UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിപ്പു ജയന്തി: എതിര്‍പ്പുമായി സംഘപരിവര്‍; പിന്മാറില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

മൈസൂര്‍ കടുവ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിച്ചാല്‍ തടയുമെന്ന് ആര്‍എസ്എസ്, കര്‍ണാടക സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ടിപ്പു ജയന്തി ആഘോഷത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടില്ലാണ് കര്‍ണാടക സര്‍ക്കാരും സംസ്‌കാരിക വകുപ്പും. ടിപ്പുസുല്‍ത്താന്റെ ജന്മദിനമായ നവംബര്‍ 10-ന് സംസ്ഥാനവ്യാപകമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടത്താനിരിക്കുന്ന ആഘോഷപരിപാടികള്‍ക്കായി 60 ലക്ഷം രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. രവീന്ദ്ര കലാക്ഷേത്രയിലാണ് പ്രധാനപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ടിപ്പു സുല്‍ത്താന്‍ മറ്റു മതങ്ങള്‍ക്കെതിരെയും ജനങ്ങള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിട്ടയാളാണെന്ന് ആരോപിച്ച് കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് ക്ഷേത്രീയ സര്‍ സംഘ് ചാലക് വി നാഗരാജ് ആണ് ആഘോഷത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയത്. ടിപ്പു ജയന്തി ആഘോഷിച്ചാല്‍ സംസ്ഥാനത്ത് കലാപം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും അതിനെ പരിപാടികള്‍ ഒഴിവാക്കണമെന്നും ഇന്റലിജെന്‍സ് വിഭാഗം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനിയാണെന്നും പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസ്താവിച്ചു. കഴിഞ്ഞ വര്‍ഷം മുതലാണ് കര്‍ണാടക ഔദ്യോഗികമായി ടിപ്പു ജയന്തി ആഘോഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആഘോഷത്തിനെതിരെ കടുത്ത നിലപാടുമായിട്ടാണ് ബിജെപിയും സംഘപരിവാര്‍ അനുകൂല സംഘടനകളും രംഗത്തുള്ളത്. ജനങ്ങളുടെ താല്‍പര്യത്തെ ഗൗനിക്കാതെ വോട്ട് ലക്ഷ്യമിട്ടാണ് ടിപ്പു ജയന്തിആഘോഷത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് പ്രതിപക്ഷനേതാവും മുന്‍ മഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ വിമര്‍ശിച്ചു.

സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ബിജെപി വക്താവ് സിടി രവി ആരോപിച്ചു. ജയന്തി ആഘോഷവുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിന് ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്ന് ശ്രീറാം സേനാ തലവന്‍ പ്രമോദ് മുത്തലിക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, രാഷ്ട്രപതി, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ തുടങ്ങിയവര്‍ക്ക് കുടകിലെ കൊടവ നാഷണല്‍ കൗണ്‍സില്‍ കത്തയ്ക്കുകയും ചെയ്തിട്ടുണ്ട്.

ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് പിന്നില്‍ ഐ എസ് ഉണ്ടെന്നും ഇവര്‍ക്കെതിരെ എന്‍ഐഎ അന്വേഷണം നടത്തണമെന്നും കൊടവ നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 1785-ല്‍ ആയിരക്കണക്കിന് കൊടവരെ കുടകില്‍ വച്ച് ടിപ്പു കൂട്ടക്കുരുതി നടത്തിയിട്ടുണ്ടെന്നും ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റുകയും പേര്‍ഷ്യന്‍ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി മാറ്റുകയും ചെയ്തിട്ടുണ്ടെന്നുമാണ് ടിപ്പുനെതിരെ പ്രതിഷേധക്കാര്‍ പറയുന്നത്.

കഴിഞ്ഞവര്‍ഷം ടിപ്പു ജയന്തി ആഘോഷത്തെ തുടര്‍ന്ന് കുടക് ജില്ലയില്‍ രൂക്ഷ പ്രതിഷേധങ്ങളും കലാപങ്ങളുമുണ്ടായിരുന്നു. കലാപത്തില്‍ വിഎച്ച്പി ജില്ലാ നേതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തവണയും രൂക്ഷമായ പ്രതിഷേധമായിരിക്കും അവിടെ നിന്നും ഉണ്ടാവാന്‍ സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍