UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ സ്കൂളുകളുടെ വിധി

Avatar

ഡോ. ജിനേഷ്

സാധാരണ മെഡിക്കൽ കൗൺസിൽ പരിശോധന സമയത്ത് മറ്റു മെഡിക്കൽ കോളേജുകളിൽ നിന്നും താത്കാലികമായി ഡോക്ടർമാരെ സ്ഥലം മാറ്റാറുണ്ടായിരുന്നു കേരളത്തിൽ. അങ്ങനെ സ്ഥലം മാറ്റുന്നത് കുറ്റകരമാണ് എന്ന് മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് ഹെൽത്ത്‌ സർവീസിൽ നിന്നും താത്കാലിക സ്ഥലം മാറ്റങ്ങൾ നടത്തുന്നു. ഈ വരുന്ന ജൂലൈ മാസത്തിൽ അവിടെ നടക്കാൻ പോകുന്ന പി ജി പരീക്ഷയോടനുബന്ധിച്ച് മെഡിക്കൽ കൗൺസിൽ പരിശോധന നടക്കുന്നുണ്ട്. വളരെയധികം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന തീരുമാനം ആണിത്. എന്തൊക്കെയാണതെന്ന് നോക്കാം. 

1. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലായി 600 – ൽ അധികം പി ജി ഡോക്ടർമാരുടെ മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടപ്പെട്ടിരിക്കുകയാണ്.

2. പ്രവേശന കേഡര്‍ ആയ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകള്‍, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍, സ്ഥിര നിയമിതരായ ഡോക്ടര്‍മാരുടെ നിബന്ധനകള്‍ പാലിക്കാത്ത സ്ഥാനക്കയറ്റങ്ങള്‍, ആധുനിക ഉപകരണങ്ങളുടെ കുറവ്, ബെഡ്ഡുകളുടെ കുറവ്, തുടങ്ങി നിരവധി പരിചരണ സൗകര്യങ്ങളുടെ അപര്യാപ്തത, ഗവേഷണങ്ങളുടെയും പ്രബന്ധ പ്രസിദ്ധീകരണങ്ങളുടെയും കുറവുകള്‍ എന്നിവയാണ് അംഗീകാരം നഷ്ടമാകാനിടയാക്കിയ പ്രധാന കാരണങ്ങള്‍.

3. ഏതാണ്ട് 40 % അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

4. അത് നികത്താൻ പൊതു ആരോഗ്യ മേഖലയിൽ നിന്നും (അതായത് പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ല ആശുപത്രികൾ തുടങ്ങിയവയിൽ നിന്നും) സ്ഥലം മാറ്റിയാൽ മെഡിക്കൽ കൗൺസിൽ അത് അംഗീകരിക്കുകയില്ല. മാത്രമല്ല, അത് ഒരു രീതിയായി മാറിയാൽ ഇപ്പോൾ മെഡിക്കൽ കോളേജുകളിലുള്ള ഒഴിവുകൾ ഒരിക്കലും നികത്തപ്പെടുകയുമില്ല. പൊതു ആരോഗ്യ മേഖലയേയും തളർത്തും ആ തീരുമാനം.

5. പുതിയ നിയമനങ്ങൾ ഉണ്ടാവുന്നില്ലെങ്കിൽ ഇന്നത്തെ മുതിർന്ന ഡോക്ടര്‍മാര്‍ വിരമിക്കുമ്പോൾ / മരിക്കുമ്പോൾ പകരം ആ സ്ഥാനത്ത് ആളുണ്ടാവുകയില്ല. ഒരു കാര്യം മറക്കരുത്, പ്രവേശനം ലഭിച്ചാലേ പ്രവൃത്തി പരിചയം ലഭിക്കൂ.

6. ഇങ്ങനെ ജില്ല ആശുപത്രികളിൽ നിന്നും മറ്റും സ്ഥലം മാറ്റങ്ങൾ നടത്തിയാൽ അവിടെയും ഒഴിവുകൾ ഉണ്ടാവും, പക്ഷേ അത് റിപ്പോർട്ട്‌ ചെയ്യപ്പെടുകയില്ല.

7. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് മെഡിസിൻ ഡോക്ടർമാരുടെ 44 തസ്തികകളാനുള്ളത്. 1961 ലെ തസ്തിക നിർണ്ണയം അനുസരിച്ചുള്ള തസ്തികകൾ ആണിത്. പുതിയതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിലേക്കുള്ള സ്ഥലം മാറ്റം കൂടി പരിഗണിച്ചാൽ 40 % ത്തിന് മുകളിലും ഒഴിഞ്ഞു കിടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് (F No. Z-28015/36/2014-MH-1, Government of India) കേരളത്തിലെ 5 സർക്കാർ മെഡിക്കൽ കോളേജുകളിലും കൂടി 120 തസ്തികൾ ആവശ്യമുള്ളപ്പോഴാണിത്.

8. നിലവിൽ പി ജി ഡോക്ടർമാരാണ് വലിയൊരു ശതമാനം കേസുകളും ചെയ്യുന്നത്.

9. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവരുടെ അംഗീകാരവും പ്രതിസന്ധിയിലാണ്. മറ്റു നാലു മെഡിക്കൽ കോളേജുകളിലും മെഡിക്കൽ കൗൺസിൽ പരിശോധനകളുടെ സമ്മർദ്ദം ഉള്ളതിനാൽ സാധാരണ ചെയ്യുന്നതുപോലെ സ്ഥലം മാറ്റ നാടകങ്ങൾ നടക്കില്ല. 

9. ഫോറൻസിക് വിഭാഗം ബിരുദാനന്തര ബിരുദധാരികളായ നിരവധി ഡോക്ടർമാർ സർക്കാർ ജോലി പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.

10. 2015 ജൂൺ മാസത്തിലെ PSC വിജ്ഞാപനം 156/2015 പ്രകാരം അപേക്ഷ നൽകിയവർ നിരവധിയാണ്. നിയമനത്തിനായി യാതൊരു നടപടികളും ഇന്നേവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല സർക്കാർ.

11. ഈ അവസരത്തിലാണ് കുറുക്കു വഴികളിലൂടെ മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരം കബളിപ്പിക്കലുകളിലൂടെ മെഡിക്കൽ വിദ്യാഭ്യാസ രംഗവും പൊതു ആരോഗ്യ രംഗവും നശിക്കുകയേ ഉള്ളൂ. (പലപ്പോഴും പലർക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ സാധിക്കാത്തതാണ് പ്രശ്നം, പൊതു സമൂഹത്തിനും ഭരണ കൂടത്തിനും.)

പെരുമ്പാവൂർ, തൃശ്ശൂർ കേസുകൾ നടക്കുമ്പോൾ ഫോറൻസിക് പി ജി മൃതദേഹ പരിശോധന നടത്തി എന്ന് പറഞ്ഞു വിവാദം ഉണ്ടാക്കിയാൽ മാത്രം മതിയോ? ഈ അപര്യാപ്തതകൾ പരിഹരിക്കേണ്ടേ?

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ കരുത്തായിരുന്ന സർക്കാർ സ്കൂളുകളുടെ അവസ്ഥ സർക്കാർ മെഡിക്കൽ കോളേജുകൾക്കുണ്ടാവരുത്. തെറ്റായ നയങ്ങൾ നടപ്പിലാക്കി സ്വകാര്യ മേഖലയുടെ അമിത വളർച്ചക്ക് വളമിടരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍