UPDATES

ഗുജറാത്തിലെ കാവിക്കോട്ടകളില്‍ സാന്നിദ്ധ്യം ഉറപ്പിച്ച് കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി

ഗുജറാത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളെ പിടിച്ചു കുലുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരിക്കുന്നു. ഗുജറാത്തിന്റെ ഗ്രാമീണ മേഖല തൂത്തുവാരുക മാത്രമല്ല തിരിച്ചുവരവില്‍ കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. അവര്‍ക്ക് ബിജെപിയുടെ നഗരങ്ങളിലെ കാവിക്കോട്ടകളിലും വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നു.

ജില്ലാ പഞ്ചായത്തുകളില്‍ നാലില്‍ മൂന്നിലധികവും താലൂക്ക് പഞ്ചായത്തുകളില്‍ അറുപത് ശതമാനവും കോണ്‍ഗ്രസ് നേടിയിരുന്നു. കോണ്‍ഗ്രസിന്റെ മേല്‍ക്കൈ തെരഞ്ഞെടുപ്പ് ഫലം കാണിച്ചു തരുമ്പോള്‍ തന്നെ പാര്‍ട്ടി നഗരങ്ങളിലേക്ക് വഴിതെളിച്ചെടുത്തിരിക്കുന്നുവെന്ന് കൂടുതല്‍ ഇഴകീറിയുള്ള വിശകലനത്തില്‍ മനസിലാക്കാനാകും.

എല്ലാ കോര്‍പ്പറേഷനുകളിലും ബിജെപി വിജയിച്ചുവെങ്കിലും രാജ്‌കോട്ട്, ജംനാനാഗര്‍, ഭവനഗര്‍ എന്നിവിടങ്ങളില്‍ ഇതുവരെയില്ലാത്ത വിധം സീറ്റുകള്‍ കോണ്‍ഗ്രസിന് അടിയറവയ്ക്കുകയും ചെയ്തു.

72 അംഗ രാജ്‌കോട്ട് കോര്‍പ്പറേഷനില്‍ 38 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. അതേസമയം കോണ്‍ഗ്രസ് 34 സീറ്റുകളും നേടി. 2010-ല്‍ 59 അംഗ കൗണ്‍സിലില്‍ 49 സീറ്റും ബിജെപിയാണ് നേടിയിരുന്നത്. കോണ്‍ഗ്രസിന് ലഭിച്ചിരുന്നതാകട്ടേ പത്ത് സീറ്റുകള്‍ മാത്രവും.

എന്നാല്‍ വഡോദരയിലും സൂറത്തിലും കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാനും കഴിഞ്ഞില്ല. 22-കാരനായ ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പാട്ടിദാര്‍ സമരത്തിന്റെ കേന്ദ്രമായിരുന്നു സൂറത്ത്.

ഓഗസ്റ്റിലെ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദില്‍ പോലും ബിജെപിക്ക് പാട്ടിദാര്‍ കോട്ടകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. ഹാര്‍ദിക്കിന്റെ സ്വന്തംനാടായ വിരംഗമിലും ബിജെപി വിജയിച്ചു.

പട്ടേല്‍ വോട്ടുകള്‍ ഒലിച്ചു പോയതു കൊണ്ടാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമായത് എന്നുള്ള ബിജെപിയുടെ വാദത്തിന് എതിരാണ് ഇവിടങ്ങളിലെ വിജയം. ചെറുനഗരങ്ങളില്‍ 56 മുന്‍സിപ്പാലിറ്റികളില്‍ 40 എണ്ണവും ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് എട്ടെണ്ണേയുള്ളൂ. കഴിഞ്ഞ തവണ 53 മുന്‍സിപ്പാലിറ്റികളില്‍ പത്തെണ്ണം കോണ്‍ഗ്രസിന്റെ പക്കലായിരുന്നു.

ഗ്രാമങ്ങളില്‍ നേരെ എതിരാണ് സംഭവിച്ചത്. 31 ജില്ലാ പഞ്ചായത്തുകളില്‍ 21 എണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കി. കഴിഞ്ഞ തവണത്തെ രണ്ടില്‍ നിന്നാണ് 21-ലേക്ക് കുതിച്ചു കയറിയത്. സൗരാഷ്ട്ര, വടക്കന്‍-തെക്കന്‍ ഗുജറാത്തുകള്‍ എന്നിവിടങ്ങളിലെ പാട്ടിദാര്‍ മേഖലകളില്‍ വന്‍വിജയം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മോര്‍ബി, ജംനാനഗര്‍, അംറേലി, മെഹ്‌സന തുടങ്ങിയ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലും കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിച്ചു.

ബിജെപിക്ക് നിര്‍ണായകമായിരുന്നു ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്. മോദിക്ക് പകരം ആനന്ദിബെന്‍ പട്ടേല്‍ സംസ്ഥാന മുഖ്യമന്ത്രിയായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ബീഹാറില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ (യു), ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാസഖ്യം ബിജെപിയെ കടപുഴക്കി എറിഞ്ഞ് ഒരു മാസം ആകുമ്പോഴാണ് മോദിയുടെ സ്വന്തം തട്ടകത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് തിരിച്ചടി നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍