UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

അഴിമുഖം പ്രതിനിധി

സര്‍ക്കാരിന് എതിരെ വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാന്‍ ഒരു പ്രത്യേക മാധ്യമ സൈബര്‍ സെല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ രംഗത്തെ വാര്‍ത്ത, ബ്ലോഗുകള്‍ എന്നിവയെ നിരീക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എതിരായ വാര്‍ത്തകള്‍, ലേഖനങ്ങള്‍ തുടങ്ങിയ വരുമ്പോള്‍ സാധ്യമായ എതിര്‍ നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കും. ഇവയുടെ കാഠിന്യത്തിന് അനുസരിച്ച് പത്ര പ്രസ്താവനകള്‍, മാധ്യമ സമ്മേളനങ്ങള്‍ എന്നിവ നടത്തും.

ദേശീയ മാധ്യമ വിശകലന കേന്ദ്രം (എന്‍എംഎസി) ആരംഭിക്കണമെന്ന് ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, ഊര്‍ജ്ജ, തന്ത്രപ്രധാനമായ സുരക്ഷ എന്നിവ പരിഗണിക്കുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്ത് ഒരു മാസത്തിനുശേഷമാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍, ടെലിവിഷന്‍, പത്രങ്ങള്‍, ഫേസ്ബുക്ക്, യുട്യൂബ് പോലുള്ള സോഷ്യല്‍ മാധ്യമങ്ങള്‍ എന്നിവ എന്‍എംഎസിയുടെ പരിധിയില്‍ വരും.

ഉപ-ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അരവിന്ദ് ഗുപ്ത പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ഫ്രാങ്ക് നോറനയ്ക്ക് ഈ നിര്‍ദ്ദേശം അയച്ചു കൊടുത്തിരുന്നു. എന്നാല്‍ ദേശീയ മാധ്യമ കേന്ദ്രത്തില്‍ ഇത്തരമൊരു കേന്ദ്രത്തിന് ഇടമില്ലെന്ന മറുപടിയാണ് പിആര്‍ബി നല്‍കിയത്.

സര്‍ക്കാരിന് എതിരായി വരുന്ന മാധ്യമ വാര്‍ത്തകളുടെ മേല്‍ നടപടി എടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറായ പൊന്നുരംഗം കുമാരഗുരു രൂപകല്‍പന ചെയ്ത സോഫ്റ്റ് വെയറിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്‍എംഎസിയുടെ നിര്‍ദ്ദേശം തയ്യാറാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ നിരീക്ഷിക്കുക മാത്രമല്ല ഈ സോഫ്റ്റ് വെയര്‍ ചെയ്യുന്നത്. എഴുത്തുകാരന്റെ ഭൂതകാലത്തെ എഴുത്തിനെ വിശകലനം ചെയ്യുകയും ചെയ്യും.എതിരായ വാര്‍ത്തകളെ നേരിടാന്‍ മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും സംവിധാനങ്ങളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍