UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിസ്ഥിതി പ്രവര്‍ത്തകയാണോ? എങ്കില്‍ രാജ്യം വിടരുത്; മോദി രാജ്യത്തെ പുതിയ നടപടിക്രമങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

മലയാളിയും ഗ്രീന്‍ പീസ് ഇന്ത്യ പ്രവര്‍ത്തകയുമായ പ്രിയ പിള്ളയെ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചു. പ്രിയയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് രാജ്യം വിട്ട് പോകാതിരിക്കാന്‍ അവരെ തടഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം നിയമസാധുതയുള്ള വിസയുമായി യാത്ര ചെയ്യാനെത്തിയ വ്യക്തിയെ ഇത്തരത്തില്‍ തടഞ്ഞതിലൂടെ ഭരണകൂടത്തിന്റെ ഏകാധിപത്യ സ്വഭാവമാണ് വെളിവായതെന്ന് ഗ്രീന്‍ പീസ് ആരോപിച്ചു. തങ്ങളുടെ മുതിര്‍ന്ന പ്രവര്‍ത്തകയായ പ്രിയ, ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ ആഭിമുഖ്യത്തില്‍, ആദിവാസി സമൂഹത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകാനാണ് വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അവരെ തടയുകയും പ്രിയയുടെ പാസ്‌പോര്‍ട്ടില്‍ ഓഫ്‌ലോഡ് എന്ന് പതിക്കുകയുമായിരുന്നുവെന്ന് ഗ്രീന്‍പീസ് വൃത്തങ്ങള്‍ പറഞ്ഞു.

‘നടന്ന സംഭവം എന്നെ ഞെട്ടിക്കുന്നതും  ദുഃഖിപ്പിക്കുന്നതുമാണ്. ഇന്ന് എന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമേല്‍ കയ്യേറ്റം നടത്തുകയും എന്നെയൊരു കുറ്റവാളിയെപ്പോലെ പരിഗണിക്കുകയമാണ് അവര്‍ ചെയ്തിരിക്കുന്നത്’.- പ്രിയ പിള്ള പറഞ്ഞു.

ആദിവാസി സമൂഹത്തിന്റെ അവകാശത്തിനുവേണ്ടി മധ്യപ്രദേശിലെ മാഹനില്‍ നടത്തിയ പ്രതിഷേധ റാലിക്കിടയില്‍ അതിക്രമിച്ചു കയറി എന്ന കുറ്റം തനിക്കുമേല്‍ ചുമത്തപ്പെട്ടിട്ടുണ്ടെന്നും പ്രിയ വ്യക്താക്കി.

പ്രിയയെ തടഞ്ഞതുമായി ബന്ധപ്പെട്ട്  ഗ്രീന്‍ പീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടു പരാതി എഴുതി നല്‍കിയെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ മന്ത്രാലയം തയ്യാറായിട്ടില്ല. പോലീസ് അന്വേഷിക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുന്നത്. ഈ നോട്ടീസ് നിലവില്‍ പ്രിയ പിള്ളയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളതിനാലാണ് അവരെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കാത്തതെന്നാണ് ഓദ്യോഗിക തലത്തില്‍ നിന്നുള്ള അറിയിപ്പ്.

ഇന്നത്തെ സംഭവം നടക്കുന്നതിന് നാല് മാസം മുമ്പ് യു കെ സ്വദേശിനിയായ ഗ്രീന്‍പീസ് പ്രവര്‍ത്തകയെ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ ലണ്ടനിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു.

മോദി ഗവണ്‍മെന്റ് ഗ്രീന്‍പീസ് സംഘടനയ്ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന ഫണ്ടുകളുടെ മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ ലഭിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം നടന്നത്. ഇന്ത്യയില്‍ നടപ്പാക്കുന്ന പവര്‍ പ്രൊജക്ടുകള്‍, ഖനനങ്ങള്‍, ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളുടെ വിപണനം എന്നിവയ്‌ക്കെതിരെയുള്ള സമരങ്ങള്‍ക്ക് വിദേശഫണ്ടുകള്‍ ഗ്രീന്‍പീസ് പ്രയോജനപ്പെടുത്തുന്നുവെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

‘ലോകം മുഴുവന്‍ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ശക്തമായ മുന്നേറ്റം നടത്തുന്ന സമയമാണിത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അതൊരു സങ്കീര്‍ണ്ണതയായി മാറുന്നു’വെന്ന് ഗ്രീന്‍ പീസ് ഇന്‍ഡ്യ ട്വീറ്റ് ചെയ്തു.

‘സര്‍ക്കാരിന്റെ ഉദ്ദേശം ഇക്കാര്യത്തില്‍ വ്യക്തമാണ്. ഗ്രീന്‍പീസ് പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരെയും ഭയപ്പെടുത്താനും അടിച്ചമര്‍ത്താനുമാണ് സര്‍ക്കാന്‍ ശ്രമിക്കുന്നത്’-ഗ്രീന്‍പീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമിത് എയ്ക് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍