UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരക്ക് സേവന നികുതി: അറിയേണ്ടതെല്ലാം

Avatar

ടീം അഴിമുഖം

25 കൊല്ലം മുമ്പ് തുടങ്ങിയ സാമ്പത്തിക പരിഷ്കരണ നടപടികളിലെ ഏറ്റവും വലിയ നികുതിപരിഷ്കാരമായ ജി എസ് ടിക്ക് (ചരക്ക് സേവന നികുതി) രാജ്യസഭ കടമ്പ കടന്നു. നേരത്തെ ലോക്സഭ ഇത് പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ഭേദഗതികള്‍ കൊണ്ട് വന്നതിനാല്‍ വീണ്ടും ലോക്സഭയുടെ അംഗീകാരം നേടേണ്ടതുണ്ട്. നിലവിലെ നികുതി ഘടനയില്‍ നിന്നും ജി എസ് ടി എങ്ങനെ വ്യത്യസ്തമാകുന്നു, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു, പാര്‍ലമെന്റ് അംഗീകാരം നല്കിയാല്‍ എന്ത് സംഭവിക്കും എന്നു നോക്കാം:

ലളിതമായി പറഞ്ഞാല്‍ നികുതികളുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുക എന്നു നോക്കാം
ഒരു നിര്‍മ്മാതാവിനെ സങ്കല്‍പ്പിക്കുക. ഉദാഹരണത്തിന് വസ്ത്രങ്ങളുടെ  നിര്‍മ്മാതാവ്. അയാള്‍ അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നു-തുണി, നൂല്, ബട്ടണുകള്‍, തുന്നല്‍ ഉപകരണങ്ങള്‍- 100 രൂപ വിലവരുന്നവ. ഇതില്‍ 10 രൂപ നികുതിയും ഉള്‍പ്പെടും. ഇങ്ങനെ വാങ്ങിയ  അസംസ്കൃതവസ്തുക്കളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ അയാള്‍ ഒരു വസ്ത്രം ഉണ്ടാക്കുന്നു.

വസ്ത്രം ഉണ്ടാക്കുന്ന പ്രക്രിയയില്‍ നിര്‍മ്മാതാവ് താന്‍ പണിയാരംഭിച്ചപ്പോഴുള്ള വസ്തുക്കളുടെ മൂല്യം കൂട്ടുന്നുണ്ട്. ഇങ്ങനെയുണ്ടായ മൂല്യവര്‍ദ്ധനവ് 30 രൂപയാണെന്ന് കണക്കാക്കുക. അപ്പോള്‍ അയാളുടെ ചരക്കിന്റെ വില 100+30 അഥവാ 130 രൂപയാണ്.

10 ശതമാനം നികുതിനിരക്കില്‍ ഉത്പന്നത്തിന് (കുപ്പായം) മേലുള്ള നികുതി അപ്പോള്‍ 13 രൂപയാകും. പക്ഷേ ജി എസ് ടിക്ക് കീഴില്‍ ഈ നികുതി (13 രൂപ) അയാള്‍ക്ക് താന്‍ അസംസ്കൃത വസ്തുക്കള്‍ക്ക് ഇതിനകം നല്കിയ നികുതിയുമായി (10 രൂപ)തട്ടിക്കിഴിക്കാം. അപ്പോള്‍ നിര്‍മ്മാതാവിന് ഉത്പന്നത്തിന് നല്‍കേണ്ടി വരുന്ന നികുതി വാസ്തവത്തില്‍ 3 രൂപയാണ് (13-10).

രണ്ടാം ഘട്ടം
ഉത്പന്നം നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും മൊത്തവില്‍പ്പനക്കാരന്റെ കൈകളിലേക്ക് എത്തുന്നതാണ് അടുത്ത ഘട്ടം. മൊത്തവ്യാപാരി ഇത് 130 രൂപയ്ക്ക് വാങ്ങുന്നു. അയാളും അതില്‍ മൂല്യവര്‍ദ്ധനവ് സൃഷ്ടിക്കുന്നു (അടിസ്ഥാനപരമായി അതാണയാളുടെ ‘ലാഭവിഹിതം’)-20 രൂപ എന്നു കണക്കാക്കാം. അപ്പോള്‍ അയാള്‍ വില്‍ക്കുന്ന ഉത്പന്നത്തിന്റെ വില 130+20 അഥവാ 150 രൂപയാകുന്നു.

ഇതിനുമേല്‍ 10 ശതമാനം നികുതി ചുമത്തുമ്പോള്‍ 15 രൂപയാണ്. പക്ഷേ വീണ്ടും ജി എസ് ടിക്ക് കീഴില്‍ ഈ നികുതി താന്‍ നിര്‍മ്മാതാവില്‍ നിന്നും ചരക്ക് വാങ്ങിയപ്പോള്‍ നല്കിയിരുന്ന നികുതിയില്‍ നിന്നും (13 രൂപ) തട്ടിക്കിഴിക്കാം. അപ്പോള്‍ മൊത്തവ്യാപാരിയുടെ ജി എസ് ടി 2 രൂപ (15-13) മാത്രമാണ്.

മൂന്നാം ഘട്ടം
അന്തിമഘട്ടത്തില്‍, ചില്ലറവ്യാപാരി ചരക്ക് മൊത്തവ്യാപാരിയില്‍ നിന്നും വാങ്ങുന്നു. തന്റെ വാങ്ങല്‍ വിലയായ 150 രൂപയ്ക്കൊപ്പം അയാള്‍ ഉത്പന്നത്തിന് മൂല്യവര്‍ദ്ധന വരുത്തുന്നു. 10 രൂപ കൂട്ടുന്നു എന്നു കണക്കാക്കാം. അയാള്‍ വില്‍ക്കുമ്പോള്‍ വില 160 രൂപയാകുന്നു. ഇതിന്മേലുള്ള 10% നികുതി 16 രൂപയാകണം. പക്ഷേ ഇത് മൊത്തവ്യാപാരിയില്‍ നിന്നും വാങ്ങിയ വിലയില്‍ ഉള്‍പ്പെട്ട നികുതിയുമായി (15 രൂപ) തട്ടിക്കിഴിച്ചാല്‍ ചില്ലറവ്യാപാരിയുടെ നികുതി 1 രൂപയാണ് (16-5)

അങ്ങനെ അസംസ്കൃത വസ്തു/അസംസ്കൃതവസ്തു നല്‍കുന്നവര്‍ (അവര്‍ക്ക് നികുതിയില്‍ പ്രത്യേക മാറ്റമില്ല. കാരണം അവര്‍ ഒന്നും വാങ്ങിയിട്ടില്ല) നിര്‍മ്മാതാവ്-മൊത്തവ്യാപാരി-ചില്ലറവ്യാപാരി ശൃംഖലയിലൂടെ വരുമ്പോള്‍ ഈ മൂല്യശൃംഖലയിലെ മൊത്തം ജി‌ എസ് ടി 10+ 3+ 2+ 1 അതായത് 16 രൂപയാണ്.



ജി എസ് ടി അല്ലെങ്കില്‍ എങ്ങനെയാകും
ജി എസ് ടി അല്ലാത്ത നികുതി സമ്പ്രദായത്തില്‍ ‘നികുതിക്ക് മേല്‍ നികുതി’ എന്ന പെരുകുന്ന അവസ്ഥയാണ്. കാരണം മുന്‍വാങ്ങലുകളിലെ നികുതി  കണക്കാക്കിയുള്ള തട്ടിക്കിഴിക്കല്‍ അതിലില്ല.

അപ്പോള്‍, മേല്‍പ്പറഞ്ഞ അതേ ഉദാഹരണം തന്നെ എടുക്കുക. നിര്‍മ്മാതാവ് അസംസ്കൃത വസ്തുക്കള്‍ 100 രൂപയ്ക്ക് വാങ്ങുന്നു. നികുതി 10 രൂപ. കുപ്പായത്തിന്റെ അതായത് ഉത്പന്നത്തിന്റെ വില 130 രൂപയാണ്. അതിനു അയാള്‍ 13 രൂപ നികുതിയടക്കുന്നു. പക്ഷേ അസംസ്കൃത വസ്തുക്കള്‍ക്കു ഇതിനകം അടച്ച നികുതിയുമായി (10 രൂപ) തട്ടിക്കിഴിക്കുന്ന ഏര്‍പ്പാടില്ലാത്തതുകൊണ്ട് മൊത്തവ്യാപരിക്ക് നിര്‍മ്മാതാവ് വില്‍ക്കുന്ന വില 143 രൂപയാണ് (130+13).

മൊത്തവ്യാപാരി നടത്തുന്ന മൂല്യവര്‍ധനവില്‍ (ലാഭവിഹിതം) 20 രൂപ വിലയില്‍ കൂട്ടുന്നു. അപ്പോള്‍ അയാള്‍ വില്‍ക്കുന്ന വില 163 രൂപയാണ്. എന്നാല്‍ ഇതിനൊപ്പം 10 ശതമാനം നികുതികൂടി- 16.30രൂപ-ചേരും. മുന്‍നികുതി കണക്കിലെടുക്കാത്തതിനാല്‍ അപ്പോള്‍ ചില്ലറവ്യാപാരിക്ക് അയാള്‍ വില്‍ക്കുന്ന വില 179.30 രൂപ.

ചില്ലറ വ്യാപാരി വാങ്ങുന്ന വില 179.30. അയാളത് 208.23 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതില്‍ അയാളുടെ ലാഭവിഹിതം അഥവാ മൂല്യവര്‍ദ്ധനവുണ്ട് 10 രൂപ. നികുതിയുണ്ട് 18.93 രൂപ (189.30 ത്തിന്റെ 10 ശതമാനം) ഇതുവരെയുള്ള ഇടപാടുകളില്‍ അടച്ച നികുതി തട്ടിക്കിഴിക്കാന്‍ സംവിധാനമില്ല. അപ്പോള്‍ ഈ അസംസ്കൃത വസ്തു മുതല്‍ ചില്ലറ വ്യാപാരി വരെയുള്ള ജി എസ് ടി രഹിത നികുതി ശൃംഖലയില്‍ 10+13+16.30+18.93 = 58.23 രൂപ എന്ന കണക്കിലാണ് നികുതി ഈടാക്കുന്നത്. അവസാന ഉപഭോക്താവിന് ഉത്പന്നത്തിന് നല്‍കേണ്ടിവരുന്ന വില 150 + 58.23 = 208.23 രൂപ.

ഇതിനെ (58.23 രൂപ നികുതിയും 208.23 രൂപ വിലയും) ജി എസ് ടിക്ക് കീഴില്‍ 16 രൂപ നികുതിയും 166 രൂപ അന്തിമവിലയുമായി താരതമ്യം ചെയ്യുക.

ഇന്നത്തെ സമ്മിശ്ര സാഹചര്യത്തില്‍ ഇതെന്താകും
ഇപ്പോള്‍ നമുക്ക് കേന്ദ്ര,സംസ്ഥാന തലങ്ങളില്‍ മൂല്യ വര്‍ദ്ധിത നികുതി (VAT)സമ്പ്രദായമുണ്ട്. പക്ഷേ കേന്ദ്ര VAT അഥവാ CENVAT സംവിധാനത്തില്‍ ഉത്പാദനതലത്തില്‍ അടക്കുന്ന  കേന്ദ്ര എക്സൈസ് തീരുവയും സേവന നികുതിയും തട്ടിക്കിഴിക്കുന്നത് വരെ മാത്രമേ നീളുന്നുള്ളൂ. ഇത് താഴോട്ടുള്ള വിതരണ ശൃംഖലയിലേക്ക് പോകുന്നില്ല. അധിക എക്സൈസ് തീരുവയും മറ്റ് അധികനികുതികളും (സര്‍ച്ചാര്‍ജ്) പോലുള്ള കേന്ദ്ര നികുതികളുമായി നിര്‍മ്മാതാക്കള്‍ക്കുപോലും തട്ടിക്കിഴിക്കല്‍ സാധ്യമല്ല.

അതേപോലെ സംസ്ഥാന VAT വില്‍പ്പന മാത്രമേ കണക്കാക്കുന്നുള്ളൂ. മുന്‍ വാങ്ങലുകളിലെ VAT നല്കിയതുമായി മാത്രമേ വില്‍പ്പനക്കാര്‍ക്ക് നികുതി തട്ടിക്കിഴിക്കല്‍ സാധ്യമാകൂ. സംസ്ഥാനത്ത് ഈടാക്കുന്ന ആഡംബര വിനോദ നികുതികള്‍, ഒക്ട്രോയ്, തുടങ്ങിയ മറ്റ് പല നികുതികളും ഇതില്‍പ്പെടുന്നില്ല.

ജി എസ് ടി നിലവില്‍ വന്നാല്‍ എല്ലാ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള എല്ലാത്തരം കേന്ദ്ര-സംസ്ഥാന നികുതികളും തീരുവകളും രണ്ടു ഘടകങ്ങള്‍ മാത്രമുള്ള ഈ ഉദ്ഗ്രഥിത നികുതി സംവിധാനത്തിന്റെ ഉള്ളിലാകും: കേന്ദ്ര ജി എസ് ടി, സംസ്ഥാന ജി എസ് ടി.

ഇത് നികുതി അടക്കലുകളെ ഒരൊറ്റ ശൃംഖലയിലാക്കും. ഇതിന് കീഴില്‍  ഓരോ ഘട്ടത്തിലുമുള്ള മൂല്യവര്‍ധനവിന് മാത്രമേ നികുതിയുണ്ടാകൂ. നിര്‍മ്മാതാവിന്/വില്‍പ്പനക്കാരന് തന്റെ വാങ്ങലുകളിലെ കേന്ദ്ര/സംസ്ഥാന ജി എസ് ടിയുമായി തട്ടിക്കിഴിക്കാം. ഇതോടെ അന്തിമ ഉപഭോക്താവിന് അവസാന വ്യാപാര ഇടപാടുകാരന്‍ നല്കിയ ജി എസ് ടി മാത്രമേ വഹിക്കേണ്ടിവരികയുള്ളൂ.



പാര്‍ലമെന്റില്‍ വെച്ച ബില്‍ എന്താണ് ചെയ്യുക
?
ജി എസ് ടി ഈടാക്കാന്‍ കേന്ദ്ര-സംസ്ഥാനങ്ങളെ അനുവദിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുകയാണ് ബില്‍. അതാണ് ബുധനാഴ്ച രാജ്യസഭ പാസാക്കിയത്. ഇപ്പോഴത്തെ നിലയില്‍ ചരക്കുകളുടെ നിര്‍മ്മാണത്തിനും (എക്സൈസ്) പ്രാഥമിക ഇറക്കുമതിക്കും (കസ്റ്റംസ്) അപ്പുറമുള്ള നികുതി ഈടാക്കാന്‍ കേന്ദ്രത്തിനാകില്ല. സംസ്ഥാനങ്ങള്‍ക്ക് സേവനങ്ങള്‍ക്ക് മേല്‍ നികുതി ചുമത്താനും അധികാരമില്ല. നിര്‍ദ്ദിഷ്ട ജി എസ് ടി ബില്‍ വിവിധ കേന്ദ്ര (എക്സൈസ് തീരുവ, അധിക എക്സൈസ് തീരുവ, സേവന നികുതി, അധിക കസ്റ്റംസ് നികുതി, പ്രത്യേക കസ്റ്റംസ് നികുതി തുടങ്ങിയവ) സംസ്ഥാന തല പരോക്ഷ നികുതികളെ (VAT/വില്‍പ്പന നികുതി, വാങ്ങല്‍ നികുതി, വിനോദ നികുതി, ആഡംബര നികുതി, ഒക്ട്രോയ്, പ്രവേശന നികുതി തുടങ്ങിയവ) ഒറ്റ സംവിധാനത്തിന് കീഴിലാക്കുന്നു. ബില്ലിന് അംഗീകാരം കിട്ടിയാല്‍ ചില ഒഴിവുകളോടെ, എല്ലാ ചരക്ക്, സേവനങ്ങള്‍ക്കും മുഴുവന്‍ മൂല്യ ശൃംഖലയിലും കേന്ദ്ര ജി എസ് ടിയും സംസ്ഥാന ജി എസ് ടിയും മാത്രമേ ഉണ്ടാവൂ.

മറഞ്ഞുപോകുന്നത്
ജി എസ് ടി വന്നാല്‍ ഒഴിവാകുന്ന കേന്ദ്ര നികുതികള്‍

1. കേന്ദ്ര എക്സൈസ് തീരുവ

2. എക്സൈസ് തീരുവ (മരുന്നുകള്‍ തയ്യാറാക്കുന്നതിനുള്ളവ)

3. അധിക ഏകസൈസ് തീരുവ (പ്രത്യേക പ്രാധാന്യമുള്ള ചരക്കുകള്‍)

4. അധിക കസ്റ്റംസ് തീരുവ (CVD എന്നു പൊതുവേ വിളിക്കുന്നവ)

5. പ്രത്യേക അധിക കസ്റ്റംസ് നികുതി (SAD)

6. ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണവുമായി ബന്ധപ്പെട്ട സെസ്, സര്‍ച്ചാര്‍ജ് എന്നിവ

ജി എസ് ടി ഉള്‍ക്കൊള്ളുന്ന സംസ്ഥാന നികുതികള്‍
1. സംസ്ഥാന VAT

2. കേന്ദ്ര വില്‍പ്പന നികുതി

3. വാങ്ങല്‍ നികുതി

4. ആഡംബര നികുതി

5. പ്രവേശന നികുതി (എല്ലാ തരത്തിലും)

6. വിനോദ നികുതി (പ്രാദേശിക സ്ഥാപനങ്ങള്‍ ചുമത്തുന്നവ ഒഴിച്ച്)

7. പരസ്യ നികുതി

8. ഭാഗ്യക്കുറി, വാതുവെപ്പ്, ചൂതാട്ടം നികുതി

9. സംസ്ഥാന സെസ്, സര്‍ചാര്‍ജ്

ജി എസ് ടി സമിതി
അദ്ധ്യക്ഷന്‍:  കേന്ദ്ര ധനകാര്യ മന്ത്രി. മറ്റംഗങ്ങള്‍; ഓരോ സംസ്ഥാനവും നാമനിര്‍ദേശം ചെയ്യുന്ന റവന്യൂ സഹമന്ത്രി, ധന,നികുതി ചുമതലയുള്ള മന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ. നാളില്‍ മൂന്നു ഭൂരിപക്ഷത്തിലാകും തീരുമാനങ്ങള്‍ എടുക്കുക. മൊത്തം വോട്ടുകളുടെ മൂന്നിലൊന്ന് കേന്ദ്രത്തിനാകും. സംസ്ഥാനങ്ങള്‍ക്ക് മൂന്നില്‍ രണ്ടും. തങ്ങളുടെ ശുപാര്‍ശകള്‍ക്കുമേല്‍ ഉണ്ടാകുന്ന തര്‍ക്കം പരിഹരിക്കാനുള്ള സംവിധാനം സമിതി നിശ്ചയിക്കും.

ജി എസ് ടി തീരുവ
1. പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും നിയമസഭകള്‍ക്കും ചരക്ക്,സേവന നികുതികളില്‍ നിയമങ്ങളുണ്ടാക്കാനുള്ള അവകാശം ഉണ്ടായിരിക്കും.

2. പാര്‍ലമെന്റിന്റെ നിയമം സംസ്ഥാന ജി എസ് ടി നിയമങ്ങളെ മറികടക്കില്ല.

3. അന്ത:സംസ്ഥാന വ്യാപാര ഇടപാടുകളിലും ഇറക്കുമതിയിലും തീരുവ ചുമത്താനും ജി എസ് ടി പിരിക്കാനുമുള്ള സവിശേഷാധികാരം കേന്ദ്രത്തിനായിരിക്കും. ഇത് ഉദ്ഗ്രഥിത ജി എസ് ടി (Integrated GST) എന്നറിയപ്പെടും.

4. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ IGST പങ്കിടേണ്ടതിനുള്ള മാനദണ്ഡങ്ങള്‍ ജി എസ് ടി സമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രനിയമത്തില്‍ നിശ്ചയിക്കും.

ജി എസ് ടിക്ക് പുറത്ത്
1. മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം.

2. പെട്രോളിയം ക്രൂഡ്, ഹൈ സ്പീഡ് ഡീസല്‍, പെട്രോള്‍, പ്രകൃതി വാതകം, വിമാന ഇന്ധനം-എന്നിവ ജി എസ് ടി സമിതി നിശ്ചയിക്കും വരെ ജി എസ് ടിക്ക് പുറത്താണ്.

അകത്തുള്ളത്
പുകയില, പുകയില ഉത്പന്നങ്ങള്‍. കേന്ദ്രം പുകയില ഉത്പന്നങ്ങള്‍ക്ക് എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയേക്കാം.

ജി എസ് ടി നാള്‍വഴി
ബജറ്റ് 2006-07: 2010 ഏപ്രില്‍ 1-നകം ജി എസ് ടി എന്നു പ്രഖ്യാപനം. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയെ ഇതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നു.

ഏപ്രില്‍ 2008: അന്നത്തെ പശ്ചിമ ബംഗാള്‍ ധനമന്ത്രി അസിം ദാസ്ഗുപ്തയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട് സമര്‍പ്പിക്കുന്നു. ഒഴിവുകള്‍, അന്ത:സംസ്ഥാന വിതരണം, പരിധി എന്നിവയൊക്കെ പരിശോധിക്കാന്‍ സംയുക്ത സമിതികള്‍ രൂപപ്പെടുത്തുന്നു.

നവംബര്‍ 2009: ആദ്യത്തെ ചര്‍ച്ചാ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.

മാര്‍ച്ച് 22, 2011: ഭരണഘടന (115-ആം ഭേദഗതി ബില്‍) ലോക്സഭയില്‍ അവതരിപ്പിച്ചു. പാര്‍ലമെന്‍ററി ധനകാര്യ സമിതിയുടെ പരിഗണയ്ക്ക് വിട്ടു. സമിതി 2013 ആഗസ്ത് 7-നു റിപ്പോര്‍ട്ട് നല്കി. 2014-ല്‍ ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ റദ്ദായി.

ഡിസംബര്‍ 19, 2014: ഭരണഘടന (122-ആം ഭേദഗതി) ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

മെയ് 6, 2015: ബില്ലിന് ലോക്സഭയുടെ അംഗീകാരം.

മെയ് 12, 2015: ബില്‍ രാജ്യസഭയുടെ 21-അംഗ സെലക്ട് കമ്മറ്റിക്ക് വിട്ടു.

ജൂലായ് 22, 2015: സമിതി റിപ്പോര്‍ട് രാജ്യസഭയില്‍ സമര്‍പ്പിച്ചു.

2015-ലെ വര്‍ഷകാല, ശീതകാല സമ്മേളനങ്ങള്‍, 2016 ബജറ്റ് സമ്മേളനം: കോണ്‍ഗ്രസ് ചില എതിര്‍പ്പുകളില്‍ ഉറച്ചുനിന്നതോടെ ബില്‍ സഭയുടെ മേശപ്പുറത്തുവെച്ചില്ല.

ഇനി
രാഷ്ടപതി ജി എസ് ടി സമിതി രൂപവത്കരിക്കും. സമിതി താഴെപ്പറയുന്ന കാര്യങ്ങളില്‍ ശുപാര്‍ശകള്‍ നല്കും:

1. ഉള്‍ക്കൊള്ളിക്കേണ്ട നികുതികള്‍

2. ഒഴിവുകള്‍

3. മാതൃക ജി എസ് ടി നിയമങ്ങള്‍, തീരുവകളുടെ മാനദണ്ഡങ്ങള്‍ തുടങ്ങിയവ

4. ഒഴിവാക്കല്‍ പരിധി

5. അടിസ്ഥാന നിരക്കുകള്‍

6. അസംസ്കൃത എണ്ണ, പെട്രോള്‍, ഹൈ സ്പീഡ് ഡീസല്‍, പ്രകൃതി വാതകം, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ജി എസ് ടി ബാധകമാക്കേണ്ട സമയം. 

7. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മു-കാശ്മീര്‍ തുടങ്ങിയവക്കുള്ള പ്രത്യേക വകുപ്പുകള്‍

8. കേന്ദ്ര ജി എസ് ടി, IGST എന്നിവക്കായി പാര്‍ലമെന്റിന് നിയമനിര്‍മ്മാണം നടത്തണം.

9. 29 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ സംസ്ഥാന ജി എസ് ടി നിയമങ്ങള്‍ ഉണ്ടാക്കണം. 

10. ഈ നിയമങ്ങളെല്ലാം നടപ്പാക്കുന്നതിനുള്ള സമയക്രമം കൂടിയാലോചനകളിലൂടെ ഏകീകരിക്കണം.

നികുതി വെട്ടിപ്പ് ആകര്‍ഷകമല്ലാതാക്കും എന്നാണ് ഏറ്റവും വലിയ നേട്ടം. നിങ്ങള്‍ വില്‍ക്കുന്ന സാധനത്തിന് നികുതി നല്‍കുന്നില്ലെങ്കില്‍ നികുതി തട്ടിക്കിഴിക്കലും നിങ്ങള്‍ക്ക് കിട്ടില്ല. മാത്രവുമല്ല, തരുന്ന സാധനത്തിന് നികുതി നല്‍കിയവരില്‍ നിന്നു മാത്രമേ നിങ്ങള്‍ വാങ്ങൂ. ഇപ്പോഴുള്ള പല രഹസ്യ ഇടപാടുകളും പരസ്യമായി നികുതിയടച്ച് നടക്കും എന്നതായിരിക്കും ഫലം.

കുറഞ്ഞ നികുതി നിരക്കുകളാണ് മറ്റൊരാകര്‍ഷണം. മൂല്യവര്‍ദ്ധനനികുതിയും  അസംസ്കൃത വസ്തുക്കളുടെയും മുന്‍വാങ്ങലുകളുടെയും നികുതികളിലെ തട്ടിക്കിഴിക്കലുമാണ് ഉണ്ടാവുക. ഇപ്പോള്‍ നമുക്ക് കുറച്ചു വസ്തുക്കളില്‍ കൂടുതല്‍ നികുതിയാണ്. ജി എസ് ടി വരുന്നതോടെ കൂടുതല്‍ സാധനങ്ങള്‍ക്ക് കുറവ് നികുതിയാകും. മികച്ച രീതിയില്‍ നടപ്പാക്കിയാല്‍ ഒരു ചരക്കും സേവനവും നികുതിയില്‍ നിന്നും ഒഴിവാക്കാനാകില്ല, കാരണം ഇത് അസംസ്കൃത വസ്തുക്കളുടെ/മൂല്യ നികുതി ശൃഖലയെ തകര്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍