UPDATES

സിനിമ

ഗ്രേസ് വില്ല; ഈ വിവാദം ചിലര്‍ മനഃപൂര്‍വം ഉണ്ടാക്കുന്നതാണ്; സംവിധായകന് പറയാനുള്ളത്‌

ഗ്രേസ് വില്ലയ്ക്ക് ഹിച്‌കോക്കുമായി യാതൊരുബന്ധവുമില്ല

പിജിഎസ് സൂരജ്

ഒരു ദിവസം ശരാശരി അഞ്ചു ഷോര്‍ട്ട് ഫിലിം വീതം ഇറങ്ങുന്നിടത്ത് എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷക ശ്രദ്ധ നേടുന്ന ഷോര്‍ട്ട് ഫിലിം എന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. കുറച്ചു ദിവസങ്ങളായി കേരളത്തിലെ സോഷ്യല്‍ മീഡിയയും ചാനലുകളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം ആണ് ബിനോയ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ഗ്രേസ് വില്ല. പരമ്പരാഗത ഹ്രസ്വചിത്ര ശീലങ്ങളുടെ ഒരു പൊളിചെഴുത്താണ് പതിനഞ്ചു മിനിട്ട് സമയദൈര്‍ഘ്യമുള്ള ഈ ചെറു ചിത്രം. തുടക്കം മുതല്‍ ഒടുക്കംവരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ആകാംക്ഷയാലും നിഗൂഡതകളാലും സമ്പന്നമാണ് ഗ്രേസ് വില്ല. ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിമിനുവേണ്ട എല്ലാ രൂപ ഭദ്രതയും വ്യാകരണ മികവും ഈ ഹ്രസ്വചിത്രത്തിനുണ്ട് എന്ന് നിസംശയം പറയാം. അവസാന നിമിഷം വരെ ഒളിപ്പിച്ചുവയ്ക്കുന്ന സസ്‌പെന്‍സ് പ്രേക്ഷകന്റെ ഹൃദയമിടിപ്പ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു.

1988 ല്‍ കൂര്‍ഗിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഗ്രേസ് വില്ല എന്ന വീട് വാങ്ങാന്‍ എത്തുന്ന മാത്യൂസ് എന്ന കഥാപാത്രത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത. പാര്‍വതി, രാജേഷ് ഹെബ്ബാര്‍, കൊച്ചുപ്രേമന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥയുടെ രഹസ്യാത്മകത ചോരാത്തവണ്ണം കൈയടക്കത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍ക്കൊപ്പം ചിത്രത്തിന്റെ മൂഡ് പ്രേക്ഷകനിലേക്ക് കയറ്റിവിടുന്നതില്‍ അതിവൈദഗധ്യം നേടിയൊരു ചാഗ്രഹകനെ ഓര്‍മിപ്പിക്കുംവണ്ണം ഗ്രേസ് വില്ലയുടെ കാമറ ചലിപ്പിച്ച ബഹുല്‍ രമേശ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ ഒരു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഹെന്‍ട്രി സ്ലെസാറിന്റെ ചെറുകഥയെ ആധാരമാക്കി 1955 ല്‍ ആല്‍ബര്‍ട്ട് ഹിച്ച്‌കോക്ക് ഒരുക്കിയ The right kind of house എന്ന ഷോര്‍ട്ട് ഫിലിം അതേ പടി പകര്‍ത്തിയെന്നാണ് ഗ്രേസ് വില്ലയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

കോപ്പിയടി വിവാദം; സംവിധായകനു പറയാനുള്ളത്

Alfred Hitchcock സീരിസിലെ The Right Kind of House എന്ന എപ്പിസോഡ്, 1970 ല്‍ റീലീസായ ‘കാലം’ എന്ന മലയാള സിനിമ, ദൂരദര്‍ശനില്‍ കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് സംപ്രേഷണം ചെയ്ത ‘സംഭവങ്ങള്‍’ എന്ന ടെലിഫിലിം/സീരിയല്‍ എന്നിവയുടെ പകര്‍പ്പാണ് ഗ്രെയ്‌സ് വില്ല എന്നിങ്ങനെയാണ് ആരോപണങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്. ആദ്യം പറഞ്ഞ രണ്ടു സൃഷ്ടികളും പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരനായ ഹെന്‍ട്രി സ്ലെസ്സാറിന്റെ The Right kind of house എന്ന കഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ടവയാണ്. മൂന്നാമത്തെ സൃഷ്ടിയും അതേ ഗണത്തിലായിരിക്കാമെന്നു കരുതുന്നു. അതിനെക്കുറിച്ച് കമന്റുകളില്‍ നിന്നും കേട്ടതിനപ്പുറമുള്ള അറിവില്ല. ഹെന്‍ട്രി സ്ലെസ്സാറിന്റെ മേല്‍പറഞ്ഞ കഥയെ ആസ്പദമാക്കി/അല്ലെങ്കില്‍ ആ സീരിയലിനെ ആസ്പദമാക്കി Maria Rose എഴുതിയ ‘നിങ്ങള്‍ക്ക് യോജിച്ച വീട്’ എന്ന മലയാളവ്യാഖ്യാനമാണ് ഗ്രെയ്‌സ് വില്ലയെന്ന ഷോര്‍ട്ട് ഫിലിമിലേക്ക് ഞങ്ങളെ നയിച്ചത്. ആ കഥയില്‍ നിന്നാണു ഗ്രെയ്‌സ് വില്ലയുടെ തിരക്കഥ രൂപപ്പെട്ടതും. മരിയ റോസിന്റെ പരിഭാഷയിലെ പല സംഭാഷണങ്ങളും ഗ്രെയ്‌സ് വില്ലയില്‍ അതു പോലെ തന്നെ ഉപയോഗിച്ചതിനാല്‍ സംഭാഷണത്തിന്റെ ക്രെഡിറ്റ്‌സില്‍ അദ്ദേഹത്തിന്റെ പേര് കൂടി നല്‍കുകയും ചെയ്തു, മാത്രമല്ല കഥയുടെ യഥാര്‍ത്ഥ അവകാശിയായ ഹെന്‍ട്രി സ്ലെസ്സാറിന്റെ പേര് എന്‍ഡ് ക്രെഡിറ്റ്‌സില്‍ കഥാപാത്രങ്ങളുടെ തൊട്ടു താഴെയായി നല്‍കുകയും ഗ്രെയ്‌സ് വില്ലയുടെ ക്രെഡിറ്റ്‌സില്‍ നിന്നും കഥ, തിരക്കഥ എന്നിവ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ കഥ ഹിച്ച്‌കോക്കിന്റേതാണെന്ന ധാരണയില്‍ ഗ്രെയ്‌സ് വില്ലയെക്കുറിച്ചുള്ള ആദ്യകാല ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും ആദ്യ പ്രിവ്യു കോപ്പിയിലും ക്രെഡിറ്റ് നല്‍കിയിരുന്നത് ഹിച്ച്‌കോക്കിനായിരുന്നു. എന്നാല്‍ പിന്നീട് മരിയറോസും മറ്റു സുഹൃത്തുക്കളും, ആ കഥയെഴുതിയത് ഹെന്‍ട്രി സ്ലെസ്സാറാണെന്നും സംവിധാനം ചെയ്തിരിക്കുന്നത് ഡോണ്‍ ടെയ്‌ലറാണെന്നും Hitchcock presents എന്ന സീരീസില്‍ ഉള്‍പ്പെട്ടു എന്നതല്ലാതെ ഹിച്ച്‌കോക്കിന് ഈ കഥയുമായി ബന്ധമില്ലെന്നും അറിയിച്ചത് പ്രകാരം ഹിച്ച്‌കോക്കിന്റെ പേര് ഒഴിവാക്കുകയും ക്രെഡിറ്റ്‌സില്‍ ഹെന്‍ട്രി സ്ലെസ്സാറിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു.

‘ഗ്രേസ് വില്ല’ യിലേക്കെത്തുന്ന വഴി
തവിട് പൊടി ജീവിതം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയാണ് എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. അതിനു മുമ്പ് ഒരു തരത്തിലുള്ള സിനിമ എക്‌സ്പീരിയന്‍സും ഇല്ലാത്ത ഒരാളാണ് ഞാന്‍. ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യണം എന്ന ആഗ്രഹം മനസില്‍ വന്നപ്പോള്‍ തന്നെ ആരും കുറ്റം പറയാത്ത ഒന്നായിരിക്കണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. ഒരുപാട് കഥകള്‍ കേട്ടു. ഒന്നും വേണ്ടത്ര തൃപ്തി നല്‍കിയില്ല. ആ സമയത്താണ് ത്രില്ലര്‍ സിനിമകളില്‍ അപാരമായ അറിവും കാഴ്ചപാടും ഉള്ള മരിയ റോസിനെ ഫെസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള വിദേശ ഭാഷയിലുള്ള കഥകള്‍ അദ്ദേഹം മലയാളത്തില്‍ തന്റേതായ രീതിയില്‍ മാറ്റംവരുത്തി ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഹെന്‍ട്രി സ്ലെസ്സാര്‍ എഴുതിയ The Right kind of house  എന്ന കഥയെ മരിയാ റോസ് ‘നിങ്ങള്‍ക്കു യോജിച്ച വീട’് എന്ന പേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ കഥയില്‍ നിന്നാണ് ഗ്രേസ് വില്ല എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്. മരിയ റോസ് വിവര്‍ത്തനം ചെയ്ത കഥയിലെ പല വാചകങ്ങളും നമ്മള്‍ അതേപോലെ തന്നെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സാലി ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി ചേച്ചിയുടെ സഹകരണം പറയാതിരിക്കാന്‍ കഴിയില്ല. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ ആണ് ഞാന്‍ പാര്‍വതി ചേച്ചിക്ക് ഇതിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കുന്നത്. സ്‌ക്രിപ്റ്റ് വായിച്ച പാര്‍വതി ചേച്ചി ഞാന്‍ ചെയ്യാം എന്ന് സമ്മതിക്കുകയായിരുന്നു. സാധാരണ സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് അഭിനയിച്ച താരങ്ങള്‍ അവരുടെ കാര്യം നോക്കി പോകാറാണ് പതിവ്. എന്നാല്‍ പാര്‍വതി ചേച്ചിയാണ് ഗ്രേസ് വില്ലയുടെ പിന്നീടുള്ള ഓരോ പ്രൊമോഷനും നടത്തിയത്. തിരുവനന്തപുരത്ത് പ്രിവ്യു ഷോ നടത്തിയതിന്റെ പൂര്‍ണം ഉത്തരവാദിത്തം പാര്‍വതി ചേച്ചിക്കായിരുന്നു. ശ്യാമപ്രസാദ്, മധുപാല്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രശസ്തരായ സവിധായകരെയെല്ലാം ക്ഷണിച്ചത് പാര്‍വതി ചേച്ചിയായിരുന്നു. പ്രധാനമായും ഈ ഷോര്‍ട്ട് ഫിലിമിന്റെ വിജയം എന്നത് അതിന്റെ കാസ്റ്റിംഗ് ആണ്. രാജേഷ് ഹെബ്ബാറും, പാര്‍വതി ചേച്ചിയും, കൊച്ചുപ്രേമനും, ബാബു അന്നൂരും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ഫോര്‍ട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ ഹൗസ് ആയിരുന്നു ലൊക്കേഷന്‍. ലൊക്കേഷന്‍ വാടക ഞങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായതുകൊണ്ട് വളരെ ഫാസ്റ്റ് ആയി രണ്ടു ദിവസം കൊണ്ടു തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഞങ്ങള്‍ സമാന ചിന്താഗതിക്കാരായ സുഹൃത്തുകള്‍ ചേര്‍ന്ന് ആരംഭിച്ച ഇങ്ക്വിലാബ്‌സ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ അഭിലാഷ് അബിയാണ് ഗ്രേസ് വില്ല നിര്‍മിച്ചത്. രണ്ടു ലക്ഷം രൂപയോളം നിര്‍മാണ ചെലവായി. ചിത്രം എല്ലാവരും അംഗീകരിച്ച ഈ അവസരത്തില്‍ ചില കോണുകളില്‍ നിന്നും ഉയരുന്ന കോപ്പിയടി വിവാദം എന്ന ആരോപണം വളരെയേറെ വേദനിപ്പിക്കുന്നു. വ്യക്തമായ മറുപടികള്‍ കൊടുത്തിട്ടും മനഃപൂര്‍വം ഹേറ്റ് കാമ്പയിന്‍ പോലെ പലരും ഈ ചിത്രത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. 

കോപ്പിയടിയെ പറ്റിയുള്ള സാധാരാണ പ്രേക്ഷകരുടെ അറിവ് വളരെ പരിമിതമാണെന്നു തോന്നിയിട്ടുണ്ട്.

ഈ കഥയുടെ മലയാളം വ്യാഖ്യാനം നടത്തിയ മരിയ റോസ് കോപ്പിയടിയെ പറ്റിയുള്ള പ്രേക്ഷകരുടെ തെറ്റിധാരണകള്‍ക്ക് തന്റെ ഫേസ് ബുക്കിലൂടെ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്.

മരിയ റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭൂമി പരന്നതായിരുന്നു എന്ന് നമ്മള്‍ കരുതിയിരുന്നു. അത് ഉരുണ്ടതാണ് എന്ന് നമ്മള്‍ കണ്ടെത്തി. പിന്നെയും വല്ല ഗ്രൗണ്ടിലും പോയി നിന്ന് ‘ഭൂമി പരന്നത് ‘ തന്നെ എന്ന് പറഞ്ഞോണ്ടിരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഭൂമി പരന്നിരിക്കുന്നതാ ഞങ്ങള്‍ക്ക് ഇഷ്ടം, അത് കൊണ്ട് അത് പരന്നതാണ് എന്ന നിലപാടും ഉണ്ട്. അതിനെക്കുറിച്ച് നമ്മള്‍ കമന്റ് ചെയ്യുന്നില്ല.

മലയാള സിനിമ മുഴുവന്‍ വിദേശ സിനിമകളില്‍ നിന്ന് കോപ്പിയടിച്ചതാണ് എന്നും അങ്ങനെ ഒരു ലിസ്റ്റ് ആരോ ഉണ്ടാക്കിയത് വായിച്ച് നിര്‍വൃതി കൊള്ളുന്നത് കുറെക്കാലമായി സോഷ്യല്‍ മീഡിയകളില്‍ തുടരുന്ന വിനോദമാണ്. അക്കൂട്ടത്തില്‍ ഏറിയ പങ്കും ഏതാണ്ട് വിക്കിപ്പീഡിയ സമ്മറി നോക്കി കോപ്പിയാണ് വിളിച്ചു പറയുന്നവയാണ്. സിനിമ അതിന്റെ പ്ലോട്ട് സമ്മറി കൊണ്ടല്ല അര്‍ത്ഥം ഉത്പാദിപ്പിക്കുന്നത് എന്ന് സിനിമയെ ഗൗരവമായി കാണുന്ന പ്രേകഷകര്‍ എങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും.

കഥാസംഗ്രഹമല്ല, മറിച്ച് Mise-en-scene, അഥവ രംഗസംവിധാനമാണ് സിനിമയില്‍ അര്‍ത്ഥം സൃഷ്ടിക്കുന്നത്. ഒരു ഫ്രെയിമിന്റെ കോമ്പോസിഷന്‍, കഥാപാത്രങ്ങളുടെ പൊസിഷനുകള്‍, വേഷവിധാനം, ചലനം, നിറം, വെളിച്ചം, ശബ്ദം, സംഭാഷണം അങ്ങനെ നിരവധി ഘടകങ്ങളാണ് Mise-en-scene ല്‍ പെടുന്നത്. ഒരു സിനിമ ഉപയോഗിച്ച Mise-en-scene അതേ പോലെ അനുവാദമില്ലാതെ എടുക്കുന്നു എങ്കില്‍ മാത്രമാണ് കോപ്പിയടി. ഒരേ കഥാസംഗ്രഹം തന്നെ വ്യത്യസ്തമായി കമ്പോസ് ചെയ്യാം. അഥവ, വ്യത്യസ്തമായി കമ്പോസ് ചെയ്യേണ്ടത് ആവശ്യമായി വരും. അനുകരിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു സിനിമയുടെ കഥ പുതിയ തിരക്കഥയാക്കി മാറ്റാന്‍ ഒന്ന് ശ്രമിച്ചു നോക്കിയാല്‍ ഇത് മനസ്സിലാക്കാനാകും. ചില പ്രസിദ്ധമായ സിനിമകളിലെ പ്രസിദ്ധമായ കോമ്പോസിഷനുകള്‍ ഇങ്ങനെ പുനര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നല്ലാതെ മുഴുനീള കോപ്പിയടി മലയാളത്തില്‍ നടന്നിട്ടില്ല(Tango and Cash എന്ന സിനിമയിലെ ലോറിരംഗം വ്യൂഹത്തിലും പോലീസിലും ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക).

എപ്പോഴും എടുത്തു പറയപ്പെടുന്ന ഫോര്‍ ബ്രദേഴ്‌സും ബിഗ്ബിയും പോലും സീന്‍ ഓര്‍ഡര്‍ ആണ് ‘കോപ്പി’ ചെയ്യുന്നത്, മറിച്ച് കോമ്പോസിഷനുകളും വ്യൂ പോയിന്റുകളും വ്യത്യസ്തമാണ്. എന്നാല്‍ ബിഗ് ബി Mise-en-scene കൊണ്ട് ജോണ്‍ വൂവിന്റെയും മറ്റും ആക്ഷന്‍ സിനിമകളുടെ ശൈലി പിന്‍പറ്റുന്നുമുണ്ട്. സാഹിത്യത്തിന്റൈ അളവുകോല്‍ വച്ചാണ് പലപ്പോഴും നമ്മള്‍ കോപ്പിയടി എന്ന് തീരുമാനിക്കുന്നത്. സിനിമയെ അളക്കുവാന്‍ പ്രത്യേകമായ അളവ് കോലുകള്‍ ആവശ്യമാണ്. ഫിലിം തിയറിയില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നോവലില്‍ നിന്ന് തിരക്കഥ അഡാപ്റ്റ് ചെയ്താലും നോവല്‍ അര്‍ത്ഥം ഉത്പാദിപ്പിക്കുന്നതില്‍ ‘ഒരു’ ഘടകം മാത്രമേ ആകുന്നുള്ളൂ.

ഇതിന് ഒരൊറ്റ കുഴപ്പമേയുള്ളൂ: ഇത് കോപ്പിയടിയാണ്, അത് കോപ്പിയടിയാണ് എന്നു കണ്ടു പിടിച്ചു കൊണ്ട് വന്നു ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഇതിനു കിട്ടില്ല എന്നതു തന്നെ. മറ്റൊരു തരത്തില്‍ നമ്മള്‍ ഇങ്ങനെയാണ് പറയുന്നത്:

‘ഈ വിശാലമായ മരുഭൂമി കണ്ടിട്ട് ഏതവനാണ് പറഞ്ഞത് ഭൂമി ഉരുണ്ടതാണ് എന്ന് !!!!’

(സ്വന്തതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് പിജിഎസ് സൂരജ്)

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍