UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല ഇന്ന് എംഎല്‍എമാരുമായി ഗവര്‍ണറെ കാണും; താനിപ്പോഴും പാര്‍ട്ടി ട്രഷററാണെന്ന് പനീര്‍സെല്‍വം

കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്‌

ഇന്നലെ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് ശേഷം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല ഇന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര റാവുവിനെ കാണും. ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും ഇന്ന് രണ്ട് മണിയോടെ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയാകാന്‍ തനിക്ക് നിയമസഭയിലുള്ള പിന്തുണ ഗവര്‍ണറെ അറിയിക്കുകയാണ് ശശികലയുടെ ലക്ഷ്യം.

ഇന്നലെ തനിക്കുള്ള പിന്തുണ അറിയിക്കാന്‍ ശശികല പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ 131 എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. വിമതസ്വരം ഉയര്‍ത്തുന്ന കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. പനീര്‍സെല്‍വം നുണയനാണെന്നും അദ്ദേഹം പാര്‍ട്ടിയെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെയും വഞ്ചിക്കുകയാണെന്നുമാണ് യോഗത്തില്‍ ശശികല ആരോപിച്ചത്.  ഈ യോഗത്തിന് ശേഷം ശശികല തന്നെ പിന്തുണച്ച എംഎല്‍എമാരെ മൂന്ന് ബസുകളിലായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒരു കുതിരക്കച്ചവടത്തിനുള്ള സാധ്യത ഇല്ലാതാക്കാനാണ് ഇതെന്നാണ് കരുതുന്നത്.

ഇതിനിടെ താന്‍ ഇപ്പോഴും പാര്‍ട്ടി ട്രഷററാണെന്നും പാര്‍ട്ടി നിയമം അനുസരിച്ച് തന്നെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കിയത് നിയമവിരുദ്ധമാണെന്നും പനീര്‍സെല്‍വം അറിയിച്ചു. തന്റെ അനുമതിയില്ലാതെ പാര്‍ട്ടി ഫണ്ട് ആര്‍ക്കും കൈമാറരുതെന്ന് അദ്ദേഹം ബാങ്കുകള്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി നിയമം അനുസരിച്ച് പുതിയ ജനറല്‍ സെക്രട്ടറി നിയമിക്കപ്പെടും വരെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ തല്‍സ്ഥാനത്ത് തുടരണമെന്ന് അദ്ദേഹം അറിയിച്ചു. ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി നിയമത്തിന്റെ 20-ാം നിയമവും 2 ഉപനിയമവും അനുസരിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഒഴിവ് നികത്തിയിട്ടില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നത്.

ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടത് നിയമപ്രകാരമല്ലെന്നും അതിനാല്‍ തന്നെ ട്രഷറര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയത് നിയമവിരുദ്ധമാണെന്നുമാണ് അദ്ദേഹം പറയുന്നത്. പാര്‍ട്ടിയുടെ കറന്റ് അക്കൗണ്ടുള്ള കരൂര്‍ വൈശ്യ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ മാനേജര്‍മാര്‍ക്ക് അയച്ച കത്തില്‍ തന്റെ രേഖാമൂലമുള്ള അനുമതിയോ നിര്‍ദ്ദേശമോ ഇല്ലാതെ പാര്‍ട്ടിയുടെ കറന്റ് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍