്ത്ത് യന്ത്രങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. പുറം നാട്ടീന്ന് കൊയ്ത്ത് യന്ത്രം കൊണ്ട് വന്നാല്‍ ഇടനിലക്കാരുടെ ചൂഷണം സഹിക്കാന്‍ പറ്റത്തില്ല. മണിക്കൂറിന് 2200 രൂപ വരെ കൊയ്ത്ത്‌ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവാകും. ഇത്രേ കഷ്ടപ്പെട്ടും ബുദ്ധിമുട്ടീമാണ് കൊയ്ത് കൂട്ടുന്നത്. ഇത്തവണ സംഭരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ മില്ലുകാര്‍ സമരത്തിലായിരുന്നു. അതുകൊണ്ട് കൊയ്ത് കൂട്ടിയ സ്ഥലത്തു തന്നെ നെല്ല് കിടന്നു. ഇവിടെ ഞങ്ങള്‍ക്ക് കൊയ്ത നെല്ല് കൂട്ടിയിടാന്‍ പോലും സ്ഥലമില്ല. പാടത്തിന്റെ എറമ്പില്‍ തന്നെയാണ് കൂട്ടിയിടുന്നത്. നെല്ല് സംഭരിക്കാന്‍ വൈകിയതോണ്ട് നെല്ലിന് ഈര്‍പ്പം കൂടി. ഈര്‍പ്പത്തിന്റെ അളവ് 17ല്‍ കൂടിയാല്‍ പിന്നെ നെല്ലിന് പറഞ്ഞ വില കിട്ടില്ല. അവസാനം നെല്ല് കിടന്ന് കിളിര്‍ത്തു പോവാതിരിക്കാന്‍ കിട്ടിയ വിലയ്ക്ക് കൂടുതല്‍ നെല്ല് കൊടുക്കേണ്ടീം വന്നു. ഇതെല്ലാം ചെയ്യുന്നത് കാശ് കിട്ടിയിട്ട് വീട്ടില്‍ കൊണ്ടു പോയി സൂക്ഷിച്ച് വയ്ക്കാനല്ല. അടുത്ത കൃഷിയിറക്കാനാണ്. അതിനുമൊക്കില്ലെങ്കില്‍ പിന്നെ കര്‍ഷകരെല്ലാം പണിയുപേക്ഷിച്ചേച്ചാ മതിയല്ലോ?” ഓണാട്ടുകരയിലെ കര്‍ഷകനായ മോഹനന്‍ പറയുന്നു. 200 ഏക്കര്‍ പാടത്തിന്റെ ഉടമയാണ് മോഹനന്‍.

കായല്‍ നിലങ്ങളും ഉള്‍പ്പെടുന്ന ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കാലവര്‍ഷക്കെടുതി മാത്രമല്ല കര്‍ഷകര്‍ നേരിടേണ്ടി വരുന്നത്. മടവീഴ്ചയും ഉപ്പുവെള്ളം കയറലും മൂലം പല പാടശേഖരങ്ങളിലും പകുതിയിലേറെ കൃഷി നശിച്ചു പോകാറുണ്ട്. മുഞ്ഞ രോഗവും കര്‍ഷകരുടെ കണക്കു കൂട്ടലുകള്‍ക്ക് തിരിച്ചടിയാവുന്നു. എന്നാല്‍ ഇത്തരം കെടുതികളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ഇവയും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള നടപടികളായിട്ടില്ല. “കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കേണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മറുപടി. രണ്ടായാലും ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല” ഫാ.പീലിയാനിക്കല്‍ പറഞ്ഞു.

മഴയുടെ സൗജന്യത്തില്‍ ഒന്നാം കൃഷി ചെയ്യുന്നവരാണ് പാലക്കാട്ടുകാര്‍. കേരളത്തിന്റെ പ്രധാന നെല്ലുല്‍പാദന കേന്ദ്രമായ പാലക്കാട്ടെ കര്‍ഷകരും ഇപ്പോള്‍ രണ്ടാം കൃഷിയ്ക്ക് തയ്യാറെടുക്കുകയാണ്. “ഇത്തവണ മഴ വളരെ കുറവായിരുന്നു. എന്നിട്ടും ലഭ്യമായ ജലസേചന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് 9,80,66,153 കിലോ നെല്ല് പാലക്കാട് ഉത്പാദിപ്പിച്ചത്. രണ്ടാം കൃഷി ഇവിടെ വലിയ ബുദ്ധിമുട്ടാണ്. ജലസേചന സംവിധാനങ്ങള്‍ ഉള്ളിടത്ത് മാത്രമാണ് കൃഷിയിറക്കുന്നത്. എന്നാല്‍ ഒന്നാം കൃഷിയുടെ വായ്പ ഇതേവരേക്കും തിരിച്ച് കൊടുക്കാനായിട്ടില്ല”. പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകനായ ദിനകരന്‍ പറയുന്നു.

തരിശ് രഹിത കേരളം എന്ന പ്രഖ്യാപനം നടപ്പാക്കണമെങ്കില്‍ ആദ്യം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള കൃഷിയിടങ്ങള്‍ പോലും തരിശ് കിടന്നു പോവുമെന്ന് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃഷി ചെയ്തിരുന്ന പത്തനംതിട്ട ജില്ലയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തവണ ഒന്നാം കൃഷി പോലും ഇറക്കിയിരുന്നില്ല. സര്‍ക്കാരിന്റെ കണക്ക് പ്രകാരം കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇത്തവണ നെല്‍കൃഷി നടന്നട്ടേയില്ല. കാര്‍ഷിക ചെലവ് താങ്ങാനാവാതെ കര്‍ഷകര്‍ കൃഷിയിറക്കാന്‍ മടിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍ പ്രതിഫലം പോലും നല്‍കാതെ കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളി വിടുന്നത് കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാവുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍