ജാതി വിവേചനത്തിന്റെ ചിഹ്നമായ സ്‌കൂള്‍ മാറുകയാണ്, അധ്യാപകരുടെ ഇടപെടല്‍ മൂലം
പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിലെ രണ്ടാം തരത്തില്‍ ഇഹാന്‍ റഷീദ്, നിഹ ഐറിന്‍, സാലിസ്, നബ്ഹാന്‍, സിയ ഹിന്ദ് എന്നിവര്‍ പ്രവേശനം നേടിയത് ഇന്നലെയാണ്. പുതിയ കൂട്ടുകാര്‍ക്കൊപ്പം കളിച്ചും പഠിച്ചും സ്‌കൂള്‍ പ്രവേശനം ആഘോഷമാക്കുകയാണ് ഇവരെല്ലാം. അധ്യയന വര്‍ഷം ആരംഭിച്ച് ആഴ്ചകള്‍ക്കു ശേഷം പുതിയ സ്‌കൂളിലേക്ക് തങ്ങള്‍ മാറിയെത്തിയത് ഒരു വലിയ ചരിത്രത്തിന്റെ ഭാഗമാകാനാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി പേരാമ്പ്രയിലെ സാംബവ സമുദായത്തില്‍ നിന്നുള്ള കുട്ടികള്‍ മാത്രം പഠിക്കുന്ന വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍, പുറത്തു നിന്നുമെത്തിയ ആദ്യത്തെ വിദ്യാര്‍ത്ഥികളാണിവര്‍. ഏറെക്കാലമായി വെല്‍ഫെയര്‍ സ്‌കൂളിനോടും ഇവിടത്തെ കുട്ടികളോടും പ്രദേശത്തുള്ളവര്‍ പുലര്‍ത്തിപ്പോരുന്ന അയിത്തത്തിന്റെ കഥകള്‍ നേരത്തേ വാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടിയിട്ടുള്ളതാണ്. എല്ലാ അധ്യയനവര്‍ഷാരംഭത്തിലും സാംബവ വിദ്യാര്‍ത്ഥികള്‍ മാത്രം പ്രവേശനം നേടുന്ന വെല്‍ഫെയര്‍ സ്‌കൂളിന്റെ പതിവു തെറ്റിക്കാനുറച്ച് ഒരു കൂട്ടം അധ്യാപകര്‍ മുന്നിട്ടിറങ്ങിയത് ഈ വര്‍ഷമാണെന്നു മാത്രം.
കേരള സ്‌കൂള്‍ ടീച്ചേഴ്സ് മൂവ്മെന്റ് അഥവാ കെ.എസ്.ടി.എം എന്ന അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്് തങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും കുട്ടികളെ വെല്‍ഫെയര്‍ സ്‌കൂളില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. കൊയിലാണ്ടിയും കാവുന്തറയും പോലുള്ള അല്പം ദൂരം ഏറെയുള്ളയിടങ്ങളില്‍ നിന്നും തങ്ങളുടെ കുട്ടികളെ വെല്‍ഫെയര്‍ സ്‌കൂളിലയച്ച് പഠിപ്പിക്കാന്‍ തീരുമാനിച്ചത്, ഒരു സമുദായത്തോട് കാണിക്കുന്ന വിവേചനത്തിന്റെ കാഠിന്യം ശ്രദ്ധയില്‍പ്പെട്ടതിനാലാണെന്ന് കെ.എസ്.ടി.എമ്മിന്റെ ഭാരവാഹികള്‍ പറയുന്നു.
ആഹ്വാനങ്ങളും പ്രതിഷേധമറിയിക്കലുമല്ല, സ്വന്തം കുട്ടികളെ വെല്‍ഫെയര്‍ സ്‌കൂളിലെ സാംബവ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പഠിക്കാനയച്ച് അവബോധം സൃഷ്ടിക്കുന്ന പ്രായോഗിക നിലപാടാണ് ഇവിടെയാവശ്യം എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പറയുന്നു. നേരത്തേയുള്ള പതിമൂന്നു കുട്ടികള്‍ക്കൊപ്പം പുതുതായെത്തിയ ആറു പേര്‍ കൂടി ചേര്‍ന്നതോടെ, വലിയ ആഘോഷത്തിലാണ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍.
പുതിയ ആറു വിദ്യാര്‍ത്ഥികളുടെ പ്രവേശനം എങ്ങനെയാണ് പേരാമ്പ്ര വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിന് ഒരു ചരിത്ര നിമിഷമാകുന്നത് എന്ന് തിരിച്ചറിയണമെങ്കില്‍, ഈ വിദ്യാലയവും ഇവിടത്തെ വിദ്യാര്‍ത്ഥികളും വര്‍ഷങ്ങളായി നേരിടുന്ന പ്രതിസന്ധി എത്രത്തോളം വലുതാണ് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
വെല്‍ഫെയര്‍ സ്‌കൂള്‍ എന്ന പേരു പോലും തിരിച്ചറിയാത്ത, ഈ എല്‍.പി സ്‌കൂളിനെ ‘പറയ സ്‌കൂള്‍’ എന്നുമാത്രം വിളിച്ചു ശീലിച്ചിട്ടുള്ള ഒരു ജനതയാണ് ഇവിടെയുള്ളത്. സ്‌കൂളില്‍ നിന്നും അല്പം മാറിയുള്ള ചെര്‍മല സാംബവ കോളനിയിലെ കുട്ടികള്‍ മാത്രമാണ് വെല്‍ഫെയര്‍ സ്‌കൂളില്‍ നാളിതുവരെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍. ഒരു റോഡിനപ്പുറമുള്ള കിഴിഞ്ഞാണ്യം എ.എല്‍.പി സ്‌കൂളിലാകട്ടെ, പ്രദേശത്തുള്ള മറ്റു കുട്ടികളും പഠിക്കുന്നു. എന്തുകൊണ്ട് വെല്‍ഫെയര്‍ സ്‌കൂളില്‍ മറ്റു വിദ്യാര്‍ത്ഥികളില്ല എന്ന ചോദ്യത്തിന്, എല്ലാവരും കിഴിഞ്ഞാണ്യം സ്‌കൂളാണ് തെരഞ്ഞെടുക്കുന്നത് എന്ന ഒഴുക്കന്‍ മറുപടി നല്‍കി ഒഴിഞ്ഞുമാറുന്നവരുണ്ട്. എന്നാല്‍, ഒരു റോഡിനിപ്പുറമുള്ള സ്‌കൂളില്‍ ഒരു ജാതിവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം പ്രവേശനം നേടുകയും, അപ്പുറമുള്ള മറ്റൊരു സ്‌കൂളില്‍ ബാക്കിയെല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇവിടെയുണ്ടായിരുന്നത്. ജാതിയത ഇവിടെ നിലനിന്നതിന്റെ അടയാളമായിരുന്നു ഈ സ്‌കൂള്‍.
‘പറയ സ്‌കൂള്‍’ എന്ന വിളിപ്പേരുള്ള വെല്‍ഫെയര്‍ സ്‌കൂളില്‍ എന്തുകൊണ്ടാണ് കോളനിയ്ക്കു പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളില്ലാതിരുന്നത് എന്ന ചോദ്യത്തിന്, താല്‍ക്കാലിക അധ്യാപികയായ ശ്രുതി പറയുന്ന ഉത്തരമിങ്ങനെയാണ്: അഞ്ചോ ആറോ വര്‍ഷമായി ഞാന്‍ പലപ്പോഴായി ലീവ് വേക്കന്‍സിയില്‍ ഇവിടെ ജോലി നോക്കുന്നു. വെല്‍ഫെയര്‍ സ്‌കൂള്‍ എന്നു പറഞ്ഞാല്‍ത്തന്നെ, ‘പറയസ്‌കൂളല്ലേ’ എന്നാണ് ആളുകള്‍ തിരിച്ചു ചോദിക്കുക. ആദ്യമായി ഇവിടെ ജോലി കിട്ടി വരാന്‍ നേരത്ത് നാട്ടുകാരും വീട്ടുകാരും എല്ലാവരും ചോദിച്ചു, എന്തിനാണ് അവിടേക്കു പോകുന്നത്, വേറെ എവിടെയും കിട്ടിയില്ലേ എന്ന്. ആ ചോദ്യം കേട്ട് ചെറിയ അസ്വസ്ഥതയോടെയാണ് ഞാന്‍ ജോലിക്കുവന്നത് എന്നതും സത്യമാണ്. പക്ഷേ, ഇവിടത്തെ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വളരെ ഭീകരമാണ്. മിക്ക പേരുടെയും രക്ഷിതാക്കള്‍ക്ക് വളരെ പ്രായം കുറവാണ്. വീട്ടില്‍ നിന്നും ആരും വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ കാണിക്കുകയുമില്ല. ഇവിടെ നിന്നും നാലാം ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങിയാല്‍ കുട്ടികള്‍ പോകുക തൊട്ടടുത്തു തന്നെയുള്ള പേരാമ്പ്ര ഹൈസ്‌കൂളിലേക്കാണ്. അവിടെയും കാര്യങ്ങള്‍ അത്ര മെച്ചമല്ലായിരുന്നു. ഇവിടത്തെ കുട്ടികള്‍ അവിടെ പോയാലും ഒരുമിച്ചാണിരിക്കുക. മറ്റു കുട്ടികളോട് കൂട്ടുകൂടില്ല. ആരോടും സംസാരിക്കാനോ ഇടപഴകാനോ അവര്‍ക്കു കഴിയാറില്ല. കാരണം ഇവിടെ വച്ച് അവര്‍ മറ്റു കുട്ടികളുമായി പരിചയിക്കുന്നില്ലല്ലോ.’
പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ സാംബവ വിഭാഗത്തില്‍പ്പെട്ടവരെയും അവരുടെ കോളനികളേയും നോക്കിക്കാണുന്ന രീതിയ്ക്ക് കാലങ്ങളായിട്ടും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് തദ്ദേശവാസികള്‍ തന്നെ പറയുന്നു. പണ്ട് വിവാഹങ്ങള്‍ക്കും മറ്റും ബാക്കി വരുന്ന ഭക്ഷണം എച്ചിലിലകളില്‍ നിന്നു പോലും വേര്‍തിരിച്ചെടുത്തു കൊണ്ടുപോയിരുന്ന സാംബവ വിഭാഗത്തില്‍പ്പെട്ടവരെക്കുറിച്ചാണ് ഇവര്‍ക്ക് പറയാനുള്ളത്. സാംബവ കോളനികളിലുള്ളവര്‍ കുളിക്കില്ലെന്നും വൃത്തിയില്ലാത്തവരാണെന്നുമുള്ള തെറ്റായ ബോധ്യം ഇപ്പോഴും ചിലരെങ്കിലും കൊണ്ടുനടക്കുന്നതായി പ്രദേശവാസിയായ കുഞ്ഞെയ്ദും പറയുന്നു. ‘ഈ സ്‌കൂളിലെ കുട്ടികള്‍ കുളിക്കാത്തവരാണ്, വൃത്തിയില്ലാത്തവരാണ് എന്നൊക്കെയാണ് ഇപ്പോഴും ആളുകളുടെ വിചാരം. ഞങ്ങളൊക്കെ ചെറുതായിരുന്ന കാലത്ത് കല്ല്യാണ വീടുകളില്‍ നിന്നും എച്ചിലില പെറുക്കാനും പശുവിനെ കെ്ാന്ന് ചുട്ടു തിന്നാനും വരുന്ന പറയന്മാരെക്കുറിച്ചേ ഇപ്പോഴും എല്ലാര്‍ക്കും അറിയുള്ളൂ. ചേര്‍മല കോളനിയിലെ ആളുകള്‍ ഇപ്പോള്‍ നല്ല നിലയ്ക്കാണ് ജീവിക്കുന്നത്. അവര്‍ ജോലിക്കു പോകുന്നുണ്ട്. പണമുണ്ടാക്കുന്നുണ്ട്. അവരുടെ കുട്ടികള്‍ മിടുക്കന്മാരാണ്. നല്ല വസ്ത്രം ധരിക്കുന്നവരാണ്. പക്ഷേ, ഇപ്പോഴും എന്തോ കീഴ്വഴക്കം പോലെ ഇവര്‍ കുട്ടികളെ വെല്‍ഫെയര്‍ സ്‌കൂളില്‍ ചേര്‍ക്കുകയും, ബാക്കിയുള്ളവര്‍ ഇവിടെ കുട്ടികളെ ചേര്‍ക്കാതിരിക്കുകയും ചെയ്യുന്നു. പറയക്കുട്ടികളുടെ കൂടെ എന്റെ മക്കള്‍ പഠിക്കണ്ട എന്ന ചിന്ത തന്നെയാണ് ഇതിനു പിന്നില്‍. ഈ സ്‌കൂള്‍ ഇവിടെയൊരു അധികപ്പറ്റാണ് എന്നാണ് നാട്ടുകാരുടെയൊക്കെ മനോഭാവം. സ്‌കൂളിനോട് അയിത്തമുണ്ട് എന്നു തന്നെ പറയണം.’
1957ല്‍, ദളിതരുടെ വിദ്യാഭ്യാസപരമായ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുടെയും പോരാട്ടങ്ങളുടെയും ഫലമായാണ് സാംബവ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി വെല്‍ഫെയര്‍ സ്‌കൂള്‍ സ്ഥാപിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് വര്‍ഷങ്ങളോളം എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും പഠിക്കുന്ന സ്‌കൂളായിത്തന്നെ വെല്‍ഫെയര്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുപോന്നിരുന്നു. എഴുപതുകളില്‍ കിഴിഞ്ഞാണ്യം എ.എല്‍.പി സ്‌കൂള്‍ തൊട്ടടുത്തു സ്ഥാപിക്കപ്പെട്ടതോടെയാണ് വെല്‍ഫെയര്‍ സ്‌കൂള്‍ ഇന്നു നേരിടുന്ന ജാതീയമായ വിവേചനത്തിന്റെ ആദ്യത്തെ അനുരണനങ്ങള്‍ കണ്ടുതുടങ്ങിയത്. സാംബവര്‍ക്കായുള്ള സ്‌കൂളില്‍ കുട്ടികളെ വിട്ടു പഠിപ്പിക്കാനുള്ള ഇഷ്ടക്കേടു കൊണ്ടോ മറ്റോ, രക്ഷിതാക്കള്‍ പതിയെ കുട്ടികളെ കിഴിഞ്ഞാണ്യം സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ത്തു തുടങ്ങി. വര്‍ഷങ്ങള്‍ക്കുള്ളില്‍, സാംബവ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു സ്‌കൂളായി വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍ മാറുകയും ചെയ്തു. 2015ല്‍ പേരാമ്പ്ര ഹൈസ്‌കൂളില്‍ നടന്ന ഒരു ജാതിവിവേചനവുമായി ബന്ധപ്പെട്ടാണ് വെല്‍ഫെയര്‍ സ്‌കൂള്‍ ആദ്യമായി ചര്‍ച്ചകളില്‍ നിറയുന്നത്. വെല്‍ഫെയര്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ എന്ന നിലയില്‍ സാംബവ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തൊട്ടടുത്തുള്ള ഹൈസ്‌കൂളില്‍ പ്രവേശനം നേടുമ്പോള്‍ തിരിച്ചറിഞ്ഞ് വേര്‍തിരിക്കുന്നത് വളരെ സ്വാഭാവികമായിത്തന്നെ നടന്നുപോന്നിരുന്നു. 2015ല്‍ ചേര്‍മല കോളനിയില്‍ നിന്നുള്ള മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പിന്‍ബെഞ്ചില്‍ ഒന്നിച്ചിരിക്കാന്‍ അധ്യാപകന്‍ നിര്‍ദ്ദേശിച്ചതാണ് അന്ന് വലിയ പ്രതിഷേധത്തിനു വഴിവച്ചത്. വടക്കന്‍ കേരളത്തിലെ ദളിത് സംഘടനകളെല്ലാം അന്ന് വലിയ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ഉത്തര കേരള പറയസഭയുടെ പ്രവര്‍ത്തകനായ ബല്‍റാം പറയുന്നതിങ്ങനെ:
‘അന്ന് കുട്ടികളെ പിന്‍ബെഞ്ചിലിരുത്തി മറ്റു കുട്ടികളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു. ഇതു മാത്രമല്ല ഇവിടെ നടക്കുന്നത്. സാഹിത്യ വേദികളിലോ, കായിക മേളകളിലോ ഒന്നും സാംബവ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താറില്ല. എന്‍.സി.സിയില്‍ ചേരുന്നതില്‍ നിന്നു വരെ വിലക്കിയ സംഭവങ്ങളുണ്ട്. പണ്ട് ഞങ്ങള്‍ അനുഭവിച്ചിരുന്ന സാമൂഹികമായ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി ഇപ്പോഴും പിന്നില്‍ത്തന്നെ നിര്‍ത്താനുള്ള ശ്രമമാണ്. സത്യത്തില്‍ മാറ്റം കോളനികളില്‍ നിന്നു തുടങ്ങണം. വീട്ടില്‍ നിന്നും പറയുന്ന കഥകളും പുറത്തുനിന്നുള്ള അനുഭവങ്ങളും കാരണം, സ്വന്തം ആവശ്യങ്ങള്‍ പോലും പേടികൂടാതെ ഉറക്കെ പറയാന്‍ കഴിയാത്തത്ര അപകര്‍ഷതാ ബോധത്തിലാണ് ചേര്‍മല കോളനിയിലെ വിദ്യാര്‍ത്ഥികള്‍. കോളനിയിലുള്ളതെല്ലാം എന്റെ ബന്ധുക്കളാണ്. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ചെല്ലുമ്പോള്‍പ്പോലും അവര്‍ താല്‍പര്യം കാണിക്കാറില്ല. പുറത്തുള്ളവര്‍ എത്ര വിവേചനപരമായാണ് ഞങ്ങളോട് പെരുമാറുക എന്നവര്‍ക്കറിയാം. ആ ചിന്ത തൊട്ട് മാറ്റിയെടുക്കണം. എത്രയോ പേര്‍ സ്‌കൂളിനോടുള്ള വിവേചനത്തിന്റെ കഥയറിഞ്ഞ് സഹായങ്ങളുമായി എത്തിയിട്ടുണ്ട്. എല്ലാവരും സ്‌കൂള്‍ സന്ദര്‍ശിച്ച് പ്രതിഷേധം രേഖപ്പെടുത്തും, തിരിച്ചുപോകും. അല്ലെങ്കില്‍ ബാഗുകളോ പുസ്തകങ്ങളോ സംഭാവന ചെയ്യും. ഇവിടത്തെ പ്രശനം മാറണമെങ്കില്‍ ആദ്യം വേണ്ടത് ഈ കുട്ടികള്‍ക്കൊപ്പം മറ്റു കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കുക എന്നതാണ്. അതാദ്യം തിരിച്ചറിഞ്ഞത് ഈ അധ്യാപക സംഘടനക്കാരാണ്.’
ബല്‍റാമടക്കമുള്ളവര്‍ പല തവണയായി പലരേയും നേരില്‍ക്കണ്ട് നടത്തിയ ഇടപെടലുകളുടെ ഫലമായാണ് സ്‌കൂളിനോടുള്ള അയിത്തം ചര്‍ച്ചയാകുന്നത്. മറ്റേത് എല്‍.പി സ്‌കൂളിലുമുള്ള സൗകര്യങ്ങളും ലഭ്യമായ വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍, ജാതീയമായ മാറ്റിനിര്‍ത്തലുകള്‍ എല്ലാ വര്‍ഷവും നിര്‍ബാധം തുടരുന്നുണ്ടെങ്കില്‍, അതിനെ പ്രതിരോധിക്കാന്‍ വേണ്ടത് പ്രായോഗികമായ നീക്കങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ അധ്യാപകരാണ് സ്വന്തം കുട്ടികളെ സ്‌കൂളിലെത്തിച്ചിരിക്കുന്നത്. കെ.എസ്.ടി.എമ്മിന്റെ പ്രവര്‍ത്തകനും പെരവച്ചേരി എല്‍.പി സ്‌കൂളിലെ അധ്യാപകനുമായ സഈദ് എലമങ്കലിന്റെ മകനാണ് വെല്‍ഫെയര്‍ സ്‌കൂളിലെ പുതിയ വിദ്യാര്‍ത്ഥികളിലൊരാള്‍. ‘പേരാമ്പ്ര എന്‍.ഐ.എം എല്‍.പി സ്‌കൂളിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനാണ് ഈ വിഷയം ആദ്യം പറഞ്ഞു കേള്‍ക്കുന്നത്. പേരാമ്പ്രയ്ക്ക് ഒരു അപമാനത്തിന്റെ മുഖമുണ്ട് എന്ന മുഖവുരയോടെ സിവിക് പറഞ്ഞ വിഷയം അവിടെ ചര്‍ച്ചയായി. ഞങ്ങളുടെ സുഹൃദ് വൃത്തങ്ങളിലും ഇതു ചര്‍ച്ച ചെയ്യപ്പെട്ടു. കെ.എസ്.ടി.എ്മ്മിന്റെ ഏരിയ കമ്മറ്റിയിലും ഇത് ചര്‍ച്ചയ്ക്കു വച്ചു. പലരും ഇക്കാര്യം നേരത്തേ ആലോചിച്ചിരുന്നെങ്കിലും ആരും കുട്ടികളെ ചേര്‍ത്തിരുന്നില്ല. എങ്കില്‍പ്പിന്നെ നമ്മളാലാവുന്നത് ചെയ്യാം എന്നായി. എന്റെ മകനേയും, സഹോദരന്റേയും സഹോദരിയുടേയും മക്കളേയും വെല്‍ഫെയര്‍ സ്‌കൂളിലേക്ക് മാറ്റി ചേര്‍ത്തിയിട്ടുണ്ട്. മൂന്നു പേരും രണ്ടാം ക്ലാസിലേക്കാണ് ചേര്‍ന്നിരിക്കുന്നത്. ഇതു മാതൃകയാക്കി മറ്റുള്ളവരും കുട്ടികളെ ചേര്‍ക്കും എന്നു പ്രതീക്ഷിച്ചിരിക്കാതെ, അത്തരത്തിലുള്ള വര്‍ക്കുകളിലേക്കു തന്നെ കടക്കാനാണ് തീരുമാനം. നമ്മുടെ കുട്ടികള്‍ കുറേ ദൂരെ നിന്നും വന്നവരാണല്ലോ. അവരില്‍ മാത്രമൊതുങ്ങാതെ, മറ്റുള്ളവരിലേക്കും ഈ പ്രവര്‍ത്തനം എത്തണം. ഈ അധ്യയന വര്‍ഷത്തില്‍ത്തന്നെ എന്തു ചെയ്യാന്‍ സാധിക്കും എന്നാണ് ചിന്തിക്കുന്നത്. ഇപ്പോള്‍ സ്‌കൂളിലെ രക്ഷിതാവ് കൂടിയായല്ലോ. പിടിഎയും പഞ്ചായത്തും അടക്കമുള്ളവ വഴിയാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. കുട്ടികളുടെ യാത്രയെക്കുറിച്ചുള്ള പ്രശ്നം മുന്നിലുണ്ട്. അതിനെക്കുറിച്ച് അധികം ചിന്തിക്കാന്‍ നിന്നില്ല എന്നതാണ് വാസ്തവം. ദിവസേന അഞ്ഞൂറോ അറുന്നൂറോ രൂപ വണ്ടിക്കു തന്നെ കൊടുക്കേണ്ടിവരും. അതിനൊക്കെ പിന്നീട് പരിഹാരമുണ്ടാകും. നമ്മുടെ ലക്ഷ്യം അതിലും വലുതാണല്ലോ.’
പ്രദേശവാസികളേയും രക്ഷിതാക്കളേയും ചേര്‍ത്തു കൊണ്ട് സ്‌കൂളിനായി ഒരു സപ്പോര്‍ട്ട് ഗ്രൂപ്പ് ആരംഭിക്കാനുള്ള ചിന്തയിലാണ് തങ്ങളെന്ന് കെ.എസ്.ടി.എം സംസ്ഥാന പ്രസിഡന്റ് ബഷീറും പറയുന്നു. അയിത്തം പോലുള്ള ദുരാചാരങ്ങളോടുള്ള പ്രതികരണമാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും, അധ്യാപക സംഘടന എന്ന നിലയില്‍ സ്‌കൂളിനെ നേരിട്ടു ബാധിക്കുന്ന കാര്യമായി പരിഗണിച്ചാണ് വിഷയത്തിലിടപെട്ടതെന്നും താരതമ്യേന പുതിയ സംഘടനയായ കെ.എസ്.ടി.എമ്മിന്റെ അമരക്കാര്‍ പറയുന്നുണ്ട്. അധ്യാപക സംഘടന ഇക്കാര്യമറിയിക്കാന്‍ ഇങ്ങോട്ടു ബന്ധപ്പെടുകയായിരുന്നെന്നും, ഇതൊരു വലിയ മാറ്റമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നെന്നുമാണ് പ്രധാനാധ്യാപകന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന രാജന്റെ പ്രതികരണം. നിലവില്‍ പ്രവേശനം നേടിയിരിക്കുന്ന കുട്ടികള്‍ ദൂരെ നിന്നുമുള്ളവരാണെന്നും, എല്‍.പി സ്‌കൂളിന്റെ ഫീഡിംഗ് ഏരിയയില്‍ നിന്നുള്ളവരെ കൂടുതല്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, വെല്‍ഫെയര്‍ സ്‌കൂള്‍ ഇവിടത്തെ സാംബവ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ എല്‍.പി സ്‌കൂള്‍ മാത്രമല്ല. സ്‌കൂള്‍ വിട്ട് വര്‍ഷങ്ങളായാലും അവര്‍ക്ക് ഏതു സഹായത്തിനും ഓടിയെത്താവുന്ന, പഠനവും ജോലിയും സംബന്ധിച്ച എല്ലാ കൈത്താങ്ങും ലഭിക്കുന്ന ഒരിടമാണ്. ഇപ്പോഴും ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ ഏതാവശ്യത്തിനും സമീപിക്കുക ഇവിടത്തെ അധ്യാപകരെയാണ്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവര്‍ക്കു ജോലി സാധ്യതകള്‍ നിര്‍ദ്ദേശിക്കുന്നതും വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിലെ അധ്യാപകര്‍ തന്നെ. അതിനുമപ്പുറം, മറ്റു കുട്ടികളുമായി ഇടപഴകി പരിചയിച്ച്, പുറം ലോകത്ത് ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ കൂടി ഇവര്‍ക്ക് ധൈര്യം നല്‍കുന്നയിടമായി സ്‌കൂളിനെ മാറ്റണം എന്ന അധ്യാപകരുടെ ആഗ്രഹത്തിന്റെ ആദ്യ പടിയാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞ കിഴിഞ്ഞാണ്യം എ.എല്‍.പി സ്‌കൂള്‍ വെല്‍ഫെയര്‍ സ്‌കൂളുമായി ചേര്‍ക്കുക കൂടി ചെയ്താല്‍, സ്‌കൂളിനെ പിന്തുടരുന്ന ജാതിവിവേചനം പഴങ്കഥയാകും എന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്.
കര്‍ദിനാള്‍ ആലഞ്ചേരി വീണ്ടും ശക്തനാകുന്നു, അതിരൂപതയുടെ ഭരണ ചുമതല വത്തിക്കാന്‍ തിരിച്ചുനല്‍കി