UPDATES

മുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരേയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ഉമ പന്‍സാരെയ്ക്കും മഹാരാഷ്ട്രയിലെ കോഹ്ലാപ്പുരില്‍ വച്ച് വെടിയേറ്റു. പ്രഭാതസവാരിക്കിടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹത്തിനും ഭാര്യയ്ക്കും വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. പന്‍സാരെയുടെ നെഞ്ചിനും കഴുത്തിനും വെടിയേറ്റിട്ടുണ്ട്. ഉമയ്ക്ക് ഒരു വെടിയേറ്റതായും സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. ഇരുവരെയും അസ്‌തോര്‍ ആദാര്‍ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാത്ത രണ്ട് ബൈക്ക് യാത്രക്കാരാണ് ഇരുവരെയും വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. 82 കാരനായ പന്‍സാരെയുടെ നില ഗുരുതരമായി തുടരുകയാണ്. ഭാര്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

എഴുത്തുകാരനും അഭിഭാഷകനുമായ പന്‍സാരെ, മഹാരാഷ്ട്രയിലെ ടോള്‍ പിരിവിനെതിരെ പ്രചാരണം നയിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഒരു യോഗത്തില്‍ നാഥുറാം ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്നതിനെതിരെ പ്രസംഗിച്ചതിന് അദ്ദേഹത്തിന് ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പന്‍സാരെയ്‌ക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ഡോ. കാംഗോ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അതിയായ ഉത്കണ്ഠയുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പൈശാചികമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ അദ്ദേഹം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനായി പത്ത് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും ഫഡ്‌നാവിസ് അറിയിച്ചു. 

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരികാണ്. സാമൂഹ്യ പ്രവര്‍ത്തകനായ ഡോ നരേന്ദ്ര ദാബോല്‍ക്കറും വിവരാവകാശ പ്രവര്‍ത്തകനായ സതീഷ് ഷെട്ടിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പന്‍സാരെയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍