UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താഴുന്ന ഭൂഗർഭ ജലനിരപ്പ്; നമ്മളിനി എന്നാണ് പാഠം പഠിക്കുക?

Avatar

വി. ജെ. ജിതിൻ

ഭൂമുഖത്ത് മനുഷ്യവാസം സാധ്യമാക്കിത്തീർക്കുന്നതിൽ ജലത്തിന്‍റെ ലഭ്യതയ്ക്ക് അവിഭാജ്യമായ സ്ഥാനമാണുള്ളത്. സർവ്വ സസ്യ-ജന്തുജാലങ്ങളുടെയും ഉല്പത്തിയും നിലനിൽപ്പും ഭാവിയുമെല്ലാം ജലത്തിന്‍റെ ലഭ്യതയെ ആശ്രയിച്ചാണെന്നത് അവിതർക്കമായ വസ്തുതയാണ്. മനുഷ്യരാശിയുടെ ഇന്നോളമുണ്ടായിട്ടുള്ള വികാസത്തിനും പുരോഗതിയ്ക്കും ജലത്തിന്‍റെ ലഭ്യതയും വിനിയോഗവുമായും ഇഴപിരിയാത്ത ബന്ധമുണ്ട്. കൃഷിയ്ക്കും അനുബന്ധ ജലസേചനത്തിനും ഊർജ്ജോത്പാദനത്തിനും മത്സ്യബന്ധനത്തിനും മറ്റ് ജീവസന്ധാരണ പ്രക്രിയകൾക്കുമൊക്കെയായി മനുഷ്യൻ ജലസ്രോതസുകളെ  ആശ്രയിച്ചു പോരുന്നു. അതില്‍ തന്നെയും നാമൊക്കെയും ശുദ്ധജലത്തിനായി വലിയൊരു പങ്കും കിണറും കുഴൽക്കിണറും മറ്റുമായി ഭൂഗർഭ ജലത്തിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ കുടിവെള്ള സ്രോതസിന്‍റെ 80 ശതമാനവും ജലസേചനത്തിന്‍റെ 60 ശതമാനവും ഭൂഗർഭ ജലത്തെ ആശ്രയിച്ചാണ്. പ്രതിവർഷം 230 ക്യുബിക് കിലോമീറ്റർ വ്യാപ്തിയുണ്ട് ഒരാണ്ടിലെ ഇന്ത്യയുടെ ഭൂഗർഭജല വിനിയോഗമെന്ന് ലോക ബാങ്കിന്റെ ജലവിഭവ പഠന സംഘം  കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ മൊത്തം ഉപഭോഗത്തിന്‍റെ നാലിലൊന്നിനെക്കാൾ കൂടുതലാണ് ഈ ഉപഭോഗം.

ആസൂത്രണ കമ്മീഷൻ അതു നിലനിന്നിരുന്ന അവസാന കാലത്ത്  നടത്തിയ പഠനങ്ങളിൽനിന്ന് വെളിവാകുന്നത് ഇന്ത്യയുടെ പലഭാഗങ്ങളിലും ഭൂഗർഭ ജലവിതാനം പ്രതിവർഷം 4 സെന്‍റിമീറ്ററോളം താഴുന്നുവെന്നാണ്. ഇത്തരത്തിൽ അനുസ്യൂതം തുടർന്നുപോരുന്ന ഭൂഗർഭജല ആശ്രയത്വം ഭാവിയെപ്പറ്റി കടുത്ത ആശങ്കകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ നാലാം ഗ്ലോബൽ എൻവിറൊണ്മെന്‍റല്‍ ഔട്ട്ലുക് റിപ്പോർട് പ്രകാരം 2025 ആകുമ്പോഴേയ്ക്കും ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ ഭൂഗര്‍ഭ ജലത്തിന്‍റെ ഊറ്റിയെടുക്കൽ നിലവിൽ വലിച്ചെടുക്കുന്നതിനേക്കാൾ  50 ശതമാനവും വികസിത രാജ്യങ്ങളിൽ 18 ശതമാനവും  ഉയരുമെന്നു പ്രതിപാദിക്കുന്നു. ഇത്തരമൊരു ലോകസാഹചര്യത്തിൽ ജലവിഭവ ചൂഷണത്തിന്‍റെ പതാകവാഹകരായിത്തന്നെ മലയാളി സമൂഹവും ചേർന്നു പോകുന്നുണ്ട് എന്നത് അവിതർക്കമായ കാര്യമാണ്.

ജനജീവിതത്തിന്‍റെ പരിസരങ്ങളും അവകാശങ്ങളും
ഇത്തരത്തിൽ അതിശീഘ്രം താഴ്ന്നു വരുന്ന ജലനിരപ്പിന്‍റെ ആശങ്കകളോടൊപ്പം തന്നെ ലഭ്യമായ ഭൂഗർഭ ജലവിഭവത്തിന്മേലുള്ള മലിനീകരണവും അതിഭീതിതമായ വെല്ലുവിളി ഉയർത്തുന്നു. കാർഷിക മേഖലയിലുപയോഗിക്കുന്ന രാസത്വരകങ്ങളും കീടനാശിനികളും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും മറ്റു ഖരമാലിന്യങ്ങളുമെല്ലാം ഈ മലിനീകരണത്തിന് കാരണമാകുന്നു. തണ്ണീർത്തടങ്ങളും വയൽനിലങ്ങളിലുമെല്ലാം നഗരവത്ക്കരണത്തിന്‍റെ ഭാഗമായി വൻതോതിൽ മാലിന്യങ്ങൾ പുറന്തള്ളുന്നതും ഭൂഗർഭജലസഞ്ചയത്തിലേക്കു മാലിന്യങ്ങൾ വന്നുചേരുന്നതിനിടയാക്കുന്നു. ഇതൊക്കെയും ശുദ്ധജല ലഭ്യതയ്ക്കുള്ള വ്യക്തിയുടെ അവകാശങ്ങൾക്കുമേലാണ് വിഘ്നം തീർക്കുന്നത്. രാഷ്ട്രീയാധികാരങ്ങളിൽനിന്ന് അകലം പാലിക്കപ്പെട്ട്  പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ആവാസ ഭൂമികകളിൽ തുടർന്നു പോരുന്ന ഖനന പ്രക്രിയകൾ നൈസർഗ്ഗികമായ ഭൂജല സംഭരണത്തിന്‍റെ ഘടനയെത്തന്നെ മാറ്റം വരുത്തുമെന്നും വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആദിവാസികളുടെയും അവരധിവസിക്കുന്ന വനഭൂമികളുടെയും സ്വാഭാവിക ജൈവത നഷ്ടപ്പെടുത്തുന്നതിൽ അധികാരികൾക്ക് യാതൊരു സങ്കോചവും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ താഴ്ന്ന ജലവിതാനവും മലിനീകരണവും മനുഷ്യ വാസത്തെയും ജൈവ വ്യവസ്ഥയെയും എല്ലാ തലത്തിലും പ്രതികൂലമായി ബാധിക്കുന്നു. കുടിവെള്ള ക്ഷാമം, ആരോഗ്യപ്രശ്നങ്ങൾ, അഭയാർത്ഥി പ്രശ്നങ്ങൾ, വനനശീകരണം, ജൈവവൈവിധ്യത്തിന്‍റെ ശോഷണം, സമ്പദ്ഘടനയുടെ തകർച്ച എന്നിങ്ങനെ സാമൂഹ്യ അധഃസ്ഥിതാവസ്ഥയുടെ സർവ്വമണ്ഡലങ്ങളെയും ബാധിക്കുമാറ് ഈ വെല്ലുവിളി തീവ്രമായിക്കൊണ്ടിരിക്കുന്നു. ശുദ്ധമായ കുടിവെള്ളത്തിനുള്ള അവകാശം പരമപ്രധാനമായ മനുഷ്യാവകാശമാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തിയിട്ടുള്ളതാണ്. ഇന്ത്യയുടെ സുപ്രീം കോടതിയും ശുദ്ധമായകുടിവെള്ളത്തിനുള്ള അവകാശം മൗലികമായ അവകാശങ്ങളുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നിലയ്ക്ക് അവകാശസംരക്ഷണത്തിന്റെ മാനങ്ങളും കൂടി ജലസംരക്ഷണത്തിനു വന്നുചേരുന്നു.

മലയാളിയുടെ അതിരുകൾക്കുള്ളിൽ
ഒരു പതിറ്റാണ്ടിലേറെ പഴക്കത്തോടെ കേട്ടു തഴമ്പിച്ച വർത്തമാനങ്ങളും പ്ലാച്ചിമടയിലെതുൾപ്പെടെയുള്ള  അനുഭവങ്ങളുടെ പാഠപുസ്തകവും പേറുന്ന മലയാളിക്ക് ഇന്നും ഭൂജലവിനിയോഗത്തിന്‍റെ ബാലപാഠങ്ങളുടെ പരീക്ഷയിൽ വിജയ പ്രതീക്ഷയില്ല. കേന്ദ്ര ഭൂജല ബോർഡിന്‍റെ സ്ഥിതിവിവരകണക്കു പ്രകാരം കേരളത്തിന്‍റെ ഭൂജലവിതാനത്തിന്റെ പിൻവാങ്ങൽ തോത് 71.26 % ആണ്. കേരളത്തിലെ 606 കിണറുകൾ പഠനവിധേയമാക്കിയതിൽ 434 കിണറുകളിലും ജലനിരപ്പിന്‍റെ താഴ്ച പ്രകടമായതായും ഭൂജലബോർഡിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. സുമാർ 3000 മില്ലി മീറ്റർ മഴ ലഭ്യമാകുന്നതും ഭൗമോപരിതലജലാശയങ്ങൾ ഒട്ടുമിക്കയിടങ്ങളിലും ഉള്ളതുമായ കേരളത്തിൽ ഇങ്ങനെകണ്ടുവരുന്ന പ്രവണത ഒട്ടും ആശാവഹമല്ല. ഇതിനൊക്കെ ഇടയിലാണ് ആഗോളതാപനത്തിന്‍റെയും കാലാവസ്ഥവ്യതിയാനത്തിന്‍റെയുമൊക്കെ ഉച്ചസൂര്യന്മാർ ഭീതി വിതയ്ക്കുന്നത്. ഇക്കഴിഞ്ഞ വേനൽക്കാലം മലയാളിക്കു വിട്ടുതന്ന വരൾച്ചയുടെ പാഠങ്ങൾ  ഉൾക്കൊണ്ടില്ലെങ്കിൽ വലിയ പാരിസ്ഥിതിക വെല്ലുവിളികൾക്കും ജൈവാവസ്ഥയുടെ ശോഷണത്തിനും നമ്മൾ വിധേയരാകും എന്നത് തീർച്ചയാണ്. വേനലിൽ പെട്ടെന്ന് നേരിട്ട വരൾച്ചയെ മറികടക്കാൻ ഒട്ടുമിക്കയിടങ്ങളിലും വ്യക്തികളോ സർക്കാർ  സ്ഥാപനങ്ങളോ ദൂരങ്ങളിൽ നിന്നും ജലം  ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിപ്പോന്നു. മറ്റുള്ളവർ കുഴൽക്കിണർ ഒരു പ്രതിവിധിയായിക്കണ്ട് അതിനെ ആശ്രയിക്കുകയാണുണ്ടായത്. എന്നാൽ വലിയ തോതിൽ കുഴൽക്കിണറുകൾ പ്രത്യക്ഷപെട്ടതോടെ സമീപങ്ങളിലെ കിണറുകളിലെയും മറ്റും ജലനിരപ്പ് പിൻവാങ്ങിത്തുടങ്ങിയതായി കാണാം. പാലക്കാടുപോലുള്ള ജില്ലകളിൽ ഇതിന്റെ  ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ട്.

നൂറ്റിയന്പതും ഇരുന്നൂറും മീറ്ററുകൾ താഴ്ചയിൽനിന്ന് കുഴൽക്കിണറുകളിലൂടെ വെള്ളം ഊറ്റിയെടുക്കുന്നതോടെ ചുറ്റുവട്ടത്തുള്ള കിണറുകൾ ഉൾപ്പെടെ ഒട്ടനവധി  ജലസ്രോതസുകൾക്ക് നിലനില്പില്ലാതെയാവുകയാണ്. അതിലുപരിയായി ഭൗമാന്തർഭാഗത്തെ ആഴങ്ങളിൽ വിശേഷിച്ചു പാറരൂപങ്ങളിൽനിന്നും വലിച്ചെടുക്കുന്ന വെള്ളത്തിൽ ഉയർന്നതോതിൽ അതിസാന്ദ്രതാലോഹങ്ങളുടെ സാന്നിദ്ധ്യം ഉള്ളതായി  ശാസ്ത്രീയമായി തെളിയിപ്പെട്ടിട്ടുണ്ട്. ആഴ്‌സെനിക്, കാഡ്മിയം, ലെഡ്, ഫ്ലൂറൈഡുകൾ ഇത്യാദി രാസമൂലകങ്ങളുടെ സാന്നിദ്ധ്യം കൂടി ചേർന്ന ഈ വെള്ളത്തിന്‍റെ ഉപയോഗം ക്യാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകുന്നതായി ശാസ്ത്രലോകം ശരിവയ്ക്കുന്നു. സെപ്റ്റിക് ടാങ്കിന്‍റെ സാന്നിധ്യത്തെയും കോളിഫോം ബാക്റ്റീരിയയെയും പറ്റി മാത്രം ആശങ്കപ്പെട്ടിരുന്ന കാലം അതിക്രമിച്ച് അതിതീവ്രമായ ഒരുപറ്റം ചോദ്യങ്ങൾക്കു മുന്‍പിൽ ഇന്ന് മലയാളി നിലകൊള്ളുന്നു.

അതിജീവനത്തിന്‍റെ പോംവഴികൾ
കൃത്യമായ മഴവെള്ള സംഭരണ പ്രവർത്തനങ്ങളിലൂടെയും മേൽമണ്ണിന്‍റെ പ്രകൃതി-സൗഹൃദ ഉപയോഗക്രമത്തിലൂടെയും നല്ലൊരു പങ്ക് ഭൂഗർഭ ജലശേഖരണം സാധ്യമാണ്. മഴക്കുഴികൾ നിർമ്മിച്ചും തോടുകളിലും ചാലുകളിലും തടയണകൾ  തീർത്തും ഒക്കെ ചെറിയ ചുവടുകൾ വെയ്‌ക്കേണ്ടതുണ്ട്. ഇടതൂർന്ന സസ്യവിതാനങ്ങൾക്ക് മണ്ണിലേക്കുള്ള മഴവെള്ളത്തിന്‍റെ വരവിനെയും മറ്റും നിയന്ത്രിക്കാൻ  ശേഷിയുണ്ട്. വീട്ടുമുറ്റത്തും വഴിയോരത്തും പുറമ്പോക്കിലും എല്ലാം നടീൽ പ്രവർത്തനങ്ങളും വനവത്കരണവും ഒക്കെ ഊർജ്ജിതമാക്കി മണ്ണൊലിപ്പ് തടയലും ജലസ്രോതസുകളെ പുഷ്ടിപ്പെടുത്തലും കാര്യക്ഷമമാക്കേണ്ടതുണ്ട്. ജനങ്ങളുടെയും സർവ്വ ജീവജാലങ്ങളുടെയും  ശുദ്ധജലത്തിനുള്ള അവകാശത്തിന്‍റെയും അതിജീവനത്തിന്‍റെയും  പ്രശ്നമാകയാൽ ജനകീയവും  വികേന്ദ്രീകൃതവുമായ പദ്ധതി ആവിഷ്ക്കരണവും ഇടപെടലും കാല-ദേശ ഭേദങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ചില പദ്ധതികൾ ഈ പ്രവർത്തനത്തിന് ഏറെ സഹായകരമാണ്. എന്നാൽ  ഭരണഘടനാപരമായും പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമ പ്രകാരവുമെല്ലാം നിക്ഷിപ്തമായ അധികാരങ്ങളുപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൈവിധ്യപൂർണ്ണമായ തനതു പരിപാടികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. വാർഡ് തലത്തിൽ കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവർത്തനങ്ങളിലൂന്നിയ ബോധവൽക്കരണം സാധ്യമാക്കേണ്ടതുണ്ട്. ജനകീയമായ ഇടപെടലോടെയും സഹകരണത്തോടെയും ഇതൊരു പ്രസ്ഥാനമായി മുന്നേറണം. ഒഴിഞ്ഞ പറമ്പുകളിലും ഉയർന്ന പ്രദേശങ്ങളിലും ഒക്കെ അതാതു പ്രദേശത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പരമാവധി മഴവെള്ളം ശേഖരിക്കാനാകണം. മണ്ണിടിച്ചിലിന്‍റെയും ഉരുള്‍പൊട്ടലിന്‍റെയും സാധ്യതകളെപ്പറ്റിയും കെട്ടിടങ്ങളുടെയും സുരക്ഷയെപ്പറ്റിയുമുള്ള ധാരണയുടെ അടിസ്ഥാനത്തിൽ  ആകണം സ്ഥലങ്ങൾ നിശ്ചയിക്കേണ്ടത്. അത്തരം മേഖലകൾ നിശ്ചയിക്കാനും മറ്റും ശാസ്ത്ര പ്രചാരകരും വിദ്യാർത്ഥികളുമടങ്ങുന്ന കർമ്മസേന തന്നെ തദ്ദേശസ്ഥാപനങ്ങൾക്ക് രൂപീകരിക്കാവുന്നതാണ്.

ഗാർഹികാവശ്യങ്ങൾക്കുൾപ്പെടെ സ്ഥാപിക്കപ്പെടുന്ന കുഴൽക്കിണറുകൾക്ക് ലൈസൻസിങ് ഏർപ്പെടുത്തണം. വെള്ളത്തിന്‍റെ ഗുണനിലവാരവും ജലനിരപ്പും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് തക്കതായ ഇടപെടലുകൾ ബന്ധപ്പെട്ട സർക്കാർ-സർക്കാരിതര സംവിധാനങ്ങളുമായി സഹകരിച്ച് നടപ്പിൽ വരുത്തേണ്ടതാണ്. ശുദ്ധജല ലഭ്യത എല്ലാ വീടുകളിലും ഉറപ്പുവരുത്തുകയും വേണം. ജനസാന്ദ്രതകൂടിയ പ്രദേശങ്ങളിൽ ജല പുനരുപയോഗത്തിനുള്ള ശുദ്ധീകരണപ്ലാന്റുകൾ സ്ഥാപിക്കപ്പെടുന്നത് വഴി ടോയ്‌ലറ്റ്  ഫ്ലെഷിങിനും അടുക്കളത്തോട്ടവും പൂന്തോട്ടവും നനയ്ക്കാനും വാഹനങ്ങൾ കഴുകാനും മറ്റുമായി ഇതേ വെള്ളംതന്നെ  ഉപയോഗിക്കാവുന്നതുമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാനാവശ്യമായ സാമ്പത്തിക വിഹിതം ഉറപ്പുവരുതാനാവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള ഉത്തരവാദിത്വവും സർക്കാരുകൾക്ക് ഉണ്ട്. വ്യക്തികളുടെ ജല പാദമുദ്ര (വാട്ടർ ഫൂട്പ്രിൻറ്) പരമാവധി കുറയ്ക്കുക എന്ന നിലയിലേയ്ക് സമൂഹത്തെക്കൊണ്ടെത്തിക്കാനുതകുന്ന വിദ്യാഭാസപ്രവർത്തനങ്ങൾ ഇതിൽ ഉൾചേരേണ്ടതുമുണ്ട്.

തണ്ണീർത്തടങ്ങളുടെയും വയൽനിലങ്ങളുടെയും സംരക്ഷണവും നൈസർഗ്ഗികമായ നിലനിൽപ്പും ഉറപ്പുവരുത്തുന്നതിനോടൊപ്പം അതിന്‍റെ പാലകരായ് നിലകൊള്ളുന്ന ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇവ്വിധം സമഗ്രമായ വിഭവ-പാലന വികാസ സാധ്യതകൾക്ക് ഉതകുംവിധം ഭരണകൂടത്തിന്‍റെ നയങ്ങൾ  പരിഷ്‌ക്കരിക്കേണ്ടതുണ്ട്. രാഷ്ട്രീയപാർട്ടികൾ ഇതൊരു മുഖ്യ അജണ്ടയായിക്കണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. എന്തുകൊണ്ടും സാമ്പത്തികവും പാരിസ്ഥിതികവുമായ വിഭവങ്ങളുടെ ചൂഷണത്തിനെതിരെയുള്ള സമരരൂപങ്ങൾ  ക്രിയാത്മകമായും പ്രതിരോധാത്മകവമായും പരിഷ്‌ക്കരിക്കേണ്ടതുണ്ട്. ജലസ്രോതസുകളുടെ പരിരക്ഷയിലും അതിന്മേലുള്ള അവകാശത്തിലും ഏവർക്കും തുല്യമായ പങ്കാണുള്ളതെന്നും അത്തരമൊരു തിരിച്ചറിവിലൂന്നിയ പ്രവർത്തനങ്ങൾ കൊണ്ട് ഭാവിതലമുറയ്ക്ക് കൂടി അവകാശപ്പെട്ട പ്രകൃതിവിഭവങ്ങൾ കാത്തുകൊള്ളാനായാൽ മാത്രമേ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നത് ഇനിയും വിസ്മരിച്ചുകൂടാ.

(പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് ഗവേര്‍ണന്‍സില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍