UPDATES

ട്രെന്‍ഡിങ്ങ്

ആയിരം ഗോസ്വാമിമാര്‍ക്ക് ഒരു റാണ അയ്യൂബ്

ഗുജറാത്ത് ഫയല്‍സ്: മോദിയുടെ ഭരണത്തിന് കീഴില്‍ ഗുജറാത്തില്‍ അരങ്ങേറിയ ആസൂത്രിത വംശഹത്യയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പൊലീസ് അതിക്രമങ്ങളുടെയും അറിയാക്കഥകള്‍

പ്രൈം ടൈം ചര്‍ച്ചകളിലെ ശബ്ദ വിസ്‌ഫോടനങ്ങളും രാജ്യസ്‌നേഹ പരിശോധനകളും പെയ്ഡ് ന്യൂസുകളും അധികാര മേലാളന്മാര്‍ക്കൊപ്പമുള്ള ചായസത്കാരങ്ങളും മാത്രമായി മാധ്യമപ്രവര്‍ത്തനം ചുരുങ്ങുന്ന കാലത്ത് റാണ അയ്യൂബ് എന്ന ധീരയായ മാധ്യമപ്രവര്‍ത്തക ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. ‘ഗുജറാത്ത് ഫയല്‍സ് – അനാട്ടമി ഓഫ് കവര്‍ അപ്പ്’ എന്ന റാണ അയ്യൂബിന്റെ പുസ്തകം ഇന്ത്യന്‍ മുഖ്യധാരക്ക് അപ്രിയമായ സത്യങ്ങളുടെ വെളിപ്പെടുത്തലുകളാണ്. ഭരണകൂടത്തിന് കീഴില്‍ മനുഷ്യന്റെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെടുന്നു എന്ന പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കൃതി ധീരമായ നിലപാടുകളുടെയും, നിരന്തരമായ പോരാട്ടത്തിന്റെയും അച്ചില്‍ വാര്‍ത്തെടുത്തതാണ്.

ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഏറ്റവും വലിയ ഉദാഹരണമാണ് 2001 മുതല്‍ ഒരു പതിറ്റാണ്ടിലധികം നീണ്ട ഗുജറാത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍. മോദിയുടെ ഭരണത്തിന് കീഴില്‍ ഗുജറാത്തില്‍ അരങ്ങേറിയ ആസൂത്രിത വംശഹത്യയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പൊലീസ് അതിക്രമങ്ങളുടെയും അറിയാക്കഥകള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് റാണ അയ്യൂബ്. ഗുജറാത്ത് മോഡല്‍ വികസനത്തെ പറ്റി സിനിമ തയ്യാറാക്കാന്‍ വന്ന അമേരിക്കന്‍ ഗുജറാത്തിയായ മൈഥിലി ത്യാഗി എന്ന പേരില്‍ 2010 മുതല്‍ 8 മാസം നീണ്ടുനില്‍ക്കുന്ന സ്റ്റിങ് ഓപ്പറേഷനിലൂടെ, 2002 ലെ കലാപത്തെ കുറിച്ചും അതിന് ശേഷം ഗുജറാത്തില്‍ അരങ്ങേറിയ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തിയത്. തെഹല്‍ക്ക മാഗസിന് വേണ്ടി റാണ അയ്യൂബ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. മോദി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായുടെ അറസ്റ്റിലേക്ക് വരെ നയിച്ച ഈ നിര്‍ണായക വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ പുസ്തകം ഇന്ത്യന്‍ മാധ്യമരംഗത്തെ ധീരമായൊരു അടയാളപ്പെടുത്തല്‍ കൂടിയാണ്. മോദിയെ ഭയന്ന് തെഹല്‍ക്ക പോലും പ്രസിദ്ധികരിക്കാന്‍ തയ്യാറാവാത്ത നിരവധി കാര്യങ്ങള്‍ ഗുജറാത്ത് ഫയല്‍സിലൂടെ റാണ അയ്യൂബ് പൊതുജന മധ്യത്തില്‍ തുറന്ന് വക്കുന്നുണ്ട്.

2002ലെ ഭരണകൂട ആസൂത്രിതമായ വംശഹത്യ, 2001ല്‍ മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഹരണ്‍ പാണ്ഡ്യയുടെ കൊലപാതകം, സെഹ്‌റാബുദീന്‍ ഷെയ്ഖ്, ഇസ്രത് ജഹാന്‍ തുടങ്ങിയവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്നിവയൊക്കെ എങ്ങനെയാണ് നടപ്പിലാക്കിയത്, അവരുടെ താല്‍പര്യങ്ങള്‍ എന്തെല്ലാമായിരുന്നു തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ കൃതിയില്‍ വിശകലന വിധേയമാക്കുന്നു. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സര്‍വേറ്ററിയില്‍ നിന്ന് ഗുജറാത്തിനെ കുറിച്ച് സിനിമ തയ്യാറാക്കാന്‍ വന്ന സിനിമ പ്രവര്‍ത്തകയായ മൈഥിലി ത്യാഗി എന്ന വ്യാജ വിലാസത്തില്‍ ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും, പൊലീസ് സേനയിലെ നിര്‍ണായക സ്ഥാനത്തിരിക്കുന്നവരുമായും, ഉന്നത രാഷ്ട്രീയ നേതാക്കളുമായും റാണ അയ്യൂബ് ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. അങ്ങനെ 2001 മുതല്‍ 2010 വരെ ഗുജറാത്ത് സര്‍ക്കാരില്‍ നിര്‍ണായക പദവികള്‍ വഹിച്ചവരുമായി നടത്തിയ ഒളിക്യാമറ സംഭാഷണങ്ങള്‍ ഭരണകൂട ഭീകരതയുടെ ആഴം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഗുജറാത്ത് ആഭ്യന്തര സെക്രട്ടറി അശോക് നാരായണന്‍, കലാപകാലത്തെ ഡിജിപി ചക്രവര്‍ത്തി, ഇന്റലിജിന്‍സ് മേധാവിയായിരുന്ന ജിസി റായ്ഗര്‍, തീവ്രവാദ വിരുദ്ധ സ്‌കോഡ് തലവന്‍ ജിഎല്‍ സിംഗാള്‍, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ആയിരുന്ന പിസി പാണ്ഡെ, സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ രാജന്‍ പ്രിയദര്‍ശി, മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന മായ കോട്‌നാനി തുടങ്ങിയവരുമായി നടത്തിയ രഹസ്യ സംഭാഷണങ്ങളാണ് പുസ്തകത്തിലെ പ്രധാനഭാഗം. ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും അപരവത്കരണത്തിന്റെയും ക്രൂരമായ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടത്.

ഗുജറാത്ത് ഭൂകമ്പസമയത്തെ രക്ഷാപ്രവര്‍ത്തന പിഴവുകളും, പുനരധിവാസ പദ്ധതിയിലെ പാളിച്ചകളും സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഈ സമയത്താണ് ബിജെപി ദേശീയ നേതൃത്വം 2001ല്‍ നരേന്ദ്ര മോദിയെ സംസ്ഥാന മുഖ്യമന്ത്രിയായി നിയോഗിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള ജനവിരുദ്ധ വികാരം പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ആസൂത്രിതമായി നടപ്പിലാക്കിയ വംശഹത്യക്കാണ് 2002ല്‍ രാജ്യം സാക്ഷ്യം വഹിച്ചതെന്ന പല വിവരങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. ഗോധ്ര ട്രെയിന്‍ തീ വയ്പിലൂടെ സാധ്യമായ അനുകൂല സാഹചര്യം മുതലെടുത്ത് സംസ്ഥാനവ്യാപകമായി വിഎച്പി നടത്തിയ ബന്ദിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപത്തെ തടയുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഔദ്യോഗിക കണക്ക് പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും ആയിരകണക്കിന് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ഭവനരഹിതരാവുകയും ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്ക് പ്രകാരം മരണസംഖ്യ 2000ല്‍ കൂടുതലാണ്. കലാപകാരികള്‍ക്ക് സഹായം നല്‍കുന്ന തരത്തിലുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ആരോപണമുയര്‍ന്നു. വംശഹത്യ സാധ്യമാക്കിയ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ട് നേടി മൃഗീയ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തി.

പാര്‍ട്ടിക്കകത്ത് തനിക്കെതിരെ ഉയരുന്ന എതിര്‍സ്വരങ്ങളെ അവഗണിച്ചുകൊണ്ട് അധികാരം തന്റെ കയ്യിലൊതുക്കാന്‍ ശ്രമിക്കുന്ന മോദിക്ക്, ഹരന്‍ പാണ്ഡ്യ ഒരു വെല്ലുവിളിയായിരുന്നു. 2001 മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഹരന്‍ പാണ്ഡ്യ 2003ല്‍ പ്രഭാത സവാരിക്കിടെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മഹാരാഷ്ട്ര പൊലീസ് സേനയിലെ എന്‍കൗണ്ടര്‍ വിദഗ്ധനായ ദയ നായക്, റാണ അയ്യൂബിനോട് വിശദീകരിക്കുന്നുണ്ട്: ‘രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം നടന്നത് ഗുജറാത്തിലാണ്, അത് മോദിയുടെ മുഖ്യ പ്രതിയോഗിയായിരുന്ന ഹരന്‍ പാണ്ഡ്യയുടേതാണ് എന്ന്’. ഹരന്‍ പാണ്ഡ്യയുടെ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനായ വൈഎ ഷെയ്ക്ക് പറയുന്നത്, ‘നിങ്ങള്‍ക്ക് അറിയുമോ ഈ ഹരന്‍ പാണ്ഡ്യ കേസ് എന്ന് പറയുന്നത് ഒരു അഗ്‌നിപര്‍വതമാണ്, ഒരുനാള്‍ സത്യം പുറത്തു വരും; അന്ന് മോദി വീട്ടില്‍ പോവേണ്ടി വരും, അല്ല തീര്‍ച്ചയായും ജയിലിലേക്ക് തന്നെ പോവേണ്ടി വരും’. പിന്നീട് സംസ്ഥാനത്ത് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപതകങ്ങള്‍ എല്ലാം തന്നെ മോദിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിച്ഛായ നിര്‍മ്മിതിക്ക് വേണ്ടിയുള്ളതായിരുന്നു എന്ന് ഈ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ഏറ്റവും വിവാദമായ സൊഹ്‌റാബുദീന്‍, ഇശ്‌റത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മോദിയെ വധിക്കാന്‍ വന്ന തീവ്രവാദികളാണെന്ന് പറഞ്ഞ് നടത്തിയതായിരുന്നു. അങ്ങേയറ്റം വര്‍ഗീയവല്‍ക്കരിച്ച പൊലീസ് സംവിധാനവും ബ്യുറോക്രസിയുമാണ് സംസ്ഥാനത്തുള്ളതെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് തരിമ്പും വിലകല്‍പ്പിക്കാത്ത ഭരണകൂടമായിരുന്നു ഒരു പതിറ്റാണ്ടോളം മോദി നയിച്ച ഗുജറാത്ത് സര്‍ക്കാര്‍. 2007ല്‍ ഗുജറാത്തില്‍ ഭീകരവിരുദ്ധ സ്വകാഡ് തലവനായിരുന്ന രാജന്‍ പ്രിയദര്‍ശി, ആഭ്യന്തര മന്ത്രി അമിത് ഷായെ കുറിച്ച് പറയുന്നത്, ‘അദ്ദേഹം ഒരിക്കലും മനുഷ്യാവകാശ നിയമങ്ങളില്‍ വിശ്വസിച്ചിരുന്നില്ല, അദ്ദേഹം പറയുമായിരുന്നു ഞാന്‍ ഈ തരത്തിലുള്ള മനുഷ്യാവകാശ കമ്മീഷനുകളിലൊന്നും വിശ്വസിക്കുന്നില്ല എന്ന്’. നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോദി ക്യാബിനറ്റില്‍ അംഗമായിരുന്ന മായാ കോട്നാനിയുമായും റാണ അയ്യൂബ് സംസാരിക്കുന്നുണ്ട്.

ഗുജറാത്ത് സര്‍ക്കാരിന് കീഴില്‍ വര്‍ഗീയപരവും ഭരണഘടനാ വിരുദ്ധവുമായി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുന്ന കൃതി കാതലായ ചില മനുഷ്യാവകാശ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഭരണഘടനാനുസൃതമായി നിയമം നടപ്പിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ്, ഭരണകൂടത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് പൗരന്മാരെ അറസ്റ്റ് ചെയ്യുകയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ വധിക്കുകയും ചെയ്യുന്ന, അടിസ്ഥാന മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്ന ഒരു സംവിധാനമായി മാറിയിരിക്കുന്നു. ഭരണകൂടത്തിന് കീഴില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ജീവന് പോലും സുരക്ഷയില്ലാതെ ഗെറ്റോകളിലേക്ക് പുറന്തള്ളപ്പെടുന്ന മുസ്ലിം സമുദായം രണ്ടാംതരം പൗരന്മാരായി മാത്രം പരിഗണിക്കപ്പെട്ട് അരികുവത്ക്കരിക്കപ്പെടുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ ജാതി വിവേചനകളിലേക്കും ദളിത്‌വിരുദ്ധ മനോഭാവത്തിലേക്കും ഗുജറാത്ത് ഫയല്‍സ് വിരല്‍ ചൂണ്ടുന്നുണ്ട്. പൊലീസ് സേനയിലെ ദളിത് വിഭാഗക്കാരായ ഉദ്യോഗസ്ഥര്‍, ഉന്നതജാതിക്കാരായ മേലുദ്യോഗസ്ഥര്‍ക്ക് കീഴില്‍ ക്രൂരവും നീചവുമായ ചെയ്തികള്‍ ചെയ്യാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവരാണ്, ഡിവി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, അമീന്‍, പര്‍മര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ അനുഭവങ്ങള്‍ വിവരിച്ചു രാജന്‍ പ്രിയദര്‍ശി ഗുജറാത്ത് പൊലീസിലെ ജാതി അധികാരഘടനയെ വ്യക്തമാക്കുന്നുണ്ട്.

റാണയുടെ കണ്ടത്തലുകളുടെ അടിസ്ഥാനത്തില്‍ അമിത് ഷായെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി. രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ വിരുദ്ധതയുടെ വക്താക്കള്‍ തന്നെ ഇന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട് രാജ്യം ഭരിക്കുന്നു. അതുകൊണ്ട് തന്നെ നിര്‍ണായക തെളിവുകള്‍ അടങ്ങിയ ടേപ്പുകള്‍ ഫോറന്‍സിക് ലാബില്‍ ഒരു നടപടിയുമില്ലാതെ പൊടിപിടിച്ചു കിടക്കുന്നു. തന്റെ സ്ഥാപനം തന്നെ തന്റെ നിര്‍ണായക കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച് സത്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന മാധ്യമ ധര്‍മ്മം നിര്‍വഹിച്ച് കൊണ്ട് ആയിരം അര്‍ണാബ് ഗോസ്വാമിമാര്‍ക്ക് പകരമായി ഒരു റാണ അയ്യൂബ് ഇന്നും പോരാട്ടത്തിലാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

നൌഫല്‍ ആര്‍ളടുക്ക

നൌഫല്‍ ആര്‍ളടുക്ക

ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഹ്യൂമന്‍ റൈറ്റ്സ് സ്റ്റഡീസില്‍ എം എ വിദ്യാര്‍ത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍