UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ശക്തമായ പോരാട്ടം

മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത വിധം ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പട്ടേല്‍, ക്ഷത്രിയ, ദലിത്, ആദിവാസി, മുസ്ലീം പിന്തുണയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 182 സീറ്റില്‍ ബാക്കിയുള്ള 93ല്‍ 14ന് വോട്ടെടുപ്പ് നടക്കും. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത വിധം ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പട്ടേല്‍, ക്ഷത്രിയ, ദലിത്, ആദിവാസി, മുസ്ലീം പിന്തുണയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന അഭിപ്രായസര്‍വേ ഫലങ്ങള്‍ എല്ലാം തന്നെ ബിജെപി അഞ്ചാം തവണയും അധികാരത്തില്‍ എത്തുമെന്നാണ് പറയുന്നത്. എന്നാല്‍ വലിയൊരു നേട്ടം അവര്‍ക്കുണ്ടാകും എന്ന് പറയുന്നില്ല. കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും എന്നും പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ വിപുലമായ സംസ്ഥാനത്ത് കേന്ദ്രീകരിച്ച് നടത്തിയ വന്‍ പ്രചാരണം ബിജെപിയുടെ ആശങ്ക വ്യക്തമാക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സജീവമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തുകയും രാഹുലിന്‍റെ പരിപാടികളില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാവുകയും ചെയ്തു. നോട്ട് നിരോധനം, ജി എസ് ടി തുടങ്ങിയ മോദി സര്‍ക്കാരിന്‍റെ പരിപാടികള്‍ ഗുജറാത്തിലെ തൊഴിലാളികളെയും കര്‍ഷകരേയും വ്യാപാരി സമൂഹത്തേയും വലിയ പ്രതിസന്ധിയിലും ദുരിതത്തിലും ആക്കിയിരുന്നു. ഇത് വോട്ടായി മാറുമോ എന്ന് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നുണ്ട്. എന്നാല്‍ സാമുദായിക സമവാക്യങ്ങളിലാണ് അവര്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു (കോണ്‍ഗ്രസ്) ആണ് എതിര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന്‍ വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും ഏറ്റുമുട്ടുന്ന മാണ്ഡ്വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോധ്വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും മത്സരിക്കുന്ന പോര്‍ബന്ദര്‍ എന്നിവിടങ്ങളിലും തീപാറും. വാധ്വാന്‍, ജസ്ദാന്‍, ധൊരാജി, ഭാവ്‌നഗര്‍ വെസ്റ്റ്, കുടിയാന, ഉന, അമ്‌റേലി, ബോത്താഡ്, വരാച്ഛ റോഡ്, ഝഗാദിയ, സൂറത്ത് എന്നിവയാണ് കടുത്ത മത്സരമുള്ള മറ്റു മണ്ഡലങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍