UPDATES

വിവാദം ഭയന്ന് ഭൂമി പതിച്ചു നല്‍കല്‍ ചട്ടത്തിലെ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഭൂമി പതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. സംസ്ഥാനത്തെ മലയോരപ്രദേശങ്ങളില്‍ 2005 വരെ കൈവശം വച്ചിരുന്ന ഭൂമിക്ക് പട്ടയം നല്‍കി പതിച്ചു നല്‍കാനായാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ മന്ത്രിസഭയില്‍ നിന്നും കോണ്‍ഗ്രസിലും നിന്നു തന്നെ എതിര്‍പ്പുകള്‍ ഉയരുകയും നിയമഭേദഗതി മറ്റൊരു വിവാദമായി മന്ത്രിസഭയെ പിടിച്ചുലയ്ക്കാന്‍ തുടങ്ങിയതോടെയാണ് ഭേദഗതി തീരുമാനം പിന്‍വലിക്കാന്‍ തയ്യാറായത്. കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്മാറ്റമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് തന്നെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി സംസാരിച്ച് തീരുമാനിച്ചിട്ടാണ് നിയമഭേദഗതി പിന്‍വലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ഇത്തരമൊരു നിയമഭേദഗതി എടുക്കുന്നതിനു മുമ്പ് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന പരാതി വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ ഉണ്ടായിരുന്നു. ഇടുക്കി ഡിസിസി ഇതിനെതിരെ തങ്ങളുടെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നീ കോണ്‍ഗ്രസ് എം എല്‍ എ മാരും പരസ്യമായി തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തന്നെ ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം തന്നോട് ചര്‍ച്ച ചെയ്യ്തില്ലെന്ന് പറഞ്ഞതോടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടിയിരുന്നു. പ്രതിപക്ഷവും ക്രിസ്ത്യന്‍ സഭയും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുവരികയും സര്‍ക്കാരിന്റെ നീക്കം മാഫിയകളുടെ കൈയേറ്റത്തിന് സഹായം നല്‍കുകയുമാണെന്നായിരുന്നു ഇവരുടെ വിമര്‍ശനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍