UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ജി എസ് ടി വിജയം; ജനം സന്തോഷിക്കണമെങ്കില്‍ അവര്‍ക്ക് ഗുണം കിട്ടണം

Avatar

വൃഷ്ടി ബേനീവാള്‍, ബിഭൂദത്ത പ്രധാന്‍, ഇയാന്‍ മാര്‍ലോ
(ബ്ലൂംബര്‍ഗ് )

1990-കള്‍ക്ക് ശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണ നടപടി കൈക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് കൂടുതല്‍ രാഷ്ട്രീയ പ്രശ്നങ്ങളുണ്ടാക്കാവുന്ന നടപടികള്‍ ഇനിയും ആവശ്യമാണെന്നാണ്.

ഏതാണ്ട് ഒരു പതിറ്റാണ്ട് നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ രാജ്യം മുഴവനായി ഏകീകൃത ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതി ബില്ലിന് ആംഗീകാരം നല്കി. അടുത്തവര്‍ഷം മുതല്‍ 1.3 ബില്ല്യണ്‍ വരുന്ന ഇന്ത്യന്‍ ജനതയെ ഒരു ഏകീകൃത വിപണിയാക്കാനുള്ള ഏറ്റവും വലിയ തടസമാണ് ഇതോടെ നീങ്ങിയത്.

മോദിയുടെ 2014-ലെ വിജയത്തിനു ശേഷം നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമാണ് അന്ത:സംസ്ഥാന വ്യാപാരത്തിലെ ബഹുതല നികുതികള്‍ നീക്കം ചെയ്യുന്ന ഈ ബില്‍. തൊഴില്‍, ഭൂമി നിയമ പരിഷ്കാരങ്ങളാണ് ഇനി ബാക്കിനില്‍ക്കുന്നത്. എന്നാല്‍ 2019-ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പായി നടക്കാനിരിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്താല്‍, ഇന്ത്യയിലെ ഗ്രാമെന്ന ജനതയുമായി നേരിട്ടു തൊടുന്ന ഈ പരിഷ്കരണങ്ങള്‍ അത്ര എളുപ്പമാകില്ല.

“ബാക്കി നില്‍ക്കുന്ന ഈ പരിഷ്കരണങ്ങള്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നവയാണ്,” സിംഗപ്പൂരിലെ സാമ്പത്തിക വിദഗ്ധന്‍ വിഷ്ണു വരദന്‍ പറഞ്ഞു. “അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇതിലൊന്നെങ്കിലും നടപ്പായാല്‍ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് വലിയ ഉത്തേജനമാകും. പക്ഷേ ആഭ്യന്തര രാഷ്ട്രീയം കണക്കിലെടുത്താല്‍ അതൊരു സമ്മിശ്ര രീതിയില്‍ കാണണം.”

2006-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുവെച്ച നാള്‍ മുതല്‍ പൊതുവേ എല്ലാ രാഷ്ട്രീയകക്ഷികളും സമ്മതിച്ചെങ്കിലും ജി എസ് ടി  നിയമമാക്കി മാറ്റാന്‍ ഏറെ പ്രയാസമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദിയും ഇതിനെതിരായിരുന്നു. തോല്‍വിയുടെ നിരാശയും മടുപ്പും കോണ്‍ഗ്രസിനെ ബില്‍ തടസപ്പെടുത്തുന്നതിലേക്ക് എത്തിച്ചു. ജി എസ് ടിക്ക് അനുകൂലമായ സംസ്ഥാനങ്ങളുടെ എണ്ണം ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളോടെ വര്‍ധിച്ചത് ബില്‍ അംഗീകരിക്കുന്നതിന് സഹായകമായി.

നിക്ഷേപകര്‍ ഏറെക്കാലമായി കാത്തിരുന്ന ഒരു നയമാണ് നടപ്പിലാകുന്നത്. കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കല്‍, പണപ്പെരുപ്പ ലക്ഷ്യം നിജപ്പെടുത്തല്‍, ഇന്ധന സബ്സിഡി കുറയ്ക്കല്‍ തുടങ്ങി പല ഗണ്യമായ മാറ്റങ്ങളും മോദി കൊണ്ടുവന്നെങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും ആവശ്യമായ ഒന്നായിരുന്നു ജി എസ് ടി. ആഗസ്ത് 2015-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് കഴിഞ്ഞയാഴ്ച്ച ഇന്ത്യയിലെ ഓഹരിവിപണി.

അടുത്ത ആറ് മാസത്തിനുള്ളില്‍ തീരുമാനിക്കുന്ന വിശദാംശങ്ങളിലാണ് ബില്ലിന്റെ സാമ്പത്തിക സ്വാധീനം നിശ്ചയിക്കപ്പെടുകയെങ്കിലും അധികൃതര്‍ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയിലെ കടല്‍വഴിയുള്ള ചരക്കുകടത്തിന്റെ ചെലവ് ജി എസ് ടി വരുന്നതോടെ 50% കുറയുമെന്ന്  McKinsey &Co ഉപദേഷ്ടാവായിരുന്ന ദീപക് ഗാര്‍ഗ് പറഞ്ഞു. “ഇതൊരു വലിയ മാറ്റമാണ്. നടപടിക്രമങ്ങള്‍ ലളിതമാക്കാനും റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണം.”

എന്നാലും അടുത്തഘട്ടം എളുപ്പമാവില്ല. കര്‍ഷകപ്രതിഷേധം മൂലം ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കുന്ന ഒരു ബില്‍ മോദി സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം പിന്‍വലിക്കേണ്ടിവന്നിരുന്നു. ഇതേപോലെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള നീക്കവും ബി ജെ പി അനുഭാവമുള്ള തൊഴിലാളി സംഘടനകളുടെയടക്കമുള്ള എതിര്‍പ്പുമൂലം മരവിപ്പിച്ചിരിക്കുന്നു.

ബി ജെ പിയിലെ തന്നെ പല തരത്തിലുള്ള അഭിപ്രായങ്ങളും-പ്രതിപക്ഷ എതിര്‍പ്പ് വേറെ- മറ്റും കണക്കിലെടുക്കുമ്പോള്‍ മോദി അല്‍പാല്‍പമായുള്ള പരിഷ്കരണത്തിനേ തയ്യാറാകൂ എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

സംഗതികളുടെ വേഗം കൂട്ടാന്‍ മോദി 29 സംസ്ഥാനങ്ങളെയും പരിഷ്കരണങ്ങളുടെ പാതയിലെത്താന്‍ പ്രേരിപ്പിക്കുകയാണ്. അവര്‍ക്ക് കൂടുതല്‍ ധനവിഹിതം നല്‍കിയും വ്യാപാര സുഗമത എത്രയുണ്ടെന്ന് പട്ടിക തയ്യാറാക്കിയുമാണ് ഇത് ചെയ്യുന്നത്.

ഇതിന് ചില ഫലങ്ങളുണ്ട് എന്നു കാണാം. മോദി അധികാരത്തിലെത്തിയതിന് ശേഷം ബി ജെ പി സര്‍ക്കാരുകള്‍ ഭരിക്കുന്ന രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ വ്യാപാര സൌഹൃദമാക്കി. ആന്ധ്രാപ്രദേശില്‍ വ്യാപാരത്തിന്നായുള്ള ഭൂമി പാട്ടക്കാലയളവ് മൂന്നിരട്ടി ഉയര്‍ത്തി 99 വര്‍ഷമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ കഥകള്‍ രാത്രി വൈകിയും തുറന്നിരിക്കാന്‍ അനുവദിച്ചു.

ജി എസ് ടി നടപ്പാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് കമ്പനികളെ ആകര്‍ഷിക്കാന്‍ നികുതിയിളവുകള്‍ അനുവദിക്കാനാവില്ല. ഇത് പ്രാദേശിക പരിഷ്കരണങ്ങള്‍ക്ക് വേഗം കൂട്ടും. അത് ഭൂമി, വിദ്യാഭ്യാസം, ഉദ്യോഗസ്ഥ പരിഷ്കാരങ്ങള്‍ വേഗത്തിലാക്കും.

ജി എസ് ടി “സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്,” മോദി ട്വിറ്ററില്‍ കുറിച്ചു. “നമ്മളൊരുമിച്ച് ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും.”

ഇതാദ്യമായല്ല ആശയങ്ങള്‍ നടപ്പിലാകുന്നത്. ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തെക്കന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശും, തമിഴ്നാട്, കര്‍ണാടകയും ഐ ടി നിക്ഷേപത്തിനായുള്ള മത്സരം തുടങ്ങിയിരുന്നു.

“അത് നിലനിന്നില്ല. അതുകൊണ്ട് മത്സരക്ഷമമായ ഫെഡറലിസത്തില്‍ എനിക്കു സംശയം തോന്നിയിരുന്നു.” വാഷിംഗ്ടണിലെ Centre for Strategic and International Studies-ലെ ഇന്ത്യന്‍ വിദഗ്ദന്‍ റിച്ചാര്‍ഡ് റോസോ പറഞ്ഞു. പക്ഷേ മോദിക്ക് കീഴില്‍,“കാര്യങ്ങള്‍ നടക്കുന്നു.”

സംശയങ്ങള്‍ നിലനില്‍ക്കാന്‍ ഇതൊക്കെ കാരണമാകാം. ജി എസ് ടിക്ക് ഇനിയും പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരും. പകുതി സംസ്ഥാനങ്ങള്‍ ഭരണഘടന ഭേദഗതിക്ക് അംഗീകാരം നല്കണം, ജി‌ഐ എസ് ടി സമിതി നിരക്ക് തീരുമാനിക്കണം, നികുതി നടപ്പാക്കാന്‍ പാര്‍ലമെന്‍റ് മറ്റൊരു ബില്‍ കൂടി അംഗീകരിക്കണം. വരുമാനത്തില്‍ ഇടിവുണ്ടായേക്കാവുന്ന തമിഴ്നാട് പോലുള്ള ചില ധനിക സംസ്ഥാനങ്ങള്‍ എതിരുനില്ക്കും.

അതില്‍ക്കൂടുതലായി 2017-ല്‍ ഉത്തര്‍പ്രദേശടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരികയാണ്. ഹിന്ദു ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ മോദി കിണഞ്ഞു പരിശ്രമിക്കുന്നു. ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പദവിയൊഴിയുന്നത് ഇതിനെയെല്ലാം കൂടുതല്‍ കുഴപ്പത്തിലാക്കും.

തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ജി എസ് ടിക്കുള്ള നിക്ഷേപകരുടെ പ്രശംസയൊന്നും 2019-നു മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ മോദിയെ രക്ഷിക്കാന്‍ പോകുന്നില്ല എന്നു മോദിയുടെ ജീവചരിത്രമെഴുതിയ നീലാഞ്ജന്‍ മുഖോപാധ്യായ് പറയുന്നു. ഇന്ത്യയില്‍ വിശ്വസനീയമായ തൊഴില്‍ കണക്കുകള്‍ ഇല്ലെങ്കിലും തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്നതിലുള്ള ശേഷിക്കുറവാണ് മോദിയുടെ ഏറ്റവും വലിയ പരാജയമെന്ന് ഈയടുത്ത് നടത്തിയ ഒരു അഭിപ്രായ കണക്കെടുപ്പ് കാണിക്കുന്നു.

“ജി എസ് ടി, തലക്കെട്ടെഴുത്തുകാരുടേയും രാഷ്ട്രീയക്കാരുടെയും, വ്യാപാരികളുടെയും, ബുദ്ധിജീവികളുടെയുമൊക്കെ ചര്‍ച്ചയായിരിക്കും,” മുഖോപാധ്യായ് പറഞ്ഞു. “തങ്ങള്‍ക്ക് പ്രയോജനം ലഭിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് സന്തോഷമുള്ളൂ.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍