UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിപ്സി വേരുകള്‍ ഇന്ത്യയില്‍ തന്നെ

Avatar

അഴിമുഖം പ്രതിനിധി

തങ്ങളുടെ ഉത്ഭവം ഇന്ത്യയിലാണെന്ന് ജിപ്‌സികള്‍ എക്കാലവും വിശ്വസിച്ചിരുന്നു. ജിപ്‌സി ഭാഷയിലെ സംസ്‌കൃത വാക്കുകള്‍, കറുത്തവരായ പിതാമഹന്മാരുടെ ദക്ഷിണേഷ്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ ചിത്രങ്ങള്‍ എന്നിവയായിരുന്നു ഇതിനു കാരണം. പഠനങ്ങള്‍ ഈ സംശയത്തിന് ശാസ്ത്രത്തിന്റെ പിന്‍ബലവും നല്‍കിയിരുന്നു.

കേംബ്രിജ് സര്‍വകലാശാലയിലെ ഡോ. തൂമസ് കിവിസില്‍ദ് ഉള്‍പ്പെടെ 2012ല്‍ ഇന്ത്യന്‍, എസ്‌തോണിയന്‍ ഗവേഷകര്‍ നടത്തിയ പഠനം ജിപ്‌സികളുടെ ഉത്ഭവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണെന്നു മാത്രമല്ല എവിടെയാണെന്നും കണ്ടെത്തിയിരുന്നു. ജിപ്‌സികളുടെ തുടക്കത്തിനു കാരണമായ സാമൂഹിക സാഹചര്യങ്ങളും ഈ പഠനം തിരിച്ചറിഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തലുകളെ ബ്രിട്ടനിലെ ജിപ്‌സി കൗണ്‍സില്‍ സ്വാഗതം ചെയ്തിരുന്നു. യൂറോപ്പിലെവിടെയും കാണുന്ന റോമ ആളുകളെ(നാടോടി)പ്പറ്റി കൂടുതല്‍ മനസിലാക്കാന്‍ ഇതുസഹായിക്കുമെന്ന് കൗണ്‍സില്‍ വക്താവ് ജോസഫ് ജോണ്‍സ് പറഞ്ഞു. ‘ബ്രിട്ടനിലെ ആദ്യ പ്രവാസി ഇന്ത്യന്‍ സമൂഹമാണ് ഞങ്ങള്‍.’

‘നേച്ചര്‍’ ജേണലില്‍ ജനുവരി മാസം പ്രസിദ്ധീകരിച്ച പഠനം യൂറോപ്യന്‍ ജിപ്‌സികളുടെയും ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളുടെയും ഡിഎന്‍എ സാംപിളുകളിലെ വൈ ക്രോമോസോം പരിശോധിച്ച് ജെനറ്റിക് സിഗ്നേച്ചര്‍ താരതമ്യം ചെയ്തു.

എസ്‌തോണിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാരും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലെ ശാസ്ത്രജ്ഞന്‍മാരും ചേര്‍ന്ന് പതിനായിരത്തിലധികം സാംപിളുകളാണു പരിശോധിച്ചത്. 214 വ്യത്യസ്ത ഗോത്രങ്ങളിലെ ആളുകളുടെ ഡിഎന്‍എ ഇതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണേഷ്യന്‍ വൈ ക്രോമോസോം ടൈപ്പായ ഹാപ്ലോഗ്രൂപ്പ് എച്ച്1എ1എ-എം82 ആണ് താരതമ്യത്തിനു വിധേയമായത്. പുരുഷന്മാര്‍ വഴിയാണ് ഇത് തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നത്.

ഈ പഠനത്തിനുശേഷം നാടോടികളെപ്പറ്റി വളരെയൊന്നും കേട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ മറവിയിലാണ്ട മക്കളെന്ന നിലയില്‍ ഇവരെപ്പറ്റിയുള്ള പഠനം പുനരാരംഭിക്കാന്‍ സെന്റര്‍ തയാറെടുക്കുകയാണ്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷനല്‍ കോ ഓപ്പറേഷന്‍ എന്ന എന്‍ജിഒയുമായി സഹകരിച്ച് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഐസിസിആര്‍ നാലാം റോമ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. നാടോടികളെപ്പറ്റിയുള്ള ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനുദ്ദേശിച്ചാണിത്.

നാടോടികള്‍ പലനാടുകളിലും പരിഹാസപ്പേരുകളിലാണ് അറിയപ്പെടുന്നത്. ജിപ്‌സികള്‍, ജിറ്റാനോസ് (സ്‌പെയിന്‍), സിഗാനെസ് (ഫ്രാന്‍സ്). നൂറ്റാണ്ടുകളായി വിവേചനം നേരിടുന്നവരാണിവര്‍. വിവിധ നാടുകളില്‍ ഇവരെപ്പറ്റി പഠനം നടത്തുന്നവരെ ഒരുമിച്ചുകൊണ്ടുവരാനും സാംസ്‌കാരിക ബന്ധം സ്ഥാപിക്കാനും 1976 മുതല്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. 1983, 2001, 2008 എന്നീ വര്‍ഷങ്ങളില്‍ ഇതു നടന്നിരുന്നു.

ഇന്ത്യ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ഇപ്പോഴത്തെ തലവനായ ലോകേഷ് ചന്ദ്ര നാടോടി സംസ്‌കാരങ്ങളെപ്പറ്റി പഠനം നടത്തിയിട്ടുള്ളയാളാണ്. അതുകൊണ്ടുതന്നെ കോണ്‍ഫറന്‍സില്‍ അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമുണ്ട്.

ഇന്ത്യന്‍ വംശജരെ വിദേശ ഇന്ത്യക്കാരായി പരിഗണിക്കാമെന്ന തത്വത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യന്‍ വംശജരെന്ന പദവി നല്‍കാന്‍  കേന്ദ്രത്തിന് ആലോചനയൊന്നുമില്ലെന്ന് സമ്മേളനത്തിന്റെ അക്കാദമിക് കോര്‍ഡിനേറ്ററായ ശശിബാല പറഞ്ഞു. നാടോടികളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ വ്യാപകമാക്കുകയാണ് ഉദ്ദേശ്യമെന്ന് പറയുന്നുണ്ടെങ്കിലും ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു എന്നിവ ഒഴികെ ഒരിടത്തുനിന്നും ഗവേഷകരെ ക്ഷണിച്ചിട്ടില്ല.

നാടോടികളുമായുള്ള ബന്ധം ഇന്ത്യ ഉയര്‍ത്തിക്കാട്ടിയിരുന്ന നാലു ദശകങ്ങളിലും ഒരു ഇന്ത്യന്‍ സ്ഥാപനത്തോടും ഇതേപ്പറ്റി ഗവേഷണം നടത്താനോ ഇതിനായി ഒരു വിഭാഗം സ്ഥാപിക്കാനോ ആവശ്യപ്പെട്ടിരുന്നില്ല.

മോദി സര്‍ക്കാരിന്റെ വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച നയം ഇത്തരം സമൂഹങ്ങള്‍ക്ക് മറ്റുരാജ്യങ്ങളില്‍ ഇന്ത്യയെ പിന്താങ്ങാനാകും എന്നതില്‍ ഊന്നിയാണ്. എന്നാല്‍ നാടോടിസമൂഹങ്ങളുടെ കാര്യത്തില്‍ മറ്റു സര്‍ക്കാരുകളോട് ഇന്ത്യന്‍ സമീപനം എന്തായിരിക്കും എന്നു വ്യക്തമല്ല. സെര്‍ബിയ, ഒാസ്ട്രിയ, ബള്‍ഗേറിയ, മാസിഡോണിയ, ഓസ്‌ട്രേലിയ, യുകെ, ഫ്രാന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കോണ്‍ഫറന്‍സിനെത്തുക. എന്നാല്‍ രാജസ്ഥാനിലും പഞ്ചാബിലുമുള്ള സഹോദരസമൂഹങ്ങളുമായി നാടോടികളെ ബന്ധിപ്പിക്കുന്നതിലാണ് സംഘാടകരുടെ ശ്രദ്ധ.

1976ലും 1983ലും ചണ്ഡീഗഡിലാണ് നാടോടി കോണ്‍ഫറന്‍സുകള്‍ നടന്നത്. 2008ല്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിലായിരുന്നു സമ്മേളനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍