UPDATES

സഫിയ ഫാത്തിമ

കാഴ്ചപ്പാട്

സഫിയ ഫാത്തിമ

വായന/സംസ്കാരം

ആണ്‍നോട്ടങ്ങളെത്താത്ത പെണ്ണിന്‍റെ ഉള്ളകങ്ങള്‍

ലളിതമായ പ്രമേയങ്ങള്‍കൊണ്ടു തന്നെ അസാധാരണമായ ഉള്‍ക്കാഴ്ച്ചകളുടെ കടലിടുക്കുകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ട് ഗ്രേസിയുടെ കഥകള്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നേറിയെന്ന് അഭിമാനിക്കുമ്പോഴും പുരുഷ കേന്ദ്രീകൃത സമൂഹം പെണ്ണിന് എപ്പോഴും അതിരുകള്‍ നിശ്ചയിക്കുന്നുണ്ട്. ആണിനോടൊപ്പമല്ല പെണ്ണ് ഒരു പടി താഴെയായിരിക്കണം നില്‍ക്കേണ്ടതെന്ന ബോധമാണ് വളര്‍ന്നുവരുന്ന ഓരോ പെണ്‍കുട്ടിയുടെയും മേല്‍ സമൂഹവും കുടുംബവും അടിച്ചേല്‍പ്പിക്കുന്നത്. അത്തരമൊരു ബോധ്യത്തോടെയാണ് ഓരോ ആണ്‍കുട്ടിയും വളരുന്നതും.  പെണ്ണെന്നാല്‍ വെറും ഭോഗവസ്തു അല്ലെങ്കില്‍ ശരീരം മാത്രമാണെന്ന് ആവര്‍ത്തിച്ചു ഊട്ടിയുറപ്പിക്കുന്ന ആണധികാര പൊതുബോധത്തെ ചോദ്യം ചെയ്യുന്നുണ്ട് പലപ്പോഴും ഗ്രേസിയുടെ കഥകള്‍. പെണ്ണെഴുത്ത് എന്ന കോളത്തില്‍ ഒതുങ്ങിനിന്നുകൊണ്ട് എഴുത്തുകാരി എന്ന ആനുകൂല്യം നേടാന്‍ ഗ്രേസി ഒരിയ്ക്കലും ശ്രമിക്കുന്നില്ല. മറിച്ച് പുരുഷകേന്ദ്രീകൃത ലോകത്ത് പെണ്ണെന്ന സ്വത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് എഴുത്തിലൂടെ അവര്‍ നടത്തുന്നത്.  1991 ല്‍ പ്രസിദ്ധീകരിച്ച ‘പടിയിറങ്ങിപ്പോയ പാര്‍വ്വതി’ എന്ന സമാഹാരത്തിലൂടെ തന്നെ മലയാള ചെറുകഥാ സാഹിത്യത്തില്‍ തന്‍റേതായ ഇടം ഉറപ്പിക്കാന്‍ ഗ്രേസിക്കു കഴിഞ്ഞിട്ടുണ്ട്. പിന്നീടങ്ങോട്ട് ഭ്രാന്തന്‍ പൂക്കള്‍, രണ്ടു സ്വപ്ന ദര്‍ശിനികള്‍, പനിക്കണ്ണ്, മൂത്രത്തീക്കര തുടങ്ങിയ ‘ഉടല്‍ വഴികളില്‍’ എത്തിനില്‍ക്കുന്ന  സമാഹാരങ്ങളിലെല്ലാം തന്നെ  പുരുഷനോട്ടങ്ങളെത്താത്ത പെണ്ണിന്‍റെ ഉള്ളകങ്ങളിലേക്കാണ് ഗ്രേസി വായനക്കാരെ കൊണ്ട് പോയത്. പെണ്ണിന്‍റെ ആന്തരിക ലോകത്തെ തികച്ചും വ്യത്യസ്തമായി തന്‍റെ കഥകളിലൂടെ അവര്‍ അനുഭവിപ്പിച്ചു.

കുറച്ചു നാളത്തെ ഇടവേളയ്ക്കുശേഷമാണ് ഗ്രേസിയുടെ ‘ഉടല്‍വഴികള്‍’ എന്ന സമാഹാരം പുറത്തുവരുന്നത്. ഉടല്‍ വഴികള്‍, ദേവാംഗന, നാവടയാളം, സ്വപ്നം പോലെ ജീവിതം, കാണാതായ മൂന്ന് പുസ്തകങ്ങള്‍, ഒരു ബ്രഷ് ചിത്രം വരയ്ക്കുന്നു തുടങ്ങി പതിനഞ്ച് കഥകളുടെ സമാഹാരമാണ് ‘ഉടല്‍വഴികള്‍’. ഈ സമാഹാരത്തിലെ പല കഥകളും  പെണ്ണിന്‍റെ ഉള്ളകവും  ഉടലിന്‍റെ തൃഷ്ണകളും തീക്ഷ്ണമായിതന്നെ സംവേദനം ചെയ്യുന്നുണ്ട്. സമകാലിക ലോകത്ത് സ്ത്രീയുടെ മാത്രമായ  ഇടങ്ങളും അവള്‍ നേടിയെടുക്കുന്ന സ്വാതന്ത്ര്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്  ഈ കഥകള്‍.

‘തലതല്ലി ചാകാന്‍ തോന്നുന്ന ഏകാന്തത നീലിച്ചുകിടന്ന വൈകുന്നേരം വയല്‍പ്പാതയിലൂടെ സുകന്യ നടക്കാന്‍ തുടങ്ങി. വാതില്‍ പൂട്ടാതെ പുറത്തിറങ്ങുമ്പോള്‍ ഭയങ്കരനായ ഒരു കള്ളന്‍ വന്ന് വീടുമുഴുവന്‍ കൊള്ളയടികണമെന്ന് അവള്‍ തീവ്രമായി ആഗ്രഹിച്ചു.’ ഇങ്ങനെയാണ് ‘ഉടല്‍വഴികള്‍’ എന്നകഥ തുടങ്ങുന്നത് പെണ്ണെന്നാല്‍ വെറും ഉടല്‍ മാത്രമല്ലെന്നും അവള്‍ക്കൊരു മനസ്സുണ്ടെന്നും മനസ്സും ശരീരവും പാകപ്പെടുമ്പോള്‍ മാത്രമേ അവള്‍ക്ക് രതി ആസ്വാദ്യകരമാവൂ എന്നും ബോധ്യപ്പെടുത്തുന്നുണ്ട് ഈ കഥ.   വിവാഹം കഴിഞ്ഞ് വലതുകാല്‍ വെച്ച് കയറുന്നത് പുതിയ വീട്ടിലെക്കാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അവളുടെ ഭാഗ്യത്തെ പുകഴ്ത്തിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് സുഗുണന്‍ അവളോടു പറയുന്നതു ഒരു പുതുപുത്തന്‍ വീട് അങ്ങേല്‍പ്പിച്ചു തരികയാണ്. വൃത്തിയില്ലായ്മ ഞാന്‍ തീരെ പൊറുപ്പിക്കില്ലെന്ന് ഓര്‍ത്തോ’ എന്നാണ്. പിന്നെ പിന്നെ പെണ്ണ് ഉടലാശകള്‍ ഉപേക്ഷിക്കണമെന്ന് സുഗുണന്‍ സുകന്യയെ പഠിപ്പിച്ചു. അയാള്‍ക്ക് തോന്നുമ്പോള്‍ മാത്രം ജമുക്കാളം വിരിച്ച് അവളിലേക്ക് പ്രവേശിച്ചു. വെറും ശരീരം മാത്രമായി ചുരുക്കപ്പെട്ട സുകന്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പലായനമാണ് ഈ കഥ. വിവാഹിതയായ ഒരു സ്ത്രീയുടെ ശരീരം ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്ത് മാത്രമാണെന്നും സ്ത്രീക്ക് അതില്‍ ഒരവകാശവും ഇല്ലെന്നും ശരീര കാമനകളെ അടക്കിനിര്‍ത്തേണ്ടവളാണ് സ്ത്രീ എന്നുമുള്ള ആണ്‍കോയ്മ അധികാരത്തെ സ്വന്തം ഉടല്‍കൊണ്ടുതന്നെ ചോദ്യം ചെയ്യുകയാണ് സുകന്യ. തെങ്ങിന്‍ തോപ്പിലെ ഇരുട്ടില്‍ വെച്ച് തന്നെ കീഴടക്കിയ കരിവീട്ടിപോലുള്ള പുരുഷന്‍റെ  ആണഹന്തയെ തകര്‍ത്തുകളയുന്നതായിരുന്നു സുകന്യയുടെ കണ്‍കോണുകളില്‍ അയാള്‍ കണ്ട നിലാവിന്‍റെ പാടപോലെ പറ്റിക്കിടക്കുന്ന ആ ചിരി.

മതം എങ്ങിനെയാണ് ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കവര്‍ന്നെടുക്കുന്നതെന്ന് ‘അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യും?’ എന്ന കഥ ചൂണ്ടിക്കാണിക്കുന്നു. കന്യാസ്ത്രീ ആവുക എന്നാല്‍ പ്രത്യേകിച്ച് ഉടലിന്‍റെയും മനസ്സിന്‍റെയും എല്ലാത്തരം വികാരങ്ങളെയും തൃണവത്ഗണിച്ച് യേശുവിനെ മാത്രം സ്നേഹിച്ച് ധ്യാനിച്ച് സമൂഹത്തെ സേവിക്കാന്‍ സ്വന്തം ജീവിതത്തെ സ്വയം പാകപ്പെടുത്തലാണ്. വീട്ടുകാരുടെ നേര്‍ച്ചയുടെ ഫലമായോ ദാരിദ്ര്യ പീഡകൊണ്ടോ കന്യാസ്ത്രീ ആകാന്‍ വിധിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റിലുമുണ്ട്. പലപ്പോഴും ജനിച്ചുപോയെന്ന തെറ്റിന് അവരുടെ സ്വപ്നങ്ങള്‍ കുരിശിലേറ്റപ്പെടുകയാണ്. ഈകഥയില്‍ ക്രിസ്റ്റീന എന്ന കന്യാസ്ത്രീ ഗര്‍ഭിണിയാകുന്നുണ്ട്. ഉടലിന്റെ കാമനകളെ തടുത്തുനിര്‍ത്താനാവാത്ത ക്രിസ്റ്റീനയ്ക്ക് പ്രണയഭാരം കൊണ്ട് വിങ്ങുന്ന മനസ്സും ശരീരവും കൈവിട്ടുപോകുകയാണിവിടെ. ഇതിന്‍റെ ഭവിഷ്യത്തുകളെകുറിച്ച് അറിയാമല്ലോ’ എന്ന മദറിന്‍റെ ചോദ്യത്തിന് സത്യമായും അവന്‍ എന്‍റെ കൈകളില്‍ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളൂ ആയതിനാല്‍ ഇത് ദിവ്യഗര്‍ഭമാകുന്നു. അവന്‍ ഈ ഭൂമിയില്‍ ഭൂജാതനാകട്ടെ എന്ന് പറഞ്ഞുകൊണ്ടു ക്രിസ്റ്റീന ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.  ‘അപ്പോള്‍ അവനോട് നിങ്ങള്‍ എന്തുചെയ്യും?’ സ്ത്രീകളെ വിധിക്കുന്ന അവര്‍ക്ക് നേരെ വിലക്കുകളും കല്‍പനകളും പുറപ്പെടുവിക്കുന്ന പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥകളോടും മത സംഹിതകളോടുമാണ് ക്രിസ്റ്റീന ഈ ചോദ്യം ചോദിക്കുന്നത്.  

പൊതു ഇടങ്ങളില്‍ മാത്രമല്ല വീട്ടകങ്ങളിലും സ്ത്രീകള്‍/പെണ്കുട്ടികള്‍ സുരക്ഷിതരല്ല എന്ന യാഥാര്‍ത്യത്തിലേക്കാണ് ‘സിക്സ്റ്റി പ്ലസ്’, ‘ഒരു ബ്രഷ് ചിത്രം വരയ്ക്കുന്നു’ തുടങ്ങിയ കഥകള്‍ വിരല്‍ചൂണ്ടുന്നത്.  ‘സിക്സ്റ്റി പ്ലസ്’ എന്ന കഥയില്‍ അറുപത് കഴിഞ്ഞ അമ്മായിയപ്പന്‍ ഗള്‍ഫ് കാരനായ മകന്‍റെ ഭാര്യയുടെ നേരെ അശ്ലീല നോട്ടങ്ങളെറിയുകയും  അടിവസ്ത്രം ഇടാതെ കുനിഞ്ഞു നില്‍ക്കുകയും ചെയ്യുന്നുണ്ട്.  അമ്മായി അമ്മയോട് ഇതൊന്നും പറഞ്ഞാല്‍ വിശ്വസിക്കില്ല. ഭര്‍ത്താവിന് വിനീതവിധേയയായിട്ടാണ് അവരുടെ ഇരിപ്പും നടപ്പും കിടപ്പുമൊക്കെ. കെട്ടും ഭാണ്ഡവുമായിട്ടു വീട്ടില്‍ പോകാമെന്നുവെച്ചാലോ നേരെ താഴെയുള്ള ഒരുത്തി കുപ്പായത്തിന്‍റെ കുരുക്കില്‍  ഞെരുങ്ങി  ഞെരുങ്ങിയങ്ങനെ വിടര്‍ന്ന് വരുന്നുമുണ്ട്. ഗള്‍ഫില്‍ നിന്നെത്തുന്ന ഭര്‍ത്താവാകട്ടെ അയാളുടെ ശാരീരിക തൃഷ്ണകളെ ശമിപ്പിക്കാനാണ് ആദ്യം ശ്രമിക്കുന്നത്. വീട്ടുകാര്‍ അടക്കിയൊതുക്കി വളര്‍ത്തി വിവാഹത്തോടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു കമ്പോള ഉല്പന്നം മാത്രമായി പെണ്‍ജീവിതം പലപ്പോഴും ചുരുക്കപ്പെടുന്നുണ്ട്.

ഇന്ന് പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകളും കുട്ടികളും ഇരകളാക്കപ്പെടുന്നുണ്ട്. ചിലപ്പോള്‍ നാം ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നുമാകാം അത്തരം ചൂഷണങ്ങളും അതിക്രമങ്ങളും ഉണ്ടാകുന്നത്. ‘ഒരു ബ്രഷ് ചിത്രം വരയ്ക്കുന്നു’ എന്നകഥ   ഇന്‍റര്‍നെറ്റിന്‍റെ അപാരമായ ലോകം നമുക്ക് മുന്നില്‍ നിരവധി സാധ്യതകല്‍ തുറന്നിടുമ്പോള്‍ തന്നെ വിരല്‍ത്തുമ്പിലെ ആ വിസ്മയ ലോകം നമ്മുടെ കൌമാരത്തെ എങ്ങിനെയാണ്  സ്വാധീനിക്കുന്നതെന്ന് കാണിച്ചുതരുന്നുണ്ട്. ഒപ്പം വീട്ടകങ്ങളില്‍ കൊച്ചുപെണ്‍ട്ടികള്‍ പോലും ചൂഷണത്തിന് അല്ലെങ്കില്‍ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നതിന് നമ്മുടെ കൌമാരത്തിന് കിട്ടുന്ന തെറ്റായ രതിപാഠങ്ങള്‍ കാരണമാകുന്നുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്നു. പ്രണയം തിരസ്ക്കരിക്കുന്ന പെണ്കുട്ടി ആസിഡ് ആക്രമണത്തിന് വിധേയയാകുന്ന സംഭവങ്ങള്‍ ഇന്ന് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സമാഹാരത്തിലെ ഏറ്റവും ചെറിയ കഥയായ ‘സ്വപ്നം പോലെ ജീവിതം’ അത്തരമൊരു സാമൂഹ്യ പ്രശ്നമാണ് തുറന്നുകാട്ടുന്നത്.

ആഗോള കുത്തക കമ്പനികള്‍ ജീവിതത്തിന്‍റെ അതിരുകള്‍ ഭേദിച്ചു കടന്നുവരുമ്പോള്‍ പ്രതിരോധിക്കാനാവാതെ നിസ്സഹായരായിപ്പോകുന്ന മനുഷ്യരെയാണ് ‘കീടങ്ങള്‍’ എന്ന കഥയില്‍ കാണുന്നത്. നിയമവ്യവസ്ഥ പലപ്പോഴും ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരുടെ കൂടെയാണ് നില്‍ക്കുന്നത്. 

പാരമ്പര്യമായി  സ്വര്‍ണ്ണപ്പണിക്കാരായ കുടുംബത്തില്‍ ജനിച്ച സോമദാസനും കമ്മ്യൂണിസ്റ്റ്കാരന്റെ മകനായി പിറന്ന് ജീവിതമെ നാടകം എന്ന വിശ്വാസത്തിലെത്തിച്ചേര്‍ന്ന ഹരീന്ദ്രനും അച്ഛനമ്മമാരില്ലാത്ത പെങ്ങളോടൊപ്പം ജീവിക്കുന്ന രമേശനും തമ്മിലുള്ള സൌഹൃദത്തില്‍ നിന്നാണ് മൂന്ന് ‘(ചങ്ങാതിമാരുടെ) അന്ത്യാഭിലാഷങ്ങള്‍’ എന്ന കഥ തുടങ്ങുന്നത്. തങ്ങളുടെ വിചിത്രമായ അന്ത്യാഭിലാഷങ്ങള്‍ ഇവര്‍ പങ്കുവെക്കുന്നു. രമേശന് യേശുദാസിന്‍റെ പാട്ടുകേട്ടുകൊണ്ട് മരിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ എടാ! ഇരുളാ! വിഴുങ്ങു! നീയേ നെടുഘെതി! എന്ന ആക്രാന്തനം മുഴക്കി മറിഞ്ഞുപോയ ചന്ദ്രക്കാരന്റെ വേഷം അഭിനയിച്ചുകൊണ്ടു മരിക്കണം എന്നാണ് ഹരീന്ദ്രന്‍റെ ആഗ്രഹം. എന്നാല്‍ സോമദാസന്റെ ആഗ്രഹം വിചിത്രവും വ്യത്യസ്തവുമായിരുന്നു. എപ്പോഴും തന്‍റെ രതി അനുഭവങ്ങളെ കൂട്ടുകാരോട് പൊലിപ്പിച്ചു പറയുന്ന അയാള്‍ക്ക് സംഭോഗംചെയ്തുകൊണ്ട് മരിക്കണം എന്നായിരുന്നു ആഗ്രഹം. ജീവിത പ്രാരാബ്ദങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കടല്‍കടന്നുപോയ ഹരീന്ദ്രന്‍ തണുപ്പിച്ച ചില്ലുപെട്ടിയിലാണ് തിരിച്ചെത്തുന്നത്. അവനെ ഇരുള്‍ വിഴുങ്ങി എന്നത് നേരാ! പക്ഷേ ചന്ദ്രക്കാരന്റെ വേഷം കെട്ടാന്‍ പറ്റിയോ എന്നു സംശയം! ഹരീന്ദ്രന്റെ ചിത കത്തുമ്പോള് സോമദാസനും രമേശനും ഇങ്ങനെയാണ് ചിന്തിക്കുന്നത്.

അടുത്ത ഊഴം തന്‍റേതാവുമെന്ന് പറഞ്ഞു പിരിഞ്ഞ സോമദാസന്‍റെ വീട്ടില്‍ നിന്ന് പിറ്റെന്നു പുലര്‍ച്ചെ അലര്‍ച്ചകേട്ടാണ് രമേശന്‍  അവിടെ എത്തുന്നത്. ഉദ്ധരിച്ച ലിംഗവുമായി മരിച്ചുകിടക്കുന്ന സോമദാസനെയാണ് രമേശന്‍ അവിടെ കാണുന്നത്.  മരണവീട്ടിന്‍റെ തണുത്ത നിശ്ശബ്ദതയെയും കീറിമുറിച്ചുകൊണ്ട് രമേശന്‍റെ ചിരി അവിടെ മുഴങ്ങുന്നിടത്താന് കഥ അവസാനിക്കുന്നത്. കൂട്ടുകുടുബത്തിനുള്ളിലെ ബഹള മയമായ അന്തരീക്ഷത്തില്‍ തന്നെതേടിവന്ന പെണ്ണിനെ കുറിച്ചും തിരക്കുള്ള ബസ്സില്‍ വെച്ച് തന്നെ ക്ഷണിച്ച് ലോഡ്ജ് മുറിയില്‍ കൊണ്ടുപോയ പെണ്ണിനെ കുറിച്ചും പറഞ്ഞ് കൂട്ടുകാരെ എപ്പോഴും രസിപ്പിച്ചിരുന്നു  സോമദാസന്‍. ചിലപ്പോള്‍ അയാളുടെ അതിരുകടന്ന ലൈംഗികദാഹം കൊണ്ട് അയാള്‍ ഭാവനയില്‍ നിറംപിടിപ്പിച്ച കഥകള്‍ മെനഞ്ഞതാകാം. ഉദ്ധരിച്ച ലിംഗവുമായി മരിച്ചുകിടക്കുന്ന അയാള്‍ ഒരു അശ്ലീലക്കാഴ്ചയായി മാറുന്നുണ്ട് അവസാനം. 

‘കരതലാമലകം’ താന്‍ ആഗ്രഹിച്ചിട്ടും തനിക്ക് അനുഭവിക്കാന്‍ കഴിയാതെ പോയ പെണ്ണിനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന പുരുഷന്‍റെ കാപട്യം തുറന്നുകാട്ടുന്ന കഥയാണ്. മുഖത്ത് രോമങ്ങള്‍ പരുങ്ങി നില്‍ക്കുന്ന പത്തൊമ്പത് കാരനായിരുന്ന സമയത്താണ് ശത്രുഘ്നന്‍ ആദ്യമായി അബദ്ധത്തില്‍ ഒരു പെണ്ണുടല്‍ കാണാനിടയാകുന്നത്. പിന്നീട് ജോലികിട്ടി വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോഴും കാണുന്ന ഓരോ പെണ്ണിലും അയാള്‍ അന്നുകണ്ട പെണ്ണുടലിലെ മുലകള്‍ തിരഞ്ഞുകൊണ്ടേയിരുന്നു. വിവാഹിതനായിട്ടും ആയാള്‍ക്കതില്‍ നിന്ന് രക്ഷപ്പെടാനായില്ല. ഒടുവില്‍ പെങ്ങളുടെ പേരക്കുട്ടിയെ മടിയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അയാള്‍ വീട്ടില്‍ നിന്ന് പുറത്താവുന്നു. പിന്നീട് ബുദ്ധിജീവികളുടെ കള്ളുകുടി സദസ്സില്‍ തന്നെ പുറത്താക്കിയ, യൌവനാരംഭത്തില്‍ താന്‍ അറിയാതെ കണ്ടുപോയ പെണ്ണുടലിനെ കുറിച്ച് അയാള്‍ കഥകള്‍ മെനയുകയാണ്. ഒരിക്കല്‍ ഭരതന് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നപ്പോള്‍ അവന്‍റെ ഭാര്യ എന്നെത്തേടി വന്നെന്നും അപ്പോള്‍  ഞാന്‍ മുണ്ട് മുറുക്കിപ്പിടിച്ചു ഇറങ്ങി ഓടിയതിന്‍റെ കലിപ്പുകൊണ്ടാണ് അവള്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതെന്നും  അയാള്‍ കൂട്ടുകാരോട് പറയുന്നു.  ‘ഇനി ഈ വാര്‍ത്ത ഓരോ ചെവിയിലും മൂളിപ്പറക്കും. അതിന്റെ ചിറകുകളില്‍ നുണയുടെ ചെഞ്ചായം ഇനിയും കടുക്കും’ എന്ന് ആലോചിച്ചു പൊട്ടിച്ചിരിക്കുന്നു. അപവാദങ്ങള്‍ കാറ്റിന്‍റെ വേഗതയിലാണ് പലപ്പോഴും പറക്കുക. അത് സ്ത്രീകളെ കുറിച്ചാണെങ്കില്‍ അത് ആളുകള്‍ എളുപ്പം വിശ്വസിക്കുകയും ഓരോരുത്തരുടെ മനോധര്‍മ്മം അനുസരിച്ചു അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്യും.

‘കാണാതായ മൂന്നു പുസ്തകങ്ങള്‍’ എന്നകഥയില്‍ ചെല്ലപ്പാണ്ണന്‍ നോക്കിനടത്തുന്ന ഗ്രാമത്തിലെ വായനശാലയില്‍ നിന്ന് ചെല്ലപ്പാണ്ണന് ഏറെ പ്രിയപ്പെട്ട ആശാന്‍റെ നളിനി, ലീല, ദുരവസ്ഥ തുടങ്ങിയ മൂന്നു പുസ്തകങ്ങള്‍ കാണാതാകുന്നു.  അതേദിവസം തന്നെയാണ്  ചെല്ലപ്പാണ്ണന്‍റെ നളിനി, ലീല, സാവിത്രി എന്നു പേരുള്ള മൂന്ന് പെണ്‍മക്കളെയും വീട്ടില്‍ നിന്ന് കാണാതാകുന്നത്. നിധികാക്കുന്ന ഭൂതംപോലെ  കാത്തുസൂക്ഷിച്ച പുസ്തകങ്ങള്‍ കാണാതായതിന്‍റെ വിഷമത്തില്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നപ്പോള്‍  അയാള്‍ മരിച്ചുപോയ ഭാര്യയെ ഓര്‍ക്കുന്നു.. ‘പെണ്‍കുട്ടികളാണ് നല്ലോണം മനസ്സിരുത്തണെ’ എന്ന് പറഞ്ഞുകൊണ്ടാണ് ഭാര്യ കണ്ണടച്ചത്. അമ്മയില്ലാതായ ആ പെണ്‍കുട്ടികളോട് താന്‍ എന്താണ് ചെയ്തതെന്ന് അപ്പോഴാണ് അയാള്‍ ഓര്‍ക്കുന്നത്. സര്‍ക്കാരാഫീസില്‍ നിന്ന് വിരമിക്കുമ്പോള്‍ കിട്ടിയ തുകകൊണ്ട് വീടിന്‍മേലുള്ള ചികിത്സാകടം ഒഴിപ്പിച്ചെടുത്ത അയാള്‍ തനിക്ക് കിട്ടുന്ന തുച്ഛമായ പെന്‍ഷന്‍ തുക മൂത്തമകളെ ഏല്‍പ്പിക്കും എന്നല്ലാതെ അവള്‍ എങ്ങിനെയാണ് കുടുംബം പുലര്‍ത്തുന്നതെന്ന് അന്വേഷിക്കാറുപോലുമില്ലായിരുന്നു. നളിനിക്ക് നാല്‍പ്പതും ലീലയ്ക്കു മുപ്പത്തിയേഴും സാവിത്രിക്ക് ഇരുപത്തിയൊന്‍പതും വയസ്സായല്ലോ എന്ന് അയാള്‍ അപ്പോള്‍ മാത്രമാണ് ഓര്‍ക്കുന്നതും. മക്കള്‍ മൂന്ന് പേരും അപ്രത്യക്ഷമായ വീട് അയാള്‍ക്ക് മുന്നില്‍ ഒരു കുമിള പോലെ പൊള്ളച്ച് നിന്നു. മക്കളുടെ പേരുപോലും വിളിച്ച് ശീലിച്ചിട്ടില്ലാത്ത അയാളുടെ തൊണ്ടയില്‍ കുടുങ്ങി മക്കളുടെ പേരുകള്‍ അരലര്‍ച്ചയായി പുറത്തേക്ക് വരുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിയും ഉള്ള ഒരു ന്യൂനപക്ഷത്തെ മാറ്റിനിര്‍ത്തിയാല്‍ ഇങ്ങനെ അവരുടെതല്ലാത്ത കാരണങ്ങളാല്‍ നിശ്ശബ്ദരാക്കപ്പെടുന്ന അല്ലെങ്കില്‍ സ്വയം നിശ്ശബ്ദരാകുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റിലുമുണ്ട്. ആരുടെയെങ്കിലും തണലില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നവര്‍. ഈ കഥയിലെ ചെല്ലപ്പാണ്ണന്‍ തന്റെ പെണ്‍മക്കള്‍ വളരുന്നതൊന്നും ശ്രദ്ധിക്കുന്നില്ല. തന്‍റെ പെണ്‍മക്കല്‍ ആശാന്‍റെ കൃതികളിലെ വെറും കഥാപാത്രങ്ങള്‍ മാത്രമല്ല  ശരീരവും മനസ്സുമുള്ള മനുഷ്യരാണെന്ന്  തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിയാതെ പോകുന്നു.

‘നാടകീയം’ എന്ന കഥ. തികച്ചും നാടകീയമായ ഒരു ആഖ്യാനം തന്നെയാണ്. രാവിലെ വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഭര്‍ത്താവിന്‍റെ കിടപ്പില്‍ ഒരു പന്തികേട് തോന്നുന്ന ഭാര്യയുടെ മനസ്സ് ആദ്യം അയാളുടെ മരണത്തെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാകുന്നു. പൊടുന്നനെ അവളുടെ കൈകളില്‍ നിന്നു അദൃശ്യമായ ഒരു കുരുക്ക് അഴിഞ്ഞുപോകുന്നതായി അവള്‍ക്ക് തോന്നുന്നു. കൈകള്‍ മുകളിലേക്കു കുടയുമ്പോള്‍ രണ്ടു ചിറകുകള്‍ മുളയ്ക്കുന്നതായും അവള്‍ സങ്കല്‍പ്പിക്കുന്നു. ഭര്‍ത്താവിന്റെ മരണം ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യമാണെന്ന് ഒരു നിമിഷം ചിന്തിച്ചുപോകുന്നുണ്ടെങ്കിലും ഒറ്റയ്ക്കൊരു സ്ത്രീ സമൂഹത്തില്‍ ജീവിക്കേണ്ടിവരുന്നതിലെ സാഹസികതയെക്കുറിച്ചാണ് തൊട്ടടുത്ത നിമിഷം അവള്‍ ചിന്തിക്കുന്നത്. അപ്പോള്‍ കാലുകള്‍ ജീവിതത്തിന്‍റെ ചതുപ്പിലേക്ക് താഴ്ന്നുപോകുന്നതായി അവള്‍ക്ക് തോന്നുന്നു. ആരോടും സംസാരിക്കാനില്ലാത്തതുകൊണ്ട് ആത്മഗതം ചെയ്യുകയോ ചുവരുകളോട് പിറുപിറുക്കുകയോ ചെയ്യുന്ന അമ്മയുടെ കരിനിഴല്‍ നീണ്ടുവരുന്നതും അവള്‍ കാണുന്നു. പിന്നീട് ഓഫീസിലെ സഹപ്രവര്‍ത്തകരോട് അടുത്തിടപഴകാനും  പൊതു ഇടങ്ങളില്‍ വെച്ചുകാണുന്ന പുരുഷന്മാരുടെ കനത്ത കൈത്തണ്ടയും വിരിഞ്ഞ നെഞ്ചും മനപൂര്‍വ്വം എടുത്തണിയുന്ന നിസ്സംഗതയോടെ നോക്കിയിരിക്കാനും  മംഗളകരമായ മുഹൂര്‍ത്തങ്ങളില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാനും സീമന്ത രേഖയിലെ കുങ്കുമവും കെട്ടുതാലിയും ഒഴിച്ച് കൂടാനാവാത്തതാണെന്ന് അവള്‍ ചിന്തിക്കുന്നു. അവളെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് നമ്മുടെ സമൂഹവും ചുറ്റുപാടുകളും തന്നെയാണ്. ഭാര്യയെ പറ്റിക്കാന്‍ മരണം അഭിനയിച്ച ഭര്‍ത്താവ് കഥാന്ത്യത്തില്‍ അവളുടെ കൈകളില്‍ കിടന്ന് മരണത്തിന് കീഴടങ്ങുന്നു. 

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ മംഗള കര്‍മ്മങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തപ്പെടുന്നതും ആണ്‍ തുണയില്ലാതെ ജീവിക്കേണ്ടിവരുന്ന സ്ത്രീകള്‍ എപ്പോഴും പൊതുസമൂഹത്തിന്‍റെ നോട്ടത്തിനുള്ളിലാണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്, അച്ഛന്‍റെയോ ഭര്‍ത്താവിന്റെയോ മകന്‍റെയോ സംരക്ഷണയിലായിരിക്കണം ഒരു പെണ്ണ് എന്ന ആപ്തവാക്യങ്ങള്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ എപ്പോഴും നിര്‍ണ്ണയിച്ചുകൊണ്ടേയിരിക്കും.

‘ഒളിഞ്ഞു നോട്ടക്കാരാ..’ എന്ന കഥ അര്‍ദ്ധരാത്രിയില്‍ ഉടല്‍ക്കാഴച്ചകള്‍ തേടിയിറങ്ങിയ ഒളിഞ്ഞു നോട്ടക്കാരനോടു ഉടല്‍ തിരസ്ക്കരിക്കപ്പെട്ട ഒരു വീട്ടമ്മനടത്തുന്ന  ആത്മഗതവും ഒരു ശരാശരി വീട്ടമ്മയുടെ ദൈനംദിന ജീവിതവും ഒരു രേഖാചിത്രം പോലെ വരച്ചിടുന്നു. മകള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്ത് ഊട്ടിയുറക്കിയും ഭര്‍ത്താവിന് വെച്ചുവിളമ്പിയും ജീവിക്കുന്ന ഒരു വീട്ടമ്മ. ഒന്നുപെറ്റതോടെ മുലകള്‍ ഇടിഞ്ഞെന്നും വയര്‍ ചാടിയെന്നും പറഞ്ഞു നിരന്തരം കുറ്റപ്പെടുത്തുന്ന ഭര്‍ത്താവ്. ഇവിടെ കാഴ്ചകാണാനായി പാതിരാത്രിയില്‍ പതുങ്ങിയെത്തിയ കള്ളനോട് നീ ഇവിടെ ഇങ്ങനെ ചുറ്റിത്തിരിഞ്ഞിട്ട് കാര്യമില്ല. നീ കല്യാണം കഴിച്ചതാണോ എന്നെനിക്കറിഞുകൂടാ. ആണെങ്കില്‍ ഒരു കാര്യം ശ്രദ്ധിയ്ക്കണം. നീ ഇങ്ങനെ ഒളിഞ്ഞു നോട്ടത്തിന്നുപോയാല്‍ നിന്‍റെ കിടക്കപ്പായയില്‍ വേറെ ആരെങ്കിലും കയറിക്കിടക്കും. കല്യാണം കഴിച്ചിട്ടില്ലെങ്കില്‍ മറ്റുള്ളവര്‍ സദ്യ ഉണ്ണുന്നതുകണ്ട് നിന്‍റെ വിശപ്പുകെട്ടുപോകും. പിന്നെ നിന്‍റെ തീന്‍മേശയില്‍ വിളമ്പുന്നത് നിനക്കു കഴിക്കാന്‍ പറ്റാതാകും  എന്നെ വീട്ടമ്മയ്ക്ക്  പറയാനുള്ളൂ. തന്‍റെ ഉടലാശകള്‍ വെടിയേണ്ടിവന്ന വീട്ടമ്മ ഹാസ്യാത്മകമായാണ് ഇവിടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. തിരസ്ക്കരിക്കപ്പെടുന്നതിലെ അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നതിലെ ആത്മനിന്ദകൊണ്ട് അവരുടെ ഉള്ള് നീറുന്നത് മദ്യപിച്ച് ബോധം കെട്ടുറങ്ങുന്ന ഭര്‍ത്താവ് മനസ്സിലാക്കുന്നില്ല.

സ്കൂളില്‍ പഠിക്കുമ്പോള്‍  ചെന്തെങ്ങ് കുലച്ചപോലെ സുന്ദരിയായിരുന്ന വസുന്ധരയെ വര്‍ഷങ്ങള്‍ക്കുശേഷം സൌമിനി ഒരാശുപത്രിയില്‍ വെച്ചു കണ്ടുമുട്ടുന്നതാണ് ‘ദേവാംഗന’ എന്ന കഥ. ഗന്ധര്‍വ്വന്‍ ഉമ്മവച്ച് വലുതാക്കിയതെന്ന് വസുന്ധര അന്നൊക്കെ പറയുമായിരുന്ന അവളുടെ മുലകള്‍ എങ്ങിനെയായിരിക്കും  അപ്രത്യക്ഷമായിട്ടുണ്ടാവുക എന്നാണ് സൌമിനി ആലോചിച്ചത്. അക്കഥ വസുന്ധര സൌമിനിയോട് പറയുന്നു. മോളെ പ്രസവിച്ചു ഒന്നര വര്ഷം കഴിഞ്ഞപ്പോള്‍ ഒരു മുല ക്യാന്സര്‍ വന്നു മുറിച്ചുമാറ്റി. അപ്പോള്‍ വഴിയടഞ്ഞു നിക്കണ ഒരു കുന്നിന്റെ മുന്നില്‍ പ്പെട്ടുപോയ കുട്ടിയെപ്പോലെ പേടിയാവുന്നു എന്നുപറഞ്ഞു ഭര്‍ത്താവ് അവരുടെ കൂടെ കിടക്കാതായി. രണ്ടാമത്തെ മുലയും എടുത്തുകളഞ്ഞപ്പോള്‍ അറ്റം കാണാതെ പരന്നുകിടക്കണ മരുഭൂമിയില്‍പ്പെട്ടപോലെ എന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. ഓഫീസില്‍ എന്തൊക്കെയോ തിരിമറിനടത്തി ജോലി പോയതോടെ അയാള്‍ ആത്മഹത്യ ചെയ്തു. രണ്ടു മക്കളുള്ള ഏക മകള്‍ ഭര്‍ത്താവുമായി പിരിയാന്‍ നില്ക്കുന്നു. വീണ്ടും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ ഡോക്ടറെ കാണിക്കുന്നതിന് പകരം അമ്മയെ തെക്കോട്ടെടുക്കാനാഗ്രഹിക്കുന്ന മകള്‍. ഏറ്റവും കൂടുതല്‍ സ്നേഹവും കരുതലും ആവശ്യപ്പെടുന്ന രോഗാവസ്ഥയില്‍ സഹതാപത്തെക്കാള്‍ അതിജീവിക്കാനുള്ള കരുത്താണ് ഓരോ രോഗിക്കും പകര്‍ന്നുകൊടുക്കേണ്ടത്. ഇവിടെ വസുന്ധരയുടെ ശരീരത്തിലെ ഏറ്റവും മനോഹരമായ അവയവമാണ് ഛേദിക്കപ്പെടുന്നത്. ഒരു ഭീരുവിനെപ്പോലെ അവരുടെ ഭര്‍ത്താവ് അവരില്‍ നിന്നു ഒളിച്ചോടുന്നു. ഒരിക്കല്‍ അമ്മിഞ്ഞപ്പാല്‍ തന്നു വളര്‍ത്തിയ അമ്മയുടെ മരണം ആഗ്രഹിക്കുന്ന മകള്‍. വര്‍ത്തമാനകാല ജീവിതം അവനവനെ മാത്രം സ്നേഹിക്കുന്ന മനുഷ്യരെയാണ് വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നത്. രതിക്കുവേണ്ടിയല്ലാതെ സ്ത്രീശരീരം സ്പര്‍ശിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത പുരുഷനായിരിക്കണം ഇക്കഥയിലെ ഭര്‍ത്താവ്. അതുകൊണ്ടുതന്നെയാണ് അയാള്‍ വസുന്ധരയുടെ മുലകളില്ലാത്ത ശരീരത്തെ ഭയക്കുന്നതും ജീവിതത്തില്‍ നിന്നു തന്നെ ഒളിച്ചോടുന്നതും. ഒരു സ്പര്‍ശനം കൊണ്ടോ ഒരു ചേര്‍ത്തുനിര്‍ത്തല്‍ കൊണ്ടോ ചിലപ്പോള്‍ ശരീരത്തിന്റെയും മനസ്സിന്റെയും വലിയവേദനകള്‍ ശമിപ്പിക്കാനും മുറിവുകള്‍ ഉണക്കാനും കഴിയും. വസുന്ധരയ്ക്ക് അതൊന്നും ലഭിക്കുന്നില്ല.

തുണിക്കടയില്‍ എടുത്തുകൊടുപ്പ് ജോലിചെയ്യുന്ന പ്രാരാബ്ദക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും മനോവികാരങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ‘നാവടയാളം’. ഒരു വൈകുന്നേരം  തിരക്കുള്ള ബസില്‍ വെച്ച് പെണ്കുട്ടി ഒരു പോക്കറ്റടി കാണുന്നു. പോക്കറ്റടിക്കാരന്‍റെ കറുത്ത കൈ മാത്രമേ തിരക്കിനിടയില്‍ പെണ്കുട്ടി കാണുന്നുള്ളൂ. എന്നാല്‍ പോക്കടിക്കാരനെ പെഴ്സിന്റെ ഉടമ കൈയ്യോടെ പിടിക്കുന്നു. എല്ലാം കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടി കറുത്ത കൈയുടെ ഉടമയല്ല ഒരു വെളുത്ത കൈയാണ് പോക്കറ്റടിച്ചതെന്നും കറുത്തകൈയുടെ ഉടമ അത് പിടികൂടിയതാണെന്നും വാദിക്കുന്നു. ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അവളുടെ ആനുകൂല്യത്തില്‍ വിട്ടയക്കപ്പെട്ട കള്ളന്‍ അവളെ പിന്തുടരുന്നതായി അവള്‍ മനസ്സിലാക്കുന്നു. തന്നെ പിന്തുടരുന്ന കള്ളനോട് മോഷ്ടിക്കാന്‍ എന്റെ ബാഗില്‍  പണമൊന്നുമില്ല. ബാഗില്‍ കൊണ്ടുനടക്കാനും മാത്രം ഉണ്ടായിരുന്നെങ്കില്‍ തുണിക്കടയില്‍ വില്‍പ്പനക്കാരിയായിട്ടു നിക്ക്വോ..? ഇനി ഈ മാല പൊട്ടിച്ചെടുക്കാനാണെങ്കില്‍ കരിമുത്തുകള്‍ക്കിടയിലെ സ്വര്‍ണ്ണച്ചിറ്റെല്ലാം കൂടെ കാല്‍പ്പവനെ കാണൂ. തന്നെമല്ല നൂലുപൊട്ടി താഴെവീണാല്‍ ഈ നേരത്ത് പെറുക്കിയെടുക്കാനും പറ്റൂല. എന്ന് പെണ്കുട്ടി പറയുന്നു. അപ്പോള്‍ ഞാന്‍ മോഷ്ടിക്കാനോന്ന്വല്ല. എന്ന കള്ളന്റെ മറുപടികേട്ട് പെണ്കുട്ടി വീണ്ടും പറയുന്നു. എനിക്കു കൂട്ടുവരാനാണെങ്കില്‍ അതും വേണ്ട. നഷ്ടപ്പെടാന്‍ ഇനിയൊന്നും ബാക്കിയില്ലാതോര്‍ക്ക് ഇനിയെന്തിനാ കൂട്ട്.

കള്ളനോടുള്ള പെണ്‍കുട്ടിയുടെ സംഭാഷണത്തില്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ഒരു യഥാര്‍ത്ഥ ചിത്രമുണ്ട്. ഇല്ലായ്മയുടെ നിറംമങ്ങിയ ലോകത്ത് ജീവിക്കുന്ന ഓരോ പെണ്‍കുട്ടിയും നിരവധി ചൂഷണങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. അസംഘടിതരായ തൊഴിലാളികളുടെ ഒരു വലിയ ലോകമാണ് തുണിക്കടയിലും മറ്റും പണിയെടുക്കുന്ന പെണ്‍കുട്ടികളുടേത്. അവരനുഭവിക്കുന്ന ചൂഷണങ്ങള്‍ അതിജീവനത്തിനുവേണ്ടിയുള്ള സഹനങ്ങള്‍ അതൊന്നും മുഖ്യധാരാ സമൂഹം ശ്രദ്ധിക്കാറുപോലുമില്ല. ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന  അവരുടെ ഉള്ളിലെ നോവുകള്‍ വാങ്ങിച്ചുകൂട്ടുന്നവര്‍ ഒരിയ്ക്കലും അറിയാറില്ല. അതുകൊണ്ടു തന്നെയായിരിക്കാം ലോകത്തിലെ വീര്‍ത്ത എല്ലാകീശകളും കാലിയാക്കപ്പെടട്ടെ എന്നവള്‍ ആലോചിക്കുന്നത്. നിര്‍വ്വികാരതയോടെ ഒരു കളികാണുന്ന ലാഘവത്തോടെ അവളാ പോക്കറ്റടി കണ്ടുനിന്നത്. കറുപ്പ് പലപ്പോഴും ടൈപ്പുചെയ്യപ്പെട്ട ഒരു പ്രതിനിധാനമാണ്. അത്തരം പ്രതിനിധാനത്തെ തകര്‍ക്കുകയാണ് പെണ്കുട്ടി കറുത്തവനെ രക്ഷിക്കുന്നതിലൂടെ ചെയ്യുന്നത്.

ജാരന്മാരും അവരുടെ സന്തതിപരമ്പരകളും ചേരുന്ന ഒരു ലോകമാണ് ‘ജാരസന്ധി’യിലേത്. സ്വന്തം അച്ഛനാണെന്ന് സമ്മതിക്കാത്ത ഒരാളുടെ മുന്നില്‍ അയാള്‍ തന്‍റെഅച്ഛനാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ജീവിക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്‍, പട്ടാളകാരന്‍റെ വാര്‍പ്പ് മാതൃകയായ ഭാര്യ ജാനകി ടീച്ചര്‍, സിനിമാ മുതലാളിയുടെ ഭാര്യയില്‍ നായകനടന്‍ വിത്തിറക്കിയ വകയിലുള്ള ബാങ്ക് മാനേജര്‍, പൈലിമാപ്ലക്ക് നായര്‍ സ്ത്രീയിലുണ്ടായ ചെറുപ്പക്കാരന്‍ അങ്ങനെ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ മാത്രം ജാര സന്തതികളുണ്ട് ഇക്കഥയില്‍. സമൂഹം അര്‍ഥഗര്‍ഭമായ ചിരിയോടെയാണ് ഇത്തരക്കാരെ കാണുന്നത്. കൂട്ടിക്കൊണ്ടു വന്നതിന്റെ പതിനാറാം പക്കം തെങ്ങുമ്മേന്നു വീണ് വെറകുകൊള്ളി പോലെ ഒര്ത്തന്‍ വീട്ടിക്കിടന്നാപ്പിന്നെ ആ പെമ്പ്രന്നോരുടെ വേഷമം ആര് തീര്‍ക്കും? എന്ന രീതിയില്‍ ഒരു തരം വിലകുറഞ്ഞ സഹതാപമാണ് ജാരസന്തതിയുടെ അമ്മയോട് സമൂഹം പ്രകടിപ്പിക്കുന്നത്. ജാരസന്തതിയായ ചെറുപ്പക്കാരന്‍ തന്റെ ഭാര്യയ്ക്കും ജാരനുണ്ടാവുമെന്ന് സംശയിച്ചു അസ്വസ്ഥനാകുന്നിടത്താണ് കഥ അവസാനിക്കുന്നത്. ജനിച്ചെന്ന തെറ്റിന് സമൂഹം അവര്‍ക്ക് സമ്മാനിക്കുന്ന ജാരസന്തതി എന്ന സ്വത്വം ഒരിയ്ക്കലും കഴുകിക്കളയാനാവാത്ത കറയായി ജീവിതാവസാനം വരെ പിന്തുടരുകയാണ് ഇവരോരുത്തരേയും.

തീവ്രമായ ഒരു പ്രണയത്തില്‍ നിന്നു വീട്ടുകാര്‍ക്കും സഹോദരങള്‍ക്കും വേണ്ടി പിന്തിരിയേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ ആത്മാവു തന്‍റെ വിവാഹിതനായ കാമുകനെ തേടിവരുന്നതും അയാളുടെ അമ്മയും ആത്മാവും തമ്മില്‍ നടത്തുന്ന സംഭാഷണവുമാണ് ‘വരത്തുപോക്ക്’. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം പ്രണയം ബലികൊടുക്കുകയാണ് ഈ കഥയിലെ ലിസി. അമ്മയ്ക്കറിയാമോ? എന്‍റെ താഴെ മൂന്ന് പെങ്കുട്ടികളാ! ഒന്ന് പിഴച്ചാ മൂന്നും പിഴയ്ക്കുമെന്ന് പറഞ്ഞ് അമ്മച്ചി കരഞ്ഞാപ്പിന്നെ ഞാന്‍ എന്തു ചെയ്യാനാ.! എന്ന് അവളുടെ ആത്മാവു കാമുകന്‍റെ അമ്മയോട് പറയുന്നു. ആ അമ്മയും ഈ ഏര്‍പ്പാട് തുടങ്ങുമ്പോ നിനക്കിതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ലേ. എന്തിനാ വെറുതെ എന്‍റെ കുട്ട്യേ മോഹിപ്പിച്ചത് എന്ന് ചോദിച്ച് അവളെ കുറ്റപ്പെടുത്തുന്നു. മുള്ള് ഇലയില്‍ വീണാലും ഇല മുള്ളില്‍ വീണാലും ഇലയെ പഴിക്കുന്ന സമൂഹ മനശ്ശാസ്ത്രമാണ് ഇവിടെയും പ്രകടമാകുന്നത്. ഇക്കഥയില്‍ തീവ്രമായ പ്രണയം പോലും പെണ്ണിന് ഒരുതരം ബലിയും ത്യാഗവുമായി മാറുന്നുണ്ട്.

നമുക്ക് ചുറ്റും കാണുന്ന സ്ത്രീകളുടെ നമ്മള്‍ കാണാതെപോകുന്ന ആന്തരിക വ്യഥകളിലേക്കാണ്  ഗ്രേസി  സഞ്ചരിക്കുന്നത്. പുരുഷനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് സ്ത്രീ സ്വത്വം അടയാളപ്പെടുത്താനുള്ള ശ്രമങ്ങളല്ല ഇവിടെ എഴുത്തുകാരി നടത്തുന്നത്.  മറിച്ച് സ്ത്രീ വെറും ശരീരം മാത്രമല്ലെന്ന ഒരു ഓര്‍മ്മപ്പെടുതലാകുന്നുണ്ട് ഓരോ കഥകളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍