UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

സംസ്ഥാനം കടുത്ത വരള്‍ച്ചയാണ് നേരിടുന്നതെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടായെന്നും സഹകരണ മേഖല ഒന്നാകെ നിശ്ചലമായെന്നും റവന്യു വരുമാനം കുറഞ്ഞെന്നും ഗവര്‍ണര്‍ പി സദാശിവം. വരുന്ന സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം നോട്ട് നിരോധനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

സംസ്ഥാനം കടുത്ത വരള്‍ച്ചയാണ് നേരിടുന്നതെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. ഇത് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്‌നം നേരിടാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഉറപ്പുവരുത്താന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കും. മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരും. ആറ് മേഖലകളെ ലക്ഷ്യമിട്ട് നവകേരള വികസന പദ്ധതി ആവിഷ്‌കരിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കൂടാതെ സംസ്ഥാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയംപര്യാപ്തത നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ നിലവാരം ഉയര്‍ത്തും. പദ്ധതികളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഭവനരഹിതര്‍ക്കായി 4.2 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. പെന്‍ഷന്‍ വിതരണം ഡിജിറ്റലാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കും. ക്ലാസ് മുറികള്‍ ഡിജിറ്റലാക്കും. അതേസമയം പ്രവാസികള്‍ തിരിച്ചെത്തുന്ന അവസ്ഥ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനകീയാസൂത്രണം മെച്ചപ്പെട്ട രീതിയില്‍ പുനസ്ഥാപിക്കും. എല്ലാ താലൂക്കുകളിലും വനിതാ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും. മാലിന്യ മുക്ത, ഹരിത, കാര്‍ഷിക കേരളത്തില്‍ ഹരിത കേരളം പദ്ധതി നടപ്പാക്കും. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര സഹായനിധി രൂപീകരിക്കും. നെറ്റ്-കോര്‍ ബാങ്കിംഗ് വഴി പെന്‍ഷന്‍ വിതരണം വേഗത്തിലാക്കും.

പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രനിയമം കൊണ്ടുവരും. സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍ കൊണ്ടുവരും, ഓരോ ജില്ലയിലും ഒരു ആശുപത്രിയെങ്കിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കും തുടങ്ങിയവയാണ് നയപ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍