UPDATES

സിനിമ

മലപ്പുറംകത്തി അല്ല ഭായ് സിനിമ എന്ന രാഷ്ട്രീയപ്രവര്‍ത്തനം

Avatar

അജിത്ത് രുഗ്മിണി 

പറയലും തിന്നലും പാടലും നിരോധിക്കപ്പെട്ട്, പരസ്പരം മിണ്ടാനാവാതെ, വൈവിധ്യങ്ങളുടെ സൗന്ദര്യം മുഴുവന്‍ നഷ്ട്ടപ്പെട്ട ജനതയായി മാറാതിരിക്കാനുള്ള പ്രവര്‍ത്തനത്തില്‍ “നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം , അവിടങ്ങളില്‍ അവര്‍ക്കൊപ്പമിരുന്ന് സിനിമയിലൂടെ സ്വപ്നം കാണാം” എന്ന ഗ്രാമീണ ചലച്ചിത്ര വേദിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌, വെറുമൊരു എഫ് ബി സ്റ്റാറ്റസ് അല്ല. മറിച്ച് ജോണും ഒഡേസയുമെല്ലാം ഒരിക്കല്‍ കേരളത്തില്‍ തുടങ്ങിവെച്ച തിരശീലയിലൂടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം, ഫാസിസ്റ്റുകാലത്ത് പ്രതിരോധമായി തുടരുന്നവരുടെ മുദ്രാവാക്യം തന്നെയാണ്.

മണ്ണിനെയും മനുഷ്യനേയും കല്‍പ്പിക്കപ്പെട്ട അതിര്‍ത്തികളില്‍ അടച്ചിട്ട് കൊല ചെയ്യുന്നതിനെതിരെ പറയുന്നതും പാടുന്നതും എഴുതുന്നതും നിരോധിക്കപ്പെടുന്ന കാലത്ത്,സ്വതന്ത്രചിന്തക്ക് വെടിയേല്‍ക്കുകയും തെരുവുകള്‍ ചുവക്കുകയും ചെയ്യുന്ന കാലത്ത്, ജീവിക്കാനുള്ള അവകാശവും ആകാശങ്ങളും നഷ്ടപ്പെടുന്നിടത്ത് കലര്‍പ്പില്ലാത്ത സൗഹൃദം കൊണ്ടും സ്നേഹം കൊണ്ടും നന്മയുണര്‍ത്തുന്ന, നീറുന്ന ജീവിതത്തിനെകുറിച്ച് ചര്‍ച്ചചെയ്യുന്ന നാട്ടുകൂട്ടങ്ങളെ രൂപീകരിക്കാന്‍ ഇവിടെ ഒരുപറ്റം ‘മനുഷ്യര്‍’ പ്രൊജെക്റ്ററും സിനിമകളുമായി സായാഹ്നങ്ങളില്‍ നടക്കാനിറങ്ങി. ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി സംവദിക്കുന്ന ഒരുപിടി ചെറുസിനിമകളും, മ്യുസിക് വീഡിയോകളും ഡോക്യുമെന്‍ററികളുമായി ഗ്രാമങ്ങളിലൂടെ നാട്ടുകൂട്ടങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര. ആനന്ദ് പട്വര്‍ദ്ധനും ഗോപാല്‍മേനോനും സല്‍മയും അമുദനും ഉണ്ണികൃഷ്ണന്‍ ആവളയുമെല്ലാം തിരശീലയിലൂടെ ജനങ്ങളോട് സംവദിച്ചു. ‘ഉസാറ് പടങ്ങളാ.മ്മടെ ദുനിയാവിലെ പലേ മന്‍സമ്മാരുടെ കഥകളാ,സിനിമാളില് പോയാലൊന്നും ങ്ങക്ക് ഇപ്പടങ്ങള് കാണാമ്പറ്റൂല.പോരേലെ ടീവീലും കാണാമ്പറ്റൂല.നാട്ടാരും വീട്ടാരും ഒന്നിച്ചൂടി സില്‍മ കാണുന്നേലും അയ്നെപ്പറ്റി വര്‍ത്താനം പറീണേലും ഒക്കെ ബല്യ കാര്യണ്ട്’(ഗ്രാമീണ ചലച്ചിത്ര വേദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും).  

മലപ്പുറം ജില്ലയിലെ നൂറുഗ്രാമങ്ങളില്‍ നാട്ടുകൂട്ടങ്ങളെ സംഘടിപ്പിച്ച് ചലച്ചിത്ര സായാഹ്നങ്ങളിലൂടെ ഈ കെട്ടകാലത്തിന്‍റെ താല്‍പ്പര്യങ്ങളെ പ്രതിരോധിക്കാനും പൊതുഇടങ്ങളെ വീണ്ടെടുക്കാനുമാണ് യുവസമിതി ‘ഗ്രാമീണ ചലച്ചിത്ര വേദി’ എന്ന ആശയം രൂപീകരിച്ചത്. നവംബര്‍ 27വരെ തുടരുന്ന യാത്ര ഇതിനകം വായനാശാലകളും,വീട്ടുമുറ്റങ്ങളും കോളനികളും കോളേജുകളും  കവലകളുമായി  എഴുപതിലതികം വേദികള്‍ പിന്നിട്ടു. ആറായിരത്തിലധികംപേര്‍ പങ്കെടുത്തു. മതേതരത്വത്തിന്‍റെയും പുരോഗമനത്തിന്‍റെയും മണ്ണിനെ ഉച്ചത്തിലുയരത്തില്‍ പ്രഖ്യാപിക്കേണ്ടത്‌ നെരൂദയേയും ഘട്ടക്കിനെയുമെല്ലാം ഓര്‍ത്തെടുത്താവണമെന്ന മുദ്രാവാക്യങ്ങളോടെ സംഘസംവാദവും തെരുവുചിത്രം വരയും പാട്ടുപാടലും നെരൂദ ജന്മദിനത്തില്‍ മലപ്പുറം നഗരത്തില്‍ നടന്നു. 

ചാപ്ലിന്‍റെ ‘ദി കിഡ്’ കണ്ട് കണ്ണ്‍നിറഞ്ഞ കുട്ടിയും ശിവപ്രസാദിന്‍റെ ‘മഞ്ഞാന’യും ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘ലാസ്റ്റ് പേജും’ കണ്ട് വികസനം പറിച്ചെറിയുന്ന ജീവിതങ്ങളുടെ പ്രതിഷേധത്തോട് ഐക്യപ്പെട്ട അകമ്പാടത്തെ ആദിവാസി കോളനിയും അമുദന്‍റെ ‘ഷിറ്റ് വേര്‍ഷന്‍ ഓഫ് വന്ദേമാതരം’ കണ്ട് തിളങ്ങാത്ത ഇന്ത്യയെ ചര്‍ച്ചക്ക് വെച്ച അരീക്കോട്ടെ വായനാശാലയുമെല്ലാം ഞങ്ങള്‍ക്ക് ടി.വിയും മറ്റു സാങ്കേതികവിദ്യകളും ഇത്രയധികം ലഭ്യമായ കാലത്തെന്തിനാണ് ആള്‍ക്കൂട്ടങ്ങളിലേക്ക് സിനിമകളുമായി പോകുന്നതെന്ന, ഒരുപാടുപേര്‍ ചോദിച്ച സ്വാഭാവിക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സാമ്പത്തിക മേനിയല്ല ജീവിതത്തിനു സമാന്തരം. സുദേവന്‍റെ ‘തട്ടിന്‍പുറത്തപ്പനും’ പൂനെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ‘കദ്ദ’യും നിലമ്പൂര്‍ മുതല്‍ പൊന്നാനി വരെയുള്ള എഴുപത് ഗ്രാമങ്ങളില്‍, ആള്‍ദൈവങ്ങള്‍ക്കും വിശ്വാസ വില്‍പ്പനക്കാര്‍ക്കുമെതിരെ നാട്ടുകൂട്ടങ്ങളുടെ ജാഗ്രതയെ നിര്‍മിച്ചു. മലപ്പുറത്തിനു പുറമേ പാലക്കാടും കണ്ണൂരും തൃശൂരുമെല്ലാം യുവാക്കളുടെ വലിയ വലിയ കൂട്ടങ്ങള്‍ ഇന്ന് സായാഹ്നങ്ങളിലെ ആ സിനിമായാത്രയിലാണ്.

‘ഹോളി കൌവും’, ‘അണ്‍ഹോളി വാറും’, ‘ദി ഡേ ഐ ബിക്കൈം എ വുമണു’മെല്ലാം കണ്ട ആ ജനത അസ്വസ്ഥരാണ്, ഫാസിസ്റ്റുകാലത്തിന്‍റെ  മനുഷ്യവിരുദ്ധ തീരുമാനങ്ങളില്‍ അവര്‍ അസ്വസ്ഥരാണ്, കല്‍ബുര്‍ഗിയും പന്‍സാരയും അങ്ങനെ ആയിരങ്ങളും വെടിയേറ്റു വീണ മണ്ണില്‍ അവര്‍ അസ്വസ്ഥരാണ്. ‘’സിനിമ ഷൂസിനിടയില്‍ കുടുങ്ങിയ കല്ലാണെ’’ന്നു പറഞ്ഞത് ഗോദാര്‍ദാണ്. കാലിനടിയില്‍ നിന്നും ആ കല്ലുകള്‍ പെറുക്കി, അതിനെ  ആഗോളീകരണത്തിന്‍റെ ദൃശ്യ-അദൃശ്യ രൂപങ്ങളായി ജീവനെ ചുട്ടുതിന്നാന്‍ വരുന്നവര്‍ക്കുനേരെ ഏറിഞ്ഞു തുടങ്ങിയിരിക്കുന്നു ആ ജനത.ഞങ്ങളിവിടെ മലപ്പുറംകത്തിവെച്ച്, ബോംബുണ്ടാക്കി കുത്തിയിരിക്കയല്ല ഭായ്, ഒന്നിച്ചിരുന്ന് അതിജീവനത്തിന്‍റെ രാഷ്ട്രീയം രൂപപ്പെടുത്തുകയാണ്. ഫാസിസത്തിന് സിനിമ മറുപടിയാവുന്നു, അതിജീവനത്തിന്‍റെ സമര വേദിയില്‍ കാഴ്ച ആയുധമാവുന്നു, ഗ്രാമീണ ചലച്ചിത്ര വേദി തുടരുന്നു. വരൂ നമുക്ക് സിനിമ കാണാം. 

NB: ഗ്രാമീണ ചലച്ചിത്ര വേദി ഫേസ്ബുക്ക് പേജ്
https://www.facebook.com/graminachalachithravedi   

(കാലിക്കറ്റ് സർവകലാശാല – എം.എ ഇംഗ്ലീഷ് വിദ്യാർഥിയാണ് ലേഖകൻ )

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍