UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെക് അപ്പിനായി പരോളിലിറങ്ങി, സ്പായില്‍ കയറി മസാജ് ചെയ്തു, ബാഹുബലി കണ്ടു; ഗുജറാത്തിലെ ആള്‍ദൈവം സാധ്വി ഗിരിയുടെ മുങ്ങല്‍ ഇങ്ങനെ

സ്വര്‍ണവ്യാപാരിയെ വഞ്ചിച്ച കേസിലായിരുന്നു സാധ്വി ഗിരി അറസ്റ്റിലായത്

സ്വര്‍ണവ്യാപാരിയെ വഞ്ചിച്ച കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗുജറാത്തിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം സാധ്വി ജയ്ശ്രീഗിരി പരോളിനിടയില്‍ പൊലീസിനെ വെട്ടിച്ചു മുങ്ങി. ചികിത്സസംബന്ധമായി അനുവദിക്കപ്പെട്ട ചെറിയകാല പരോളിനിടയിലായിരുന്നു ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ വെട്ടിച്ച് സാധ്വി മുങ്ങിയത്. മുങ്ങുന്നതിന് മുമ്പ് ഒരു മാളില്‍ എത്തി അവിടെയുള്ള സ്പായില്‍ കയറി മസാജ് നടത്തുകയും അതിനുശേഷം ബാഹുബലി 2 സിനിമ കാണുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നു സാധ്വിയുടെ അകമ്പടിക്കായി നിയോഗിച്ചിരുന്ന പൊലീസുകാരെയും സാധ്വി ഗിരിയുടെ അഭിഭാഷകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മതപ്രഭാഷക കൂടിയായിരുന്ന 45 കാരിയായ സാധ്വി ഗിരിയെ കഴിഞ്ഞ ജനുവരിയിലാണു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബന്‍സ്‌കാന്ത ജില്ലയില്‍ ഒരു സ്വര്‍ണവ്യാപാരിയില്‍ നിന്നും അഞ്ചുകോടിയുടെ സ്വര്‍ണബിസ്‌കറ്റുകള്‍ വാങ്ങി പണം നല്‍കാതെ വഞ്ചിച്ചെന്ന കേസിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. പണം പിന്നീട് നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ സാധ്വി സ്വര്‍ണം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയത്തും പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് വ്യാപാരി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. സാധ്വിയുടെ ആശ്രമത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 80 ലക്ഷം രൂപ വിലമതിക്കുന്ന 24 സ്വര്‍ണകട്ടികളും 1.29 കോടി രൂ പണവും നിരവധി മദ്യകുപ്പികളും പൊലീസ് കണ്ടെടുത്തിരുന്നു. സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

ഒരു സ്വകാര്യ ആശുപത്രിയില്‍ ചെക്കപ്പിനു വിധേയയാകണം എന്ന ആവശ്യത്തെ തുടര്‍ന്നായിരുന്നു സാധ്വിക്ക് പരോള്‍ അനുവദിച്ചത്. പൊലീസുകാര്‍ക്കൊപ്പമാണ് ഇവരെ പുറത്തേക്ക് അയച്ചതും. ട്രെയിനിംഗ് പൂര്‍ത്തിയാക്കി അധികമാകാത്ത പൊലീസുകാരെയായിരുന്നു സാധ്വിയുടെ ചുമതലയേല്‍പ്പിച്ചിരുന്നത്.

പുറത്തിറങ്ങിയ സാധ്വി പല തവണ ഫോണില്‍ ബന്ധപ്പെട്ട് തന്റെ പരോള്‍ നീട്ടി നല്‍കുമോയെന്ന് അന്വേഷിച്ചിരുന്നു. ആശുപത്രിയിലെ ചെക്കപ്പിനുശേഷം സാധ്വി നേരെ പോയത് ഹിമാലയന്‍ ഷോപ്പിംഗ് മാളിലേക്കായിരുന്നു. ഇവരുടെ അഭിഭാഷകനും അകമ്പടിക്കാരായ പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. മാളിലെ ഒരു സ്പാ കേന്ദ്രത്തില്‍ കയറി മസാജ് ചെയ്തു. ഇതിനുശേഷം ബാഹുബലി 2 എന്ന സിനിമയും ഇവര്‍ കണ്ടു. പിന്നീട് ശുചിമുറിയില്‍ പോകുന്നുവെന്നു പറഞ്ഞു പോയതിനുശേഷമാണ് സാധ്വിയെ കാണാതായത്; അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ ജെ കെ ഭട്ട് മാധ്യമങ്ങളോടു പറഞ്ഞു. പരോള്‍ നീട്ടിനല്‍കാനാവില്ലെന്നു പറഞ്ഞതിനു പിന്നാലെയായിരുന്നു സാധ്വിയുടെ മുങ്ങലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ അഹമ്മദാബാദ് പൊലീസ് പറയുന്ന മറ്റൊരു കാര്യം സാധ്വി തിരിച്ചെത്തേണ്ട സമയത്ത് തന്നെ ജയിലില്‍ തിരികെയെത്തുമെന്നും അവരെ കുറിച്ച് നല്ല അഭിപ്രായമാണ് തങ്ങള്‍ക്ക് ഉള്ളതെന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍