സാമ്പത്തിക പ്രതിസന്ധിയിലാണ്ട് കിടക്കുന്ന ഗ്രീസിന് കൂടുതല്‍ രാജ്യാന്തര വായ്പകള്‍ നല്‍കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഗ്രീസിലെ ജനത തള്ളിക്കളഞ്ഞു. ഇത് യൂറോമേഖലയില്‍ ഗ്രീസിന്റെ ഇടത്തെ പുനര്‍നിവര്‍ചിക്കുകയും യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണമെന്ന വാദിച്ചിരുന്ന ഗ്രീസിലെ ഇടതുപക്ഷ സര്‍ക്കാരിന് അനുകൂലമായി 61.3 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയവര്‍ 38.7 ശതമാനവും ആണ്. യൂറോപ്യന്‍ കേന്ദ്ര ബാങ്കും യൂറോപ്യന്‍ കമ്മീഷനും ഐഎംഎഫും ജൂണ്‍ 25-ന് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമോ എന്ന ചോദ്യമാണ് ഗ്രീസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഹിതപരിശോധനയ്ക്കായി അവതരിപ്പിച്ചത്.
ഹിതപരിശോധനാ ഫലം യൂറോമേഖലയില്‍ നിന്ന് ഗ്രീസിന് പുറത്തേക്കുള്ള വഴി തുറക്കുമെന്ന് ആശങ്കയുണ്ട്. നാളെ യൂറോമേഖലയുടെ ഉച്ചകോടി നടക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ അനീതിയാണെന്നും സാമ്പത്തികമായി സ്വയം പരാജയപ്പെടുത്തുന്നതാണെന്നുമാണ് കഴിഞ്ഞ ജനുവരിയില്‍ അധികാരത്തിലെത്തിയ അലക്‌സി സിപ്രാസിന്റെ നേതൃത്വത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിപ്രായം. വായ്പാ ദാതാക്കളുടെ കടുത്ത ആവശ്യങ്ങളെ തുടര്‍ന്ന് ചര്‍ച്ചകളില്‍ നിന്ന് പുറത്തു കടന്ന അദ്ദേഹം ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുകയായിരുന്നു. ഫലം അദ്ദേഹത്തിന്റെ ഭരണത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ്. എന്നാല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചിട്ടുണ്ട്.
ഗ്രീസ് ഹിതപരിശോധനാ ഫലം വിലയിരുത്തുന്നതിനായി താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ങ്കോയിസ് ഹോളണ്ടെയെ കാണുന്നതിനായി പാരീസിലേക്ക് പോകുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പറഞ്ഞു. ഗ്രീസിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിട്ടുള്ളത് ജര്‍മ്മനിയാണ്. ഗ്രീസിലെ ഹിതപരിശോധനാ ഫലത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ രാവിലെ കനത്ത ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 300-ല്‍ അധികം പോയിന്റിന്റെ വീഴ്ചയാണ് ഉണ്ടായത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഗ്രീസ് പുറത്തായാല്‍ ഇന്ത്യയുടെ എന്‍ജിനീയറിംഗ്, ഫാര്‍മ, വസത്ര കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.