UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിന്മയുടെ ഉറവിടം തേടി ഗ്രാഫിക് നോവല്‍ രചിച്ചു; ഒടുവില്‍ കാമുകിയെ മൃഗീയമായി കൊലപ്പെടുത്തി

Avatar

മൈക്കല്‍ ഇ. മില്ലര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

പൈശാചികത ബ്ലേയ്ക് ലൈബെലിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

പരമ്പര കൊലയാളികളുടെ തലച്ചോറിലെ തിന്മയുടെ ഉറവിടത്തിനു വേണ്ടിയുള്ള തിരച്ചിലായിരുന്നു അയാള്‍ എഴുതിയ ഗ്രാഫിക് നോവലിന്‍റെ വിഷയം. കൊലപാതകങ്ങള്‍ ചെയ്യുന്ന ഭ്രാന്തനെ പറ്റി അയാള്‍ ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. നീച പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്ത് എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് തന്‍റെ രചനകള്‍ എന്ന് അയാള്‍ ഓണ്‍ലൈനില്‍ കുറിച്ചിട്ടുണ്ട്.

ഇത്തരം വന്യമായ ഭാവനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി എന്ന ആരോപണം നേരിടുകയാണ് ലൈബെല്‍ ഇപ്പോള്‍.

സ്വന്തം കാമുകിയെ ഉപദ്രവിച്ച്, അംഗഭംഗം വരുത്തി, കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ചൊവ്വാഴ്ച ഈ 35കാരന്‍ ലോസ് ഏഞ്ചലസ് കോടതിയില്‍ ഹാജരായി.

അസ്സോസ്യേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ടു ചെയ്തതനുസരിച്ച് പടിഞ്ഞാറന്‍ ഹോളിവുഡില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ലൈബെലിനെ  അറസ്റ്റ് ചെയ്തത്. അവരുടെ അപ്പാര്‍ട്ട്മെന്‍റിന്‍റെ ഉള്ളില്‍ നിന്ന് കാമുകിയുടെ മൃതശരീരം പോലീസ് കണ്ടെടുത്തതിനെ തുടര്‍ന്നാണിത്.

30കാരിയായ ഇയാന കേയ്ഷന്‍ മൂന്നാഴ്ച മുന്‍പാണ് ഇവരുടെ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചത്.

ലൈബെലിന്‍റെ ഗ്രാഫിക് നോവലില്‍ നിന്ന്‍ എടുത്തതെന്നു തോന്നിപ്പിക്കുന്ന പോലെയാണ് കൊലപാതക രീതിയെ പ്രോസിക്യൂഷന്‍ വിവരിച്ചത്. അവരുടെ ശരീരത്തില്‍ നിന്ന് രക്തം മുഴുവന്‍ വാര്‍ന്നു പോയിരുന്നു. 

താന്‍ കുറ്റക്കാരനല്ല എന്നാണ് ലൈബെല്‍ വാദിക്കുന്നത്. കൊലപാതകക്കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ ലഭിക്കാന്‍ സാധ്യത ഉള്ളതായി എ പി റിപ്പോര്‍ട്ടു ചെയ്യുന്നു.

അങ്ങനെ സംഭവിച്ചാല്‍ അത് ഈ ഗ്രാഫിക് നോവലിസ്റ്റിന്‍റെ വിചിത്രമായ അന്ത്യമാകും; കാരണം അയാളുടെ ഏറ്റവും പ്രശസ്തമായ ഗ്രാഫിക് നോവലിന്‍റെ അവസാനം ഒരു സീരിയല്‍ കില്ലറിന്‍റെ വധശിക്ഷയാണ്.

വെറും രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ലൈബെലിന്‍റെ ജീവിതത്തില്‍ എല്ലാമുണ്ടായിരുന്നു; സുന്ദരിയായ ഭാര്യ, ഒരു ആണ്‍കുഞ്ഞ്, കുടുംബ സ്വത്ത്, ഹോളിവുഡിലെ സ്ഥാനം.

ടൊറന്‍റോ നഗരത്തിലെ സമ്പന്ന കുടുംബങ്ങളില്‍ ഒന്നിലാണ് ബ്ലേയ്ക് ജനിച്ചു വളര്‍ന്നത്. പിതാവ് ലോണ്‍ പ്രമുഖനായ ബിസിനസ്സുകാരന്‍. 80കളിലും 90കളിലും സബര്‍ബന്‍ വീടുകളുണ്ടാക്കി സമ്പന്നനായ ലോണ്‍ കാനഡയുടെ സെയിലിങ് ടീമിന്‍റെ ഭാഗമായി 1976ലെ ഒളിംപിക്സില്‍ മല്‍സരിച്ചിരുന്നുവെന്ന് നാഷനല്‍ പോസ്റ്റ് പറയുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ കമ്പനിയായ ‘കാനഡ ഹോംസ്’ രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായിരുന്നു. “പ്രശസ്തനായ റേസറും (racer) ഫെരാരി മാനു’മാണ് താനെ”ന്നാണ് ലോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്.

പ്ലാസ്റ്റിക് വ്യവസായത്തിലൂടെ ഉണ്ടാക്കിയ കുടുംബ സ്വത്തിന്‍റെ അവകാശി എന്ന നിലയില്‍ ബ്ലെയ്ക്കിന്‍റെ അമ്മയും സമ്പന്നയായിരുന്നു. ആ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ്: ബ്ലേയ്ക്കും കോഡിയും. 

രണ്ട് ആണ്‍കുട്ടികളും പിന്നീട് ലോസ് ഏഞ്ചലസില്‍ താമസമായി; ബ്ലേയ്ക്ക് 2004ല്‍ ആണ് എത്തിയത് എന്ന് ലോസ് ഏഞ്ചലസ് ടൈംസ് പറയുന്നു. പക്ഷേ രണ്ടു പേരുടെയും വഴികള്‍ വളരെ വ്യത്യസ്തങ്ങളായിരുന്നു.

ലോസ് ഏഞ്ചലസ് ടൈംസ് റിപ്പോര്‍ട്ടനുസരിച്ച് കോഡി അച്ഛന്‍റെ പാത പിന്തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായി വിജയം നേടി.

എന്നാല്‍ ബ്ലേയ്ക്കിന്‍റെ താല്‍പ്പര്യങ്ങള്‍ അത്ര പണം വാരുന്നവയായിരുന്നില്ല.

കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം ബ്ലേയ്ക്ക് വീഡിയോ ഗെയ്മുകളില്‍ ജീവിച്ചു. അതില്‍ അയാള്‍ മിടുക്കനുമായിരുന്നു.

ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ഗെയ്മായ ‘ഹാഫ് ലൈഫി’ല്‍ ബ്ലേയ്ക്ക് ലോക ചാംപ്യന്‍ഷിപ്പുകള്‍ നേടിയതായി Tumblr പറയുന്നു. വീഡിയോ ഗെയ്മുകളില്‍ അതീവ താല്‍പ്പര്യം കാണിച്ച അയാളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം സ്വന്തമായി Massively Multiplayer Online (MMO) ഉണ്ടാക്കുക എന്നതായിരുന്നുവെന്നും Tumblr.

അച്ഛനമ്മമാര്‍ മാസം നല്‍കിയിരുന്ന 18,000 ഡോളര്‍ കൊണ്ട് ജീവിച്ചിരുന്ന ലൈബെല്‍ ക്രമേണ ഗെയ്മിങ്ങില്‍ നിന്ന് എന്‍റര്‍ടെയിന്‍മെന്‍റ് വ്യവസായത്തിന്‍റെ മറ്റ് മേഖലകളിലേക്കും കടന്നു. 2008ല്‍ മെല്‍ ബ്രൂക്കിന്‍റെ സിനിമയായ ‘സ്പേസ് ബോള്‍സി’ന്‍റെ അനിമേറ്റഡ് സീരീസില്‍ ലൈബെല്‍ പ്രവര്‍ത്തിച്ചതായി അയാളുടെ IMDB പേജ് കാണിക്കുന്നുണ്ട്. അതേ വര്‍ഷം തന്നെ ഒരു ‘കോമിക് ബുക്ക് സ്പേസ് ഓപ്പറ’ സീരീസായ “യുണൈറ്റഡ് ഫ്രീ വേള്‍ഡ്സി’ലും അയാള്‍ പങ്കാളിയായി. അന്യഗ്രഹ ജീവികളും ദിനോസറുകളും നക്ഷത്രങ്ങള്‍ക്കിടയിലെ യുദ്ധവും കൌപീനം മാത്രം ധരിച്ച കോനന്‍ എന്ന പ്രാകൃതനായ ഹീറോയും ഒക്കെയായിരുന്നു അതില്‍. ‘ബോള്‍ഡ്’ എന്നൊരു കോമഡി പടം എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. ബിക്കിനി ധരിച്ച നാലു യുവതികളുടെ നടുവില്‍ നില്‍ക്കുന്ന, മുടിയില്ലാത്ത ഒരു മനുഷ്യനാണ് ആ സിനിമയുടെ പോസ്റ്ററില്‍. അതിന്‍റെ പരസ്യവാചകമാവട്ടെ, “പണമില്ല, മുടിയില്ല, നാണവുമില്ല” എന്നും.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ‘സിന്‍ഡ്രോം’ പ്രസിദ്ധീകരിച്ചതോടെയാണ് നിരൂപക ശ്രദ്ധ അല്‍പ്പമെങ്കിലും ലൈബെലിലെത്തിയത്.

“വ്യക്തികളെ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്താണ് എന്നതിനെ കുറിച്ചുള്ള ഒരു നീണ്ട ഗ്രാഫിക് നോവല്‍” എന്നാണ് ലൈബെല്‍ അതിനെ വിളിച്ചത്.

ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ നോവലിന്‍റെ തുടക്കം നടുക്കുന്നതാണ്: ഒരു സീരിയല്‍ കൊലയാളിയുടെ വധശിക്ഷ നടപ്പാകുന്നതിനു തലേന്ന് രാത്രി ജയിലിന് മുന്നില്‍ നില്‍ക്കുന്ന ടി‌വി റിപ്പോര്‍ട്ടര്‍.

വധശിക്ഷയ്ക്കെതിരേ പ്രതിഷേധിക്കുന്ന ഒരു യുവതിയോട് റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു, “സ്ത്രീകളെയും ദൈവഭക്തരായ കുടുംബങ്ങളേയും വേട്ടയാടിയ ഈ കിരാതനു നിയമപരമായി ലഭിച്ച ശിക്ഷയെ നിങ്ങളെന്തിനാണ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്?”

“നിര്‍ത്തൂ. ദൈവം തന്‍റെ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ച അയാള്‍ എങ്ങനെയാണ് ഒരു കിരാതനാവുക?” ആ യുവതി മറുചോദ്യമുന്നയിക്കുന്നു.

ഉടനെ ആ കൊലയാളി ഒരു ഭാര്യയെയും ഭര്‍ത്താവിനെയും തല കീഴായി കെട്ടിത്തൂക്കി, അവരുടെ കഴുത്തറുക്കുന്നതിന്‍റെയും ചോര വാര്‍ന്ന് അവര്‍ മരിക്കുന്നതിന്‍റെയും ദൃശ്യങ്ങളിലേക്ക് നോവല്‍ കടക്കുന്നു.

“ക്രൂരനായ ഒരു ന്യൂറോപാത്തോളജിസ്റ്റ് നടത്തുന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിന്‍റെയും ആ തിയറിയുമായി അയാള്‍ മുന്നേറുന്നതിന്‍റെയും കഥയാണ് ‘സിന്‍ഡ്രോം’. മനുഷ്യന്‍റെ തലച്ചോറില്‍ നിന്ന് എല്ലാ തിന്മകളുടെയും മൂല കാരണം അയാള്‍ വേര്‍തിരിച്ചെടുക്കുന്നു. നിഷ്ക്കളങ്കയായ ഒരു ഹോളിവുഡ് നടിയുടെയും പീഡിതനായ ഒരു സിനിമാ സംവിധായകന്‍റെയും വെറുക്കപ്പെട്ട ഒരു സീരിയല്‍ കില്ലറിന്‍റെയും സഹായത്തോടെ നെവാഡ മരുഭൂമിയില്‍ വച്ച് ഡോ. വുള്‍ഫ് ബ്രണ്‍സ്വിക്ക് ധീരമായ ഒരു പരീക്ഷണം നടത്തുന്നു. അതിന്‍റെ ഫലം മനുഷ്യരാശിയെ തന്നെ മാറ്റിമറിക്കാന്‍ പോന്ന ഒന്നാണ്,” പുസ്തകത്തിന്‍റെ ആമസോണിലെ പ്രസാധക കുറിപ്പില്‍ പറയുന്നു.

ഗ്രാഫിക് നോവലിന്‍റെ തുടക്കത്തില്‍ തന്നെ കൊലപാതകത്തിലൂടെ തനിക്കു ലഭിക്കുന്ന ലൈംഗിക സംതൃപ്തിയെ കുറിച്ച് കൊലയാളി വിവരിക്കുന്നുണ്ട്. 

“നിങ്ങളും അത് പരീക്ഷിക്കണം,” അയാള്‍ ഡോക്ടറോട് പറയുന്നു.

“സിന്‍ഡ്രോമിലൂടെ ബ്ലേയ്ക്ക് ലൈബെല്‍ പ്രകോപിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ വയ്ക്കുന്നുണ്ട്- ഒരു യഥാര്‍ത്ഥ സൈക്കോപാത്തിനെ ശിക്ഷിക്കുക എന്നതിലുപരി എങ്ങനെ അയാളെ നമ്മള്‍ ചികില്‍സിക്കണം എന്നതാണ് ഒന്ന്. എന്നിട്ട് ഞങ്ങളുടെ കഥ പറച്ചിലിലൂടെ അതിന് ഉത്തരം തേടാനുള്ള സ്വാതന്ത്ര്യവും നമുക്ക് തരുന്നു,” ലൈബെലിനൊപ്പം നോവലില്‍ പങ്കാളിയായ റയന്‍ ഒരു വ്യാവസായിക പ്രസിദ്ധീകരണത്തിനോട് പറഞ്ഞു.

തിന്‍മയും സൈക്കോപ്പതിയും ലൈബെലിന്‍റെ രചനകളില്‍ ആവര്‍ത്തിക്കുന്ന വിഷയങ്ങളായിരുന്നു. സിന്‍ഡ്രോം പുറത്തിറങ്ങിയതിന് ശേഷം അയാള്‍ എഴുതിയ തിരക്കഥയാണ് ‘സൈക്കോപോംപ്’. “അക്രമിയായ ഒരു ഭ്രാന്തന്‍ ലോകത്തെ പ്രസിദ്ധമായ ഇടങ്ങളിലെല്ലാം യാത്ര ചെയ്ത്, അയാളുടെ മനസ്സിലെ പെരുമാറ്റ രീതികള്‍ തെറ്റിക്കുന്നവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ഇതിവൃത്തം,” മൂവിവെബ് എഴുതുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ലൈബെലിന്‍റെ ജീവിതവും കുത്തഴിയാന്‍ തുടങ്ങി. ഭാര്യയ്ക്കും മകനും ചെലവിന് കൊടുക്കുന്നുണ്ടായിരുന്നെങ്കിലും 2011ല്‍ അമ്മ മരിച്ചതോടെ തനിക്ക് വരുമാനമില്ലാതായി എന്ന് കോടതി രേഖകളില്‍ അയാള്‍ പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബ സ്വത്തുകളില്‍ നിന്ന് കൂടുതല്‍ ഭാഗം ലഭിക്കാനായി 2014ല്‍ കേസു കൊടുത്തതോടെ അച്ഛനുമായുള്ള ബന്ധം ഉലഞ്ഞതായി ലൈബെല്‍ പറഞ്ഞുവെന്ന് ഗ്ലോബല്‍ ന്യൂസും എഴുതുന്നു.

തന്‍റെ ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനായി ലൈബെല്‍ കഴിഞ്ഞ വര്‍ഷം കേസ് കൊടുത്തിരുന്നെങ്കിലും അതിപ്പോഴും കോടതിയിലാണെന്ന് ടൈംസ്.

കേയ്ഷനുമായി ഇയാള്‍ എന്നാണ് പരിചയത്തിലായത് എന്നു വ്യക്തമല്ല. തിളങ്ങുന്ന കറുത്ത മുടിയുള്ള ഈ ഉക്രെയിന്‍കാരി 2014ലാണ് ലോസ്ഏഞ്ചലസിലെത്തിയത്. അവിടെ അവര്‍ നിയമപഠനം നടത്തുകയും ഒപ്പം ടാക്സ് ഇന്‍സ്പെക്ഷനില്‍ ജോലി ചെയ്യുകയുമായിരുന്നുവെന്ന് നാഷനല്‍ പോസ്റ്റ് എഴുതുന്നു.

കേയിഷന് ഹോളിവുഡിനോട് ഭ്രമമായിരുന്നുവത്രെ. സുന്ദരിയായ ഈ മുപ്പതുകാരിയുടെ ഫേസ്ബുക്ക് ഫോട്ടോകളില്‍ പ്രൊഫഷണല്‍ പരസ്യങ്ങള്‍ക്ക് പോസ് ചെയ്ത പോലെ തോന്നിപ്പിക്കുന്നതും നഗരത്തിലെ താര നിബിഡമായ വഴികളില്‍ നിന്നെടുത്ത സെല്‍ഫികളും ഒക്കെയുണ്ട്.

മേയ് മൂന്നിനാണ് അവര്‍ക്ക് മകന്‍ ജനിച്ചത്.

അതിനുശേഷം വൈകാതെ അവരുടെ ജീവിതം ലൈബെലിന്‍റെ ഗ്രാഫിക് നോവലുകളിലെന്ന പോലെ മാറി മറിഞ്ഞു.

മേയ് 20 അര്‍ദ്ധരാത്രിക്കു ശേഷം ലൈംഗിക പീഡനം നടത്തിയതായി സംശയിക്കപ്പെട്ട് ലൈബെല്‍ അറസ്റ്റിലായെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 100,000 ഡോളര്‍ ജാമ്യത്തില്‍ അയാളെ വിട്ടയച്ചതായി ജയില്‍ റെക്കോര്‍ഡുകള്‍ കാണിക്കുന്നു.

അതിലെ ഇര പക്ഷേ കേയ്ഷന്‍ ആയിരുന്നില്ല എന്ന് ഒരു കുടുംബ സുഹൃത്ത് നാഷനല്‍ പോസ്റ്റിനോട് പറഞ്ഞു.

തങ്ങളുടെ കുഞ്ഞ് ജനിച്ചു 17 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നടന്ന ലൈബെലിന്‍റെ അറസ്റ്റ് അവരുടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കി. വെസ്റ്റ് ഹോളിവുഡിലെ അവരുടെ അപ്പാര്‍ട്മെന്‍റില്‍ നിന്ന് മാറി കേയിഷന്‍ തന്‍റെ അമ്മയോടൊപ്പം താമസമാരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ലൈബെലുമായി സംസാരിക്കാന്‍ കേയിഷന്‍ വീണ്ടും അപ്പാര്‍ട്ട്മെന്‍റിലെത്തി.

പിന്നീടവര്‍ തിരിച്ചു വന്നില്ല.

വെസ്റ്റ് ഹോളിവുഡ് ഷെറിഫ് സ്റ്റേഷനുമായി അവരുടെ അമ്മ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അപ്പാര്‍ട്ട്മെന്‍റിലെത്തിയപ്പോള്‍ ഫര്‍ണീച്ചറും കിടക്കയുമൊക്കെ ഉപയോഗിച്ച് വാതില്‍ അടച്ചു വച്ചിരിക്കുന്നതായി കണ്ടു. ഒടുക്കം ലൈബെലിനോട് സംസാരിച്ചപ്പോള്‍ അയാള്‍ “ദേഷ്യപ്പെട്ടും സഹകരിക്കാതെയും” കാണപ്പെട്ടുവെന്ന് ലോസ് ഏഞ്ചലസ് ഷെറിഫ് ലെഫ്. ഡേവ് കോള്‍മാന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

“മൂര്‍ച്ചയില്ലാത്ത വസ്തു ഉപയോഗിച്ചുള്ള അടിയില്‍ തലയ്ക്കേറ്റ ആഘാതം മൂലം കിടപ്പുമുറിയില്‍ കേയിഷന്‍ മരിച്ചു കിടക്കുന്നതായി അവര്‍ കണ്ടെത്തി,” WHS കുറിപ്പില്‍ പറയുന്നു.

“കേയിഷനെ കൊലപ്പെടുത്തുന്നതിനു മുന്‍പ് ഉപദ്രവിക്കുകയും അംഗഭംഗം വരുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ ശരീരത്തിലെ രക്തമെല്ലാം വാര്‍ന്നു പോയിരുന്നു,” ലോസ് ഏഞ്ചലസ് കൌണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി പ്രസ്താവിച്ചു.

കെട്ടിടത്തിലുണ്ടായിരുന്ന പലരും ഒരു നിലവിളി ശബ്ദം കേട്ടുവെന്നും എന്നാല്‍ അത് ഒരു മനുഷ്യന്‍റെ ആയിരുന്നോ ഏതെങ്കിലും ടി‌വിയിലെ പരിപാടിയുടെ ശബ്ദമായിരുന്നോ എന്നു വ്യക്തമായില്ലെന്നും അയല്‍ക്കാരനായ അലക്സ് ഹാന്‍ലി ഗ്ലോബല്‍ ന്യൂസിനോട് പറഞ്ഞു.

കൊലപാതകം, ക്രൂരമായ അംഗഭംഗം വരുത്തല്‍, പീഡനം എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ലൈബെലില്‍ ചുമത്തിയിട്ടുള്ളത്.

തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍ മുന്നേകൂട്ടി പ്രവചിച്ച കൃതികള്‍ രചിച്ച ആ ഗ്രാഫിക് നോവലിസ്റ്റ് ചൊവ്വാഴ്ച കോടതിയിലെത്തിയത് ആത്മഹത്യയെ തടുക്കുന്ന, പാഡ് വച്ച സ്യൂട്ടും, കൈവിലങ്ങും, അരയ്ക്ക് ചുറ്റും ചങ്ങലകളും ധരിച്ചാണ്.

ലൈബെലിന്‍റെ അഭിഭാഷകനായ അലാലെഹ് കമ്രാന്‍ തന്‍റെ കക്ഷിയുടെ മാനസിക നിലയെ പറ്റി സംശയമുന്നയിച്ചു. ഇതേ തുടര്‍ന്ന് ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോടതി ജഡ്ജി കെയ്ത്ത് ഷ്വാര്‍ട്ട്സ് ഒരു സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടതായി നാഷനല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്കെതിരെ ഉന്നയിക്കപ്പെട്ട എല്ലാ കുറ്റങ്ങളിലും നിരപരാധിയാണെന്ന് കോടതിയില്‍ പറഞ്ഞ ലൈബെല്‍ ഇപ്പോള്‍ ജാമ്യം ഇല്ലാതെ കസ്റ്റഡിയിലാണ്.

വധശിക്ഷ ആവശ്യപ്പെടണോ എന്ന് പിന്നീടു തീരുമാനിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍