UPDATES

ബലാല്‍സംഗ, ലൈംഗിക പീഢനാരോപണങ്ങള്‍; ഗ്രീന്‍പീസ് ഇന്ത്യ പ്രതിരോധത്തില്‍

അഴിമുഖം പ്രതിനിധി

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സര്‍ക്കാരിതര സംഘനടയായ ഗ്രീന്‍പീസ് ഇന്ത്യയില്‍ കടുത്ത ലൈംഗിക പീഢനങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി മുന്‍ ജീവനക്കാരി രംഗത്തെത്തി. എന്നാല്‍ തനിക്കെതിരെ സഹപ്രവര്‍ത്തകര്‍ നടത്തിയ ബലാല്‍സംഗ, ലൈംഗിക പീഢന വിഷയങ്ങളില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ സംഘടന തയ്യാറായില്ലെന്ന് അവര്‍ ആരോപിച്ചു. ആരോപണ വിധേയര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ സംഘടന തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇത്തരം ആരോപണങ്ങളുമായി കൂടുതല്‍ മുന്‍ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ട്.

വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ പാലിക്കാതിരുന്നതിന്റെ പേരില്‍ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ അടുത്തകാലത്ത് സര്‍ക്കാര്‍ മരവിപ്പിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനം മരവിക്കാതിരിക്കുന്നതിന് വേണ്ടി മാത്രം രണ്ട് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തന്റെ സഹപ്രവര്‍ത്തകര്‍ ബലാല്‍സംഗം ചെയ്യുകയും ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 2013ല്‍ ഗ്രീന്‍പീസില്‍ നിന്നും തനിക്ക് രാജി വെക്കേണ്ടി വന്നതായി പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ ജീവനക്കാരി ഒരു വെബ് ഫോറത്തില്‍ കഴിഞ്ഞ ആഴ്ച കുറിപ്പെഴുതിയിരുന്നു.

ഗ്രീന്‍പീസിന്റെ ബംഗളൂരു ഓഫീസില്‍ ജോലിക്ക് ചേര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് തനിക്കെതിരെ പീഢനശ്രമങ്ങള്‍ ആരംഭിച്ചതെന്ന് യുവതി വെളിപ്പെടുത്തുന്നു. 2012 ഒക്ടോബറില്‍ നടന്ന ഒരു ഔദ്യോഗിക യാത്രയ്ക്കിടയിലാണ് ആദ്യ ശ്രമം ഉണ്ടായത്. ‘എന്റെ റൂം ഒഴിയണമെന്നും അയാളുടെ സൂട്ടില്‍ ഉറങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്നെ രാത്രി പതിനൊന്ന് മണിക്ക് വിളിച്ചു. മറ്റൊരു സന്ദര്‍ഭത്തില്‍ തന്റെ അനിഷ്ടം അവഗണിച്ച് അയാള്‍ എന്നെക്കൊണ്ട് ബലംപ്രയോഗിച്ച് ജന്മദിന കേക്ക് തീറ്റിച്ചു,’ എന്നും ഇന്തോ ഏഷ്യ ന്യൂസ് സര്‍വീസിനോട് യുവതി പറഞ്ഞു.

സ്ഥാപനത്തിന്റെ എച്ച്ആര്‍ മാനേജര്‍ക്ക് യുവതി എഴുതി തയ്യാറാക്കിയ പരാതി നല്‍കിയെങ്കിലും, ലൈംഗിക പീഢന ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള പ്രതികരണം അവര്‍ക്ക് ലഭിച്ചില്ല. ഇപ്പോള്‍ ആരോപണവിധേയനായിരിക്കുന്ന ആള്‍ ഇതിനുമുമ്പും ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെന്നും മുമ്പ് രണ്ട് വനിതാ ജീവനക്കാര്‍ ഇയാള്‍ക്കെതിരെ വ്യക്തമായ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ഗ്രീന്‍പീസ് ഇന്ത്യ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍