UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജി എസ് ടി: സമഗ്രാധിപത്യ ഭരണത്തിലേക്ക് ഒരു ചുവടുകൂടി

Avatar

കെ എന്‍ ബാലഗോപാല്‍

ഏകീകൃത ചരക്ക്, സേവന നികുതി സംവിധാനം കൊണ്ടുവരാനുള്ള ഭരണഘടന ഭേദഗതി ബില്ലിനുള്ള ശ്രമങ്ങള്‍ ഒരു ദശാബ്ദത്തോളമായി നടന്നുവരികയായിരുന്നു. ചില കോര്‍പ്പറേറ്റുകള്‍, കേന്ദ്രം, ചില സംസ്ഥാന സര്‍ക്കാരുകള്‍, ചില രാഷ്ട്രീയ കക്ഷികള്‍, ചില മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ ബില്ലിനു കലവറ ഇല്ലാത്ത പിന്തുണയാണ് നല്‍കിയത്. ഇതിനെ വളര്‍ച്ചയുടെയും വികസനത്തിന്റെയും ഒറ്റമൂലിയായി ഇവര്‍ കരുതുന്നു. ബില്‍ പാര്‍ലമെന്റില്‍ അംഗീകരിക്കാത്തതിനു ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. പക്ഷേ ഇവരെല്ലാം സൗകര്യപൂര്‍വം വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്, എന്തുകൊണ്ടാണ് ബില്‍ ഇത്രയും കാലം നീണ്ടുപോയത്? നമ്മുടെ അടിസ്ഥാന സത്തയായ ഫെഡറലിസത്തിന് നേരെ ഈ ബില്‍ ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു എന്നതുകൊണ്ടാണത്.

സംസ്ഥാനങ്ങള്‍ക്ക് (അന്ന് പ്രവിശ്യകള്‍) തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വില്‍പ്പന നികുതി പിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഭരണഘടന നിര്‍മാണ സഭയില്‍ ബി ആര്‍ അംബേദ്കര്‍ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. പ്രവിശ്യകള്‍ പിരിക്കേണ്ട വില്‍പ്പന നികുതിക്ക് പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയെയും എതിര്‍ത്തു. ‘പ്രവിശ്യകള്‍ ആശ്രയിക്കുന്ന നിരവധി വിഭവസ്രോതസുകള്‍ കേന്ദ്രത്തിന്റെ പക്കല്‍ കുമിഞ്ഞുകൂടിയിരിക്കെ’,’ഒരു പ്രധാനപ്പെട്ട വരുമാനമാര്‍ഗമെങ്കിലും പ്രവിശ്യകള്‍ക്ക് വിട്ടുനല്‍കേണ്ടതാണ് എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ന്യായം. ‘പ്രവിശ്യകള്‍ക്ക് വില്‍പ്പന നികുതി നല്‍കുന്ന നിര്‍ദേശം വളരെ ന്യായമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നു,’ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു അദ്ദേഹം പറഞ്ഞു.

പ്രവിശ്യകളുടെ വില്‍പ്പന നികുതി ചുമത്താനുള്ള അധികാരം സ്വതന്ത്രവും നിയന്ത്രണമില്ലാത്തതും ആകരുതെന്നും പാര്‍ലമെന്റ് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്ന ഭേദഗതിയും അദ്ദേഹം നിരാകരിച്ചു. ‘പ്രവിശ്യകള്‍ക്ക് വില്‍പ്പന നികുതി ചുമത്താനുള്ള അധികാരം നമ്മള്‍ നല്‍കുകയാണെങ്കില്‍, പ്രവിശ്യകളിലെ മാറുന്ന സാഹചര്യം അനുസരിച്ചു വില്‍പ്പന നികുതി നിരക്കില്‍ മാറ്റങ്ങള്‍ വരുത്താനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകണം. അതുകൊണ്ട് വില്‍പ്പന നികുതി നടത്തിപ്പില്‍ പാര്‍ലമെന്റ് പരിധി നിശ്ചയിക്കുന്നത് വലിയ തടസങ്ങളുണ്ടാക്കും.’

ജി എസ് ടി ബില്‍ നമ്മുടെ ഭരണഘടനയുടെ ഈ തത്വത്തിനെതിരാണ്. അത് ഇന്ത്യയിലെ ഫെഡറലിസത്തിന്റെ മരണമണിയാണ് മുഴക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നികുതി തീരുമാനിക്കാനുള്ള അധികാരം നഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഇടക്കിടെ പിച്ചച്ചട്ടിയുമായി കേന്ദ്രത്തിന്റെ അടുക്കല്‍ വരേണ്ടിവരും. ഇതാകട്ടെ, ബി ജെ പിയും അതിന്റെ സൈദ്ധാന്തിക മാര്‍ഗദര്‍ശികളായ സംഘപരിവാറും സ്വപ്നം കാണുന്ന ഒരു പ്രസിഡന്റ് ഭരണരീതിയിലേക്കോ സമഗ്രാധിപത്യ ഭരണത്തിലേക്കോ ആണ് കേന്ദ്രത്തെ എത്തിക്കുക.

നിലവില്‍ സംസ്ഥാനങ്ങള്‍ പിരിക്കുന്ന വില്‍പന നികുതി അടക്കം ജി എസ് ടി കൗണ്‍സിലിന്റെ പരിധിയിലേക്ക് എത്തുകയാണല്ലോ. സേവന നികുതി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് പിരിക്കുന്നത്. ജി എസ് ടി നടപ്പിലാക്കുമ്പോള്‍ ഇതിന്റെ ഒരു വിഹിതം സംസ്ഥാനത്തിന് നല്‍കാം എന്നാണ് ‘ആനുകൂല്യം’ .വാസ്തവത്തില്‍ സംസ്ഥാനത്തിന് അവകാശപ്പെട്ട വിഹിതം നല്‍കാതെ പിടിച്ചു വയ്ക്കുകയും ജി എസ് ടി യുടെ പേരില്‍ വിട്ടു തരികയുമാണ് ചെയ്യുന്നത്.

ഈ ബില്‍ സംസ്ഥാന മൂല്യ വര്‍ദ്ധിത നികുതി/വില്‍പ്പന നികുതി, വിനോദ നികുതി (പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ഈടാക്കുന്നതൊഴികെ), കേന്ദ്ര വില്‍പ്പന നികുതി (കേന്ദ്രം ചുമത്തുന്നതും സംസ്ഥാനങ്ങള്‍ പിരിച്ചെടുക്കുന്നതുമായവ), ഒക്ട്രോയ്, പ്രവേശന നികുതി, വാങ്ങല്‍ നികുതി, ആഡംബര നികുതി, ഭാഗ്യക്കുറിക്കു മേലുള്ള നികുതി, ചരക്ക്, സേവന വിതരണവുമായി ബന്ധപ്പെട്ട സംസ്ഥാന സെസ്, സര്‍ചാര്‍ജ് എന്നിവയെല്ലാം ഈ ജി എസ് ടി വിഴുങ്ങുന്നു. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, പ്രാദേശിക ഭരണസ്ഥാപനങ്ങളേയും ജി എസ് ടി സംവിധാനം പ്രതികൂലമായി ബാധിക്കും. 

2014-15 സാമ്പത്തിക വര്‍ഷത്തില്‍ മുംബൈ കോര്‍പ്പറേഷന്റെ ഒക്ട്രോയ് വരുമാനം ഏതാണ്ട് 6733 കോടി രൂപയായിരുന്നു. അവരുടെ മൊത്തം വരുമാനത്തിന്റെ 42% ആകുകയും ചെയ്യരുത് . ജി എസ് ടി ബില്ലിനെക്കുറിച്ചുള്ള സെലക്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ഇത് എടുത്തു പറഞ്ഞിരുന്നു. കേന്ദ്രം ഈ വരുമാനം എടുത്തുമാറ്റിയാല്‍, നഗരവികസനം എങ്ങനെയാണ് ഉറപ്പാക്കുക?

വിഭവസമാഹരണം മാത്രമായി നികുതി അധികാരത്തെ ചുരുക്കരുത്. അത് സാമൂഹ്യ നന്മയ്ക്കായി ചില വസ്തുക്കളുടെ ഉപഭോഗം നിയന്ത്രിക്കാനും ചുരുക്കാനുമുള്ള ഒരുപാധികൂടിയാണ്. ഉദാഹരണത്തിന്, ആരോഗ്യപരമായ കാരണങ്ങളാല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് വലിയ നികുതി ചുമത്താറുണ്ട്. ഇവിടെ പുകയില ഉത്പാദനം നടത്തുന്ന സംസ്ഥാനങ്ങള്‍ കൂടുതല്‍ വില്‍പ്പനക്കായി കുറഞ്ഞ നികുതിക്കും, ഉപഭോഗ സംസ്ഥാനങ്ങള്‍ കൂടുതല്‍ നികുതിക്കും വേണ്ടി വാദിക്കും. ആരോഗ്യ ആശങ്കകള്‍ പരിഗണിച്ചാല്‍ ഉയര്‍ന്ന നികുതിയാണ് വേണ്ടത്. ഏകീകൃത നികുതി സംവിധാനത്തില്‍ ആരുടെ താത്പര്യമാണ് കേന്ദ്രം സംരക്ഷിക്കുക? അതുപോലെ, ഒരു പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സംസ്ഥാനത്തിന് അധിക വിഭവസമാഹരണം വേണമെങ്കില്‍ അവര്‍ക്ക് പ്രത്യേക നികുതി ചുമത്താനാവില്ല.

സ്വച്ഛഭാരതും മറ്റ് കേന്ദ്ര പദ്ധതികളും കേന്ദ്രസര്‍ക്കാരിന് മാത്രം നിശ്ചയിച്ചു നടപ്പാക്കാന്‍ കഴിയുന്നവയാണ്. ‘മെയ്ക് ഇന്‍ ഇന്‍ഡ്യ’ പദ്ധതി വിദേശ ഇറക്കുമതിയില്‍ നിന്നും ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പറയുന്നു. അതേപോലെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രാദേശിക വ്യവസായങ്ങളെയും തൊഴില്‍മേഖലയെയും സംരക്ഷിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം നടപ്പാക്കാന്‍ പ്രാദേശിക ഉത്പാദകരെ സംരക്ഷിക്കാന്‍ കുറഞ്ഞ വില്‍പ്പന നികുതിയും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കേണ്ടിവരും. പക്ഷേ മാറ്റങ്ങള്‍ വരുത്താവുന്ന നികുതി ചുമത്തലിനുള്ള സംസ്ഥാനങ്ങളുടെ അധികാരം ജി എസ് ടി സംവിധാനത്തോടെ ഇല്ലാതാവുകയാണ്.

ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ഇടതുകക്ഷികള്‍, അന്നത്തെ യു പി എ സര്‍ക്കാരിനോട് ഇപ്പോഴത്തെ എന്‍ ഡി എ സര്‍ക്കാരിനോടും നിരന്തരം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട ജി എസ് ടി സമിതിയില്‍ കേന്ദ്രത്തിന് ജനാധിപത്യവിരുദ്ധമായ വീറ്റോ അധികാരമുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ചില വ്യത്യാസങ്ങള്‍ വേണമെന്ന വാദം കേട്ട മട്ടുകാണിച്ചില്ല . ഫെഡറല്‍ സന്തുലിതാവസ്ഥ പാലിക്കുന്നതിന് കേന്ദ്രത്തിന്റെ വോട്ടിനുള്ള കൂടുതല്‍ മൂല്യം കുറയ്കുകയും സംസ്ഥാനങ്ങളുടെ വോട്ടിന്റെ മൂല്യം കൂട്ടുകയും വേണം. 

തങ്ങളുടെ സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നികുതി തീരുമാനിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരമാണ് ജി എസ് ടി എടുത്തുകളയുന്നത്. ബ്രെക്‌സിറ്റ്, ഗ്രെക്‌സിറ്റ് എന്നിവയ്ക്ക് സമാനമായ സാഹചര്യമായിരിക്കും ഇത് ഭാവിയില്‍ ഇന്ത്യയില്‍ ഉണ്ടാക്കാന്‍ പോകുന്നത്. 

കേരളത്തിലെ സാഹചര്യം തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍ എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തിനും തങ്ങളുടേതായ നികുതി തീരുമാനങ്ങള്‍ എടുക്കാന്‍ അവയുടേതായ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ കാരണങ്ങളുമുണ്ടാകും. പതിറ്റാണ്ടുകളായി രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും രാജ്യത്താകെ ഒരു ഏകീകൃത കുറഞ്ഞ വേതനം നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പക്ഷേ തങ്ങളുടെ കോര്‍പ്പറേറ്റ് യജമാനമാരെ തൃപ്തിപ്പെടുത്താന്‍ ബി ജെ പിയും കോണ്‍ഗ്രസും ബില്‍ നിയമമാക്കാന്‍ ഒറ്റക്കെട്ടായി നിന്നു. രാജ്യത്തിന്റെ ഫെഡറലിസത്തിനു നേരെയുള്ള ഏറ്റവും അപകടകരമായ ആക്രമണമാണ് ജി എസ് ടി ബില്ലും അതിലൂടെ നടപ്പില്‍ വരുന്ന നികുതി സംവിധാനവും. ബില്ലിനെ തുരങ്കം വയ്ക്കുകയല്ല പകരം സംസ്ഥാനങ്ങള്‍ നേരിടാന്‍ പോകുന്ന ഒരു വലിയ വെല്ലുവിളി ചൂണ്ടികാട്ടുക മാത്രമാണ് സിപിഎം ചെയ്യുന്നത്.

(സി പി എം മുന്‍ രാജ്യസഭാംഗമാണ്  കെ എന്‍ ബാലഗോപാല്‍. ജി എസ് ടി ബില്‍ പരിശോധിച്ച രാജ്യസഭ സെലക്ട് കമ്മറ്റി അംഗമായിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍