UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനത്തിന് മുമ്പ് നിക്ഷേപിക്കപ്പെട്ട തുകയുടെ കണക്കറിയണമെന്ന് സര്‍ക്കാര്‍

രണ്ടര ലക്ഷം രൂപയോ അതിന് മുകളിലോ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്

നോട്ട് നിരോധിക്കലിന് മുമ്പ് നിക്ഷേപിക്കപ്പെട്ട തുകയുടെ കൃത്യം കണക്കുകള്‍ ഹാജരാക്കണമെന്ന് ധനകാര്യമന്ത്രാലയം പോസ്റ്റ് ഓഫീസുകളോടും ബാങ്കുകളോടും ആവശ്യപ്പെട്ടു. ഏപ്രില്‍ ഒന്നിനും നവംബര്‍ ഒമ്പതിനും ഇടയിലുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ആണ് കൈമാറേണ്ടത്.

രണ്ടര ലക്ഷം രൂപയോ അതിന് മുകളിലോ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കറന്റ് അക്കൗണ്ടില്‍ ഇതേ കാലയളവില്‍ നടന്ന 12.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ മതി. പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കാത്ത എല്ലാ അക്കൗണ്ട് ഉടമകളില്‍ നിന്നും ഫെബ്രുവരി ഇരുപത്തിയെട്ടിനകം വിവരങ്ങള്‍ ശേഖരിക്കാനും ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജനുവരി 15നകം ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നിക്ഷേപങ്ങളുടെ വിവരങ്ങള്‍ നല്‍കണം. അതേസമയം സ്ഥിരനിക്ഷേപങ്ങളും അടിസ്ഥാന സേവിംഗ് നിക്ഷേപങ്ങളുടെയും കാര്യത്തില്‍ ഫെബ്രുവരി 28 എന്ന കാലാവധി ബാധകമല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പാന്‍കാര്‍ഡിനെ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നികുതി നിര്‍ണയത്തില്‍ ഏറെ പ്രയോജനം ചെയ്യുമെന്നാണ് നികുതി വിദഗ്ധര്‍ പറയുന്നത്. പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഫോം 60 സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

വാഹനങ്ങള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ചെയ്യുന്ന രജിസ്‌ട്രേഷന്‍ പോലെ സഹകരണ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഒരു വര്‍ഷത്തേക്ക് നടത്തുന്ന അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കും ഒരു ദിവസം അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ നടത്തുന്ന ബാങ്ക് ഡ്രാഫ്റ്റ് വഴിയോ ചെക്ക് വഴിയോ പേ ഓര്‍ഡര്‍ വഴിയോ നടത്തുന്ന പണമിടപാടുകളും കരാര്‍ മുഖേനെയാക്കണമെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. നോട്ട് അസാധുവാക്കലിന് ശേഷം നികുതി വകുപ്പ് അധികൃതര്‍ ഉയര്‍ന്ന മൂല്യത്തിലുള്ള നിക്ഷേപങ്ങള്‍ പരിശോധിച്ച് വരികയായിരുന്നു. കള്ളപ്പണം തടയുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.

രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള പഴയ കറന്‍സിയുടെ നിക്ഷേപത്തിന് സമാനമായി അതില്‍ താഴെയുള്ള തുകയുടെ സ്രോതസ് വെളിപ്പെടുത്താത്ത നിക്ഷേപവും സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍