UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രത്‌ന ഖനനപദ്ധതിയില്‍ നിന്നുള്ള റിയോ ടിന്റോയുടെ പിന്‍മാറ്റം ചൗഹാനേറ്റ തിരിച്ചടി

Avatar

അഴിമുഖം പ്രതിനിധി

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനേറ്റ കനത്ത തിരിച്ചടിയാണ് 2200 കോടി രൂപയുടെ രത്‌ന ഖനന പദ്ധതിയില്‍ നിന്നും ഖനന ഭീമന്‍ റിയോ ടിന്റോയുടെ പിന്‍മാറ്റം. പദ്ധതിക്കു വേണ്ട വിവിധ അനുമതികള്‍ക്കായി ചൗഹാന്‍ നേരിട്ട് നടത്തിയ ഇടപെടലുകള്‍ നേരത്തെ വിവാദമായിരുന്നു. 

ഖനന സാധ്യതകള്‍ പഠിക്കാന്‍ കമ്പനിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും കെന്‍-ബെത്വ നദീ സംയോജന പദ്ധതിക്ക് അന്തിമ രൂപമാകുന്നതു വരെ കാത്തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖനന പദ്ധതി മേഖലയിലെ നിബിഢ വനപ്രദശങ്ങള്‍ക്കും പന്ന കടുവാ സങ്കേതത്തിനും നൗറദേഹി വന്യജീവി സങ്കേതത്തിനുമിടയിലെ കടുവാ ഇടനാഴിക്കും തകര്‍ച്ചാ ഭീഷണിയാകുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ അനുമതി തടഞ്ഞു വയ്ക്കുകയായിരുന്നു.

‘ധന നീക്കിയിരുപ്പിലൂടെയും ചെലവ് ചുരുക്കല്‍ നടപടികളിലൂടെയും ഓഹരി മൂല്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ബന്ദര്‍ പദ്ധതി വികസനവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് റിയോ ടിന്റൊ തീരുമാനിച്ചു. ഇതുപ്രകാരം 2016 അവസാനത്തോടെ പദ്ധതി സംബന്ധിച്ച എല്ലാ നീക്കങ്ങളും അവസാനിപ്പിക്കും,’ റിയോ ടിന്റോ എക്‌സപ്ലോറേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കമ്പനി ഇതിനകം തന്നെ 400 കോടി രൂപ നിക്ഷേപമിറക്കുകയും 300-ല്‍ ഏറെ പേരെ പദ്ധതി പ്രദേശത്ത് വിവിധ ജോലികള്‍ക്കായി നിയമിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി അറിയിച്ചു.

ഖനനം തുടങ്ങിയാല്‍ 2,058 കോടി രൂപയുടെ വരുമാനവും നികുതി, റോയല്‍റ്റി ഇനങ്ങളിലായി 208 കോടിയും സര്‍ക്കാരിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. സര്‍ക്കാര്‍ രേഖകള്‍ പറയുന്നത് പദ്ധതി പ്രദേശത്തു നിന്ന് 34.2 ദശലക്ഷം കാരറ്റ് രത്‌നം ഖനനം ചെയ്‌തെടുക്കാമെന്നാണ്. ഇവിടെ കിംബര്‍ലൈറ്റ് അയിരിന്റെ 53.7 ദശലക്ഷം ടണ്‍ നിക്ഷേപമാണുള്ളത്. രത്‌നം അടങ്ങിയ പാറക്കെട്ടുകളാണ് കിംബര്‍ലൈറ്റ്. ബന്ദറിലെ രത്‌ന നിക്ഷേപം ഉയര്‍ന്ന ഗുണനിലവാരമുള്ള ഒരു കണ്ടെത്തലാണെന്നും പദ്ധതി വികസനത്തിനായി മറ്റൊരു കമ്പനിയെ തേടുകയാണെങ്കില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ സഹായിക്കാന്‍ സന്നദ്ധരാണെന്നും റിയോ ടിന്റോ അറിയിച്ചിട്ടുണ്ട്.

ഛതര്‍പൂരിലെ ബന്ദര്‍ മേഖലയില്‍ രത്‌ന ഖനനത്തിനുവേണ്ടിയുള്ള ഭൂപ്രദേശ പരിശോധനാ അനുമതി 2004-ലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ റിയോ ടിന്റോയ്ക്ക് നല്‍കിയത്. തുടര്‍ന്ന് 2010-ല്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ കമ്പനിയുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. തുടര്‍ന്ന് 2012-ല്‍ 30 വര്‍ഷത്തെ പാട്ടം കമ്പനിക്കു നല്‍കാനുള്ള ഉദ്ദേശ്യപത്രം ഇറക്കുകയും പദ്ധതിക്ക് 2013-ല്‍ ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈനിംഗ് അനുമതി നല്‍കുകയും ചെയ്തു. 2014 മുതല്‍ പദ്ധതി വനം വകുപ്പിന്റെ അനുമതിയും കാത്ത് കഴിയുകയായിരുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍
മധ്യപ്രദേശിലെ ഛതര്‍പൂര്‍ മേഖലയിലെ 971 ഹെക്ടര്‍ വനഭൂമിയാണ് പദ്ധതിക്കു വേണ്ടി വെട്ടിത്തെളിക്കാനിരുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അഞ്ച് ലക്ഷത്തോളം മരങ്ങള്‍ വെട്ടിമുറിച്ചു വേണം രത്‌ന ഖനനം തുടങ്ങാന്‍. പന്ന കടുവാ സങ്കേതത്തിനു ചുറ്റുമുള്ള കടുവകളുടെ സഞ്ചാരവും ആവാസവും പദ്ധതി തകിടം മറിക്കുമെന്ന് ജൂലൈയില്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കടുവാ സങ്കേതങ്ങളിലൊന്നായ പ്രദേശത്ത് ഇത്തരമൊരു ഖനന പദ്ധതി വലിയ പാരിസ്ഥിതികാഘാതത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ചില്‍ ഇക്കാര്യം പരിഗണിച്ച പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റിയും അനുമതി നിഷേധിച്ചിരുന്നു.

കെന്‍-ബെത്വ നദീ സംയോജന പദ്ധതിയുടെ പേരില്‍ പന്ന കുടവാ സങ്കേതം ഇപ്പോള്‍ തന്നെ തകര്‍ച്ചാ ഭീഷണിയിലാണ്. ഈ പദ്ധതിയും വനം മന്ത്രാലയത്തിന്റെ അനുമതി കാത്തു കഴിയുന്നു. ഇതു നടപ്പിലാകുകയാണെങ്കില്‍ കടുവാ സങ്കേതത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിലാകും. 2,226 കടുവകളുള്ള ഇന്ത്യയിലാണ് ലോകത്തെ മൊത്തം കടുവകളുടെ 60 ശതമാനവും ഉള്ളത്. ഈ കടുവകളുടെ സഞ്ചാര, കുടിയേറ്റ ഇടനാഴികളെ സംരക്ഷിക്കുന്നതിലൂടെ മാത്രമെ വിജയകരമായ കടുവാ സങ്കേത സംരക്ഷണം സാധ്യമാകൂവെന്നും പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍