UPDATES

ജിഎസ്ടി അനിശ്ചിതത്വം നീക്കാന്‍ സഹകരണം തേടി കേന്ദ്രം പ്രതിപക്ഷത്തെ സമീപിക്കുന്നു

അഴിമുഖം പ്രതിനിധി

ചരക്ക്, സേവന നികുതി ബില്‍ പാസാക്കുന്നതിന് പിന്തുണ ഉറപ്പാക്കാന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള കൂടിക്കാഴ്ച നടക്കുന്നതിന് മുമ്പ് ബിജെപിയും എന്‍ഡിഎയിലെ സഖ്യകക്ഷികളും തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് യോഗം ചേരുന്നുണ്ട്. അടുത്തവര്‍ഷം ഇന്ത്യയില്‍ ജിഎസ്ടി നടപ്പിലാക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്കപ്പൂരില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

ബില്ലില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ബില്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കണമെങ്കില്‍ സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ സഹായം ആവശ്യമാണ്.

ആവശ്യമെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളിലെ ഒരു ഡസന്‍ നികുതികള്‍ ഒഴിവാക്കി ഒറ്റ വിപണി സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടുള്ള ജിഎസ്ടി നിയമം പാസാക്കുന്നതിന് സര്‍ക്കാര്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ചില ആവശ്യങ്ങള്‍ ഈ സംവിധാനത്തിന് നേട്ടത്തേക്കാള്‍ കോട്ടമാണ് ഉണ്ടാക്കുകയെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് എതിരെ മുന്‍ ധനകാര്യമന്ത്രിയായ പി ചിദംബരം രംഗത്ത് എത്തിയിരുന്നു. ബില്‍ പാസാക്കുന്നതിന് രാജ്യസഭയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പില്ലാത്തതിനാല്‍ സര്‍ക്കാര്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളേയും സമീപിക്കുന്നുണ്ട്. അരുണ്‍ ജെറ്റ്‌ലി, രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, മനോഹര്‍ പരീക്കര്‍ എന്നീ മന്ത്രിമാര്‍ ജനതാദള്‍ (യു), സമാജ് വാദി പാര്‍ട്ടി, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളുടെ പിന്തുണ തേടിയിട്ടുണ്ട്. 2016 ഏപ്രിലില്‍ ജിഎസ്ടി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കാനാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍