UPDATES

മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തി ഗവര്‍ണറുടെ അസാധാരണ നീക്കം

ബിജെപിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിലെ സംഭവ വികാസങ്ങളെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നതിന്റെ തെളിവാണിത്

തലസ്ഥാനത്ത് തുടരുന്ന അക്രമ പമ്പരകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബഹ്രയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. അക്രമങ്ങള്‍ തടയാന്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ഗവര്‍ണര്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഗവര്‍ണറുടെ നടപടി അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്യാറ്. എന്നാല്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തുന്നത് അസാധാരണമാണ്. രാവിലെ 11 മണിയോടെയാണ് കൂടിക്കാഴ്ച നടന്നത്. മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

കൊലപാതകികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഡിജിപി സമാധാനനില ഗവര്‍ണറോട് വിശദീകരിച്ചു. നേരത്തെ കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം തുടര്‍ക്കഥയായപ്പോഴും ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് വിശദീകരണം തേടുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്. തിരുവനന്തപുരത്തെ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് നിഗൂഢമാണ്. ബിജെപിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിലെ സംഭവ വികാസങ്ങളെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നതിന്റെ തെളിവാണിത്. തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍