UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണഘടന മാറ്റിയെഴുതും; ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യ

അഴിമുഖം പ്രതിനിധി

നിലവിലുള്ള ഇന്ത്യന്‍ ഭരണഘടന അപൂര്‍ണവും അവ്യക്തവുമാണെന്നും പാശ്ചാത്യസ്വാധീനം ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഭരണഘടന മാറ്റിയെഴുതുന്നതാണ് നല്ലതെന്നും ആര്‍എസ്എസ് സൈദ്ധാന്തികന്‍ കെ എസ് ഗോവിന്ദാചാര്യ. ഇന്ത്യയുടെ സംസ്‌കാരം നാലായിരത്തോളം വര്‍ഷം പഴക്കമുള്ളതാണ്. എന്നാല്‍ ഇപ്പോഴത്തെ ഭരണഘടന ഇന്ത്യയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് ഗോവിന്ദാചാര്യ പറഞ്ഞു. അതുകൊണ്ടുതന്നെ വരുന്ന വര്‍ഷങ്ങളില്‍ താന്‍ പുതിയ ഭരണഘടനയുടെ ഡ്രാഫ്റ്റ് കോപ്പി തയ്യാറാക്കുമെന്ന് ഗോവിന്ദാചാര്യ ‘ദ വയര്‍’ എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ആര്‍എസ്എസിന്റെ മുന്‍ രാഷ്ട്രീയപ്രചാരകും ബിജെപി അംഗവുമാണ് കെ എസ് ഗോവിന്ദാചാര്യ. ഇപ്പോള്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നുമൊഴിഞ്ഞ് സ്വയംസേവക് ആയി സേവനമനുഷ്ടിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. ‘രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍’ എന്ന സംഘടനയുമായി ചേര്‍ന്ന് ഭാരത് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് താനെന്നും അവകാശപ്പെടുകയാണ് ഗോവിന്ദാചാര്യ. 

കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍, എന്‍ഡിഎയും യുപിഎയുമായി വ്യത്യാസമൊന്നുമില്ലെന്നു വിമര്‍ശിച്ചയാളാണ് ഗോവിന്ദാചാര്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ആര്‍എസ്എസ് പ്രചാരക് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഗോവിന്ദാചാര്യ.

കേരളം തമിഴ്‌നാട്, ഒഡീസ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞെന്നും അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഈ സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും ഗോവിന്ദാചാര്യ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍