UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗവ. പ്ലീഡര്‍: പട്ടികജാതി, വര്‍ഗ പ്രാതിനിധ്യം അട്ടിമറിച്ച് സര്‍ക്കാര്‍; മാതൃക യുഡിഎഫ്

Avatar

വിഷ്ണു ശൈലജ വിജയന്‍

 

ഹൈക്കോടതിയില്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതില്‍ യുഡിഎഫിന്റെ അതേ വഴിയേ എല്‍ഡിഎഫും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ വെട്ടി നിരത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ മാതൃക തന്നെയാണ് ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരും നടപ്പാക്കുന്നത്. 

108 പേരെ സര്‍ക്കാര്‍ പ്ലീഡര്‍മാരായി നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ പട്ടികയില്‍ പട്ടികജാതി, വര്‍ഗ്ഗക്കാരായി ആകെയുള്ളത് വെറും ആറുപേര്‍ മാത്രം. ഭരണഘടനാ ചട്ട പ്രകാരം പതിനൊന്നു പേരെ നിയമിക്കണം എന്നിരിക്കെയാണ്  ഇപ്പോള്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി വെറും ആറുപേരെ നിയമിച്ചിരിക്കുന്നത്. നിയമിതരായ ആറുപേരില്‍ രണ്ടുപേര്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്‍റെ മകള്‍ സോണിയും  അനുജന്‍റെ മകന്‍ ദിലീപുമാണ്.

ഭരണകക്ഷികള്‍ മാറി വരുമ്പോള്‍ രാഷ്ട്രീയ തലപ്പര്യങ്ങള്‍ക്ക് അനുസരിച്ച്  ഗവണ്മെന്റ് പ്ലീഡര്‍ നിയമനങ്ങള്‍ നടത്തുന്നത് പതിവാണ്. ഒരു സര്‍ക്കാരും നാളിതുവരെ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.

കഴിഞ്ഞ വിഎസ് മന്ത്രി സഭയുടെ കാലത്ത് 90 ഗവണ്മെന്റ് പ്ലീഡര്‍മാരെ നിയമിച്ചതില്‍ ഒന്‍പത് പേരെ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്ന് നിയമിച്ചു. എന്നാല്‍ അതിന് ശേഷം വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭ പ്ലീഡര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു എന്നാല്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട സ്ഥാനം കൂടി വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി. അകെ അഞ്ചു പേരെ മാത്രമാണ് അത്തവണ നിയമിച്ചത്. എണ്ണം കൂടിയത് കൊണ്ട് തന്നെ സംവരണ സീറ്റുകളുടെ എണ്ണവും കൂടിയിരുന്നു, പതിമൂന്ന് പേര്‍ക്ക് നിയമനം ലഭിക്കേണ്ടിടത്താണ് അഞ്ചുപേരെ നിയമിച്ച് സംവരണാനുപാതം മുഴുവന്‍ തലകീഴായി മറിച്ചത്. പിണറായി ഗവന്മെന്റ് അധികാരത്തിലേറിയ ശേഷം നടപ്പിലാക്കിയ നിയമനത്തില്‍ അഞ്ചു പേരെന്നത് ആറായി. 108 പേരെ നിയമിക്കുമ്പോള്‍ സംവരണാടിസ്ഥാനത്തില്‍ പതിനൊന്ന് പേര്‍ക്ക് നിയമനം നല്‍കണം. 

നിയമനങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന സംവരണ നിയമങ്ങള്‍ക്കനുസരിച്ച് നിയമനം നടത്തണം.സര്‍ക്കാര്‍ അത് നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഭരണഘടനയില്‍ ആദ്യം ഇങ്ങനെ ഒരു സംവിധാനം ഇല്ലാതിരുന്നത് കൊണ്ട് പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ രണ്ടാമത് ഭരണഘടന ഭേദഗതി വരുത്തിയാണ് നിയമം ഉണ്ടാക്കിയത്. അതാണിപ്പോള്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്. മറ്റെന്തൊക്കെയോ താല്‍പ്പര്യങ്ങള്‍ വെച്ച് പുലര്‍ത്തുകയാണ് ഇവിടുത്തെ രാഷ്ട്രീയക്കാരും ജഡ്ജിമാരും അഡ്വക്കേറ്റ് ജനറല്‍മാരും എല്ലാവരും. എല്ലാം ശരിയാക്കും എന്ന് പറഞ്ഞു വന്ന ഇടതുപക്ഷം ഷെഡ്യൂള്‍ഡ് കാസ്റ്റില്‍പ്പെട്ട ഒരാളെ തങ്ങളുടെ  കാലഘട്ടത്തില്‍  ഉയര്‍ത്തിക്കൊണ്ട്  വരും, അല്ലെങ്കില്‍ ശരിയായ അവകാശം നല്‍കും എന്ന നിലപാട് സ്വീകരിക്കാതിരിക്കുന്നത് എന്താണ്?” – ഹൈക്കോടതിയിലെ ദളിത്‌ അഭിഭാഷകരുടെ സംഘടനയായ ലോയേര്‍സ് സെന്‍റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് സ്ഥാപകനും മുന്‍ അധ്യക്ഷനും കൂടിയായിരുന്ന അഡ്വക്കേറ്റ് ചന്ദ്രന്‍ ചോദിക്കുന്നു.

യുഡിഎഫ് സര്‍ക്കാറിന്റെ സമയത്ത് ഇങ്ങനെ ഒരു അവകാശ നിഷേധം നടന്നപ്പോള്‍ മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും  അടക്കം പരാതി നല്‍കിയതാണ്. അതൊന്നും പരിഗണിച്ചില്ല. ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഫയല്‍ ചെയ്ത റിട്ടും സുപ്രീം കോടതി തള്ളി.

1978-ലെ ആക്റ്റ് അനുസരിച്ചു 20 പേരുടെ പേര് അഡ്വക്കേറ്റ് ജനറല്‍ പ്ലീഡര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമ്പോള്‍ അതില്‍ രണ്ടു പേര്‍ പട്ടികജാതി, വര്‍ഗ്ഗത്തില്‍ നിന്നും ആയിരിക്കണം എന്നാണ് നിയമം. അപ്പോള്‍ നൂറ് പേരെ നിര്‍ദ്ദേശിക്കുമ്പോള്‍ പത്ത് പേര്‍ വേണം. ഇതൊന്നും പാലിക്കാതെ രാഷ്ട്രീയ നിയമനങ്ങളാണ് എല്ലാം നടക്കുന്നത്.” 

“യുഡിഎഫ് ചെയ്യുമ്പോള്‍ ഇതൊന്നും അധികം വാര്‍ത്തകളാകില്ല. അവരതൊക്കെ ചെയ്യും എന്നൊക്കെ എല്ലാവര്‍ക്കും അറിയാം. പക്ഷേ ഇത്  ഇടതുപക്ഷം ചെയ്യുമ്പോഴാണ് പ്രശ്നം. കാരണം ഇതൊന്നും ജനങ്ങള്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല.” ലോയേഴ്സ് സെന്‍റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്  അംഗം അഡ്വക്കേറ്റ് പികെ ഷാജു പറയുന്നു.

 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് വിഷ്ണു) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍