UPDATES

ഒരു ഷോപ്പിംഗ് കോംപ്ലെക്സ് കൃഷിത്തോട്ടമാക്കിയ മായാജാലം

Avatar

ഉണ്ണികൃഷ്ണന്‍.വി

തിരുവനന്തപുരം നഗരത്തിന്‍റെ ഒത്ത നടുക്കുള്ള സ്പെന്‍സര്‍ ജംഗ്ഷനിലെ അന്നാസ് ആര്‍ക്കേഡിന്‍റെ നാലാം നില. അവിടെയുള്ള  അന്നാസ്‌ റെസ്റ്റോറന്റിന്‍റെ വാതില്‍ തുറന്ന് അകത്തേക്കു പ്രവേശിക്കുന്നവരുടെ കണ്ണില്‍ ആദ്യമുടക്കുക മേശപ്പുറത്തിരിക്കുന്ന പച്ചക്കറികളും പഴങ്ങളുമാവും

അലങ്കാരത്തിനു വേണ്ടി വച്ചിരിക്കുന്നതാണെന്ന് കരുതി  അവഗണിക്കാന്‍  വരട്ടെ, അതിനു തൊട്ടടുത്തു തന്നെ ഓര്‍ഗാനിക് ഫ്രൂട്സ് വെജിറ്റബിള്‍സ് എന്നു ചെറിയ ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കാന്‍ അത്ര പ്രയാസമില്ലാത്ത ഇക്കാലത്ത് അതിലെന്താണ് ഇത്ര കൌതുകം എന്നു തോന്നുന്നുണ്ടാവും. ആ സംശയം മാറാന്‍ മേശപ്പുറത്തിരിക്കുന്ന പച്ചക്കറികളും റെസ്റ്റോറന്‍റ്റില്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ എവിടുന്നെന്നരിഞ്ഞാമതി. 

ഏത് ഫാമില്‍ നിന്നുള്ള പച്ചക്കറിയാണ് എന്ന് ചോദിക്കുമ്പോള്‍  അവിടെയുള്ള ജോലിക്കാര്‍ മുകളിലേക്ക് വിരല്‍ ചൂണ്ടും,  ഒരേസമയം 45 പേര്‍ക്കോളം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള  റെസ്റ്റോറന്‍റിലേക്കുള്ള പച്ചക്കറികളും അത്യാവശ്യം ഔഷധസസ്യങ്ങളും പഴങ്ങളുമൊക്കെ കൃഷി ചെയ്യുന്ന ടെറസ്സിലെ ഫാമിലേക്കാണ്ഫാം ആ വിരലുകള്‍ നീളുന്നത്. വെറും ഫാമല്ല,  നൂറു ശതമാനം വിഷരഹിത ജൈവ പച്ചക്കറികള്‍ മാത്രം കൃഷി ചെയുന്ന ഫാം എന്ന് എടുത്തു പറഞ്ഞാലേ ശരിയാവൂ.

കൂടുതല്‍ അറിയണമെങ്കില്‍ മൂന്നാം നിലയിലുള്ള അന്നാസ്‌ ആര്‍ക്കേഡിന്‍റെ ഓഫീസില്‍ പോവേണ്ടി വരും. ഓഫീസിലെ ഒരു ചെറിയ ക്യാബിനില്‍ എംഡി തോമസ്‌ വര്‍ഗ്ഗീസ് ഉണ്ടാവും. അദ്ദേഹത്തെ കണ്ടനുവാദം വാങ്ങിയാലേ 12000 ചതുരശ്ര അടി വിസ്തൃതിയുള്ള ആറു നില കെട്ടിടത്തിന്‍റെ മുകളിലുള്ള തോട്ടം കാണാന്‍ പറ്റൂ.

പന്ത്രണ്ടായിരം സ്ക്വയര്‍ഫീറ്റിലെ വിസ്മയം
ചേമ്പ്, ചേന, കപ്പ, വെണ്ടയ്ക്ക, പാവയ്ക്ക, കോവയ്ക്ക, തക്കാളി, പയര്‍, തടിയന്‍കായ, ചീര, മുരിങ്ങ, പലതരം മുളകുകള്‍, ഇഞ്ചി, മഞ്ഞള്‍, കൂവരക്,  എന്നിങ്ങനെ ലിസ്റ്റ് നീളും. സീസണല്‍ ആയി കാബേജും കോളിഫ്ലവറും.  അതില്‍ തക്കാളിയും ചീരയും തന്നെയുണ്ട് പല വെറൈറ്റികള്‍. .ഓസ്ട്രേലിയയില്‍ നിന്നുള്ള ചെറി തക്കാളിയും പലയിടത്തു നിന്നായി കൊണ്ടുവന്ന മറ്റിനം തക്കാളികളും പ്രത്യേകം സ്ഥലം തിരിച്ചു തന്നെ ഇവിടെയുണ്ട്. കൂടാതെ കാട് പോലെ നിറഞ്ഞു നില്‍ക്കുന്ന കറിവേപ്പ്, പുതീന എന്നിവയും.

ബംഗളൂരുവില്‍ മാത്രം കണ്ടു വരാറുള്ള ഒരുതരം ചീരയും കേരളത്തില്‍ കണ്ടു വരാറുള്ള അഗസ്ത്യ ചീരയും ഈ മട്ടുപ്പാവ് കൃഷിയുടെ ഭാഗമാണ് കൂടാതെ . അടി തൊട്ടു മുടി വരെ കറി വയ്ക്കാന്‍ ഉപയോഗിക്കാവുന്ന ചേമ്പ് എന്നിങ്ങനെ പ്രത്യേകതയുള്ളവ വേറെയും. അമ്പഴം, പപ്പായ, പാഷന്‍ഫ്രൂട്സ്, മിനിയേച്ചര്‍ ഓറഞ്ച്, പുളി, പൈനാപ്പിള്‍ എന്നിങ്ങനെ പഴവര്‍ഗ്ഗങ്ങളും. നറുനീണ്ടി, ശതാവരി, നീലയമരി പോലെയുള്ള ഔഷധസസ്യങ്ങള്‍ പോലും ഈ മട്ടുപ്പാവ് കൃഷിയുടെ ഭാഗമായി വളര്‍ത്തുന്നുണ്ട്. താഴെ റെസ്റ്റോറന്റില്‍ നറുനീണ്ടിയടക്കമുള്ളവ  ജ്യൂസ് ആയി നല്‍കുന്നുമുണ്ട്, മിതമായ വിലയില്‍.     

2005ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അന്ന് മുതല്‍ അന്നാസ്‌ ആര്‍ക്കേഡിന്‍റെ മട്ടുപ്പാവില്‍ ഈ കൃഷികള്‍ നടക്കുന്നുണ്ട്.കേരളം ജൈവ പച്ചക്കറികളെക്കുറിച്ച് കാര്യമായി പഠിച്ചു തുടങ്ങുന്നതിനു മുന്‍പേ നടപ്പിലാക്കിയ  ജൈവകൃഷിയെക്കുറിച്ച് എംഡി തോമസ്‌ വര്‍ഗ്ഗീസ് പറയുന്നു . 

‘എല്ലാവര്‍ക്കും വിഷമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കുക എന്നുള്ളത്‌ ഒരു വ്യക്തി എന്ന നിലയില്‍ ശ്രമകരമാണ്. റെസ്റ്റോറന്റില്‍ എത്തുന്നവര്‍ക്കെങ്കിലും അതു നല്‍കണം എന്ന് തോന്നി. അങ്ങനെയാണ് മട്ടുപ്പാവിലെ കൃഷി  തുടങ്ങിയത്. ഇപ്പോള്‍ ഇവിടത്തെ ഉപയോഗം കഴിഞ്ഞു വീട്ടിലേക്കു കൂടിയുള്ള പച്ചക്കറികളും പഴങ്ങളും വിളവെടുക്കാന്‍ കഴിയുന്നുണ്ട്. പത്തു വര്‍ഷം മുന്‍പാണ് അന്നാസ് ആര്‍ക്കേഡ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്. കോണ്ട്രാക്ടര്‍മാരെ ചുമതലപ്പെടുത്താതെ നേരിട്ടു തന്നെ നിര്‍മ്മാണം നടത്തിയത് കൊണ്ടാണ് ടെറസിലെ കൃഷി ധൈര്യമായി ചെയ്തത്. അല്ലെങ്കില്‍ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വന്നേനെ. ഇതുവരെ ചോര്‍ച്ചയോ മറ്റു പ്രശ്നങ്ങളോ നേരിട്ടിട്ടില്ല.’

പല തരത്തിലുള്ള പൂച്ചെടികള്‍, അലങ്കാര ചെടികള്‍, ബോണ്‍സായ് വൃക്ഷങ്ങള്‍ എന്നിങ്ങനെ അന്നാസ്‌ ആര്‍കേഡിന്‍റെ മട്ടുപ്പാവ് കളര്‍ഫുള്‍ ആണ്. ചില പൂച്ചെടികള്‍ ആറടിക്കുമേലെ ഉയരമുള്ളവ, മറ്റു ചിലവയുടെ കൂട്ടം മട്ടുപ്പാവില്‍ പലനിറങ്ങലുള്ള പരവതാനി വിരിച്ചത് പോലെ. പന്ത്രണ്ടായിരം ചതുരശ്ര അടിയില്‍ നടക്കാന്‍ വഴിയായി ഇട്ടിട്ടുള്ള സ്ഥലത്തു മാത്രമാണ് തറയില്‍  സിമന്‍റ് നമുക്ക് കാണാന്‍ കഴിയുക. മറ്റുള്ളയിടങ്ങളില്‍ മണ്ണും ചിലയിടത്ത് ഇലകളും മാറ്റി നോക്കേണ്ടി വരും തറ കാണണമെങ്കില്‍.

മട്ടുപ്പാവിലെ മണ്ണിരക്കമ്പോസ്റ്റും ബയോഗ്യാസ് പ്ലാന്റും
ഉപയോഗശൂന്യമായ ടയറുകള്‍, പ്ലാസ്റ്റിക് ബാരലുകള്‍ എന്നിങ്ങനെയുള്ള വസ്തുക്കളിലാണ് കൂടുതലായും ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. സാധാരണ മട്ടുപ്പാവിലെ കൃഷിയില്‍ വ്യാപകമായി ഉപയോഗിച്ചു വരാറുള്ള പ്ലാസ്റിക് ചാക്കുകള്‍ വിരളമായി മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്

ഇവിടത്തെ കൃഷിയുടെ വേറൊരു പ്രത്യേകത കൃഷിയ്ക്കാവശ്യമായ ജൈവവളം ഇവിടെത്തന്നെ നിര്‍മ്മിക്കുന്നുവെന്നുള്ളതാണ്. മട്ടുപ്പാവിലെ മണ്ണിരകമ്പോസ്റ്റ് ആണ് പ്രധാനമായി ഉപയോഗിക്കുക. കൂടാതെ ഒരു ബയോഗ്യാസ് പ്ലാന്റു കൂടി മട്ടുപ്പാവിലുണ്ട്. പ്ലാന്റില്‍ നിന്നുള്ള ദ്രാവകരൂപത്തിലുള്ള വളം കൂടി ഇവിടെ ഉപയോഗിക്കുന്നു. എല്ലാത്തിനും പുറമേ ഒരു പുകയില്ലാത്ത അടുപ്പ് കൂടി മട്ടുപ്പാവിലുണ്ട്, കുടിക്കാനുള്ള വെള്ളം തിളപ്പിക്കുന്നത് അതിലാണ്. അതില്‍ നിന്നുള്ള ചാരവും ഇവിടെ വളമായി മാറുന്നു.

തിരുവന്തപുരം സ്വദേശിയായ ഗീതയാണ് ഇതിന്‍റെ കെയര്‍ ടേക്കര്‍. തോമസ്‌ മാത്യുവിന്‍റെ പ്ലാനുകള്‍ .വിജയകരമായി നടപ്പാക്കുന്നത് ഗീതയാണ്. പുതിയതായി കൊണ്ട് വരുന്ന തൈകള്‍ നടുന്നത് മുതല്‍ വളത്തിന്‍റെ കാര്യങ്ങള്‍, വിളവെടുപ്പ്‌ വരെ അവരുടെ കൈകളില്‍ ഭദ്രമാണ്. സഹായത്തിനായി ഒരു ഉത്തരേന്ത്യന്‍ ചെറുപ്പക്കാരനുമുണ്ട്.

പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന അകത്തളം
അന്നാസ്‌ ആര്‍ക്കേഡിന്റെ ഗ്രീനിഷ് ഇന്റിരിയരിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഗ്രൌണ്ട് ഫ്ലോറിന്‍റെ പ്രധാന കവാടം മുതല്‍ ആരംഭിക്കുന്ന പച്ചപ്പ്‌ അവസാനിക്കുന്നത്‌ മട്ടുപ്പാവിലാണ്. ഓരോ നിലയുടെയും അതിര് തിരിക്കുന്നത് ചെടികള്‍. ചില നിലകളില്‍ നിന്നും താഴേക്ക് വള്ളികള്‍ പടര്‍ന്നു കിടക്കുന്നത് കാണാം അതിലൊക്കെ ഭംഗിയുള്ള പൂക്കളും. പലതും നട്ടിരിക്കുന്നത് പ്രത്യേകമായുണ്ടാക്കിയ ടര്‍ഫിലാണ്. പക്ഷേ സാധാരണയായി അകത്തു ചെടികള്‍ വയ്ക്കുന്നതിന്റെ അടിയില്‍ പായല്‍ പിടിക്കുകയോ ചോര്‍ച്ചയോ സംഭവിക്കാറുണ്ട്, എന്നാല്‍ ഇവിടെ അങ്ങനെയൊന്നു കാണാന്‍ കൂടിയില്ല. പത്ത് വര്‍ഷമായി ഒരിക്കല്‍ പോലും ചെടികള്‍ ഇരിക്കുന്നത് കൊണ്ട് തങ്ങള്‍ക്കു ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഇവിടത്തെ ഷോപ്പുടമകളും വ്യക്തമാക്കുന്നു.

 
ഒരു സാധാരണ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് കാലെടുത്തു വയ്ക്കുന്നവരുടെ അനുഭവമല്ല ഇവിടെ വരുമ്പോള്‍ ലഭിക്കൂന്നതെന്നു യൂണിവെഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അശ്വിന്‍ പറയുന്നു. ഇവിടത്തെ അറ്റ്മോസ്ഫിയര്‍ മറ്റുള്ളയിടങ്ങളെ അപേക്ഷിച്ച് ഒരു പ്ലസന്റ്റ് മൂഡാണെന്നാണ് ഇവിടെ അടിക്കടി വരാറുള്ള അശ്വിന്റെ കമന്റ്.  

അന്നാസ്‌ ആര്‍ക്കേഡിന്‍റെ ഏറ്റവും മുകളിലത്തെ നില നോഹയുടെ പേടകത്തിന്റെ ഒരു മിനിയേച്ചര്‍ പതിപ്പ് എന്നുതന്നെ പറയേണ്ടിവരും.  കാരണം ഇവിടെ എല്ലാ ജന്തുജാലങ്ങള്‍ക്കും പ്രവേശനമുണ്ട്. വംശനാശത്തിന്‍റെ വക്കിലെത്തിയ അങ്ങാടിക്കുരുവികള്‍ മറ്റു പലതരം പക്ഷികള്‍, അണ്ണാന്‍ പോലെയുള്ള ചെറു ജീവികള്‍ എന്നിവയ്ക്കും ഇവിടം സ്വര്‍ഗ്ഗമാണ്. ലോകാവസാനം വരുമ്പോ ഉപയോഗിക്കാനുള്ള പേടകമല്ല എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍