UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗ്രീസിലെ ചുവരെഴുത്തുകള്‍ ഇന്ത്യയെ പഠിപ്പിക്കുന്നത്

‘പുരോഗമന ഇടതുപക്ഷ മുന്നണി,’ എന്നതിന്റെ ഹൃസ്വരൂപമായ സിറിസിയുടെ ഗ്രീസിലെ തിരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിക്കപ്പെട്ടതായിരുന്നെങ്കിലും, യൂറോപ്യന്‍ ധനകമ്പോളങ്ങളില്‍ അത് തിരയിളക്കം ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക അസമത്വത്തെ അഭിസംബോധന ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ വരുത്തുന്ന വീഴ്ചകള്‍ രാഷ്ട്രീയ, സാമൂഹിക അസ്ഥിരതയ്ക്ക് വഴി തെളിക്കുമെന്ന വലിയ പാഠമാണ്, ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് ഗ്രീസിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍വിതചര്‍വണം നടത്തുമ്പോഴും, ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമ്പദ് വ്യവസ്ഥിതികളുടെ അടിത്തറയിളക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍, അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പിന്തുടരുന്ന വ്യവസായാനുകൂല നയങ്ങള്‍ക്ക് സാധിക്കുമെന്നതിന്റെ ഒരു സൂചനയും നാളിതുവരെ ലഭിച്ചിട്ടില്ല.

സാമ്പത്തികരംഗത്തിനെ പുനരുജ്ജീവിപ്പിക്കുന്ന തരത്തില്‍ ഗ്രീസിന് ധനസഹായം നല്‍കുകയാണെന്ന് അന്താരാഷ്ട്ര സാമ്പത്തിക നിധിയും യൂറോപ്യന്‍ യൂണിയനും നടിച്ചെങ്കിലും നേര്‍വിപരീതമായ സംഭവവികാസങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്. വെറും അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍, ദേശീയ വരുമാനവും യഥാര്‍ത്ഥ വേതനനിരക്കും നാലില്‍ ഒന്നായി ചുരുങ്ങുന്ന വിധത്തില്‍ ഗ്രീസിന്റെ സാമ്പത്തികരംഗം തകര്‍ന്ന് താറുമാറായി. ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക ബഹിഷ്‌കരണം എന്നീ സാധ്യതകളിലാണ് രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങളും ഇപ്പോള്‍ ജീവിക്കുകയോ നാളെ ജീവിക്കാന്‍ വിധിക്കപ്പെടുകയോ ചെയ്തിരിക്കുന്നത്.

പുതിയ സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ (austerity measures) എന്ന് ഓമനപ്പേരിട്ട് വിളിക്കപ്പെടുന്ന നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാടുകയും രാജ്യത്തിന്റെ കടബാധ്യതകളില്‍ പുനക്രമീകരണങ്ങള്‍ക്കായി വാദിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ജര്‍മ്മന്‍ ചാന്‍സ്ലര്‍ എയ്ഞ്ചല മേര്‍ക്കല്‍, യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ബ്രസല്‍സിലെ ‘യൂറോക്രാറ്റുകള്‍’, എന്നിവര്‍ മാത്രമല്ല തീര്‍ച്ചയായും ഐഎംഎഫും എതിര്‍പ്പുമായി മുന്‍നിരയില്‍ ഉണ്ടാവും. യൂറോപ്പ് മുഴുവന്‍ വര്‍ദ്ധിച്ച സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ അസ്ഥിരതയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് വേണം അനുമാനിക്കാന്‍. തിരഞ്ഞെടുപ്പിലെ മുന്നണിയുടെ വിജയം അറിഞ്ഞപ്പോള്‍ തന്നെ ഇങ്ങനെ പ്രതികരിച്ച സിറിസിയയുടെ നാല്‍പതുകാരനായ നേതാവ് അലക്‌സിസ് സിപ്രാസിന്റെ ദീര്‍ഘദൃഷ്ടി കാലം വെളിപ്പെടുത്താനിരിക്കുന്നതേയുള്ളു: ‘ഗ്രീക്കുകാര്‍ ചരിത്രം രചിച്ചിരിക്കുന്നു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ ഏകീകരണം സാധ്യമാകാതെ സാമ്പത്തിക ഐക്യം കൊണ്ടുവരാന്‍ ശ്രമിക്കാന്‍ യൂറോയ്ക്ക് ഒരു നാണയം എന്ന നിലയില്‍ സാധിക്കുമോ, അല്ലെങ്കില്‍ കുറഞ്ഞപക്ഷം അങ്ങനെ ആഗ്രഹിക്കുകയെങ്കിലും ചെയ്യാമോ, എന്ന വാദത്തിന് മേല്‍ അതിന്റെ ഭാവി വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഈ പ്രശ്‌നങ്ങളൊന്നും തിടുക്കത്തില്‍ പരിഹരിക്കാന്‍ സാധിക്കില്ല. ഇതിനിടയില്‍, കഴിഞ്ഞ ആറര വര്‍ഷങ്ങള്‍ക്കിടയില്‍ ‘മൂന്നുവട്ടം’ മുങ്ങിയ യൂറോപ്യന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ഡോളറുമായുള്ള യൂറോയുടെ വിനിമയ നിരക്ക് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് നിപതിച്ചിട്ടുണ്ട്. സ്‌പെയിന്‍, ഫ്രാന്‍സ്, നെതര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇടത്, വലത് രാഷ്ട്രീയ കക്ഷികള്‍ കടുത്ത പോരാട്ടത്തിന് കോപ്പുകൂട്ടുകയാണ്.

സമ്പന്നവര്‍ഗ്ഗത്തിനെതിരായ യുവാക്കളുടെ വിപ്ലവത്തിന്റെ ബാക്കി പത്രമാണ് ഗ്രീസിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെന്നാണ് മിക്ക നിരീക്ഷകരും വിലയിരുത്തുന്നത്. ഗ്രീസിലെ പ്രഭുക്കന്മാര്‍, പ്രത്യേകിച്ചും കപ്പല്‍ ഭീമന്മാര്‍, സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരാണ്. ജാക്വലിന്‍ കെന്നഡിയെ വിവാഹം കഴിക്കുകയും ഓപ്പറ ഗായിക മരിയ കല്ലാസിനെ പ്രണയിക്കുകയും ചെയ്ത, ഒരു കാലത്ത് ‘ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായിരുന്ന’ അരിസ്റ്റോട്ടില്‍ ഒനാസിനെ ഓര്‍മ്മയില്ലെ?

മെക്‌സിക്കോക്കാരനായ കാര്‍ലോസ് സ്ലിമ്മാണ് ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും വലിയ പണക്കാരന്‍. അദ്ദേഹം ദിവസം ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.2 കോടി രൂപ) ചിലവഴിക്കാന്‍ തീരുമാനിച്ചാല്‍ പോലും, അദ്ദേഹത്തിന്റെ 80 ബില്യണ്‍ ഡോളറിന്റെ ഭീമാകാരമായ വ്യക്തിഗത ആസ്തി ചിലവഴിച്ച് തീര്‍ക്കാന്‍ 220 വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് ഓക്‌സഫാം കണക്കാക്കുന്നതായി അടുത്ത കാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകത്തിന്റെ ജനസംഖ്യയുടെ പകുതി വരുന്ന ഏറ്റവും ദരിദ്രരായ ജനങ്ങളുടെ മുഴുവന്‍ ആസ്തിക്ക് തുല്യമാണ് ലോകത്തിലെ ഏറ്റവും ധനികരായ 85 ബില്യണയര്‍മാരുടെ വ്യക്തിഗത ആസ്തിയെന്നും അതേ റിപ്പോര്‍ട്ട് പറയുന്നു. 2013 മാര്‍ച്ചിനും 2014 മാര്‍ച്ചിനും ഇടയില്‍ ഇവരുടെ മൊത്തം ആസ്തിയില്‍ ഓരോ മിനിട്ടിലും 668 മില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ് ഉണ്ടായിക്കൊണ്ടിരുന്നത്.

2008 ലെ ധനകാര്യ പ്രതിസന്ധിയിലൂടെ തുടക്കം കുറിച്ച മഹാമാന്ദ്യത്തിന് ശേഷം ഭൂമിയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 2009നും 2014നും ഇടയ്ക്കുള്ള കാലയളവില്‍, നിരവധി സര്‍ക്കാരുകള്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയും ദശലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍രഹിതരാവുകയും ക്ഷേമപദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ മുതല്‍മുടക്കുകള്‍ വെട്ടിക്കുറച്ചതിലൂടെ മറ്റുള്ളവരുടെ യഥാര്‍ത്ഥ വരുമാനത്തില്‍ കുത്തനെയുള്ള ഇടിവ് സംഭവിക്കുകയും ചെയ്തു. ഇന്ത്യയുടെ യാത്ര ഈ ദിശയിലേക്കാവരുത്. നിര്‍ഭാഗ്യവശാല്‍ ഇവിടുത്തെ സര്‍ക്കാരിന്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷ നിയമവും നടപ്പിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ, ആരോഗ്യ ശിശ്രൂഷയ്ക്കും തൊഴില്‍ലസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള മുതല്‍മുടക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിലാണ്.

1980നും 2002നും ഇടയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം ദ്രുതഗതിയില്‍ വര്‍ദ്ധിച്ചതായി ഓക്‌സ്ഫാം റിപ്പോര്‍ട്ട് പറയുന്നു. ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് ഇതിന് നേരിയ രീതിയില്‍ കടിഞ്ഞാണിട്ടത്. എന്നാല്‍ രാജ്യങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള അസമത്വം വര്‍ദ്ധിച്ചതായും, സമ്പന്നരുടെ ദരിദ്രരരും തമ്മിലുള്ള വിടവ് കഴിഞ്ഞ 30 വര്‍ഷത്തിനുള്ളിലുള്ളതിനേക്കാള്‍ വര്‍ദ്ധിച്ച രാജ്യങ്ങളിലാണ് പത്തില്‍ ഏഴുപേരും ജീവിക്കുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

‘നമ്മുടെ കാലത്തെ ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വെല്ലുവിളിയായി മാറുന്ന രീതിയില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെമ്പാടും അസമത്വം വ്യാപിച്ചിട്ടുണ്ട്. ലിംഗപദവി, ജാതി, വര്‍ഗം, മതം-ഓരോന്നിനുള്ളില്‍ തന്നെയുള്ള അനീതികളും- എന്നിവയുടെ അടിസ്ഥാനത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന അസമത്വം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചതോടെ വഷളായിട്ടുണ്ട്,’ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രമായ സമൂഹങ്ങളുടെയുള്ളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഓക്‌സ്ഫാമിന്റെ ദശാബ്ദങ്ങളായുള്ള അനുഭവങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ദാരിദ്ര്യം ഒഴിവാക്കാനാവാത്തതോ അപ്രതീക്ഷിതമോ അല്ല മറിച്ച്, ബോധപൂര്‍വമായ നയതിരഞ്ഞെടുപ്പുകളുടെ ഫലമാണത്. അസമത്വത്തെ തിരിച്ചിടാന്‍ സാധിക്കും.

സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ വച്ച് ഈ റിപ്പോര്‍ട്ട് ലോകത്തിലെ സമ്പന്നര്‍ക്കിടയില്‍ അവതരിപ്പിച്ചപ്പോള്‍, ഇന്ത്യയുടെ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ അവിടെ സന്നിഹിതരായിരുന്ന താപ്പാനകളെല്ലാം ഋഷിതുല്യമായി തലകുലുക്കുകയായിരുന്നു. ബഹുതല ധനകാര്യസ്ഥപനങ്ങളായ ലോക ബാങ്കിന്റെയും ഐഎംഎഫിന്റെയും വമ്പന്മാരും അത് തന്നെ ചെയ്തു. അപകടകരമായ അസമത്വങ്ങള്‍ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുകയും സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ബില്‍ ഗേറ്റ്‌സിനെയും വാറന്‍ ബഫിനെയും പോലുള്ള അതിസമ്പന്നര്‍ ഇടയ്ക്കിടെ സംസാരിക്കും. പക്ഷെ ചെറുതെന്നല്ല ഒരു മാറ്റവും സംഭവിക്കുന്നില്ല. ഓക്‌സ്ഫാം റിപ്പോര്‍ട്ടിനെ വിശ്വസിക്കാമെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

ഭക്ഷ്യ വിലക്കയറ്റം തടയുന്നതില്‍ പരാജയപ്പെട്ട മന്‍മോഹന്‍ സിംഗ് നയിച്ച മുന്‍ സര്‍ക്കാരിന് നേരെയുണ്ടായിരുന്ന സാധാരണ ഇന്ത്യക്കാരന്റെ രോഷവും അമര്‍ഷവും ഇപ്പോള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇന്ത്യ എല്ലാ സമയത്തും വൈരുദ്ധ്യങ്ങളുടെ രാജ്യമായിരുന്നു. ഇവിടെ വരുമാനത്തിലും സമ്പത്തിലുമുള്ള അന്തരം എല്ലാക്കാലത്തും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. സമീപകാലത്ത് ഈ പ്രവണതയ്ക്ക് ആക്കം കൂടിയിട്ടുണ്ട്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായി എന്ന് വാദിക്കുന്നത് വസ്തുതാപരമായ തെറ്റാണ്. എന്നാല്‍ സമീപ കാലങ്ങളില്‍ ദരിദ്രരുടെ യഥാര്‍ത്ഥ വരുമാനത്തില്‍ (പണപ്പെരുപ്പം കൂട്ടിക്കിഴിച്ചതിന് ശേഷം) ഉണ്ടായ വര്‍ദ്ധനയുടെ വേഗതയെക്കാള്‍ വളരെ ദ്രുതഗതിയിലാണ് രാജ്യത്തെ ഉയര്‍ന്ന വര്‍ഗ്ഗക്കാര്‍ അതിസമ്പന്നരായി മാറിയതെന്നത് യഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല.

കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലേറെക്കാലമായി, ‘കമ്പോള മൗലീകവാദവും’ രാഷ്ട്രിയാധികാരം ‘സമ്പന്നര്‍’ ‘പിടിച്ചടക്കിയതും’ ആണ് കടുത്ത സാമ്പത്തിക അസമത്വത്തിന് രാസത്വരകമായി പ്രവര്‍ത്തിച്ചതെന്ന് ഓക്‌സ്‌ഫോം കൃത്യമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചുവരെഴുത്തകള്‍ വായിക്കുന്നതില്‍ ഇന്ത്യയുടെ രാഷ്ട്രിയ നേതൃത്വവും വ്യവസായ ഭീമന്മാരും സ്വാധീനശക്തിയുള്ള ഉദ്യോഗസ്ഥ പ്രഭുക്കളും പരമാനന്ദകരമായ അജ്ഞത പുലര്‍ത്തുന്നു. ഗ്രീസില്‍ നിന്നും അവര്‍ എന്തെങ്കിലും പാഠം പഠിക്കുമോ? സാധ്യത തീരെയില്ല. 

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍