UPDATES

സയന്‍സ്/ടെക്നോളജി

ഭൂമിക്കൊരു നല്ലവാര്‍ത്ത; ഹരിതഗൃഹ വാതകങ്ങള്‍ കുറയുന്നു

Avatar

ജോബി വാറിക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മനുഷ്യനിര്‍മിതമായ ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള മലിനീകരണത്തോത് 2015ല്‍ നേരിയതോതില്‍ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. ഇത് താല്‍ക്കാലികമാകാമെങ്കിലും പ്രോത്സാഹനജനകമാണ്. കാലാവസ്ഥ വ്യതിയാനത്തിനു കാരണമായി കരുതപ്പെടുന്ന മലിനീകരണവസ്തുക്കളുടെ വര്‍ധനയെ പിടിച്ചുനിര്‍ത്താന്‍ ഇതിനാകും.

ലോകം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിരുന്നപ്പോള്‍ ഒഴികെ മറ്റൊരു സമയത്തും ഹരിതഗൃഹ മലിനീകരണത്തില്‍ കുറവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ 2014നെ അപേക്ഷിച്ച് ചൂട് കൂട്ടുന്ന മാലിന്യങ്ങളില്‍ 0.6 ശതമാനം എന്ന കുറവ് ആദ്യത്തേതാണെന്ന് വിശകലനങ്ങള്‍ കാണിക്കുന്നു. സൗരോര്‍ജം, കാറ്റാടിയന്ത്രങ്ങള്‍ എന്നിവയില്‍ കൂടുതല്‍ രാജ്യങ്ങള്‍ നിക്ഷേപം നടത്തുന്നതാണ് ഇതിനു കാരണം. രീതികള്‍ മാറിയാല്‍ അന്തരീക്ഷതാപനം കുറയ്ക്കാനാകുമെന്നതിനു തെളിവായി ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നു.

ചൈന വൈദ്യുതി ഉത്പാദനത്തിന് കല്‍ക്കരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതാണ് കുറവിന് ഏറ്റവും പ്രധാന കാരണം. അമേരിക്ക മുതല്‍ യൂറോപ്പ് വരെയുള്ള രാജ്യങ്ങളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വികിരണം കുറച്ചതായി നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളും സര്‍ക്കാരുകളും പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് ശുദ്ധ ഇന്ധനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതിനാലാണിത്.

‘ഈ പ്രവണത ദീര്‍ഘകാലം നിലനില്‍ക്കുമോ എന്നു പറയാനാകില്ലെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രോത്സാഹനജനകമായ മാറ്റങ്ങള്‍ കാണുന്നുണ്ട്’, റിപ്പോര്‍ട്ടിന്റെ സഹരചയിതാവും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സസ് മേധാവിയുമായ റോബര്‍ട്ട് ജാക്ക്‌സണ്‍ പറയുന്നു.

2015ലെ വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഈ വര്‍ഷം ഫോസില്‍ ഇന്ധന മലിനീകരണത്തിലെ കുറവും പ്രതീക്ഷിക്കാമെന്ന് ജാക്‌സണ്‍ പറയുന്നു.

ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളില്‍ വരും ദശകത്തില്‍ കല്‍ക്കരി, എണ്ണ മലിനീകരണം കൂടാനാണ് സാധ്യത എന്നതിനാല്‍ ഈ വര്‍ഷത്തെ കുറവ് നിലനില്‍ക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു തരുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ ആളുകളുടെ പ്രകൃതി സൗഹാര്‍ദനടപടികള്‍ മൂലം ഈ മലിനീകരണത്തിന്റെ ഫലങ്ങള്‍ കുറയ്ക്കാനാകും.

സൗരോര്‍ജത്തിന്റെയും കാറ്റില്‍നിന്നുള്ള ഊര്‍ജത്തിന്റെയും ഉപയോഗം കൂടുകയാണെങ്കില്‍ ഹരിതഗൃഹ വാതകങ്ങളുടെ ‘പീക്ക് ‘ സമീപ ഭാവിയില്‍ത്തന്നെ കാണാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

‘കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വികിരണത്തില്‍ രണ്ടായിരത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന വളര്‍ച്ചാനിരക്ക് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഇല്ല. ആഗോളതലത്തില്‍ നല്ല സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുപോലും’, റിപ്പോര്‍ട്ട് പറയുന്നു. ‘വളര്‍ച്ച പ്രാപിച്ചതും പ്രാപിക്കുന്നതുമായ ചില സമ്പദ് വ്യവസ്ഥകളിലെ ഊര്‍ജ്ജോപഭോഗത്തിലെ അടിസ്ഥാനമാറ്റങ്ങള്‍ മലിനീകരണം കുറയ്ക്കുന്നതായി കാണാം.’

പാരിസില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് അല്‍പം സന്തോഷം പകരാന്‍ ഈ റിപ്പോര്‍ട്ടിനു കഴിഞ്ഞേക്കും. ഫോസില്‍ ഇന്ധനങ്ങളില്‍നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതു സംബന്ധിച്ച് ഒരു ആഗോളകരാറിനു രൂപം കൊടുക്കാനാണ് കാലാവസ്ഥ ഉച്ചകോടിയില്‍ 190 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ ശ്രമം. ശരാശരിയില്‍ നിന്ന് അന്തരീക്ഷതാപനില രണ്ടു ഡിഗ്രിയിലധികം കൂടാതെ നോക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. താപവികിരണങ്ങളില്‍ കാര്യമായ കുറവു വരുന്നില്ലെങ്കില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും നിലനില്‍ക്കാനാകാത്ത വിധം കടുത്ത കാലാവസ്ഥാ മാറ്റങ്ങളുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തന്നു കഴിഞ്ഞു.

നേച്ചര്‍ ക്ലൈമറ്റ് ചേഞ്ചിന്റെ റിപ്പോര്‍ട്ട് നല്ല വാര്‍ത്തയാണെങ്കിലും പാരിസ് ചര്‍ച്ചകളെ ഇത് സ്വാധീനിക്കില്ലെന്ന് യുഎസ് നയതന്ത്രസംഘത്തലവന്‍ ടോഡ് സ്‌റ്റേണ്‍ പറഞ്ഞു. ‘ഇത്തരമൊരു ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ മുഴുവന്‍ ശ്രദ്ധയും ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിലാണ്’.

കഴിഞ്ഞ ദശകത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ മൂലമുള്ള മലിനീകരണത്തിന്റെ വാര്‍ഷികനിരക്ക് 2.4 ആയിരുന്നു. വടക്കന്‍ ഗോളാര്‍ധത്തില്‍ മിക്കയിടത്തും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 400 പിപിബി (പാര്‍ട്‌സ് പെര്‍ ബില്യണ്‍) ആണെന്ന് യുഎസ്, യുഎന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. വ്യവസായ വിപ്ലവം വരുന്നതിനുമുന്‍പ് 18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇത് 280പിപിബി ആയിരുന്നു.

ഇപ്പോഴത്തെ ചെറു നേട്ടത്തിനു പ്രധാനകാരണം ചൈനയാണ്. കല്‍ക്കരി ഉപയോഗം കുറഞ്ഞതോടെ കാര്‍ബണ്‍ മലിനീകരണത്തില്‍ നാലുശതമാനം കുറവാണു വന്നത്. പ്രകൃതി സൗഹൃദ ഊര്‍ജസ്രോതസുകളില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്ന രാജ്യമാണ് ചൈന. കൂറ്റന്‍ കാറ്റാടിയന്ത്രങ്ങളും സൗരോര്‍ജപ്ലാന്റുകളും ചൈനയിലുണ്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുവേണ്ടി പരമ്പരാഗത ഊര്‍ജസ്രോതസുകളിലും ചൈന നിക്ഷേപം നടത്തുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും മലിനീകരണം കുറഞ്ഞു. യുഎസില്‍ കാര്‍ബണ്‍ മലിനീകരണത്തോതില്‍ 1.4 ശതമാനം കുറവുണ്ട്.

എന്നാല്‍ വൈദ്യുതി ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയില്‍ മലിനീകരണത്തോത് കൂടുകയാണ്. ഇന്നത്തെ നിലയില്‍ ഫോസില്‍ ഇന്ധനങ്ങളില്‍നിന്നുള്ള ഇന്ത്യയുടെ മലിനീകരണം രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ മൊത്തം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേതിനു തുല്യമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വികസ്വരരാജ്യങ്ങളില്‍നിന്നുള്ള മലിനീകരണം തുടരുന്നതിനാല്‍ വികിരണങ്ങള്‍ പരമാവധി നിലയിത്തി താഴേക്കിറങ്ങിത്തുടങ്ങി എന്നു പറയാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടിന്റെ സഹരചയിതാവ് കോറിന്‍ ലെ ക്വെരെ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിലെ ടിന്‍ഡാല്‍ സെന്റര്‍ ഡയറക്ടറാണ് കോറിന്‍.

‘വികസ്വര രാജ്യങ്ങള്‍ ഇപ്പോഴും കല്‍ക്കരിയെയാണ് ഊര്‍ജാവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. വ്യവസായവല്‍കൃത രാജ്യങ്ങളില്‍ ഉണ്ടെന്നു കരുതുന്ന മലിനീകരണക്കുറവാകട്ടെ വളരെ നേരിയതും. കാലാവസ്ഥ സ്ഥിരത നേടണമെങ്കില്‍ മലിനീകരണത്തോത് പൂജ്യത്തിലെത്തണം. ഫോസില്‍ ഇന്ധനങ്ങളിലും വ്യവസായങ്ങളിലും നിന്നുമാത്രം നാം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ഇപ്പോഴും വളരെക്കൂടുതലാണ് – പ്രതിവര്‍ഷം 36 ബില്യണ്‍ ടണ്‍. പൂജ്യത്തിലേക്ക് ഇനിയും വളരെ ദൂരമുണ്ട് ‘, കോറിന്‍ അഭിപ്രായപ്പെടുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍