UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനം വോട്ടാക്കാന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് നേരത്തെ ആക്കാന്‍ നീക്കം

പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിയുണ്ടാവുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തന്നെ മാറ്റിയേക്കുമെന്നും സൂചന

ഗുജറാത്തിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ നേരത്തെ നടത്താന്‍ ബിജെപിയും ആര്‍എസ്എസും തയ്യാറെടുക്കുന്നതായി സൂചന. 2017 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ നിശ്ചിത തീയതിക്ക് ആറുമാസം മുമ്പെങ്കിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തി പ്രാപിക്കുകയാണ്. നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ഒരു പ്രാദേശിക നേതാവ് സൂചിപ്പിച്ചു. പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിയുണ്ടാവുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തന്നെ മാറ്റിയേക്കുമെന്നും ചില പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ആറുമാസം പോലും കസേരയില്‍ ഇരുന്നിട്ടില്ലാത്ത മുഖ്യമന്ത്രി വിജയ് രൂപാനിയെ മാറ്റുന്നതിനോട് ഒരു വിഭാഗത്തിന് യോജിപ്പില്ല. പക്ഷെ ബിജെപിക്ക് നിര്‍ണായകമായ 2017ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയകരമായി നയിക്കാന്‍ രൂപാനിക്ക് ആവില്ലെന്നാണ് മിക്ക മുതിര്‍ന്ന നേതാക്കളുടെയും വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഒരു പിന്നോക്ക വിഭാഗത്തില്‍ പെട്ട നേതാവിനെ ഉയര്‍ത്തിക്കാട്ടുന്നതാണ് നല്ലതെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായം. 45 ശതമാനത്തിലേറെ ഒബിസി വിഭാഗത്തില്‍ പെട്ട വോട്ടര്‍മാരാണെന്നതും ഈ വാദത്തിന് ശക്തിപകരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ജനുവരിക്ക് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച പ്രഖ്യാപനം ഒന്നും ഉണ്ടാവില്ലെന്നും തിരഞ്ഞെടുപ്പ് പക്ഷെ നേരത്തെ ആക്കുന്ന കാര്യത്തില്‍ വ്യക്തതയുണ്ടെന്നും ചില പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്ത് കഴിഞ്ഞ നാലു ദിവസമായി ഗുജറാത്തില്‍ തമ്പടിച്ചിരിക്കുന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. യുപിയിലെയും പഞ്ചാബിലെയും നിയമസഭ തിരഞ്ഞെടുപ്പുകളോടൊപ്പം ഗുജറാത്തിലെയും നിയമസഭ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചനകള്‍ നടക്കുന്നത്. ഇത് ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം കരുതുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരാണെന്ന പൊതുബോധം ഇപ്പോള്‍ നിലവിലുണ്ടെന്നാണ് തിരഞ്ഞെടുപ്പ് നേരത്തെ ആക്കണമെന്ന് വാദിക്കുന്നവരുടെ പക്ഷം. ഈ വികാരം നഷ്ടപ്പെടുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ വാദിക്കുന്നു. പട്ടീല്‍ദാറുമായി ഇതുവരെ സംവരണ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്ന വിഷയം പാര്‍ട്ടിയെ അലട്ടുന്നുണ്ട്. 187 ബിജെപി എംഎല്‍എമാരില്‍ 37 പേര്‍ പാട്ടീല്‍ വിഭാഗത്തില്‍പെട്ടവരാണെന്നതും പാര്‍ട്ടിയെ കുഴക്കുന്നുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഹാര്‍ദിക് പട്ടേലും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാരും തമ്മില്‍ ഉടലെടുത്തിട്ടുള്ള നല്ല ബന്ധവും ബിജെപിയെ അലട്ടുന്നുണ്ട്. നിതീഷ് കുമാര്‍ ജനുവരിയില്‍ ബിഹാര്‍ സന്ദര്‍ശിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും എന്ന് കരുതുന്നവരാണ് മിക്ക ബിജെപി നേതാക്കളും.

ആംആദ്മി പാര്‍ട്ടി പഞ്ചാബിലും ഗോവയിലും നേട്ടങ്ങള്‍ കൊയ്യുകയാണെങ്കില്‍ അത് നിശ്ചയിച്ചുറപ്പിച്ച തീയതിയിലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളെ പാര്‍ട്ടിക്ക് എതിരാക്കും എന്നാണ് ഇവരുടെ വാദം. ഇതിന് ഉപോല്‍ബലകം എന്ന രീതിയില്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നാല് തവണയാണ് ഗുജറാത്തില്‍ എത്തിയത്. ഒബിസി നേതാവായ ശങ്കര്‍ ചൗധരിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കാണിക്കണം എന്ന് അഭിപ്രായപ്പെടുന്നവരും ബിജെപിയില്‍ ഉണ്ട്. ഒരു കാര്യം ഉറപ്പാണ്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുകയാണെങ്കില്‍ അത് പാര്‍ട്ടിയില്‍ വലിയ കലാപങ്ങള്‍ക്ക് വഴിവെച്ചേക്കാം. നരേന്ദ്രമോദിയുടെയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാനുള്ള വലിയ സാഹചര്യമായി അത് മാറും. അത് ഒഴിവാക്കാനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം പയറ്റാന്‍ ശ്രമിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍