UPDATES

ട്രെന്‍ഡിങ്ങ്

വീടിനു മുന്നില്‍ ദരിദ്രനെന്ന് എഴുതിവയ്ക്കും; രാജസ്ഥാനില്‍ ബിജെപി സര്‍ക്കാരിന്റെ റേഷന്‍ വിതരണമിങ്ങനെ

അര്‍ഹരായവര്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷനയപ്രകാരമുള്ള റേഷന്‍ വിഹിതം കിട്ടാന്‍ വേണ്ടിയാണെന്നു ന്യായം

ഭക്ഷ്യസുരക്ഷനിയമം നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച തന്ത്രം വിവാദമാകുന്നു. ഭക്ഷ്യാനുകൂല്യങ്ങള്‍ കിട്ടുന്നതിനായി അര്‍ഹതപ്പെട്ടവരുടെ വീടിനു മുന്നില്‍ ദരിദ്രരെന്നും തീരെ ദരിദ്രരെന്നും എഴുതിവയ്ക്കുകയാണ് സര്‍ക്കാര്‍. മനുഷ്യരെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനു തുല്യമാണ് ഈ നടപടിയെന്നാണ് വിമര്‍ശനം. തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ഈ എഴുതിവയ്ക്കലെന്ന് ജനങ്ങളും പറയുന്നു.

പൊതുവിതരണസമ്പ്രദായത്തില്‍ അര്‍ഹരെയും അനര്‍ഹരെയും തിരിച്ചറിയാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കാനാണ് ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായം പറയുന്നത്. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്.

ദൗസ ജില്ലയില്‍ ഒന്നരലക്ഷത്തിനുമേല്‍ വീടുകളില്‍ ദാരിദ്ര്യം അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു സര്‍ക്കാര്‍. സംസ്ഥാനത്തൊട്ടാകെ ഇതു വ്യാപിപ്പിക്കാനാണ് ഉദ്ദേശം.

ഓരോ വീട്ടിലെയും മുന്‍വശത്തെ ചുമരിലാണ് ദാരിദ്ര്യം അടയാളപ്പെടുത്തുന്നത്. ഞാനൊരു ദരിദ്രനാണ്. ദേശീയഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള റേഷന്‍ വിഹിതം എനിക്കു ലഭിക്കുന്നു എന്നാണ് പതിക്കുന്നത്. കുടുംബനാഥന്റെ പേര് സഹിതമാണ് ഇതു പതിക്കുന്നത്. ഈ വീടുകളിലെ അംഗങ്ങള്‍ക്ക് ദേശീയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം റേഷന്‍ വിഹിതം ലഭിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ ഈ ആനുകൂല്യം ലഭ്യമാകുന്ന അതേ ജനങ്ങള്‍ പറയുന്നത് ഈ മുദ്രകുത്തല്‍ തങ്ങളെ അപമാനിക്കുന്നതാണെന്നാണ്. വീടിനു മുന്നില്‍ കൂടി പോകുന്ന ആളുകള്‍ ഇപ്പോള്‍ ഞങ്ങളെ കളിയാക്കുകയാണ്. വളരെ നാണക്കേട് തോന്നുന്നു; ദൗസയിലെ ഒരു വ്യക്തി മാധ്യമങ്ങളോടു പറഞ്ഞകാര്യമാണിത്.

കുറച്ചു ഗോതമ്പ് തരുന്നതിനാണ് സര്‍ക്കാര്‍ ഞങ്ങളുടെ ചുമരുകള്‍ ചീത്തയാക്കുന്നത്; ഗ്രാമവാസിയായ സ്ത്രീ പറയുന്നു. മൂന്നുമാസത്തേക്ക് ഞങ്ങള്‍ മൂന്നംഗങ്ങള്‍ക്കായി അവര്‍ തരുന്നത് 15 കിലോ ഗോതമ്പാണ്. അതിനുവേണ്ടിയാണ് അവര്‍ ഞങ്ങളുടെ ചുമരുകള്‍ വൃത്തികേടാക്കുന്നത്. അവര്‍ ഞങ്ങളെ ദരിദ്രരാക്കി പരിഹസിക്കുക്കയാണ്; ആ സ്ത്രീയുടെ വാക്കുകള്‍.

ഈ പ്രവര്‍ത്തിയില്‍ രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം റേഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ലഭിക്കുന്നവരുടെ അവകാശമായാണ് കാണേണ്ടത്. അല്ലാതെ സര്‍ക്കാര്‍ ചെയ്യുന്ന സേവനപ്രവര്‍ത്തിയല്ല. ഈ രീതികള്‍ തെളിയിക്കുന്നത് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ ദരിദ്രര്‍ക്ക് എതിരാണെന്നാണ്; കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിയെ ന്യായീകരിക്കുകയാണ്. ആര്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ എഴുതുന്നതെന്നാണ് ബിജെപി സംസ്ഥാന നേതാവ് ദീപക് ജോഷി പറയുന്നു.

ദരിദ്രരെ വേറിട്ട് അടയാളപ്പെടുത്തുന്ന രീതി വസുന്ധര രാജെ സര്‍ക്കാര്‍ മുമ്പും നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബില്‍വാരയില്‍ ബിപിഎല്‍ കുടുംബങ്ങളെ തിരിച്ചറിയാന്‍ മഞ്ഞനിറത്തില്‍ വീടുകളില്‍ അടയാളമിടാനും സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറായിരുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും ഭക്ഷ്യസുരക്ഷ നയം നടപ്പാക്കാനെന്ന പേരില്‍ ബിപിഎല്ലുകാരുടെ വീടുകളില്‍ ഞാനൊരു ദരിദ്രന്‍ എന്ന് എഴുതിവച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍