UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

മുതലാളിമാർക്കായി ഗ്രീൻപീസിനെ കൊല്ലുമ്പോൾ

ഗ്രീൻ പീസ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്ന പേരിലാണ്‌ നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതൊരുതരത്തിൽ പൊതുരംഗത്തുള്ള എൻ ജി ഓകൾക്കുള്ള നിർദ്ദേശമാണ്‌. വാമൂടികെട്ടിയിരുന്നുകൊള്ളുക, കൊള്ളയടിക്കാനുള്ളതെല്ലാം ഞങ്ങൾ ചെയ്യും, എതിർത്താൽ നിങ്ങളെ നിരോധിച്ചുകളയും എന്ന മുന്നറിയിപ്പാണിത്. ഗ്രീൻപീസ് ഇത്ര നാളായി എതിർക്കുന്നതെന്തിനെയൊക്കെയെന്ന് സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ അഞ്ച് വർഷമായി ഇവരുടെ പ്രവൃത്തികൾ കുത്തക വിപണിക്ക് തീരെ സഹിക്കുന്നില്ല എന്നു മനസ്സിലാക്കാം. മന്മോഹൻ സിങ്ങ് മന്ത്രിസഭയുടെ സമയത്ത് എഴുന്നൂറോളം എൻ ജി ഓകളെ, ഏറിയപങ്കും ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്നവയെ, നിരോധിച്ചിരുന്നു. അതിന്റെ ഉദ്ദേശ്യം കൊള്ളയടിക്കാനുള്ള സ്ഥലത്ത് നിന്നും എതിർപ്പുകൾ ഉയരരുത് എന്നത് മാത്രമാണ്‌. അതിനു നിദാനമായത് കൂടങ്കുളം ആണവ നിലയത്തിനെതിരെ ജനരോഷമുയർന്നതിനുപിന്നിൽ എൻ ജി ഓകൾ ആയിരുന്നുവെന്ന വസ്തുതയായിരുന്നു.

കോൺഗ്രസ്സ് മന്ത്രിസഭയുടെ സമയത്ത് വീരപ്പ മൊയ്‌ലി അന്തക വിത്തുകളെ രാജ്യം മുഴുവൻ വിതറിയതിനെതിരെ തിരിഞ്ഞപ്പോൾ മുതൽ ഗ്രീൻ പീസ് സാമ്പത്തിക വളർച്ചയെ തടയുന്നു എന്ന ഒരു ഇണ്ടാസ് ഇന്റലിജൻസുകാരെക്കൊണ്ട് നിർമ്മിച്ച് രഹസ്യാന്വേഷണ റിപ്പോർട്ട് പത്രങ്ങളിലൂടെ മുന്നറിയിപ്പായി നല്കിയപ്പോഴേ തോന്നിയിരുന്നു ഇതൊരു ഒതുക്കൽ തന്ത്രമാണെന്ന്. മദ്ധ്യപ്രദേശിലെ മഹാൻ കാടുകൾ കുത്തക കമ്പനികൾക്ക് കല്ക്കരിക്കൊള്ളയ്ക്ക് വിട്ടുനല്കാതെ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിച്ചതിനും അതിനു നേതൃത്വം നല്കിയ പ്രിയാ പിള്ളയെ ലണ്ടനിൽ നടന്ന ഈ വിഷയം അവതരിപ്പിക്കേണ്ട മീറ്റിങ്ങിൽ പങ്കെടുക്കാനാവാതെ നോൺ ഫ്ളൈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതും പാസ്പോർട്ടിൽ അത് സീൽ ചെയ്തു കരിമ്പട്ടികയിൽ പെടുത്തിയതും ഒക്കെ ഒരു മുന്നറിയിപ്പാണ്‌. തങ്ങൾക്കിഷ്ടമില്ലാത്തവരെ എങ്ങനെയും തകർക്കും എന്ന തരംതാണ കളി സർക്കാർ കൈക്കൊണ്ടെങ്കിലും കോടതി അത് സമ്മതിച്ചില്ല. കേന്ദ്ര സർക്കാരിന്റെ ആ രണ്ട് പക കലർന്ന വിവരക്കേടുകളും നീക്കണം എന്നു കോടതി ഉത്തരവിട്ടു.

ഗ്രീൻ പീസ് അടുത്തകാലത്തായി നമ്മുടെ പ്രകൃതി സംരക്ഷണ വിഷയങ്ങളിൽ നല്ല പ്രവർത്തനം കാഴ്ചവെച്ചിരുന്നു. അത് പലപ്പോഴും കൊള്ളുന്നത് ഗവണ്മെന്റ് കുത്തക കൂട്ടുകെട്ടിന്റെ വമ്പൻ പ്രോജക്ടുകൾക്ക് മേലായിരിക്കും അതുകൊണ്ട് തന്നെ ഇവരെയും ഇത്തരം ജോലി ചെയ്യുന്ന മറ്റു സംഘടനകളെയും ഇവിടെ നിന്നും കെട്ടുകെട്ടിക്കും എന്ന ഒരു തിട്ടൂരമാണ്‌ ഈ കാണുന്ന സാമ്പത്തിക നിരോധനത്തിനു പിന്നിൽ. ഇതൊക്കെ ചെയ്യുമ്പോഴും മതപരിവർത്തനത്തിനും മത പ്രചാരണത്തിനും വേണ്ടി മാത്രം രൂപീകരിക്കപ്പെട്ട നൂറുകണക്കിനു എൻ ജി ഓകൾ ആദിവാസി മേഖലകളിലുണ്ട്. അവയിൽ ഒരു സംഘടനയെപ്പോലും ഇതിൽ പെടുത്തി നിരോധിച്ചിട്ടില്ല എന്നതും വളരെ ചിന്തനീയമായ വസ്തുതയാണ്‌. മതപ്രചാരകർ ഒരിടത്തും ഗവണ്മെന്റുമായി ഏറ്റുമുട്ടാറില്ല. കിട്ടുന്ന പ്രോജക്ടുകൾ ഏറ്റുവാങ്ങി തങ്ങളുടെ ബാങ്ക് ബാലൻസ് വർധിപ്പിക്കാനും ഒപ്പം നടക്കാനുള്ള അടിമകളെ യഥേഷ്ടം സൃഷ്ടിക്കാനും അവർക്ക് അവസരം ലഭിക്കുന്നുണ്ട് എന്നതു തന്നെ കാരണം. ഗവണ്മെന്റിന്റെ നെറികേടുകൾക്കെതിരെ ശബ്ദിക്കുന്നവരെ മുളയിലേ നുള്ളുക എന്നതു മാത്രമാണ് പരിസ്ഥിതി സംഘടനകളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ അവർ ലക്ഷ്യമിടുന്നത് എന്നു വ്യക്തം.

പരിസ്ഥിതി സംഘടനകൾ എങ്ങനെയാണ്‌ രാജ്യ സാമ്പത്തിക താല്പര്യം മുൻ നിർത്തി പ്രവർത്തിക്കുക എന്നത് ഒരു ഗവേഷണ വിഷയമാക്കി തിരഞ്ഞെടുക്കാവുന്നതാണ്‌. ലോകത്ത് രണ്ടാമത് കിട്ടാൻ പ്രയാസമുള്ള നിരവധി സ്രോതസ്സുകളുണ്ട്. മലയിലെ പാറപൊട്ടിക്കലും കല്ക്കരി ഖനനവും ഒക്കെ തിരിച്ചുപിടിക്കാൻ തീരെ സാദ്ധ്യമല്ലാത്തവയാണ്‌. മലയെ പുനർ നിർമ്മിക്കാനാവില്ല. ഖനനം ചെയ്തെടുക്കുന്ന പലതും ലക്ഷക്കണക്കിനു വർഷം കൊണ്ട് ഭൂമിയിൽ രൂപപ്പെട്ടവയാണ് താനും. വീണ്ടും അത്തരം വിഭവങ്ങളുണ്ടാവാൻ ഒരു കാടുപോലും ബാക്കി വെയ്ക്കാൻ ഉദ്ദേശമില്ലാത്ത വികസന പ്രേമികളാണ്‌ പരിസ്ഥിതി സംഘടനകളെ സാമ്പത്തിക വളർച്ചയ്ക്ക് തുരങ്കം വെയ്ക്കുന്നതെന്ന പേരിൽ നിരോധിക്കുന്നത്. ഗവണ്മെന്റ് ഈ പറയുന്ന വികസനം മുഴുവൻ ജനങ്ങളുടേതല്ല, മറിച്ച് ഏതാനും കുത്തക മുതലാളിമാരുടെ ആവശ്യങ്ങളാണ് എന്നതാണ് ഇതിലെ മറ്റൊരു പരിഹാസ്യത. ഏറിയാൽ ഒരു കൂടംകുളംമാത്രമുണ്ടാകും ഗവണ്മെന്റ് പ്രോജക്‍ടായി. ബാക്കിയൊക്കെ സ്വകാര്യ കുത്തക മുതലാളിമാരാണ്‌ നിയന്ത്രിക്കുന്നത്. അവരുടെ സാമ്പത്തിക വളർച്ചയെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയായി തെറ്റിദ്ധരിപ്പിക്കുന്നത് കുടില തന്ത്രമാണ്‌. ഗ്രീൻ പീസ് പോലുള്ള പരിസ്ഥിതി സംഘടനകളുടെ ജാഗരൂകമായ കണ്ണുകളെ 20-ഓളം വരുന്ന മുതലാളിമാർക്ക് വേണ്ടി തല്ലിക്കെടുത്തേണ്ടത് അവരുടെ പിണിയാളുകളായി മാറിയ സർക്കാരിന്റെ ബാധ്യതയാണ്‌. എന്നു വെച്ചാൽ ഭാരതത്തിലെ സമ്പത്തിന്റെ എൺപത് ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്ന വിരലിലെണ്ണാവുന്ന കോടീശ്വരന്മാർക്ക് വിടുവേല ചെയ്യുവാനായി പരിസ്ഥിതി സംഘടനകളുൾപ്പെടുന്ന ഏതു എതിർപ്പുകളെയും അടിച്ചമർത്തും എന്നാണ്‌ ഗവണ്മെന്റ് കരുതുന്നത്. ഒരു പക്ഷെ ഒരു പ്രാവശ്യം അത് വിജയിക്കുമായിരിക്കും. അത് ആവർത്തിക്കുമെന്നു കരുതാൻ പ്രയാസം. ജനാധിപത്യമെന്നാൽ അടിസ്ഥാനപരമായി വോട്ടാണല്ലോ. നിരന്തര വഞ്ചനയെ ആരും പൊറുത്ത ചരിത്രമില്ല.  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍