UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി പറഞ്ഞാലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാടമ്പിസ്വഭാവം മാറുമോ?

Avatar

ജെ ജതിന്‍ ദാസ്

എങ്ങനെയെല്ലാം ഫയലുകള്‍ വൈകിപ്പിക്കാം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ഏര്‍പ്പെടുത്തിയാല്‍ കേരളത്തിലെ നല്ലൊരു ഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടറേറ്റ് കിട്ടും. ആ ദുഷിച്ച പ്രവണതയിലേക്കാണ് പിണറായി വിജയന്‍ പലവട്ടം വിരല്‍ ചൂണ്ടിയത്. ആ പ്രവണത തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതീക്ഷകളുടെ ഭാരമേറെയുള്ള ഈ സര്‍ക്കാരിന് ഏറ്റവും വലിയ അവമതിപ്പുണ്ടാക്കുക ഇക്കൂട്ടരായിരിക്കും.

‘ചീഫ് സെക്രട്ടറി എന്നു പരിചയപ്പെടുത്താതെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ കയറി ചെല്ലുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു’; ഇന്നലെ എന്‍ജിഒ യൂണിയന്റെ ഒരു ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പറഞ്ഞ വാക്കുകളാണിത്.

അദ്ദേഹം അതിലൂടെ കൃത്യമായി ചൂണ്ടി കാട്ടിയത് കേരളത്തിലെ സാധാരണക്കാരോടുള്ള ഉദ്യോഗസ്ഥരുടെ മനോഭാവത്തെ പറ്റിയാണ്. എല്ലാവരും അങ്ങനെയാണെന്നല്ല. എന്നാല്‍ ന്യൂനപക്ഷമൊഴിച്ച് (ഒരുപക്ഷേ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്നത്ര ചുരുക്കം ആളുകള്‍) ബാക്കിയെല്ലാവരും ഈ ദുഷിച്ച മാടമ്പി മനോഭാവത്തിന്റെ വക്താക്കളാണ്.

വിജയാനന്ദ് പറഞ്ഞത് പോലെ ‘നാട്ടിലെ ജനങ്ങളുടെ നികുതിയാണ് നമ്മള്‍ക്ക് ശമ്പളം തരുന്നത്’ എന്ന ബോധമോ അതിനനുസരിച്ചുള്ള ഉത്തരവാദിത്വമോ ജനങ്ങളോടുള്ള ബാധ്യതയോ അവര്‍ക്കില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ പഴയകാല നാടുവാഴികളുടെ മനോഭാവമുള്ള കേന്ദ്രങ്ങളായി മാറിയതിന് നമ്മുടെ ജനാധിപത്യത്തോളം തന്നെ പഴക്കമുണ്ട്. മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് അവരെ നിലയ്ക്ക് നിര്‍ത്താനോ നേരെയാക്കാനോ കഴിഞ്ഞില്ല എന്നത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. അതു നാം അംഗീകരിച്ചേ പറ്റൂ. അവിടെയാണ് പിണറായിയുടെ ഇടപെടലുകള്‍ പ്രസക്തമാകുന്നതും. ഇന്നലെ വരെ പലരും തൊടാന്‍ മടിച്ച മേഖലയിലെ ദുഷിപ്പിനെതിരെ ഇന്ന് ആര്‍ജ്ജവത്തോടെ പ്രതികരിക്കാന്‍ ഭരണത്തലവന്മാര്‍ തയ്യാറാകുന്നുവെങ്കില്‍ തീര്‍ത്തും സ്വാഗതാര്‍ഹമാണത്.

പക്ഷെ ആ ഇടപെടല്‍ കേവലം ഉന്നത തലത്തില്‍ മാത്രം ഒതുങ്ങരുത്. ഏറ്റവും കൂടുതല്‍ മാടമ്പിമാര്‍ ഉള്ളത് താഴെത്തട്ടിലാണ്. സാധാരണ ജനം കയറി ചെല്ലുന്ന വില്ലേജ്, താലൂക്ക് ഓഫിസുകള്‍, ത്രിതല പഞ്ചായത്ത് ഓഫിസുകള്‍, റവന്യൂ വകുപ്പിന്റെ ജില്ലാതല ഓഫിസുകള്‍… ഇവിടെയൊക്കെ ഈ ശുദ്ധീകരണ പ്രക്രിയ എത്തണം. അങ്ങനെയാണെങ്കില്‍ മാത്രമേ സാധാരണ ജനത്തിന് അതിന്റെ ഗുണഫലം കിട്ടൂ. അല്ലാതെയുള്ളതൊക്കെ തൊലിപ്പുറത്തെ ചികിത്സ മാത്രമായി മാറും. ആദ്യം മാറേണ്ടത് ഇവരുടെ മാടമ്പി മനോഭാവമാണ്. ബാക്കിയുള്ള ദുഷിപ്പുകളൊക്കെ വഴിയേ സ്വാഭാവികമായി മാറിക്കോളും.

സര്‍ക്കാര്‍ ഓഫിസില്‍ നേരിട്ടുണ്ടായ ഒഒരനുഭവം കൂടി പങ്കുവെച്ച് നിര്‍ത്താം.

ഒരു മാസം മുന്‍പ് കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫിസില്‍ ഒരാവശ്യത്തിന് പോയി. അതിനു മുന്‍പ് പലവട്ടം അച്ഛനാണ് അതിന്റെ പുറകെ നടന്നിരുന്നത്. അന്ന് നേരിട്ട് പോകാന്‍ പറഞ്ഞത് കൊണ്ട് ചെന്നൈയില്‍ നിന്നും നാട്ടില്‍ പോയി. അവിടെ അന്വേഷിച്ചപ്പോള്‍ മറുപടി പറഞ്ഞത് ഓഫിസിലെ ക്ലര്‍ക്ക്. മനോഭാവം നേരത്തെ പറഞ്ഞത് തന്നെ. എനിക്ക് തോന്നുമ്പോള്‍ നോക്കും എന്ന ഭാവം… ഫയല്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ (JS) ന്റെ ടേബിളില്‍ ആണെന്ന് പറഞ്ഞു. രണ്ടാഴ്ച മുന്‍പത്തെ അതേ അവസ്ഥ. നേരിട്ട് ജൂനിയര്‍ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹത്തിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോള്‍ ഒരു അപേക്ഷ വെക്കാന്‍ പറഞ്ഞു. അങ്ങനെ ഫയല്‍ ഉടനെ നോക്കി ആര്‍ഡിഒയുടെ പരിശോധനക്കായി ഉടനെ അദ്ദേഹത്തിന്റെ ടേബിളില്‍ കൊണ്ടുവെക്കാന്‍ പ്യൂണിനെ ഏല്‍പ്പിച്ചു. അര മണിക്കൂര്‍ കാത്തു നിന്നു. ഏതായാലും ആര്‍ഡിഒ യെ നേരില്‍ കണ്ട് അത്യാവശ്യം ബോധ്യപ്പെടുത്താം എന്നു കരുതി ഏകദേശം 11 മണിക്ക് അവരുടെ ചേംബറില്‍ പോയി.

 

മൃണ്‍മയി ജോഷി ഐഎഎസ് ആണ് ആര്‍ഡിഒ (സബ് കളക്ടര്‍ ). കാര്യം പറഞ്ഞപ്പോള്‍ ആര്‍ഡിഒ പറയുന്നു, ഫയല്‍ എന്റെയടുത്ത് എത്തിയിട്ടില്ലെന്ന്. തിരിച്ചു പ്യൂണിനോട് പോയി ആ ഫയല്‍ ആര്‍ഡിഒ യുടെ ടേബിളില്‍ എത്തിയില്ല എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തട്ടിക്കയറി. ‘നിങ്ങള്‍ക്ക് തോന്നുംപോലെ ഫയല്‍ കൊണ്ടു വെക്കാന്‍ പറ്റില്ല, അതിനു സമയമുണ്ട്, പെട്ടെന്ന് നടക്കില്ല…’ അങ്ങനെ പോയി ന്യായങ്ങള്‍. ഏതായാലും ഫയല്‍ ആര്‍ഡിഒ യുടെ ടേബിളില്‍ എത്തി. വെറും 10 മിനിറ്റില്‍ അവര്‍ ഫയല്‍ നോക്കി ഒപ്പിട്ട് വീണ്ടും നേരത്തെ പറഞ്ഞ ക്ലര്‍ക്കിന് അയച്ചു. അപ്പോള്‍ സമയം 12 മണി. ആ ഉത്തരവ് പ്രിന്റ് ചെയ്തു തരാന്‍ എന്നെ അവിടെ അഞ്ചു മണിവരെ ഇരുത്തി. സമയത്തേക്കാള്‍ അലോസരം ഉണ്ടാക്കിയത് അവരുടെ പെരുമാറ്റ രീതിയാണ്. എപ്പോള്‍ കിട്ടുമെന്നോ ആരുടെയടുത്താണ് ഉള്ളതെന്നോ ചോദിച്ചാല്‍ തട്ടിക്കയറുന്ന, സംശയം ചോദിച്ചാല്‍ മറുപടി പറയാത്ത ഉദ്യോഗസ്ഥര്‍. ഇതാണ് ടിപ്പിക്കല്‍ സര്‍ക്കാര്‍ ഓഫിസുകള്‍. അവസാനം പേപ്പറും വാങ്ങി തിരിച്ചു വരുമ്പോള്‍ ഒന്നുകൂടി പോയി ആര്‍ഡിഒ യെ കണ്ടു. അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യവും മാടമ്പി മനോഭാവവും പരാതിയായി അറിയിച്ചു കൊണ്ടാണ് മടങ്ങിയത്. പരിശോധിക്കാം എന്ന ഉറപ്പാണ് സബ് കളക്ടര്‍ കൂടിയായ ആര്‍ഡിഒ അന്ന് നല്‍കിയത്. പരിശോധിച്ചോ ഇല്ലയോ എന്ന് അറിയില്ല. രേഖാമൂലമായ പരാതി നല്‍കിയില്ല എന്നത് കൊണ്ടു തന്നെ ട്രാക്ക് ചെയ്യാനും പറ്റില്ല.

വാല്‍ക്കഷ്ണം: ഇന്നലെ മുഖ്യമന്ത്രി പ്രധാനമായും പറഞ്ഞത് സിവില്‍ സര്‍വീസിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും പറ്റിയാണ്. ഒപ്പം സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികളെ പറ്റിയും. പക്ഷെ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയില്‍ രണ്ടു പ്രാവശ്യം മാത്രമാണ് സദസ്സിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കയ്യടിച്ചത്. അതു രണ്ടും അവരുടെ ശമ്പളവുമായി ബന്ധപ്പെട്ട കാര്യം പരാമര്‍ശിച്ചപ്പോഴാണ്!

(ചെന്നൈയില്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍