UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭയില്‍ ഇടതിന്‍റെ അമിതാവേശം അടിതെറ്റുമോ?

Avatar

കെ എ ആന്റണി

പ്രതീക്ഷിച്ചതു പോലെ തന്നെ പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനം ബഹിഷ്‌കരണത്തോടു കൂടി ഇന്നാരംഭിച്ചു. നേരത്തേ ഗവര്‍ണര്‍ പി സദാശിവത്തിനെ നേരില്‍ കണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ നയപ്രഖ്യാപനം നടത്താന്‍ സഭയില്‍ വരല്ലേയെന്ന് അപേക്ഷിച്ചിരുന്നു. ഗവര്‍ണര്‍ വഴങ്ങില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ ഇടതുപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഐഎം അത്യാവശ്യം ചില ഗൃഹപാഠങ്ങള്‍ ഒക്കെ നടത്തിയശേഷമാണ് സഭയിലെത്തിയത്. സരിതയുടേയും ബിജു രമേശിന്റേയും വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ചോര മണത്ത ഇടതുപക്ഷത്തിന് അടിതെറ്റുന്ന സൂചനയാണ് ഇന്ന് സഭയില്‍ കണ്ടത്.

ഗവര്‍ണറുടെ ജോലികളിലൊന്ന് വര്‍ഷാവര്‍ഷം ഒരു ആണ്ടു നേര്‍ച്ച പോലെ നടക്കുന്ന ഇത്തരം ചില നയപ്രഖ്യാപനങ്ങള്‍ നടത്തലാണ്. അത് അവരുടെ അവകാശമാണ്. എന്തുകൊണ്ട് നമ്മുടെ ഇടത് സുഹൃത്തുക്കള്‍ മറന്നുപോകുന്നുഎന്നത് സാധാരണ പൗരന്മാരെ പോലും അവര്‍ക്കെതിരെ തിരിക്കാനുള്ള മറ്റൊരു പിടിവള്ളിയായി മാറിക്കൂടായ്കയില്ല.

ഗവര്‍ണര്‍മാരുടെ നയപ്രഖ്യാപനം അവരുടെ ദീര്‍ഘ വീക്ഷണവുമായി ബന്ധപ്പെട്ടതല്ല. ഭരിക്കുന്ന സര്‍ക്കാരിന്റെ (അതേത് തല്ലിപ്പൊളി സര്‍ക്കാരുമാകട്ടെ) കാലാവധി പൂര്‍ത്തിയാക്കുമ്പോഴും തുടങ്ങുമ്പോഴും ഒക്കെ നടത്തുന്ന ഈ പ്രഖ്യാപനം സത്യത്തില്‍ ഗവര്‍ണറുടേത് അല്ലെന്ന് അക്ഷരാഭ്യാസമില്ലാത്ത സാദാകേരളീയനുപോലും അറിയാം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ മഹിമ കൊണ്ട് ഭരിക്കുന്ന സര്‍ക്കാരിന് പത്തുവോട്ടു പോലും അധികം ലഭിക്കാറില്ല. ഇതൊക്കെ അറിഞ്ഞിരുന്നിട്ടും ഇടതു പക്ഷം സമര നാടകത്തിന് തയ്യാറെടുത്തത് അല്‍പം കടന്ന കൈയ്യായി പോയി എന്ന് പറയാതെ വയ്യ.


അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നൊക്കെ പറയുന്നവര്‍ ഉണ്ടാകാം. അതിബുദ്ധി മാത്രമല്ല അമിതാവേശവും ചിലപ്പോള്‍ വിനയായി മാറുന്നുവെന്നതാണ് ചരിത്ര പാഠം. ഗൃഹപാഠം നന്നായി ചെയ്യാത്തവരും അല്‍പം പൊള്ളത്തരം നിറഞ്ഞ പ്രതികരണമായേ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗ ബഹിഷ്‌കരണത്തെ കാണാനാകൂ.

ഗവര്‍ണര്‍ ഇന്ന് തന്റെ നയപ്രഖ്യാപന പ്രസംഗമായി സഭയില്‍ വായിച്ച കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ഒരു സര്‍ക്കാര്‍ എഴുതി തയ്യാറാക്കിയ നയരേഖയാണ്. ഉമ്മന്‍ചാണ്ടിയോ വിഎസ് അച്യുതാനന്ദനോ ഭരിച്ചാലും അവര്‍ തയ്യാറാക്കുന്നതാണ് സര്‍ക്കാരിന്റെ നയപ്രഖ്യാപന രേഖ. ഇത് സഭയില്‍ അവതരിപ്പിക്കുക മാത്രമാണ് ഗവര്‍ണര്‍ സഭയില്‍ ചെയ്യുന്നത്.കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന ഇക്കാര്യം ഗവര്‍ണര്‍ പി സദാശിവവും ചെയ്തുവെന്നേയുള്ളൂ. ബിജെപിയുടെ പ്രതിനിധിയാണ് കേരളത്തില്‍ ഗവര്‍ണറായി എത്തിയത് എങ്കിലും പി സദാശിവം നല്ലൊരു സുപ്രീംകോടതി ജഡ്ജിയായിരുന്നു. അപ്പോള്‍ പിന്നെ ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന് പറയുന്നത് പോലെ ഗവര്‍ണര്‍ക്കുള്ള അവകാശങ്ങള്‍ അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നതായിരുന്നു ശരി. പരാതികളും പ്രതിഷേധങ്ങളും സഭയ്ക്ക് വെളിയിലാകാം. അവിടെയാണ് ജനങ്ങളുടെ കോടതി സഭയില്‍ ഗവര്‍ണര്‍ ഇന്ന് പറഞ്ഞത് ആവേശഭരിതരായ സാമാജികന്‍മാര്‍ ഒരു ആവര്‍ത്തികൂടി കേള്‍ക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ആരൊക്കെ കൂകിയാലും വായിക്കാന്‍ കൊണ്ടുവന്നത് വായിച്ചേ മടങ്ങൂവെന്നതായിരുന്നു കൂവലുകാര്‍ക്കുള്ള ഗവര്‍ണറുടെ മറുപടി.

ജനാധിപത്യം എന്നാല്‍ എന്ത് ആഭാസത്തരവും ആകാം എന്നല്ലെന്ന് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍