UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുവേദിയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ പൊട്ടിക്കരയിച്ച ഒമ്പതാം ക്ലാസുകാരിയുടെ വാക്കുകള്‍

അഴിമുഖം പ്രതിനിധി

നരേന്ദ്ര മോദിക്കുശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ ആനന്ദി ബെന്‍ പട്ടേല്‍ വളരെ കര്‍ക്കശക്കാരിയായാണ് അറിയപ്പെടുന്നത്. എന്നാല്‍ അതേ മുഖ്യമന്ത്രി ഇന്നലെ ഒരു പൊതുചടങ്ങില്‍വച്ച് പൊട്ടിക്കരഞ്ഞു. ഒരു കൊച്ചുപെണ്‍കുട്ടിയുടെ പ്രസംഗമാണ് ആനന്ദി ബെന്‍ പട്ടേലിനെ കരയിപ്പിച്ചത്.

ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഹരേജ് പ്രൈമറി സ്‌കൂളില്‍ നടന്ന വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍വച്ച ഒമ്പതാം ക്ലാസുകാരിയായ അംബിക ഗോഹല്‍ പെണ്‍ഭ്രൂണഹത്യയെക്കുറിച്ച് നടത്തിയ പ്രസംഗം കേട്ടുകൊണ്ടിരിക്കെ ഗുജറാത്ത് മുഖ്യമന്ത്രിക്കു സങ്കടം നിയന്ത്രിക്കാനായില്ല. ഭ്രൂണാവസ്തയിലുള്ള ഒരു പെണ്‍കുഞ്ഞ് അവളുടെ അമ്മയ്ക്ക് എഴുതുന്ന കത്തായിരുന്നു അംബികയുടെ പ്രസംഗം. തന്നെ ഭൂമിയില്‍ പിറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആ കുഞ്ഞ് അമ്മയോട് ആവശ്യപ്പെടുന്നത്. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഇല്ലാതാക്കപ്പെടുന്ന അവസ്ഥ ഭീകരമാണെന്നും മരണം കാത്ത് ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഓരോ നിമിഷവും അനുഭവിക്കുന്ന വേദനയുടെ ആഴം അളക്കാനാവില്ലെന്നും, ഈ ഭൂമിയില്‍ ജനിക്കാന്‍ തങ്ങള്‍ക്കും അവകാശമില്ലേയെന്നുമാണ് കത്തിലെ വരികള്‍. അംബികയുടെ പ്രസംഗത്തിന്റെ ഈ ഭാഗത്തെത്തിയപ്പോഴാണ് ആനന്ദി ബെന്നിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.

പ്രസംഗശേഷം അംബികയെ ചേര്‍ത്തുപിടിച്ച് ആനന്ദി ബെന്‍ വിതുമ്പിയപ്പോള്‍ ആ പെണ്‍കുട്ടിയും ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു.

ചടങ്ങില്‍ സംസാരിക്കുന്നവേളയില്‍ അംബികയെ അഭിനന്ദിച്ചുകൊണ്ട് എത്രവലിയ ശ്രോതാക്കളെയും പിടിച്ചിരുത്താന്‍ തന്റെ പ്രസംഗത്തിലൂടെ കഴിവുള്ള പെണ്‍കുട്ടികള്‍ ചെറിയ ഗ്രാമങ്ങളില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു കാണാതിരിക്കണമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസം നേടിയ സത്രീകള്‍ക്ക് ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പെണ്‍ഭ്രൂണഹത്യ തടയാന്‍ തന്റെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആനന്ദി ബെന്‍ പട്ടേല്‍ ഉറപ്പു പറഞ്ഞു.

(ഫോട്ടോ കടപ്പാട്: പിടിഐ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍