UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജി എസ് ടി മറയ്ക്കാന്‍ ശ്രമിക്കുന്ന പ്രധാന പ്രശ്നങ്ങള്‍

പാര്‍ലമെന്റ് ഈയിടെ അംഗീകരിച്ച ചരക്ക്, സേവന നികുതി ബില്‍ ‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം’ എന്നാണ് അവകാശപ്പെടുന്നത്. പരോക്ഷ നികുതി ചുമത്തുന്നതിന് ഒരു ഏകീകൃത ഘടന കൊണ്ടുവരുന്ന പുതിയ നിയമം (എക്സൈസ്, കസ്റ്റംസ്, വില്‍പ്പന, സേവന നികുതികളും തീരുവകളും) കൂടുതല്‍ നികുതിയടവു ഉറപ്പുവരുത്തുകയും നികുതി കാര്യക്ഷമത വരുത്തുകയും ഒരു ‘പൊതു ദേശീയ വിപണി’ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ധനമന്ത്രി അദ്ധ്യക്ഷനായി സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളായ ജി എസ് ടി സമിതിക്ക് വരും മാസങ്ങളില്‍ നിരവധി തര്‍ക്കവിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടിവരും. പ്രധാനമായും, ഏകീകൃത നികുതി നിരക്ക്, നിഷ്പക്ഷ നികുതി നിരക്ക് (നിലവിലെ നികുതിവരുമാനം സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കുന്ന നിരക്ക്), ജി എസ് ടി ഒഴിവാക്കുന്ന ചരക്കുകളും സേവനങ്ങളും, നികുതി പരിധികള്‍, സമയക്രമങ്ങളുടെ വിജ്ഞാപനം, തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ എന്നിവയായിരിക്കും ചര്‍ച്ചാവിഷയങ്ങള്‍. പല വിഷയങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നത് കാരണം ഏപ്രില്‍ 1 എന്ന മാന്ത്രിക തീയ്യതിയില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം. ഈ പ്രശ്നങ്ങളിലെല്ലാം അതിനുമുമ്പ് തീര്‍പ്പുണ്ടാക്കുക സാധ്യമായ കാര്യമല്ല.

11 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ മൂല്യ വര്‍ധിത നികുതിയുടെ തുടര്‍ച്ചയാണ് ജി എസ് ടി. എല്ലാ കേന്ദ്ര,സംസ്ഥാന പരോക്ഷ നികുതികളെയും ഒന്നിപ്പിക്കുന്ന ഒരൊറ്റ നികുതിയായാണ് ഇതിനെ ആദ്യം വിഭാവനം ചെയ്തത്. എന്നാല്‍ ചില നിര്‍ണായക നികുതികളെ- പെട്രോളിയം ഉത്പന്നങ്ങള്‍, വൈദ്യുതി, സ്ഥാവര വസ്തുക്കളുടെ മേലുള്ള മുദ്രപ്പത്ര തീരുവ, മദ്യത്തിനുള്ള എക്സൈസ് തീരുവ- സമിതി വിജ്ഞാപനം ചെയ്യുംവരെ ഒഴിവാക്കിയത് ഏകീകൃത പരോക്ഷ നികുതി നടപ്പാക്കാനുള്ള ലക്ഷ്യത്തിന് വിലങ്ങുതടിയാണ്. ഈ നികുതികള്‍ സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിന്റെ കാല്‍ഭാഗം മുതല്‍ പകുതിയോളം വരും. പെട്രോളിയം ഉത്പന്നങ്ങളെയും വൈദ്യുതിയെയും ജി എസ് ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയത് നികുതിക്ക് മേല്‍ നികുതി വരുന്നതിന്റെ ഇരട്ടിക്കല്‍ ഭാരത്തെ ഇല്ലാതാക്കും എന്ന അവകാശവാദത്തിന് വെല്ലുവിളിയാണ്. മദ്യത്തെ ഒഴിവാക്കിയത് ഒരു എളുപ്പത്തിലുള്ള ഒത്തുതീര്‍പ്പായി കാണാമെങ്കിലും വസ്തു ഇടപാടുകളുടെ മുദ്രപ്പത്ര തീരുവയെ ഇതില്‍ നിന്നും ഒഴിവാക്കിയതിലൂടെ ഭൂമി, വസ്തു ഇടപാടുകളിലെ കള്ളപ്പണം-അതും ഈ ഇരട്ടിക്കല്‍ പ്രഭാവം ഉണ്ടാക്കുന്നത്-നിയന്ത്രിക്കുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വലിയ താത്പര്യം ഇല്ല എന്നാണ് കാണിക്കുന്നത്.

ജി എസ് ടിയുടെ ബഹളങ്ങളില്‍ വിസ്മരിക്കുന്ന ഒരു കാര്യം, നികുതി സമ്പ്രദായം ഏകീകരിക്കുന്നതിന് ഏകീകൃത നികുതി അനിവാര്യമല്ല എന്നും, നികുതി പിരിവിനുള്ള ചട്ടങ്ങളിലും, നടപടിക്രമങ്ങളിലും, ഭരണസംവിധാനങ്ങളിലും ഐക്യരൂപമാണ് വേണ്ടതെന്നുമാണ്. അത്തരമൊരു സാരൂപ്യം ഉറപ്പുവരുത്തിയാല്‍ അത് നികുതി നിര്‍വഹണത്തിലെ കാര്യക്ഷമതയും വിവര ശൃംഖലയും സൃഷ്ടിക്കുകയും അതുവഴി വലിയതോതിലുള്ള നികുതി ബദ്ധത ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇന്നത്തെ നിലക്ക് ജി എസ് ടി ഇതിന് സഹായിക്കും എന്നുറപ്പില്ല. ഇത് വെറും ലക്ഷ്യാടിസ്ഥാനത്തിലുള്ള ഇരട്ട നിരക്കിലുള്ള ചരക്കുകള്‍ക്ക് മുകളില്‍ ഈടാക്കുന്ന VAT ഉപഭോഗ സ്ഥലത്തുവെച്ച് ഈടാക്കുന്നതാണ്. വാസ്തവത്തില്‍ ഏകീകൃത നികുതിക്കുള്ള ഈ വെപ്രാളം സംസ്ഥാനങ്ങളുടെ വ്യത്യസ്ഥമായ ഉപഭോഗ അടിത്തറയെ വിസ്മരിക്കുകയാണ്. ഉയര്‍ന്ന വരുമാനമുള്ള, താരതമ്യേന വികസിതമായ നിര്‍മ്മാണ മേഖലയുള്ള സംസ്ഥാനങ്ങള്‍ പരോക്ഷനികുതികളെ ജി എസ് ടി വിഴുങ്ങുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള സംസ്ഥാനങ്ങളുടെ ഉപഭോഗ അടിത്തറ പൊതുവേ അസംഘടിതവും കാര്‍ഷികവുമാണ്. പൊതു ജി എസ് ടി അടിച്ചേല്‍പ്പിക്കുന്നതിലൂടെ അവയ്ക്കു വലിയ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.

സാമ്പത്തിക വികസനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സംസ്ഥാനങ്ങളുടെ ധനകാര്യ സ്വയംഭരണാവകാശം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഏറെ കോലാഹലങ്ങള്‍ക്ക് ശേഷം ജി എസ് ടിയിലുണ്ടായ അഭിപ്രായസമന്വയം സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചും അവരുടെ പദവികളില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടാണ് തെളിയുന്നത്. തങ്ങളുടെ ഇപ്പോഴത്തെ നികുതി വരുമാനത്തിന് കോട്ടം തട്ടാത്ത ഒരു നിഷ്പക്ഷ നികുതി നിരക്ക് വരുന്ന അഞ്ചു കൊല്ലം ഉണ്ടാകും എന്ന ഉറപ്പ് സംസ്ഥാനങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന ധനകാര്യ ഫെഡറലിസത്തിന്റെ ഘടനയെ വളച്ചൊടിക്കുന്നു എന്നതാണു യഥാര്‍ത്ഥ പ്രശ്നം.

ജി എസ് ടിയില്‍ എത്തിനില്‍ക്കുന്ന പരോക്ഷ നികുതിയിലെ പരിഷ്കാരങ്ങള്‍ താഴ്ന്ന പ്രത്യക്ഷ നികുതിനിരക്കുകളിലെ പരിഷ്കരണത്തിനുള്ള ആവശ്യങ്ങളെ അവഗണിക്കുന്നു. പ്രത്യക്ഷ നികുതികള്‍-വ്യക്തിഗത വരുമാനം, സമ്പത്ത്, കേന്ദ്ര സര്‍ക്കാര്‍ നികുതി  ഈടാക്കുന്ന കോര്‍പ്പറേറ്റ് ലാഭവും വരുമാനവും തുടങ്ങിയവ 2015-16 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി ഡി പിയില്‍ (മൊത്ത ആഭ്യന്തര ഉത്പാദനം) വെറും 5.47% മാത്രമായിരുന്നു നല്കിയത്. പരോക്ഷ നികുതികള്‍ ജി ഡി പിയുടെ 11%-വും. പണപ്പെരുപ്പത്തിന് ഇടയാക്കുന്നു എന്നതിന് പുറമെ, പരോക്ഷ നികുതികള്‍ സാധാരണക്കാരെ കൂടുതലായി ബാധിക്കുന്ന ഒന്നുമാണ്. ഇന്ത്യയുടെ താഴ്ന്ന നികുതി-ജി ഡി പി അനുപാതം കണക്കിലെടുത്താല്‍ ജി എസ് ടിയുടെ പേരില്‍ നടക്കുന്ന ശബ്ദമുഖരിതമായ ചര്‍ച്ചകള്‍ പ്രത്യക്ഷ നികുതി സംവിധാനത്തിലെ അടിയന്തര പരിഷ്കാരങ്ങളെ പൂഴ്ത്തിക്കളയരുത്. 

(എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍